1 കി.മീ. ഓടാൻ വെറും 25 പൈസ മതി; പെട്രോൾ ബൈക്കുകളുടെ അന്തകനാവാൻ പുതിയ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ

നിരത്തുകളിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ (Electric Scooter) ട്രെൻഡ് സെറ്ററായി മാറിക്കഴിഞ്ഞപ്പോൾ ഇതിന്റെ ചുവടുപിടിച്ച് മോട്ടോർസൈക്കിളുകളും വൈദ്യുത കരുത്തിലേക്ക് കളംമാറ്റുകയാണ്. ബൈക്ക് എന്ന സങ്കൽപ്പം തന്നെ പൊളിച്ചെഴുതി റിവോൾട്ടും അൾട്രായവലറ്റും മാറ്ററുമെല്ലാം പടപൊരുതുന്ന വിഭാഗത്തിലേക്ക് ഒകായ എന്ന സ്റ്റാർട്ടപ്പ് ബ്രാൻഡും കൂടി കടന്നുവരികയാണ്.

ഇലക്ട്രിക് സ്‌കൂട്ടർ രംഗത്ത് വിപ്ലവം തീർത്ത ബ്രാൻഡ് ഇനി വൈദ്യുത ബൈക്ക് വിഭാഗത്തിനെയാണ് ഉന്നംവെക്കുന്നത്. ഇതിന്റെ ഭാഗമായി ഒകായയുടെ ലക്ഷ്വറി വിഭാഗമായ ഫെറാറ്റോ ഒരു കിടിലൻ ഇ-മോട്ടോർസൈക്കളിനാണ് രൂപം കൊടുത്തിരിക്കുന്നത്. മെയ് രണ്ടിന് അവതരിപ്പിക്കാൻ ഒരുങ്ങുന്നതിനു മുന്നോടിയായി ടീസറുകളിലൂടെ വാഹനത്തെ പരിചയപ്പെടുത്തുകയാണ് കമ്പനി. ഹൈപ്പ് ഉയർത്തിക്കൊണ്ട് ആദ്യത്തെ 1,000 ഉപഭോക്താക്കൾക്ക് ഒരു പ്രത്യേക ഓഫറും കമ്പനി നൽകുന്നുണ്ട്.

Okaya Ferrato Disruptor Electric Motorcycle Booking Started

ഡിസ്റപ്റ്റർ എന്നുപേരിട്ടിരിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിൾ ബുക്ക് ചെയ്യാൻ ഈ ഘട്ടത്തിൽ വെറും 500 രൂപ മതിയാവും. ഈ പ്രാരംഭ ഘട്ടത്തിന് ശേഷം പ്രീ-ബുക്കിംഗ് നിരക്ക് 2,500 രൂപയായി ഉയർത്തുന്നതായിരിക്കുമെന്നും ഒകായ അറിയിച്ചിട്ടുണ്ട്. ഇവി സ്വന്തമാക്കാൻ താത്പര്യമുള്ളവർക്ക് ഇന്ന് മുതൽ ഔദ്യോഗിക വെബ്‌സൈറ്റിൽ മോട്ടോർസൈക്കിൾ ബുക്ക് ചെയ്യാം. ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കിൽ മസ്ക്കുലർ ടാങ്കിന് ചുറ്റിനും ഷാർപ്പ് ഫെയറിംഗുകൾ ഉൾക്കൊള്ളുന്ന ആക്രമണാത്മക രൂപമാണ് ബൈക്കിനുള്ളത്.

അതായത് മൊത്തത്തിൽ ഒരു പ്രീമിയം ഫീലായിരിക്കും ഒകായ ഫെറാറ്റോ ഡിസ്റപ്റ്ററിന് ഉണ്ടായിരിക്കുകയെന്ന് സാരം. ടയർ ഹഗ്ഗർ, സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം, എൽഇഡി ഹെഡ്‌ലൈറ്റുകൾ, ടെയിൽ ലൈറ്റുകൾ എന്നിവയും ഡിസൈനിൽ കാര്യമായ സംഭാവ ചെയ്തിട്ടുണ്ട്. സസ്‌പെൻഷനായി മുൻവശത്ത് പരമ്പരാഗതമായ ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ മോണോ-ഷോക്ക് യൂണിറ്റുമാണ് ഒരുക്കിയിരിക്കുന്നത്.

Okaya Ferrato Disruptor Electric Motorcycle Booking Started

അതേസമയം ബ്രേക്കിംഗിനായി രണ്ട് വീലുകളിലും ഡിസ്‌ക് ബ്രേക്കുകളാണ് ഫെറാറ്റോ ഉപയോഗിച്ചിരിക്കുന്നത്. 6.4 കിലോവാട്ട് പെർമനൻ്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറുമായാണ് (PMS) ഒകായ ഇവി വരിക. ഇത് 228 Nm torque വരെ വാഗ്ദാനം ചെയ്യാൻ യോഗ്യമാണ്. 95 കിലോമീറ്ററായിരിക്കും ഇലക്ട്രിക് മോട്ടോർസൈക്കിളിൻ്റെ ഉയർന്ന വേഗതയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 129 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്ന 3.97 kWh LFP ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് മോട്ടോർസൈക്കിളിൽ ഉള്ളത്.

ഇത് ഒരു കിലോമീറ്ററിന് 25 പൈസയെന്ന കുറഞ്ഞ പ്രവർത്തനച്ചെലവാണ് വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്രിക് മോട്ടോർസൈക്കിളിൻ്റെ വില 2024 മെയ് മാസത്തിൽ പ്രഖ്യാപിക്കും. 2024 മെയ് രണ്ടിന് ഫെറാറ്റോ മോഡലിൻ്റെ വില വെളിപ്പെടുത്തുമ്പോൾ സെഗ്മെന്റിലെ പല പെട്രോൾ ബൈക്കുകളുടെ അന്തകനാവാൻ ഡിസ്റപ്റ്ററിന് ശേഷിയുണ്ടാവും. ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെതായ മുദ്ര പതിപ്പിക്കാൻ ഫെറാട്ടോ തയാറെടുക്കുകയാണ്.

Okaya Ferrato Disruptor Electric Motorcycle Booking Started

ഒകായ എന്ന ബ്രാൻഡ് ഉപയോഗിക്കുന്നതിന് പകരം ഫെറാറ്റോ സബ് ബ്രാൻഡിനായി പ്രീമിയം സർവീസ് സെൻ്ററുകൾ സ്ഥാപിക്കുമെന്ന് കമ്പനി ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. വാസ്തവത്തിൽ ഫെറാറ്റോയ്‌ക്കായി ഒകായ 100-ലധികം ഡീലർഷിപ്പുകൾ രാജ്യത്തുടനീളമായി സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇനി ബ്രാൻഡുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ 3.53 kWh സംയോജിത ശേഷിയും LFP സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതുമായ നൂതനമായ ഡ്യുവൽ ബാറ്ററി സംവിധാനവുമായി മോട്ടോഫാസ്റ്റ് എന്നൊരു സ്‌കൂട്ടർ അടുത്തിടെ അവതരിപ്പിച്ചിരുന്നു.

ഈ നൂതന ബാറ്ററി സജ്ജീകരണം ഒറ്റ ചാർജിൽ 110 കിലോമീറ്ററിനും 130 കിലോമീറ്ററിനും ഇടയിൽ ആകർഷകമായ റൈഡിംഗ് റേഞ്ചാണ് ഉറപ്പാക്കുന്നത്. ഇത് റൈഡർമാർക്ക് നിയന്ത്രണങ്ങളില്ലാതെ എവിടെയും പോവാനുള്ള സ്വാതന്ത്ര്യം നൽകുന്നു. ബാറ്ററി പായ്ക്ക് പൂർണ ശേഷിയിൽ ചാർജ് ചെയ്യാൻ ഏകദേശം 4-5 മണിക്കൂർ സമയമാണ് വേണ്ടിവരിക. ഇത് ദൈനംദിന യാത്രകൾക്കും ദീർഘദൂര യാത്രകൾക്കും ഒരുപോലെ സൗകര്യപ്രദമാക്കുന്ന കാര്യമാണ്.

Okaya Ferrato Disruptor Electric Motorcycle Booking Started

മുകളിൽ സൂചിപ്പിച്ചതു പോലെ മോട്ടോഫാസ്റ്റ് ഇലക്‌ട്രിക് സ്‌കൂട്ടറിന് തുടിപ്പേകുന്നത് രണ്ട് LFP ബാറ്ററി പായ്ക്കുകളാണ്. ഇതിൽ ഒന്ന് സീറ്റിനടിയിൽ വെർട്ടിക്കലായാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. രണ്ടാമത്തേത് ബാറ്ററി പായ്ക്ക് ഫ്ലോർബോർഡിന് കീഴിൽ തിരശ്ചീനമായി സ്ഥാപിച്ചിരിക്കുകയുമാണ് ചെയ്‌തിരിക്കുന്നത്. ഇവിയായതിനാൽ തന്നെ മോഡേൺ ഫീച്ചറുകളാലും വാഹനം സമ്പന്നമാണ്.

സ്‌പീഡ്, ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ, റൈഡിംഗ് മോഡ്, സമയം, ബാറ്ററി ശതമാനം എന്നിവ പ്രദർശിപ്പിക്കുന്ന 7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണ് ഒകായ മോട്ടോഫാസ്റ്റിലെ പ്രധാന സവിശേഷതകൾ. സ്പോർട്ടി ലുക്കിനൊപ്പം അത്യാധുനിക സാങ്കേതികവിദ്യയും കൂടി ചേരുമ്പോൾ മോട്ടോഫാസ്റ്റ് എളുപ്പത്തിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുന്നുണ്ട്. ഫെറാറ്റോ എന്ന പുതിയ ബ്രാൻഡിന് കീഴിൽ ഇനി എന്തെല്ലാം മായാജാലങ്ങൾ തീർക്കാൻ കമ്പനിക്കാവുമെന്ന് അധികം വൈകാതെ കാണാനാവും.

More from DriveSpark

Article Published On: Friday, April 26, 2024, 10:20 [IST]
English summary
Okaya ferrato disruptor electric motorcycle booking started for rs 500 launch soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X