സ്പ്ലെൻഡർ പോലും ആരും വാങ്ങാതാവും, ഓലയുടെ ആദ്യ ഇലക്‌ട്രിക് ബൈക്ക് ഇതാ വരുന്നു
ഇലക്‌ട്രിക് സ്‌കൂട്ടർ (Electric Scooter) വിപണിയിൽ കൊടുങ്കാറ്റായവരാണ് ഓല (Ola Electric). ക്യാബ് അഗ്രഗേറ്ററിൽ നിന്നും ഇവി നിർമാണത്തിലേക്ക് കടക്കുമ്പോൾ ഇത്രയേറെ സ്വീകാര്യത കമ്പനി പോലും സ്വപ്‌നം കണ്ടിട്ടുണ്ടാവില്ല. കൃത്യസമയത്ത് ഓഫറുകളിടാനും പുതിയ മോഡലുകൾ അവതരിപ്പിക്കാനും വില കുറക്കാനുമെല്ലാം ഓല കാണിക്കുന്ന മിടുക്ക് ഒന്ന് വേറെ തന്നെയാണ്. ഇക്കാരണമൊക്കെയാണ് രാജ്യത്തെ ഏറ്റവും വലിയ ഇലക്‌ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായി വളരാൻ ഓലയെ സഹായിച്ച കാര്യങ്ങൾ. സ്‌കൂട്ടർ സെഗ്മെന്റിൽ സർവം കാൽക്കലാക്കിയ ബ്രാൻഡ് ഇനിയിറങ്ങാൻ പോവുന്നത് വൈദ്യുത ബൈക്ക് ശ്രേണിയിലേക്കാണ്.
പണ്ടേ കൺസെപ്റ്റ് രൂപത്തിൽ പരിചയപ്പെടുത്തിയ മോട്ടോർസൈക്കിളുകൾ ഇപ്പോഴിതാ യാഥാർഥ്യമാവാൻ പോവുകയാണ്. ഇലക്‌ട്രിക് ബൈക്ക് വിപണിയിലേക്ക് കടക്കാനൊരുങ്ങി ഓല ഓഗസ്റ്റ് 15-ന് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന ഒരു പ്രത്യേക പരിപാടിയിൽ ആദ്യ മോഡൽ അവതരിപ്പിക്കുമെന്നാണ് വിവരം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിൾ ഉൾപ്പെടെയുള്ള പുതിയ ഉൽപ്പന്നങ്ങൾ ഇവിടെ അനാവരണം ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇലക്ട്രിക് ബൈക്കിന്റെ ആദ്യ ടീസർ ചിത്രവും ഓല സിഇഒ ഭവിഷ് അഗർവാൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെക്കുകയും ചെയ്‌തിട്ടുണ്ട്. മോട്ടോർസൈക്കിളിൻ്റെ ഡിസൈൻ ഭാഷ്യം ഒരു റോഡ്‌സ്റ്റർ മോഡലിന്റേതാണെന്നാണ് സൂചന. ട്വിൻ-പോഡ് എൽഇഡി ഹെഡ്‌ലൈറ്റും യുണീക്കായ റിയർവ്യൂ മിററുകളും ടീസറിൽ വ്യക്തമായി കാണാം.
രണ്ട് എൽഇഡി ലൈറ്റുകളും ഈ ലൈറ്റുകൾക്ക് മുകളിൽ തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന എൽഇഡി സ്ട്രിപ്പും S1 സ്‌കൂട്ടറുകൾക്ക് സമാനമാണെന്നും പറയാം. സിംഗിൾ-പീസ് ഹാൻഡിൽബാർ, ടാങ്ക് ആവരണങ്ങളുള്ള ആംഗുലർ ഷേപ്പുള്ള ടാങ്ക്, വിൻഡ്സ്ക്രീൻ പോലുള്ള ഫീച്ചറുകളുമായാവും ഓല റോഡ്സ്റ്റർ ഇലക്ട്രിക് മോട്ടോർസൈക്കിൾ പിറവിയെടുക്കുക.ഒട്ടുമിക്ക ഇലക്ട്രിക് സ്‌കൂട്ടറുകളേക്കാളും വലിയ ബാറ്ററി പായ്ക്കും ഇതിലുണ്ടാവും.

പരമ്പരാഗത ചെയിൻ ഡ്രൈവുമാവും ഇലക്ട്രിക് ബൈക്ക് വരുന്നതെങ്കിലും ഇന്ത്യയിലെ ഇലക്ട്രിക് മോട്ടോർസൈക്കിൾ വിപണിയിലെ അൾട്രാവയലറ്റ് F77 മാക് 2, മാറ്റർ ഏറ തുടങ്ങിയ പ്രീമിയം സെഗ്‌മെൻ്റ് മോഡലുകളുമായാവും വരാനിരിക്കുന്ന ഓല ഇലക്ട്രിക് ബൈക്ക് നേരിട്ട് മത്സരിക്കുക. നിലവിൽ കാര്യമായ വിൽപ്പനയൊന്നും ഇവിടെ നടക്കുന്നില്ലെങ്കിലും ഓലയ്ക്ക് ഇക്കാര്യം പൊളിച്ചെഴുതാനാവുമെന്നാണ് വിശ്വസിക്കുന്നത്.
കുറച്ച് കാലമായി സിഇഒ ഭവിഷ് അഗർവാളിനും ഓല ബ്രാൻഡിനും ഇലക്ട്രിക് സ്കൂട്ടറുകൾക്കപ്പുറം ഇലക്ട്രിക് ബൈക്കുകളിലേക്കും കാറുകളിലേക്കും ചുവടുവെക്കാൻ പദ്ധതിയുണ്ടായിരുന്നു. S1 പ്രോ, S1 എയർ, S1X തുടങ്ങിയ ഉൽപ്പന്നങ്ങൾ നിലവിൽ പുറത്തിറക്കുന്ന ഇവി നിർമാതാക്കൾ നിലവിൽ രാജ്യത്തെ ഏറ്റവും വലിയ വൈദ്യുത ഇരുചക്ര വാഹന നിർമാതാക്കളാണ്. ഇലക്ട്രിക് ബൈക്കുകളിലേക്ക് ചുവടുവെക്കുമ്പോഴും ഇപ്പോഴുള്ള സ്വീകാര്യത ലഭിക്കുമെന്നാണ് വിവരം.

ഡിസൈനിന് പുറമെ വില നിർണയവും ഇക്കാര്യത്തിൽ നിർണായക പങ്കുവഹിക്കും. പ്രീമിയം മോഡലായതിനാൽ തന്നെ 1 ലക്ഷം രൂപയ്ക്ക് മുകളിൽ തന്നെ വില പോവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളുകളിൽ ഇൻ-ഹൗസ് വികസിപ്പിച്ച ഇവി ബാറ്ററികൾ ഉപയോഗിക്കുമെന്നാണ് കമ്പനി പറയുന്നത്. ഒരു ഇന്ത്യൻ ഇ-മോട്ടോർബൈക്കിലെ ഏറ്റവും വലിയ ബാറ്ററി പായ്ക്കുകളായിരിക്കും ഇതെന്ന സൂചനയും കമ്പനി മുന്നോട്ടുവെക്കുന്നുണ്ട്.
ഓല ഇലക്ട്രിക്ക് നിലവിൽ ഇലക്ട്രിക് കാറുകൾക്ക് മുൻഗണന നൽകുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ വർഷത്തെ ഓലയുടെ ഏറ്റവും വലിയ പ്രാരംഭ പൊതു ഓഹരി വിൽപന അഥവാ ഐപിഒയ്ക്കും ഓഗസ്റ്റ് രണ്ടിന് ആരംഭിച്ചിരുന്നു. ഓഗസ്റ്റ് 2 മുതൽ 6 വരെയാണ് ഓല ഇലക്ട്രിക് ഐപിഒയിൽ അപേക്ഷിക്കാനാകുക. ഓഹരിയുടെ പ്രൈസ് ബാൻഡ് 72 - 76 രൂപ നിലവാരത്തിലാണ്. ഇലക്ട്രിക് ടു-വീലർ വിഭാഗത്തിൽ 35 ശതമാനം വിപണി വിഹിതമാണ് നിലവിൽ ബ്രാൻഡിനുള്ളത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








