ബുള്ളറ്റിന്റെ പുതിയ പിള്ളേരാ, നിരത്തുകളെ പ്രകമ്പനം കൊള്ളിക്കാൻ ഗറില്ല വരുന്നു; ആദ്യ ചിത്രങ്ങൾ പുറത്ത്
മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ പുത്തൻ തന്ത്രങ്ങളുമായി കളംനിറയുകയാണ് റെട്രോ ക്ലാസിക് ഇരുചക്ര വാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ് (Royal Enfield). ഈ വിഭാഗത്തിൽ എൻഫീൽഡ് വാരുന്ന പണംകണ്ട് ഹോണ്ടയും (Honda) ഹാർലി ഡേവിഡ്‌സണും (Harley Davidson) ട്രയംഫും (Triumph) പോലുള്ള വമ്പൻ ബ്രാൻഡുകൾ പോലും എത്തിയെങ്കിലും അവർക്കൊന്നും കാര്യമായ രീതിയിൽ ഇന്ത്യൻ കമ്പനിയെ വിറപ്പിക്കാനായില്ലെന്ന് വേണം പറയാൻ. പുതുതലമുറ മോഡലുകളിലൂടെ റോയൽ എൻഫീൽഡ് പടുത്തുയർത്തിയ പദ്ധതികൾ തന്നെയാണ് അതിനു പിന്നിലുള്ള കാരണം. ഹണ്ടർ, പുത്തൻ ഹിമാലയൻ 450 തുടങ്ങിയ ബൈക്കുകളെല്ലാം വാങ്ങാൻ വലിയ ആൾക്കൂട്ടം തന്നെയാണ് ഷോറൂമുകളിൽ കാണുന്നത്.
പോയ വർഷം വിപണിയിൽ അവതരിപ്പിച്ച ഏറ്റവും പുതിയ ഹിമാലയൻ 450 അഡ്വഞ്ചർ മോട്ടോർസൈക്കിൾ ജനങ്ങൾ ഏറ്റെടുത്തതോടെ 450 സിസി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ മോഡലിനെ പുറത്തിറക്കാനുള്ള സമയമായെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി. ഏറെ നാളായി കാത്തിരിക്കുന്ന ഗറില്ലയാണ് ജൂലൈ 17-ന് ആഗോള തലത്തിൽ അരങ്ങേറ്റം കുറിക്കാൻ റെഡിയായി ഇരിക്കുന്നത്.

ഇതിന്റെ ഭാഗമായുള്ള ആദ്യ ടീസർ ചിത്രങ്ങളും റോയൽ എൻഫീൽഡ് പുറത്തുവിട്ടിട്ടുണ്ട്. അതിനു പിന്നാലെയിതാ ഗറില്ല 450 സിസി മോട്ടോർസൈക്കിളിന്റെ പുതിയ സ്പൈ ചിത്രങ്ങളും വീഡിയോയും ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. ബുള്ളറ്റ് ഗുരുവെന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഇതനുസരിച്ച് മിക്കവാറും രണ്ട് വേരിയന്റുകളിലാവും എൻഫീൽഡിന്റെ പുത്തൻ റോഡ്സ്റ്റർ ബൈക്ക് വിപണിയിലെത്തുകയെന്നാണ് വിവരം.
ഇതിൽ ഒരു വകഭേദം റെഡ്, ഗോൾഡൻ കളർ ഓപ്ഷനിൽ അതിമനോഹരമായാണ് വരുന്നത്. കാഴ്ച്ചയിൽ ആരേയും കൊതിപ്പിക്കുന്ന ഡിസൈനും ബൈക്കിനുണ്ടെന്ന് കാണാം. ബോഡി കളറിനോട് പൊരുത്തമുള്ള റെഡ് ഫെൻഡറും ഗോൾഡൻ ടെയിൽ സെക്ഷനും ബോൾഡ് ഫ്യുവൽ ടാങ്കുമെല്ലാം ഗറില്ലയെ വേറിട്ടു നിർത്തും. റോയൽ എൻഫീൽഡ് ഹിമാലയൻ 450 പതിപ്പിൽ കാണുന്നതിന് സമാനമായ ഒരു റൗണ്ട് ടിഎഫ്ടി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ഈ വേരിയൻ്റിലുണ്ട്.

വിപുലമായ ഫീച്ചറുകളും ഇൻഫർമേഷൻ ഡിസ്‌പ്ലേകളുമുള്ള ഉയർന്ന നിലവാരമുള്ള വേരിയന്റായിരിക്കും ഇതെന്നാണ് സൂചന. രണ്ടാമത്തെ വേരിയൻ്റ് കൂടുതൽ ബഡ്ജറ്റ് ഓറിയൻ്റഡ് ആയിരിക്കാനാണ് സാധ്യത. ലളിതമായ സിൽവർ, ബ്ലൂ കളർ ഓപ്ഷനിലാണ് ഇതിനെ ഒരുക്കിയിരിക്കുന്നത്. റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650-യിലേതു പോലെ സമാനമായ ചെറിയ റൗണ്ട് ട്രിപ്പർ നാവിഗേഷൻ മൊഡ്യൂളോടുകൂടിയ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ ഇതിന് ലഭിക്കുന്നു.
ഈ സജ്ജീകരണം അത്യാവശ്യ വിവരങ്ങൾക്കും അടിസ്ഥാന നാവിഗേഷൻ പ്രവർത്തനങ്ങൾക്കുമാണ് മുൻഗണന നൽകുന്നത്. റോയൽ എൻഫീൽഡിൻ്റെ പുതിയ ഹിമാലയൻ പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന രണ്ടാമത്തെ മോട്ടോർസൈക്കിളായതിനാൽ തന്നെ ഗറില്ലക്കും അതേ 450 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ ഷെർപ എഞ്ചിൻ തന്നെയായിരിക്കും തുടിപ്പേകാൻ എത്തുക. കൃത്യമായ പവർ, ടോർക്ക് കണക്കുകൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ചെറിയ ട്യൂണിംഗ് ക്രമീകരണമുണ്ടായിരിക്കുമെന്നാണ് അനുമാനം.

അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളായ ഹിമാലയനിൽ ഈ 452 സിസി സിംഗിൾ-സിലിണ്ടർ DOHC 4V ലിക്വിഡ് കൂൾഡ് എഞ്ചിൻ 8,000 ആർപിഎമ്മിൽ 39 bhp പവറും 5,500 ആർപിഎമ്മിൽ 40 Nm ടോർക്കും വരെയാണ് ഉത്പാദിപ്പിക്കുന്നത്. ഗറില്ല ഒരു റോഡ്സ്റ്റർ പതിപ്പായതിനാൽ ഇതിൽ നിന്നും വ്യത്യസ്‌തമായ ട്യൂണിംഗും പെർഫോമൻസും തന്നെയായിരിക്കും ഉണ്ടായിരിക്കുക. ഹിമാലയനെപ്പോലെ ഗറില്ലയിലും സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള അതേ 6-സ്പീഡ് ഗിയർബോക്‌സായിരിക്കും ലഭിക്കുക.
ഇനി മറ്റ് ഫീച്ചറുകളിലേക്ക് നോക്കിയാൽ റോയൽ എൻഫിൽഡ് ഗറില്ല 450 ഹിമാലയനിൽ നിന്ന് എൽഇഡി ഹെഡ്‌ലാമ്പും ഇൻഡിക്കേറ്റർ സെറ്റപ്പുമെല്ലാം അതേപടി പകർത്താനാണ് സാധ്യത. കൂടാതെ അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകൾക്ക് പകരം ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും റോഡ്സ്റ്റർ ബൈക്കിന് ലഭിക്കും. റിയർ സസ്‌പെൻഷൻ ഒരു പ്രീലോഡ് മോണോഷോക്ക് സെറ്റപ്പായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫ്ലാറ്റ് ഹാൻഡിൽബാർ, റോഡ് അധിഷ്ഠിത ടയറുകളുള്ള അലോയ് വീലുകൾ, ഹിമാലയനെ അപേക്ഷിച്ച് വ്യത്യസ്തമായ റൈഡിംഗ് ട്രയാംഗിൾ എന്നിവയും റോയൽ എൻഫീൽഡ് ഗറില്ല 450 റോഡ്സ്റ്ററിന് ഉണ്ടാവും. കൂടുതൽ സ്ട്രീറ്റ് ഓറിയൻ്റഡ് റൈഡിംഗ് അനുഭവത്തിനായി ഡൈനാമിക്‌സിലും ഹാൻഡിലിംഗിലുമായിരിക്കും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുക. ഹിമാലയനേക്കാൾ ഭാരം കുറഞ്ഞതായിരിക്കുമെന്നതിനാൽ ഇതെല്ലാം എളുപ്പത്തിൽ കൈവരിക്കാനും സാധിച്ചേക്കും.


Click it and Unblock the Notifications








