സ്‌പീഡ് 400 റോഡ്സ്റ്ററിലെ ആ മാറ്റം ആളുകൾക്ക് ഇഷ്‌ടായില്ല...! തീരുമാനം വേണ്ടന്നുവെച്ച് കൂടെ നിന്ന് ട്രയംഫ്
ഇന്ത്യയിൽ രണ്ട് 400 സിസി പ്രീമിയം മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ചതു മുതൽ റേഞ്ച് മാറിയവരാണ് ട്രയംഫ്. ഒരുകാലത്തും ഇത്തരം ബ്രാൻഡുകളുടെ ബൈക്കൊന്നും വാങ്ങാനാവില്ലെന്ന് ഉറപ്പിച്ചിരുന്ന് സ്വപ്‌നം കണ്ടവരെല്ലാം സ്പീഡും സ്ക്രാംബ്ലറും വാങ്ങാൻ ഓടിക്കൂടിയവരാണ്. മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റ് അടക്കി ഭരിച്ചിരുന്ന റോയൽ എൻഫീൽഡിനെ കുടുക്കാനായിട്ടാണ് ബജാജിന്റെ കൈപിടിച്ച് ഈ വിഭാഗത്തിലേക്ക് ബ്രാൻഡ് എത്തുന്നത്. ഒന്നാന്തരം നിർമാണ നിലവാരവും അടിപൊളി പെർഫോമൻസും ചെറിയ വിലയ്ക്ക് കിട്ടുമെന്നത് എന്തായാലും വലിയ അനുഗ്രഹം തന്നെയാണ്. 2023 ജൂലൈയിലാണ് ട്രയംഫ് ഇന്ത്യയില്‍ സ്പീഡ് 400, സ്‌ക്രാബ്ലര്‍ 400X എന്നീ മോഡലുകള്‍ അവതരിപ്പിച്ചത്.
ഒരു വർഷം കഴിഞ്ഞപ്പോഴേക്കും മോട്ടോർസൈക്കിളുകളിലേക്ക് നവീകരണങ്ങൾ കൊണ്ടുവന്ന് അടിപൊളിയാക്കാനും ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കൾ തയാറായതും ശ്രദ്ധേയമായിരുന്നു. അങ്ങനെ 2025 സ്പീഡ് 400 സെപ്റ്റംബറിൽ 2.40 ലക്ഷം രൂപ വിലയിൽ ട്രയംഫ് വിപണിയിൽ അവതരിപ്പിച്ചു. ചില കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ മാത്രമാണ് സമ്മാനിച്ചിരുന്നതെങ്കിലും ആളുകൾക്ക് ഇതെല്ലാം ഇഷ്‌ടമായെന്നു വേണം പറയാൻ.

പക്ഷേ ബൈക്കിൽ കൊണ്ടുവന്ന ഒരു മാറ്റം മാത്രം ചെറിയൊരു കല്ലുകടിയായി. ബ്രഷ്ഡ് മെറ്റൽ ഫിനിഷുള്ള പഴയ എക്‌സ്‌ഹോസ്റ്റിന് പകരം പുതിയ ബ്ലാക്ക്ഡ്-ഔട്ട് എക്‌സ്‌ഹോസ്റ്റ് 2025 സ്പീഡ് 400 റോഡ്സ്റ്ററിൽ അവതരിപ്പിച്ചത് പലർക്കും ഇഷ്‌ടമായില്ല. നിരവധി ആളുകളെ നിരാശരാക്കിയ തീരുമാനം ഉപഭോക്തൃ മുൻഗണനകൾക്ക് അനുസൃതമായി കമ്പനി വേണ്ടവെന്ന് വെച്ചിരിക്കുകയാണിപ്പോൾ.
ഉപഭോക്താക്കളിൽ നിന്ന് ഫീഡ്‌ബാക്കിനെ അടിസ്ഥാനമാക്കി സ്പീഡ് 400-ൽ ബ്രഷ്‌ഡ് അലുമിനിയം എക്‌സ്‌ഹോസ്റ്റ് തിരികെ കൊണ്ടുവന്നിരിക്കുന്നുവെന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ ട്രയംഫിൽ നിന്നും പുറത്തുവരുന്നത്. റേസിംഗ് യെല്ലോ, പേൾ മെറ്റാലിക് വൈറ്റ്, റേസിംഗ് റെഡ്, ഫാൻ്റം ബ്ലാക്ക് എന്നീ നാല് കളർ സ്കീമുകളിൽ മോട്ടോർസൈക്കിളിന്റെ 2025 ആവർത്തനം ഇപ്പോൾ വാങ്ങാനാവും.

ഇതുകൂടാതെ ട്രയംഫ് സ്പീഡ് 400 റോഡ്സ്റ്ററിന് അഡ്ജസ്റ്റബിൾ ക്ലച്ചും ബ്രേക്ക് ലിവറുകളും ലഭിക്കുന്നുണ്ടെന്നതും എടുത്തുപറയേണ്ട സംഗതിയാണ്. ഒപ്പം കൂടുതൽ സൗകര്യത്തിനായി മെച്ചപ്പെട്ട കുഷ്യൻ സീറ്റും കമ്പനി ഒരുക്കിയിട്ടുണ്ട്. 110/80-17 സെക്ഷൻ ഫ്രണ്ട് ടയറും 150/70-17 സെക്ഷൻ റിയർ ടയറുമായി വരുന്ന മോട്ടോർസൈക്കിളിൽ ഇപ്പോൾ മികച്ച ഗ്രിപ്പും കൺട്രോളും ലഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
എങ്കിലും ഹൈ പ്രൊഫൈൽ ടയറുകൾ കാരണം മുന്നിലും പിന്നിലും സസ്പെൻഷൻ ട്രാവൽ 10 മില്ലിമീറ്റർ വീതം കുറഞ്ഞു. പുതുക്കിയ മോഡലിൻ്റെ വീൽബേസ് 1377 മില്ലീമീറ്ററിൽ നിന്ന് 1386 മില്ലീമീറ്ററായി ഉയർന്നുവെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. അതോടൊപ്പം സ്പീഡിന്റെ ഹാൻഡിൽബാറിൻ്റെ വീതി 814 മില്ലീമീറ്ററിൽ നിന്ന് 829 മില്ലീമീറ്ററായി വർധിച്ചു. അതേസമയം കണ്ണാടികളില്ലാത്ത മൊത്തത്തിലുള്ള മോട്ടോർസൈക്കിളിൻ്റെ ഉയരം 12 മില്ലീമീറ്ററായി കൂടിയിട്ടുമുണ്ട്.

മാത്രമല്ല, പുതിയ സ്പീഡ് 400 മുൻ മോഡലിനേക്കാൾ 3 കിലോഗ്രാം ഭാരവും കൂടിയതുമാണെന്നത് പ്രത്യേകം ഓർമിക്കണേ. 17 ഇഞ്ച് അലോയ് വീലുമായി വരുന്ന സ്പീഡ് ട്യൂബുലാർ ഫ്രെയിമിൽ ഒരുക്കിയെടുത്തിരിക്കുന്നത്. മോട്ടോർസൈക്കിളിന്റെ സസ്പെൻഷനായി മുന്നിൽ USD ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ട്രയംഫ് ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി രണ്ട് അറ്റത്തും സിംഗിൾ ഡിസ്ക്കാണ് വാഗ്‌ദാനം ചെയ്യുന്നത്.
ഇത്തരം പരിഷ്ക്കാരങ്ങളൊക്കെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതേ 398 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് സ്പീഡ് 400 റോഡ്സ്റ്ററിന് ഇപ്പോഴും തുടിപ്പേകുന്നത്. ഇത് 8,000 ആർപിഎമ്മിൽ 39.5 bhp പവറും 6,500 ആർപിഎമ്മിൽ പരമാവധി 37.5 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇതിന് ടോർക്ക്-അസിസ്റ്റ് ക്ലച്ചും ലഭിക്കുന്നുണ്ട്.
ഇന്ത്യയിലെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ റോയൽ എൻഫീൽഡ് ഗറില്ല 450, ഹാർലി ഡേവിഡ്‌സൺ X440, റോയൽ എൻഫീൽഡ് ക്ലാസിക് 350, ഹോണ്ട ഹൈനസ് CB350, ഹീറോ മാവ്റിക് 440 തുടങ്ങിയ വമ്പൻമാരുമായാണ് ട്രയംഫ് സ്പീഡ് 400 ബൈക്കിന്റെ മത്സരം. ഇന്ത്യയിൽ ട്രയംഫിന്റെ ഏറ്റവും താങ്ങാനാവുന്ന മോട്ടോർസൈക്കിളാണ് സ്പീഡ് 400 എന്നതുകൂടി കണക്കിലെടുക്കുമ്പോൾ സംഗതി ഉഷാറാവുന്നുണ്ട്.


Click it and Unblock the Notifications








