ഈ ഓഫർ അറിഞ്ഞാൽ പെട്രോൾ സ്‌കൂട്ടറുകളേ വാങ്ങില്ല, ഓലയ്ക്ക് മാത്രം സാധിക്കുന്ന ഡിസ്‌കൗണ്ട് ഇതാ
ഇന്ത്യൻ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിൽ വിപ്ലവം കൊണ്ടുവന്നവരാണ് ഓല. ക്യാബ് അഗ്രഗേറ്റർ എന്ന നിലയിൽ നിന്നും ഇവി ബ്രാൻഡായി അറിയപ്പെടാൻ കമ്പനിക്ക് അധികനാൾ വേണ്ടിവന്നിരുന്നില്ല. ഏറ്റവും ചുരുങ്ങിയ നാളുകള്‍കൊണ്ട് ഇന്ത്യയുടെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി കൈപ്പിടിയിലാക്കി കൊണ്ട് ബ്രാൻഡ് കുതിക്കുകയാണ്. ഇതിനൊപ്പം ജനകീയ തീരുമാനങ്ങളെടുത്ത് ആളുകളെ ഒപ്പം നിർത്താനും ഓലയ്ക്ക് സാധിക്കുന്നുണ്ട്.
ആഘോഷ നാളുകളിൽ പ്രത്യേക ഓഫറുകൾ അവതരിപ്പിക്കുന്നതും ഓലയുടെ സ്ഥിരം ഹോബിയാണ്. ഇപ്പോഴിതാ ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് S1 ശ്രേണിയിൽ ഓല ഇലക്ട്രിക് 25,000 രൂപയുടെ പ്രത്യേക ഓഫറുകൾ അവതരിപ്പിച്ചിരിക്കുകയാണ്. ഈ സ്പെഷ്യൽ ഓഫറുകൾ 2024 ജനുവരി 31 വരെ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്തായാലും കാൽലക്ഷം രൂപയുടെ ഈ ആനുകൂല്യങ്ങൾ കൂടുതൽ ആളുകളെ ഓലയിലേക്ക് അടുപ്പിക്കാൻ സഹായിക്കും.

ഓല ഇലക്ട്രിക്കിൻ്റെ റിപ്പബ്ലിക് ദിന ഓഫറുകൾ എന്തെല്ലാമെന്ന് നോക്കിയാൽ എക്സ്റ്റൻഡഡ് വാറണ്ടിയിൽ 50 ശതമാനം ഡിസ്‌കൗണ്ടാണ് എടുത്തുപറയേണ്ട കാര്യം. കൂടാതെ S1 എയർ, S1 പ്രോ മോഡലുകൾക്ക് 2,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും കമ്പനി ഒരുക്കിയിട്ടുണ്ട്. കൂടാതെ തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർ ഇഎംഐകളിൽ വാങ്ങുന്നവർക്ക് 5,000 രൂപ വരെ കിഴിവ് ലഭിക്കുമെന്ന് ഓല പറയുന്നു.
അതേസമയം സീറോ ഡൗൺ പേയ്‌മെന്റ്, സീറോ പ്രോസസ്സിംഗ് ഫീ, 7.99 ശതമാനം മുതൽ ആരംഭിക്കുന്ന പലിശ നിരക്കുകൾ എന്നിവ ഉൾപ്പെടെ നിരവധി ഫിനാൻസ് ഓഫറുകളും കമ്പനി റിപ്പബ്ലിക്ക് ഓഫറിനു കീഴിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഓല S1 X+ കഴിഞ്ഞ വർഷം ഡിസംബറിൽ ആദ്യമായി പ്രഖ്യാപിച്ച 20,000 ഡിസ്‌കൗണ്ടും നിലനിർത്തിയിട്ടുണ്ട്. അതായത് 89,999 രൂപയുടെ എക്‌സ്ഷോറൂം വിലയിൽ തന്നെ മോഡൽ ജനുവരി വരെ തുടർന്നും നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഓല ഇലക്ട്രിക് ശ്രേണിയിൽ വ്യത്യസ്ത വില പോയിൻ്റുകളിലുടനീളം അഞ്ച് മോഡലുകളാണ് ബ്രാൻഡ് അണിനിരത്തിയിരിക്കുന്നത്. എല്ലാ ഇലക്ട്രിക് സ്‌കൂട്ടറുകളും S1 X (2 kWh), S1 X (3 kWh), S1 X+, S1 Air, S1 Pro എന്നിവയിൽ ആരംഭിക്കുന്ന രണ്ടാം തലമുറ S1 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 999 രൂപ നൽകി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെങ്കിലും എൻട്രി ലെവൽ S1 X ഇവിയുടെ വിൽപ്പന ഇതുവരെ ബ്രാൻഡ് ആരംഭിച്ചിട്ടില്ല.
ആയതിനാൽ ഓല ഇ-സ്‌കൂട്ടർ ലൈനപ്പിൻ്റെ വില 89,999 രൂപ മുതൽ 1.47 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. 75-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 'ഓല യൂണിറ്റി ഹെറിറ്റേജ് റൈഡ്' സംഘടിപ്പിച്ചതായി ഓല ഇലക്ട്രിക് വെളിപ്പെടുത്തി. അതിൽ ഉപഭോക്താക്കൾ രാജ്യത്തെ 26 നഗരങ്ങളിലെ ഏറ്റവും അടുത്തുള്ള പൈതൃക സ്ഥലത്തേക്ക് ഇലക്ട്രിക് സ്‌കൂട്ടറുകളിൽ റൈഡ് സംഘടിപ്പിക്കാനും ബ്രാൻഡിനായി.

ബ്രാൻഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ മറ്റ് വാർത്തകൾ നോക്കിയാൽ PLI സ്കീമിന് കീഴിൽ അംഗീകരിക്കപ്പെട്ട ആദ്യത്തെ ഇവി നിർമാതാക്കളായ ഓല ഇലക്ട്രിക് അടുത്തിടെ മാറി. ഇനിഷ്യൽ പബ്ലിക് ഓഫറിംഗ് (IPO) ഏറ്റെടുക്കുന്നതിനായി കമ്പനി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസും ഫയൽ ചെയ്തിട്ടുണ്ട്. തങ്ങളുടെ ഇലക്‌ട്രിക് സ്‌കൂട്ടർ ഉപഭോക്താക്കൾക്കായി MoveOS 4 സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ ഔദ്യോഗികമായി അവതരിപ്പിച്ചതും അടുത്തിടെയാണ്.
പുതിയ അപ്ഡേഷന്റെ ഭാഗമായി 100-ലധികം ഫീച്ചറുകളാണ് ഓല S1 ശ്രേണിയിലേക്ക് കൊണ്ടുവരുന്നത്. അവയിൽ ചിലത് സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറുകളാണെന്നതും എതിരാളികളെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയർ S1 X ഒഴികെയുള്ള എല്ലാ ഓല ഇലക്ട്രിക് സ്‌കൂട്ടറുകളിലും ഡൗൺലോഡ് ചെയ്യാൻ കഴിയും. S1 X ഉടമകൾക്ക് എപ്പോൾ പുതിയ ഒടിഎ അപ്ഡേഷൻ ലഭിക്കുമെന്ന കാര്യവും ഓല പുറത്തുവിട്ടിട്ടില്ല.

MoveOS അപ്‌ഡേറ്റിൽ അവതരിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട ഫീച്ചർ ഓല മാപ്പാണ്. ഓരോ യാത്രയിലേയും ശരാശരി വേഗത, ബാറ്ററി ഉപയോഗം, റേഞ്ച്, റീജൻ, കാര്യക്ഷമത, പണം ലാഭിക്കൽ, ദൂരം എന്നിവ കാണിക്കുന്ന പുതിയ റൈഡ് ജേണൽ ഫീച്ചറും മാറ്റങ്ങളുടെ ഭാഗമായി കൊണ്ടുവന്നിട്ടുണ്ട്. മോഷണം തടയുന്നതിനായി വികസിപ്പിച്ച ആന്റി തെഫ്റ്റ് അലാറവും ഇനി മുതൽ ഓല S1 മോഡലുകളിലുണ്ടാവും.
ഇതുകൂടാതെ അപ്ഡേറ്റ് എത്രയും പെട്ടെന്ന് ഡൌൺലോഡ് ചെയ്യുന്നവർക്ക് ഹിൽ ഹോൾഡ്, ഹിൽ ഡിസന്റ് കൺട്രോൾ, ഗാരേജ് മോഡ്, വേഗതയേറിയ ഹൈപ്പർചാർജിംഗ്, മെച്ചപ്പെട്ട റീജനറേഷൻ, പ്രൊഫൈൽ നിയന്ത്രണങ്ങൾ, കെയർ മൂഡ്, കൺസേർട്ട് മോഡ്, ഉയർന്ന റേഞ്ച്, മെച്ചപ്പെട്ട പ്രോക്സിമിറ്റി അൺലോക്ക് തുടങ്ങിയ മറ്റ് ഫീച്ചറുകളും ഉപയോഗപ്പെടുത്തി റൈഡിംഗ് കൂടുതൽ മെച്ചപ്പെടുത്താനാവും.


Click it and Unblock the Notifications








