ഇത്രയും ഫീച്ചർ പുതിയ ക്രെറ്റയിൽ പോലുമില്ല, ഓല സ്‌കൂട്ടറുകൾ വേഗം അപ്ഡേറ്റ് ചെയാൽ കിട്ടുന്നത് ലോട്ടറി
ഇന്ത്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടർ വിപ്ലവത്തിന് മൈലേജേകിയവരാണ് ഓല. വൈദ്യുത വാഹനങ്ങളിലേക്ക് ചേക്കേറാൻ പലരും മടികാണിച്ചു നിന്നപ്പോഴാണ് ബ്രാൻഡിന്റെ വരവ്. കുറഞ്ഞ പൈസയ്ക്ക് കിടിലൻ ഫീച്ചറുകളാൽ സമ്പന്നമായ ഇത്തരമൊരു ഇവി ഇന്ത്യക്കാർ ഇതിനു മുമ്പ് കണ്ടിരുന്നില്ല. അതിവേഗം ഹിറ്റായ ഓല S1 സ്‌കൂട്ടറുകൾ ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് ടൂവീലറുകളാണെന്നതാണ് യാഥാർഥ്യം.
കൃത്യമായ സമയത്ത് ഉപഭോക്താക്കളെ തൃപ്ത്തിപ്പെടുത്തുന്ന തീരുമാനങ്ങളും പരിഷ്ക്കാരങ്ങളും കൊണ്ടുവരാൻ ഓല കാണിക്കുന്ന മിടുക്ക് തന്നെയാണ് ഇവി വിപണിയുടെ നെറുകയിലേക്ക് കമ്പനിയെത്താൻ കാരണമായിരിക്കുന്നത്. കൈനിറയെ ഡിസ്‌കൗണ്ടുകളും ആനുകൂല്യങ്ങളും നൽകുന്നതിനൊപ്പം സ്‌കൂട്ടറുകളുടെ മികച്ച ഉപയോഗം ഉറപ്പുവരുത്തുന്നതിനായി കിടിലം സോഫ്റ്റ്‌വെയർ അപ്ഡേഷനുകളും ബ്രാൻഡ് അവതരിപ്പിക്കാറുണ്ട്.

ഇപ്പോഴിതാ ഓല ഇലക്‌ട്രിക് സ്‌കൂട്ടർ ഉപഭോക്താക്കൾക്കായി MoveOS 4 സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാവ് അടുത്ത ഏഴ് ദിവസത്തിനുള്ളിൽ ഒടിഎ അപ്‌ഡേറ്റുകളിലൂടെ MoveOS 4 സോഫ്റ്റ്‌വെയർ പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മോഡലുകളിലേക്ക് 100-ലധികം ഫീച്ചറുകളാണ് ഓല കൊണ്ടുവരുന്നതെന്നാണ് അവകാശപ്പെടുന്നത്.
അവയിൽ ചിലത് സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറുകളാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയർ S1 X ഒഴികെയുള്ള എല്ലാ ഓല ഇലക്ട്രിക് സ്‌കൂട്ടറുകളിലും ഡൗൺലോഡ് ചെയ്യാൻ കഴിയും. S1 X ഉടമകൾക്ക് എപ്പോൾ അപ്ഡേഷൻ ലഭിക്കുമെന്ന കാര്യത്തിൽ കമ്പനി വ്യക്തതയൊന്നും നൽകിയിട്ടില്ല. എങ്കിലും ഉപഭോക്താക്കൾ അധികനാൾ കാത്തിരിക്കേണ്ടി വരില്ലെന്നാണ് വിവരം.

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ ഏറ്റവും ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഓല പുറത്തിറക്കിയ മൂന്നാമത്തെ പ്രധാന സോഫ്റ്റ്‌വെയർ അപ്‌ഡേറ്റാണ് MoveOS 4. 2022-ൽ രണ്ട് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ബ്രാൻഡ് പുറത്തിറക്കിയിരുന്നു. MoveOS 4 കഴിഞ്ഞ മാസം ലോഞ്ച് ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും ചില സാങ്കേതിക തടസങ്ങളാൽ റിലീസ് വൈകുകയായിരുന്നു.
ഏറ്റവും പുതിയ MoveOS അപ്‌ഡേറ്റിൽ അവതരിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിൽ ചിലത് ഓല മാപ്പ് ആണ്. ആന്തരികമായി വികസിപ്പിച്ചെടുത്ത പുതിയ നാവിഗേഷൻ സിസ്റ്റം ഓലയുടെ സ്വന്തം ഹൈപ്പർചാർജർ നെറ്റ്‌വർക്കിനെ അതിന്റെ ഉപഭോക്താക്കളുടെ സൗകര്യത്തിനായി സമന്വയിപ്പിക്കുന്നതും സഹായിക്കും. 'ഫൈൻഡ് മൈ സ്‌കൂട്ടർ', 'ആപ്പിൽ നിന്ന് ലൊക്കേഷൻ ഷെയറിംഗ്' തുടങ്ങിയ സവിശേഷതകളും ഇത് വാഗ്ദാനം ചെയ്യുന്നു.

ഓരോ യാത്രയിലേയും ശരാശരി വേഗത, ബാറ്ററി ഉപയോഗം, റേഞ്ച്, റീജൻ, കാര്യക്ഷമത, പണം ലാഭിക്കൽ, ദൂരം എന്നിവ കാണിക്കുന്ന പുതിയ റൈഡ് ജേണൽ ഫീച്ചറും ഓല MoveOS സോഫ്റ്റ്‌വെയർ അപ്ഡേഷനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. മറ്റൊരു പ്രധാന ഫീച്ചർ അപ്‌ഡേറ്റ് ആന്റി തെഫ്റ്റ് അലാറത്തിന്റെ വരവാണ്. ഇത് സ്‌കൂട്ടറുകൾ മോഷ്ടിക്കാൻ സാധ്യമായ എല്ലാ വഴികളും നിരാകരിക്കാൻ കഴിയുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നും ഓല പറയുന്നു.
ബയോമെട്രിക് ആപ്പ് ലോക്ക് പ്രവർത്തനക്ഷമമാക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ഫീച്ചറും ഓല സ്‌കൂട്ടറുകളിലേക്ക് ചേർത്തിട്ടുണ്ട്. അതായത് ആപ്ലിക്കേഷൻ തുറക്കാൻ റൈഡർ മുഖമോ വിരലോ ഉപയോഗിക്കേണ്ടതുണ്ടെന്ന് സാരം. ഹിൽ ഹോൾഡ്, ഹിൽ ഡിസന്റ് കൺട്രോൾ, ഗാരേജ് മോഡ്, വേഗതയേറിയ ഹൈപ്പർചാർജിംഗ്, മെച്ചപ്പെട്ട റീജനറേഷൻ, പ്രൊഫൈൽ നിയന്ത്രണങ്ങൾ, കെയർ മൂഡ്, കൺസേർട്ട് മോഡ്, ഉയർന്ന റേഞ്ച്, മെച്ചപ്പെട്ട പ്രോക്സിമിറ്റി അൺലോക്ക് തുടങ്ങിയ മറ്റ് ഫീച്ചറുകളും MoveOS 4 പതിപ്പിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.

സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് റൈഡർമാരെ ഇക്കോ റൈഡിംഗ് മോഡിൽ ക്രൂയിസ് കൺട്രോൾ ഫീച്ചർ ഉപയോഗിക്കാനും അനുവദിക്കും. കസ്റ്റമൈസ്‌ഡ് പ്രോക്‌സിമിറ്റി, ഓട്ടോ ടേൺ ഇൻഡിക്കേറ്റർ കട്ട് ഓഫ്, പുതിയ ട്രിപ്പ് മീറ്ററുകൾ, മ്യൂസിക്കിനും കോളിനുമുള്ള ഹെഡ്‌ഫോൺ കൺട്രോൾ, ടേക്ക്-മീ-ഹോം ലൈറ്റുകൾ, ഫേവറീറ്റ് കോൺടാക്‌റ്റുകൾ തുടങ്ങിയവയും പുതിയ സവിശേഷതകളുടെ കൂടെ എടുത്തു പറയേണ്ട കാര്യമാണ്.
നിലവിലുള്ള ഓല സോഫ്‌റ്റ്‌വെയർ ഡൗൺലോഡ് ചെയ്യുന്നതിനോ അപ്‌ഡേറ്റ് ചെയ്യുന്നതിനോയുള്ള പ്രക്രിയയിൽ മൂന്ന് സിമ്പിൾ സ്റ്റെപ്പുകളാണ് ഉൾപ്പെടുന്നത്. ഇതിനായുള്ള ആദ്യ ഘട്ടം ഓല ഇലക്ട്രിക് ആപ്പ് ആക്സസ് ചെയ്ത് വൈഫൈയിലേക്ക് കണക്റ്റ് ചെയ്യുക എന്നതാണ്. കണക്‌റ്റ് ചെയ്‌തുകഴിഞ്ഞാൽ, സിസ്റ്റം സെറ്റിംഗ്സിന് കീഴിൽ ഓട്ടോ-ഡൗൺലോഡ് ഫീച്ചർ ഓണാക്കുക. ഡൗൺലോഡ് പൂർത്തിയായ ശേഷം ഇലക്ട്രിക് സ്കൂട്ടറുകളിൽ MoveOS 4 ഇൻസ്റ്റാൾ ചെയ്യാൻ ക്ലിക്ക് ചെയ്യുക.


Click it and Unblock the Notifications








