ഥാർ 5-ഡോറിനൊപ്പം പുതിയ അഡ്വഞ്ചർ ബൈക്കും പുറത്തിറക്കാൻ മഹീന്ദ്ര; എൻഫീൽഡിന്റെ കാര്യം ഇനി കട്ടപൊഹ
ഇന്ത്യക്കാർക്ക് അഡ്വഞ്ചർ മോട്ടോർസൈക്കിളുകളോടുള്ള (Adventure Motorcycle) അഭിനിവേശം എത്രത്തോളമുണ്ടെന്ന് കാട്ടിത്തന്നവരാണ് റോയൽ എൻഫീൽഡ്. ഹിമാലയൻ 411 (Royal Enfield) Himalayan മോഡലിലൂടെ വിപ്ലവം കുറിച്ച ബ്രാൻഡിന് പിന്നീട് എതിരാളികളും കുറേയുണ്ടായി. അതിൽ ശ്രദ്ധേയനാണ് ഒരുകാലത്ത് ക്ലാസിക് ബൈക്കുകളുടെ അവസാനവാക്കിയ അറിയപ്പെട്ടിരുന്ന യെസ്‌ഡിയുടെ അഡ്വഞ്ചർ ബൈക്ക്. ഏതു കുന്നും മലയും പുഴയും കടന്ന് പോവാൻ കെൽപ്പുള്ളവനായി എത്തിയപ്പോൾ പലരും ഞെട്ടി. എൻഫീൽഡ് ഹിമാലയന്റെ അതേ രൂപവും ഭാവവും ഏറെക്കുറെ പകർത്തിയാണ് ഡിസൈൻ ചെയ്‌തതെങ്കിലും വിലക്കുറവ് കാരണം ചിലരൊക്കെ മോഡലിലേക്ക് ചേക്കേറിയിട്ടുണ്ട്.
വാങ്ങിയവരാരും അധികം നിരാശപ്പെടേണ്ടിയും വന്നിട്ടില്ല. കൊടുക്കുന്ന പൈസക്കുള്ള പണിയെടുക്കാൻ യെസ്‌ഡി അഡ്വഞ്ചർ മിടുക്കനുമാണ്. പതിയെ പതിയെ കണ്ട് ഇഷ്‌ടമായ ഈ എഡിവി ബൈക്ക് കാലത്തിനൊത്ത് ചെറിയ ചില പരിഷ്ക്കാരങ്ങളും കൊണ്ടുവരാൻ തയാറായിട്ടുണ്ട്. അങ്ങനെ അടിക്കടി വിപണിയിൽ പേര് ഉയർന്നുകേൾക്കാനും തുടങ്ങി. ഇപ്പോഴിതാ മോട്ടോർസൈക്കിളിനെ ചെറുതായി മിനുക്കി വിപണിയിൽ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജൻഡ്‌സ് യെസ്‌ഡി അഡ്വഞ്ചർ ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡിംഗ് മോട്ടോർസൈക്കിളിൽ എന്തെല്ലാം മാറ്റങ്ങളായിരിക്കും കൊണ്ടുവരികയെന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. പുതിയ പരിഷ്ക്കാരങ്ങൾ എന്തെല്ലാമാവുമെന്ന സൂചന നൽകുന്ന ടീസർ ചിത്രങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഡിസൈനിന്റെ കാര്യത്തിൽ യെസ്ഡി അഡ്വഞ്ചർ അതിന്റെ നിലവിലെ മോഡലിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കുമെന്നാണ് അനുമാനം.
പുതിയ നിറങ്ങൾക്കും ഗ്രാഫിക്‌സിനും ഒപ്പം 2024 മോഡൽ യെസ്‌ഡി അഡ്വഞ്ചർ കൂടുതൽ യൂത്ത്ഫുള്ളാവും. ടാങ്ക് റെയിലുകളും മുമ്പത്തേക്കാൾ ചെറുതായിരിക്കുമെന്ന സൂചനയാണ് ടീസർ ചിത്രങ്ങൾ പറഞ്ഞുവെക്കുന്നത്. ഫ്യുവൽ ടാങ്കിൽ ചെറിയൊരു പ്ലാസ്റ്റിക് പാനലും കാണാം. അതിൽ "Est '69" എന്ന സ്റ്റിക്കർ പതിച്ചിട്ടുണ്ട്. യെസ്‌ഡി മോട്ടോർസൈക്കിൾ ബ്രാൻഡ് സ്ഥാപിതമായ വർഷത്തെയാവും ഇത് സൂചിപ്പിക്കുക.

ഫ്രണ്ട് ടെലിസ്‌കോപ്പിക് ഫോർക്ക് ഗെയ്‌റ്ററുകളും അഡ്വഞ്ചർ മോട്ടോസൈക്കിളിനെ കൂടുതൽ സുന്ദരനാക്കുന്നുണ്ട്. എൽഇഡി ഹെഡ്‌ലൈറ്റ്, ഹെഡ്‌ലൈറ്റ് ഗ്രിൽ, ടേൺ ഇൻഡിക്കേറ്ററുകൾ, ഫ്യുവൽ ടാങ്ക്, സീറ്റ് എന്നിവയെല്ലാം മുൻഗാമിക്ക് സമാനമായിരിക്കാനാണ് സാധ്യത. "പുതിയ എഞ്ചിൻ, അതേ വൈൽഡ് ഹാർട്ട്" എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഇതിനർഥം മോഡലിന് പുതിയ എഞ്ചിൻ ലഭിക്കുമെന്നാണ്.
പുതിയ എഞ്ചിൻ്റെ NVH, മൈലേജ് എന്നിവയിൽ ക്ലാസിക് ലെജൻഡ്‌സ് സമഗ്രമായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് വിവരം. 450 സിസി അല്ലെങ്കിൽ 500 സിസി എഞ്ചിനായിരിക്കും ഇനി യെസ്‌ഡി അഡ്വഞ്ചറിന് തുടിപ്പേകാൻ എത്തുകയെന്ന അഭ്യൂഹങ്ങളും എയറിലുണ്ട്. എഞ്ചിൻ ശേഷി ശരിക്കും 450 സിസിക്കും 500 സിസിക്കും ഇടയിലാണെങ്കിൽ ഇത് റോയൽ എൻഫീൽഡ് ഹിമാലയൻ 450, വരാനിരിക്കുന്ന ഹീറോ എക്‌സ്‌പൾസ് 440 എന്നിവയ്‌ക്ക് അനുയോജ്യമായ ബദലായിരിക്കും.

നിലവിൽ 29.8 bhp കരുത്തിൽ പരമാവധി 29.8 Nm torque നൽകാൻ കഴിവുള്ള 334 സിസി ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് യെസ്‌ഡി അഡ്വഞ്ചർ ഉപയോഗിക്കുന്നത്. മറ്റ് ഫീച്ചറുകളിലേക്ക് നോക്കിയാൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനുമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളുമായാണ് ബൈക്ക് വിപണനം ചെയ്യുന്നത്. ഇക്കാര്യങ്ങളെല്ലാം പുതിയ പതിപ്പിൽ അതേപടി നിലനിർത്താനും സാധ്യതയുണ്ട്.
മിക്കവാറും ഓഗസ്റ്റ് 15-ന് പുതിയ ഥാറിനൊപ്പം മഹീന്ദ്ര പുതുക്കിയ അഡ്വഞ്ചർ മോഡലും പുറത്തിറക്കും. ഇപ്പോൾ 2.15 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള മോട്ടോർസൈക്കിളിന് പുത്തൻ മാറ്റങ്ങൾ കാരണം വില കൂടാനും സാധ്യതയുണ്ട്. റോയൽ എൻഫീൽഡ് ഹിമാലയൻ, കെടിഎം 390 അഡ്വഞ്ചർ, സുസുക്കി വി-സ്ട്രോം 250 SX തുടങ്ങിയ വമ്പൻമാരുമായാവും യെസ്‌ഡിയുടെ തുടർന്നുള്ള മത്സരവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








