ഒന്ന് ഉപദേശിച്ചാൽ ഇലക്‌ട്രിക് സ്‌കൂട്ടർ സമ്മാനം, വണ്ടി വാടകയ്ക്ക് കൊടുക്കാൻ ഐഡിയ തേടി ഓല
ഇലക്ട്രിക് സ്‌കൂട്ടറുകളെ ഇന്നുകാണുന്ന നിലയിലേക്ക് എത്തിക്കാൻ ഏറെ സഹായിച്ചവരാണ് ഓല. ടാക്‌സി ക്യാബ് അഗ്രഗേറ്ററിൽ നിന്നും ഇവി നിർമാണത്തിലേക്ക് കടക്കുമ്പോൾ ഇത്രയും പെട്ടന്നുള്ള ഈയൊരു വളർച്ച കമ്പനി സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. വാഹന വിപണിയിലെ സങ്കൽപ്പങ്ങളെല്ലാം പൊളിച്ചെഴുതി ബുക്കിംഗും ഡെലിവറിയും സർവീസുമെല്ലാം ഓൺലൈനായി നടത്തിയ ഓല രാജ്യത്തെ വൈദ്യുത വാഹന വിഭാഗത്തിന് പുതിയ മാനങ്ങളാണ് സമ്മാനിച്ചത്.
കാലക്രമേണ ആളുകളോട് കൂടുതൽ അടുക്കാനായി പരമ്പരാഗത രീതിയിലേക്ക് ഓലയുടെ വിൽപ്പനയും ഡെലിവറിയുമെല്ലാം ഡീലർഷിപ്പുകളിലേക്ക് മാറിയപ്പോഴും ആളുകളിൽ നിന്നും വലിയ സ്വീകാര്യതയാണ് നേടിയത്. ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾ പുതിയൊരു തന്ത്രവുമായി രംഗത്തിറങ്ങുകയാണ്. എന്താണന്നല്ലേ, S1 സീരീസ് സ്‌കൂട്ടറുകൾ വാടകയ്ക്ക് നൽകാനുള്ള നീക്കവുമായാണ് ബ്രാൻഡ് ഇപ്പോൾ മുന്നോട്ടു നീങ്ങുന്നത്.

ടൂവീലർ റെന്റൽ സർവീസ് തുടങ്ങുന്നതിനെ പറ്റിയുള്ള വിവരം ഓല ഇലക്ട്രിക് സിഇഒ ഭവിഷ് അഗർവാളാണ് X സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിച്ചിരിക്കുനന്ത്. പക്ഷേ ഇതിന്റെ സാധ്യതകളെ പറ്റി കമ്പനി പഠിച്ചുവരുന്നതേയുള്ളൂവെന്നാണ് വിവരം. എന്നാൽ ഗോവ പോലുള്ള വിനോദസഞ്ചാര നഗരങ്ങളിലായിരിക്കും S1 സീരീസ് സ്‌കൂട്ടറുകൾ വാടകയ്ക്ക് നൽകുക.
ഇത്തരമൊരു ടൂവീലർ റെന്റൽ സർവീസ് തുടങ്ങുന്നതിനുള്ള ആലോചനയിലാണെന്നും ഇന്ത്യയിലെ ഏതെല്ലാം നഗരങ്ങളിലാണ് ഇത്തരം സേവനങ്ങൾ തുടങ്ങേണ്ടതെന്ന അഭിപ്രായം ഉപഭോക്താക്കളോട് X പ്ലാറ്റ്ഫോമിലൂടെ ഭവിഷ് അഗർവാൾ ആരായുകയും ചെയ്‌തിട്ടുണ്ട്. ഒപ്പം മറ്റെന്തെങ്കിലും നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ കമ്ന്റ് ബോക്‌സിലൂടെ എഴുതാമെന്നും അദ്ദഹേം പറയുന്നു. മികച്ച നിർദേശം നൽകുന്നയാൾക്ക് ഓല S1X+ ഇലക്ട്രിക് സ്‌കൂട്ടർ സമ്മാനമായി നൽകുമെന്നും ഭവിഷ് പറയുന്നു.

ആശയം അതിന്റെ പ്രാരംഭ ഘട്ടത്തിലാണെങ്കിലും റെന്റൽ സർവീസ് സംരംഭത്തിന് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വലിയ സാധ്യതയുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഈ വർഷം ആദ്യം റോയൽ എൻഫീൽഡും ഔദ്യോഗികമായി റെന്റൽ ബിസിനസിലേക്ക് പ്രവേശിച്ചിരുന്നു. ഇത്തരത്തിലൊരു സംരംഭത്തിന് തുടക്കം കുറിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇരുചക്ര വാഹന നിർമാതാക്കളായി മാറാനും റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കൾക്ക് സാധിച്ചു.
ചെന്നൈ ആസ്ഥാനമായുള്ള മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ് രാജ്യത്തെ 25 നഗരങ്ങളിൽ 40-ലധികം ബൈക്ക് റെന്റൽ ഓപ്പറേറ്റർമാരിലൂടെയാണ് വാടകയ്ക്ക് നൽകുന്ന പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ 300-ലധികം മോട്ടോർസൈക്കിളുകൾ വാഗ്ദാനം ചെയ്യുമെന്നും കമ്പനി വെളിപ്പെടുത്തി. റെന്റൽ സർവീസിന്റെ സാധ്യതകൾ മനസിലാക്കാൻ എൻഫീൽഡിന്റെ ബിസിനസ് മോഡൽ ഓലയ്ക്കും സഹായകരമാവും.

രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ഗോവ, പോണ്ടിച്ചേരി, മണാലി തുടങ്ങിയ സ്ഥലങ്ങളിൽ ഇരുചക്ര വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നത് വളരെ ജനപ്രിയമായ നടപടിയാണ്. വൻകിട കമ്പനികളിൽ സാധാരണയായി വിട്ടുനിൽക്കുന്ന ഇത്തരം കേന്ദ്രങ്ങളിൽ വലിയ സാധ്യതകളുണ്ട്. ഇത് പ്രയോജനപ്പെടുത്താനായാൽ ഓല ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് കൂടുതൽ ആളുകളിലേക്ക് എത്താനാവും.
ഓല ഇലക്ട്രിക്ക് തങ്ങളുടെ മോഡലുകൾ മിതമായ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കാനും ഈ നീക്കം സഹായിക്കും. കമ്പനിക്ക് അവരുടെ മൊബൈൽ ആപ്പിലേക്ക് റെന്റൽ സർവീസ് സംയോജിപ്പിക്കാനുമാവും. ഇ-സ്കൂട്ടറുകൾ വാടകയ്ക്ക് എടുക്കുന്നത് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ ചെലവ് കുറഞ്ഞ രീതിയിൽ സഞ്ചരിക്കാൻ ടൂറിസ്റ്റുകളെ സഹായിക്കും. കുറച്ച് മണിക്കൂറത്തേക്കോ അല്ലെങ്കിൽ ദിവസങ്ങളോളമോ പരിധിയില്ലാതെ സഞ്ചരിക്കാൻ ഈ സേവനം അനുവദിക്കും.

നിലവിൽ ഓല സ്വീകരിക്കുന്ന നടപടികളെല്ലാം വിപണിയിൽ വിജയം കാണുന്നുണ്ട്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 2.50 ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് താണ്ടുന്ന രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളായി കമ്പനി മാറിയിരുന്നു. 2023 ജനുവരി 1 മുതല്‍ 2023 ഡിസംബര്‍ 21 വരെ 2,52,647 ഇലക്ട്രിക് സ്‌കൂട്ടറുകളണ് ഓല നിരത്തുകളിൽ എത്തിച്ചത്.


Click it and Unblock the Notifications








