പെട്രോളടിക്കുന്ന പൈസ ബാങ്കിൽ ഇടാം, 20,000 രൂപ വിലക്കുറവിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ തരാമെന്ന് ഓല
ഇന്ത്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് ഇന്നു കാണുന്ന സ്വീകാര്യത ലഭിക്കാനുള്ള പ്രധാന കാരണക്കാര് ഓലയാണെന്ന് നിസംശയം പറയാം. ക്യാബ് അഗ്രഗേറ്റർ എന്ന നിലയിൽ എല്ലാവർക്കും സുപരിചിതമായ ബ്രാൻഡ് താരതമ്യേന പുതുതായുള്ള ഇലക്‌ട്രിക് വാഹന രംഗത്തേക്ക് തിരിയുമ്പോൾ ഇത്രയ്ക്കൊന്നും പ്രതീക്ഷിച്ചിരുന്നുണ്ടാവില്ല. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വൈദ്യുത ഇരുചക്ര വാഹന നിർമാതാക്കളാണ് ഓല. S1 ശ്രേണിയിലുള്ള ആദ്യ സ്‌കൂട്ടർ പുറത്തിറങ്ങിയതു മുതൽ വാങ്ങാൻ ആളുകളുടെ കൂട്ടയിടിയായിരുന്നു. ഇന്ന് പ്രതിമാസം പതിനായിരക്കണക്കിന് ഇവികളാണ് കമ്പനി വിറ്റഴിക്കുന്നതും. കൃത്യമായ രീതിയിലുള്ള തന്ത്രങ്ങൾ ആവിഷ്ക്കരിക്കാൻ ബ്രാൻഡിനറിയാം എന്നതാണ് ഇതിന് പിന്നിലുള്ള രഹസ്യം.
കൃത്യമായ ഇടവേളകളിൽ പുതിയ മോഡലുകൾ പുറത്തിറക്കാനും ഓഫറുകൾ നൽകാനും വില കുറക്കാനുമെല്ലാം കമ്പനിക്കറിയാം. ഇപ്പോഴിതാ ജൂലൈ മാസത്തേക്കായുള്ള ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് ഓല. ഏത് മോഡൽ വാങ്ങാൻ തീരുമാനിക്കുന്നു എന്നതിനെ ആശ്രയിച്ച് 20,000 രൂപ വരെ വിലയുള്ള ആനുകൂല്യങ്ങളാണ് ഉപഭോക്താക്കളെയും കാത്തിരിക്കുന്നത്.

S1 പ്രോ, S1 എയർ, S1 X, S1 X+ എന്നീ ഇലക്ട്രിക് സ്കൂട്ടറുകൾ ഉൾപ്പെടുന്ന ഓല ഇലക്‌ട്രിക്കിന്റെ എല്ലാ മോഡലുകളിലും ഈ ഓഫർ ലഭ്യമാക്കാമെന്നതാണ് രസകരമായ കാര്യം. എന്നിരുന്നാലും ജൂലൈ 17 വരെ മാത്രമായിരിക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താനാവൂവെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. ആയതിനാൽ ഇവി വാങ്ങാൻ താത്പര്യമുള്ളവർ എത്രയും വേഗം ഷോറൂമിലേക്ക് വിടുന്നതാവും നല്ലത്. ഇനി മോഡൽ തിരിച്ചുള്ള ഓഫറുകൾ എങ്ങനെയെന്ന് വിശദീകരിക്കാം.
ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളുടെ S1 എയർ, S1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് 15,000 രൂപ വരെ ഡിസ്‌കൗണ്ടാണ് അവതരിപ്പിചിരിക്കുന്നത്. രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളും അടുത്ത അഞ്ച് ദിവസത്തേക്ക് ഉറപ്പായ ഓഫർ വിലയും ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷൻ സ്കീം (EMPS) സബ്‌സിഡി ആനുകൂല്യങ്ങളും സഹിതം ലഭ്യമാവുമെന്ന് ഓല അറിയിച്ചിട്ടുണ്ട്.

S1 എയർ ഇലക്ട്രിക് സ്‌കൂട്ടറിന് നിലവിൽ 1.01 ലക്ഷം രൂപ മുതലാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്‌സ്ഷോറൂം വില. ബ്രാൻഡ് നിരയിലെ ഏറ്റവും വിലകൂടിയ S1 പ്രോ വേരിയന്റിന് 1.29 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി നൽകേണ്ടി വരും. കഴിഞ്ഞ മാസം ഈ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകളിലും സമാനമായ ഓഫറുകൾ കമ്പനി അവതരിപ്പിച്ചിരുന്നു. അന്ന് ഉപയോഗപ്പെടുത്താനാവാതെ പോയ ആളുകൾക്ക് ഈ അവസരം മുതലാക്കാനാവുന്ന സുവർണാവസരമാണ്.
ജൂൺ 26 വരെ മാത്രം കിട്ടിയിരുന്ന ഈ ഓഫറിൽ 2,999 രൂപയുടെ ഓല കെയർ പ്ലസ് സബ്‌സ്‌ക്രിപ്‌ഷൻ, ആനുവൽ കോംപ്രഹെൻസീവ് ഡയഗ്നോസിസ്, സർവീസ് പിക്കപ്പ് ആൻഡ് ഡ്രോപ്പ്, കൺസ്യൂമബിൾസ്, തെഫ്റ്റ്, റോഡ്‌സൈഡ് അസിസ്റ്റൻസ് എന്നിവ ഉൾപ്പെടെയുള്ള സൗജന്യ സർവീസ് പാക്കേജും ലഭ്യമായിരുന്നു. അതോടൊപ്പം തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡ് ഇഎംഐകളിൽ S1 എയർ, S1 പ്രോ എന്നിവയിൽ 5,000 രൂപ വരെ ക്യാഷ്ബാക്കും വാഗ്ദാനം ചെയ്‌തിരുന്നു.

ഓല S1 X ഇലക്ട്രിക് സ്കൂട്ടറിന്റെ ജൂലൈ മാസത്തെ ആനുകൂല്യങ്ങൾ നോക്കിയാൽ ജൂലൈ പതിനേഴിനോ അതിനുമുമ്പോ ഈ മോഡൽ വാങ്ങുന്നയാൾക്ക് 12,500 രൂപ വരെ ലാഭിക്കാൻ കഴിയും. ഓലയുടെ നിരയിലെ എൻട്രി ലെവൽ സ്‌കൂട്ടറായ ഇതിന് 75,000 രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഒറ്റ ചാർജിൽ 190 കിലോമീറ്റർ വരെ റേഞ്ചുള്ള രണ്ട് വലിപ്പത്തിലുള്ള ബാറ്ററി പായ്ക്കുകൾക്കൊപ്പമാണ് ഇത് വരുന്നതും.
ജൂലൈ മാസത്തെ ഓലയുടെ ഓഫറുകളിൽ ഏറ്റവും കൂടുതൽ ഡിസ്കൗണ്ട് ഉപയോഗപ്പെടുത്താനാവുന്നത് S1 X+ ഇലക്ട്രിക് സ്‌കൂട്ടറിലാണ്. ഈ മോഡലിൽ 20,000 രൂപ വരെ ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ മാസം ഇവിയിൽ അതരിപ്പിച്ചതിനേക്കാൾ 5,000 രൂപ കൂടുതലാണിത്. ഒറ്റ ചാർജിൽ 151 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 3kWh ബാറ്ററി പായ്ക്കിലാണ് 85,000 രൂപ എക്സ്ഷോറൂം വിലയുള്ള ഈ മോഡൽ വിപണിയിൽ എത്തുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








