74,899 രൂപ മുതൽ ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാൻ സുവർണാവസരം, കിടിലന്‍ ഓഫറുകളുമായി വീണ്ടും ഇവി കമ്പനി
പുതിയൊരു ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങിയാലോ എന്ന് ആലോചിക്കുമ്പോൾ തന്നെ മനസിലേക്ക് ഓലയും ഏഥറുമെല്ലാമാണ് ആദ്യം കടന്നുവരികയെങ്കിലും ബജറ്റ് ഫ്രണ്ടിലിയായി എന്തെങ്കിലും വാങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാനും ധാരാളം ചെറിയ ബ്രാൻഡുകളും ഇന്ത്യയിൽ ഇപ്പോൾ സുലഭമായുണ്ട്. അത്തരത്തിലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡാണ് ഒകായ. നേരത്തെ ഇവി വാങ്ങുന്നവർക്ക് തായ്‌ലൻഡിലേക്ക് ഒക്കെ ട്രിപ്പ് സ്പോൺസർ ചെയ്‌ത് വാർത്തകളിൽ ഇടംപിടിച്ച കമ്പനിയാണിത്.
ദേ ഇപ്പോൾ ഫെബ്രുവരി മാസത്തേക്കായി പുതിയ ഓഫറുകൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളിൽ പരിമിത കാലത്തേക്കുള്ള ആനുകൂല്യങ്ങളാണ് ഒകായ ഇവി പരിചയപ്പെടുത്തിയിരിക്കുന്നത്. ഈ മാസം വാഹനം വാങ്ങാനെത്തുന്നവർക്ക് പരമാവധി 18,000 രൂപ വരെയാണ് ഡിസ്‌കൗണ്ട് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ഫെബ്രുവരി 29 വരെ ഈ കിഴിവ് ലഭ്യമാണെന്ന് ഇവി നിർമാതാക്കൾ അറിയിച്ചു.

ബ്രാൻഡിൻ്റെ മുഴുവൻ ഇവികളിലും കിഴിവുകൾ ബാധകമാക്കിയതിനാൽ ഒകായുടെ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് ഇപ്പോൾ 74,899 മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഫാസ്റ്റ് F4, ഫാസ്റ്റ് F3, മോട്ടോഫാസ്റ്റ്, ഫാസ്റ്റ് F2F, ഫാസ്റ്റ് F2B, ഫാസ്റ്റ് F2T, ഫ്രീഡം എന്നീ 7 വ്യത്യസ്‌ത ഇലക്ട്രിക് സ്കൂട്ടറുകളാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ഫാസ്റ്റ് F4 ഇവി ഓഫറോടെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം.
അതായത് മോഡലിന് 119,990 രൂപ മാത്രമാണ് ഇപ്പോൾ എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിയെന്ന് സാരം. ഓഫർ കൂടാതെ ഫാസ്റ്റ് F4 ഇവിക്ക് 137,990 രൂപയാണ് മുടക്കേണ്ടി വരുന്നത്. ഫാസ്റ്റ് F3 ഇവിയുടെ വില ഇപ്പോൾ 109,990 രൂപയാണ് എക്‌സ്ഷോറൂം വില വരുന്നത്. മുൻ വിലയായ 124,990 രൂപയിൽ നിന്നും കുറച്ചിട്ടുള്ള വിലയാണിത്.

വിലക്കുറവിന് ശേഷം മോട്ടോഫാസ്റ്റ്, ഫാസ്റ്റ് F2F, ഫാസ്റ്റ് F2B എന്നിവ യഥാക്രമം 128,999 രൂപ, 83,999 രൂപ, 93,950 രൂപ എന്നീ ആകർഷകമായ വിലയിൽ വീട്ടിലെത്തിക്കാം. ഫാസ്റ്റ് F2T, ഫ്രീഡം എന്നിവ യഥാക്രമം 92,900 രൂപ, 74,899 രൂപ എന്നിങ്ങനെ എക്‌സ്ഷോറൂം നിരക്കിൽ സ്വന്തമാക്കാം. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ശ്രേണിയിൽ ഈ കിഴിവുകൾ ഓഫർ ചെയ്യുന്നതോടെ വരും മാസങ്ങളിൽ വിൽപ്പന വർധിപ്പിക്കാനാണ് ഒകായ ഇവി ലക്ഷ്യമിടുന്നത്.
താങ്ങാനാവുന്ന വില ശക്തിപ്പെടുത്തുന്നതിനായി ഞങ്ങൾ മുഴുവൻ ശ്രേണിയിലും വില ഗണ്യമായി കുറക്കുന്നുവെന്നാണ് ബ്രാൻഡിൻ്റെ ഇലക്‌ട്രിക് സ്‌കൂട്ടറിൻ്റെ ഡിസ്‌കൗണ്ടുകളെക്കുറിച്ച് അഭിപ്രായപ്പെട്ട ഒകായ ഇവിയുടെ മാനേജിംഗ് ഡയറക്ടർ അൻഷുൽ ഗുപ്ത പറഞ്ഞത്. ഇവികളുടെ വില നിർണയവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് ഉണ്ടായേക്കാവുന്ന ഏതൊരു ആശങ്കയും ലഘൂകരിക്കാനാണ് ഈ തന്ത്രപരമായ നീക്കം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആത്യന്തികമായി ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് സ്വീകാര്യത ഏറിവരികയാണ്. ഈ സംരംഭം ഇവി ദത്തെടുക്കലിനെ മുന്നോട്ട് നയിക്കുമെന്നും സമീപഭാവിയിൽ സുപ്രധാന നാഴികക്കല്ലുകൾ കൈവരിക്കാൻ തങ്ങളെ പ്രാപ്തരാക്കുമെന്നും ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫാസ്റ്റ് F2F ഇലക്‌ട്രിക് സ്‌കൂട്ടറാണ് ഒകായ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിപണനം ചെയ്യുന്നത്. 2.2 kWh ലിഥിയം-അയൺ LFP ബാറ്ററി പായ്ക്കും 800W മോട്ടോറുമാണ് ഇവിയുടെ ഹൃദയം.
ഒറ്റ ചാർജിൽ 70 മുതൽ 80 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഇത് ലോഡിന് അനുസരിച്ച് മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനും സാധിക്കുന്ന ഒന്നാണ്. ഇക്കോ, സിറ്റി, സ്പോർട്സ് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളും ഇവിയിലുണ്ട്. ഒകായ ഫാസ്റ്റ് F2F ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ നാലോ അഞ്ചോ മണിക്കൂർ മാത്രമം സമയമേ വേണ്ടിവരൂവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

റിമോട്ട് കീ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡിആർഎൽ ഹെഡ്‌ലാമ്പുകൾ, എഡ്ജ് ടെയിൽലാമ്പുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് വാഹനം വിപണിയിലേക്ക് എത്തുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. അതായത് മുടക്കുന്ന വിലയ്ക്കുള്ള എല്ലാ ഫീച്ചറുകളും ഇതിലുണ്ടെന്ന് സാരം. ഹൈ-സ്പീഡ് ലോ-സ്പീഡ് ഇവികള്‍ വാഗ്ദാനം ചെയ്യുന്ന ഒകായ വില്‍പ്പന കണക്കില്‍ ഇന്ത്യയിലെ ടോപ് 10 ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ്.


Click it and Unblock the Notifications








