അഡ്വഞ്ചർ രണ്ടാമനും ഹിറ്റ്, ഹിമാലയൻ 450 ഇതുവരെ വാങ്ങിയവരുടെ കണക്ക് പുറത്തുവിട്ട് എൻഫീൽഡ്
അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെ ഇന്ത്യക്കാർക്കിടയിൽ സൂപ്പർ ഹിറ്റാക്കിയവരാണ് റോയൽ എൻഫീൽഡ്. 411 സിസി മോഡലായ ഹിമാലയനിലൂടെ രാജ്യം വെട്ടിപ്പിടിച്ച കമ്പനി ഇന്ന് വിപണിയിൽ നിന്നും നേരിടുന്നത് വമ്പൻ മത്സരമാണ്. ട്രയംഫ് പോലുള്ള വിദേശികൾ പണിയാനിറങ്ങിയിട്ടും ശക്തിയോടെ ഉറച്ചുനിൽക്കാൻ എൻഫീൽഡിനും ഹിമാലയനും സാധിച്ചിട്ടുണ്ട്. പോയ വർഷം അവസാനത്തോടെ പുതുതലമുറ മോഡൽ കൂടി കൊണ്ടുവന്ന് എതിരാളികളെ വിറപ്പിക്കാനും റോയൽ എൻഫീൽഡിനായി.
സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഹിമാലയന്റെ പുതുതലമുറ ആവർത്തനത്തെ റോയൽ എൻഫീൽഡ് കഴിഞ്ഞ വർഷം നവംബറിലാണ് അവതരിപ്പിക്കുന്നത്. റെട്രോ ക്ലാസിക് ബ്രാൻഡിന്റെ ഏറ്റവും നൂതനമായ മോട്ടോർസൈക്കിളായാണ് പുതിയ 450 പതിപ്പിനെ വിപണനം ചെയ്യുന്നത് തന്നെ. ലിക്വിഡ്-കൂൾഡ് എഞ്ചിൻ, ട്വിൻ-സ്പാർ പ്ലാറ്റ്ഫോം, കണക്റ്റഡ് ഡിജിറ്റൽ കൺസോൾ എന്നിവ കൊണ്ടുവരുന്ന ശരിക്കും മോഡേൺ അഡ്വഞ്ചർ ടൂററാണ് ഇപ്പോൾ ഹിമി.

നവംബറിൽ ലോഞ്ച് ചെയ്തതിനുശേഷം ഇന്ത്യയിൽ പുതിയ ഹിമാലയന്റെ 6,500 യൂണിറ്റുകൾ മൊത്തത്തിൽ വിറ്റഴിച്ചതായി മോട്ടോർസൈക്കിൾ നിർമാതാക്കൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ഡിസംബർ 31-ന് അവസാനിക്കുന്ന 2025 സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിലെ ഏർണിംഗ് കോളിനിടെ സംസാരിച്ച റോയൽ എൻഫീൽഡ് സിഇഒ ബി ഗോവിന്ദരാജനാണ് ഇക്കാര്യം പുറത്തുവിട്ടത്.
2024 ജനുവരി ആദ്യവാരം വരെ ഏകദേശം 6,500 ഹിമാലയൻ 450 മോഡലുകൾ വിറ്റഴിക്കപ്പെട്ടത് തീർച്ചയായും വലിയ കാര്യമാണ്. പ്രത്യേകിച്ച് അതിന്റെ വിലയും സെഗ്മെന്റും പരിഗണിക്കുമ്പോൾ. മുമ്പ് പറഞ്ഞതുപോലെ റോയൽ എൻഫീൽഡ് ഹിമാലയൻ 450 തികച്ചും പുതിയ പ്ലാറ്റ്‌ഫോമിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഇതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഭാവിയിൽ കൂടുതൽ ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഷെർപ 450 എഞ്ചിനൊപ്പം K-പ്ലാറ്റ്‌ഫോം കൂടുതൽ മോട്ടോർസൈക്കിളുകൾക്ക് അടിസ്ഥാനമാവുമെന്ന കാര്യവും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയിലേതിനേക്കാൾ 120-130 കിലോമീറ്റർ വേഗതയിൽ ഓടുന്ന ഹൈവേ വേഗത ഗണ്യമായി കൂടുതലുള്ള അന്താരാഷ്ട്ര വിപണികളിൽ ഇത് പ്രത്യേകിച്ചും വലിയ ഓളം സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജെ-സീരീസ് ചെറുതും താങ്ങാനാവുന്നതുമായ 350 സിസി ശ്രേണിക്ക് അടിവരയിടുന്നത് തുടരും.
എന്നിരുന്നാലും പുതിയ കെ-പ്ലാറ്റ്‌ഫോം മോട്ടോർസൈക്കിളുകൾക്ക് കൂടുതൽ പെർഫോമൻസും സാങ്കേതികവിദ്യയും കൊണ്ടുവരും. പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ 450 മുൻകാല ഹിമാലയൻ 411 പതിപ്പിൽ ഇല്ലാതിരുന്ന ഉപഭോക്താവിൻ്റെ നിർണായക ആവശ്യങ്ങൾ നിറവേറ്റും വിധമാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഹൈവേ വേഗത നിലനിർത്താനുള്ള കഴിവാണ് പുതുതലമുറ ആവർത്തനത്തിൽ പരിഹരിച്ച പ്രധാന കാര്യം.

ഷെർപ 450 എന്ന് വിളിക്കപ്പെടുന്ന പുതിയ 451.65 സിസി ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഇതിന് പരിഹാരം നൽകിയത്. ഈ സിംഗിൾ സിലിണ്ടർ എഞ്ചിൻ 8,000 ആർപിഎമ്മിൽ 40 bhp പവറും 5,500 ആർപിഎമ്മിൽ 40 Nm torque ഉം വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണിപ്പോൾ. സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് ഫീച്ചറുള്ള 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇക്കോ, പെർഫോമൻസ് എന്നിങ്ങനെ മോട്ടോർസൈക്കിളിന് വ്യത്യസ്‌ത മോഡുകളും ഇത്തവണ ഒരുക്കിയിട്ടുണ്ട്.
പക്ഷേ വേഗത വർധിക്കുന്നതിന് അനുസരിച്ച് റൈഡിംഗ് മോഡുകൾ ഓട്ടോമാറ്റിക്കായി മാറുമെന്നത് പ്രായോഗികത നഷ്‌ടപ്പെടുത്തുന്ന കാര്യമാണ്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി ബൈക്കിന് 43 mm അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകളും പിന്നിൽ പ്രീലോഡായി ക്രമീകരിക്കാനാവുന്ന മോണോഷോക്ക് യൂണിറ്റുമാണ് ഒരുക്കിയിരിക്കുന്നത്.ഇവ രണ്ടിനും 200 mm യാത്ര ലഭിക്കും.

ഡ്യുവൽ പർപ്പസ് ടയറുകളുള്ള 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് പിൻ സ്‌പോക്ക് വീൽ സെറ്റപ്പും പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ 450 മോഡലിന്റെ പ്രത്യേകതയാണ്. 2.85 ലക്ഷം രൂപ മുതൽ 2.98 ലക്ഷം രൂപ വരെയാണ് അഡ്വഞ്ചർ ടൂററിന്റെ നിലവിലെ എക്സ്ഷോറൂം വില വരുന്നത്. ഹോമോലോഗേഷൻ പ്രക്രിയ പൂർത്തിയാകുമ്പോൾ ഈ വർഷം ഇന്ത്യയിൽ ട്യൂബ് ലെസ് സ്‌പോക്ക് വീലുകളും ബൈക്കിൽ എത്തിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








