മൂന്ന് ദിവസത്തേക്ക് ആദായവിൽപ്പന, ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് സ്പെഷ്യൽ ഡിസ്‌കൗണ്ട് ഓഫറുമായി ഓല
ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ കൊടുങ്കാറ്റായി മാറിയവരാണ് ഓല. വെറും ക്യാബ് അഗ്രഗേറ്റർ എന്ന നിലയിൽ നിന്നും ഇവി നിർമാണത്തിലേക്ക് കടന്ന കമ്പനി ചുരുങ്ങിയ നാളുകൾക്കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ വൈദ്യുത വാഹന നിർമാതാക്കളായി മാറുന്ന കാഴ്ച്ചയാണ് കാണാനായത്. കൃത്യമായ ഇടവേളകളിൽ മോഡലുകളെ പുതുക്കിയും ഓഫറിട്ടും പുതിയ പ്രഖ്യാപനങ്ങൾ നടത്തിയുമാണ് ഓല ആളുകളെ കൈയിലെടുക്കുന്നത്.
പ്രത്യേക ആഘോഷ ദിവസങ്ങളിൽ പോലും ഇവി നിരയിൽ ഓഫർ അവതരിപ്പിക്കാനും കമ്പനി കാണിക്കുന്ന മനസ് പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്. ഇപ്പോഴിതാ വുമൺസ് ഡേയോട് അനുബന്ധിച്ച് ഓല ഇലക്‌ട്രിക് സ്‌കൂട്ടറിൽ പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. മാർച്ച് 8 മുതൽ മാർച്ച് 10 വരെ മൂന്ന് ദിവസത്തേക്ക് മാത്രമാണ് ഡിസ്കൗണ്ട് കിട്ടുക എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണേ.

ഓലയുടെ S1 എയർ, S1 X, S1 X പ്ലസ്, S1 പ്രോ എന്നീ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് 25,000 രൂപ വരെ ഓഫറുകളാണ് ഈ ദിവസങ്ങളിൽ വാങ്ങാനെത്തുന്നവരെ കാത്തിരിക്കുന്നത്. മാത്രമല്ല, വുമൺസ് ഡേയോട് അനുബന്ധിച്ച് സ്ത്രീകൾക്ക് പ്രത്യേകമായി 2,000 രൂപ ക്യാഷ്ബാക്കും ഉണ്ട്. അവസാനമായി പഴയ പെട്രോൾ എക്സ്ചേഞ്ചിന് കൊണ്ടുവരുന്നവർക്കും അധികമായി പണം ലാഭിക്കാനുള്ള വഴിയും കമ്പനി ഒരുക്കിയിട്ടുണ്ടെന്നതാണ് ഹൈലൈറ്റ്.
നിലവിൽ ബ്രാൻഡിന്റെ എൻട്രി ലെവൽ മോഡലായ S1 X പ്ലസിന് 84,999 രൂപയും S1 പ്രോയ്ക്ക് 1.30 ലക്ഷം രൂപയും S1 എയറിന് 1.05 ലക്ഷം രൂപയുമാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. ഈ വിലകളിൽ ബ്രാൻഡ് മാർച്ചിലുടനീളം നൽകുന്ന പ്രത്യേക കിഴിവുകൾ ഉൾപ്പെടുന്നു എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. ഇനി മറ്റ് S1 X ഇവി മോഡലുകളിലേക്ക് നോക്കിയാൽ വ്യത്യസ്‌ത ബാറ്ററി ഓപ്ഷനുകളിലാണ് ഇത് വിപണിയിലെത്തുന്നത്.

S1 X ഇലക്ട്രിക് സ്‌കൂട്ടറിന്റെ 4kWh മോഡലിന് 1,09,999 രൂപയും S1 X 2kWh വേരിയന്റിന് 79,999 രൂപയും S1 X 3kWh പതിപ്പിന് 89,999 രൂപയുമാണ് പുതിയ എക്സ്ഷോറൂം വില വരുന്നത്. പോക്കറ്റിന് ഇണങ്ങുന്ന വിലയില്‍ കൂടുതല്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നതാണ് പുത്തന്‍ മോഡലിലെ പ്രധാന ഹൈലൈറ്റ്. അതായത് ഈ പതിപ്പിന് സിംഗിൾ ചാർജിൽ ഏകദേശം 190 കിലോമീറ്റർ റേഞ്ച് കിട്ടുമെന്നാണ് കമ്പനി പറയുന്നത്.
പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ വെറും 3.3 സെക്കന്‍ഡിനുള്ളില്‍ ഇത് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 90 കിലോമീറ്ററാണ് S1 X ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗതയായി ഓല അവകാശപ്പെടുന്നത്. വ്യവസായത്തിലെ ആദ്യത്തെ 8 വർഷത്തെ അല്ലെങ്കിൽ 80,000 കി.മീ എക്സ്റ്റൻഡഡ് ബാറ്ററി വാറണ്ടി അധിക ചെലവില്ലാതെ കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതുകൂടാതെ ഉപഭോക്താക്കൾക്ക് ഇപ്പോൾ ഒരു ആഡ്-ഓൺ വാറണ്ടി തെരഞ്ഞെടുക്കാനും അവസരമുണ്ട്.

1.25 ലക്ഷം കിലോമീറ്റർ വരെ ഉയർത്തിയിരിക്കുന്ന ഈ വാറണ്ടി പിരീഡ് സ്വന്തമാക്കാനായി 4,999 രൂപയാണ് അധികമായി മുടക്കേണ്ടി വരിക. കൂടാതെ 2024 ഏപ്രിലോടെ രാജ്യത്തുടനീളമുള്ള 414 സർവീസ് സെന്ററുകളിൽ നിന്ന് ഓല ഇലക്ട്രിക്കിന്റെ സർവീസ് ശൃംഖല വിപുലീകരിക്കാനുള്ള പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് കൂടുതൽ അടുപ്പിക്കാനുള്ള ശ്രമങ്ങളും ഇക്കൂടെ നടക്കുന്നുണ്ടെന്ന് വേണം പറയാൻ.
2023 ഫെബ്രുവരിയിൽ 35,000 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. ഇത് ഓലയുടെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന കണക്കാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് ഏകദേശം 100 ശതമാനം വളർച്ചയാണ് വിൽപ്പനയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ ഓലയ്ക്ക് 42 ശതമാനം വിപണി വിഹിതമുണ്ടെന്നാണ് കണക്കുകൾ.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഓല ഇലക്ട്രിക് 1 ലക്ഷം ഇവികൾ ഇന്ത്യയിൽ വിപണനം ചെയ്‌തിട്ടുമുണ്ട്. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 30,000 യൂണിറ്റുകൾ രജിസ്റ്റർ ചെയ്തു. ഡിസംബറിൽ ഒരു മാസത്തിൽ 30,000 വിറ്റഴിക്കുന്ന രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായും കമ്പനി റെക്കോർഡിട്ടിരുന്നു. സമീപ മാസങ്ങളില്‍ എടുത്ത ചില ആക്രമണാത്മക നടപടികളാണ് ഓല ഇലക്ട്രിക്ക് അതിന്റെ വളര്‍ച്ചയ്ക്ക് കാരണമെന്ന് നിസംശയം പറയാം.


Click it and Unblock the Notifications








