190 കി.മീ. റേഞ്ചുള്ള ഈ ഇലക്‌ട്രിക് സ്‌കൂട്ടർ ധൈര്യമായി വാങ്ങിക്കോ, 15,000 രൂപയുടെ ഓഫറും ഓല തരും
ഇന്ത്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകളെ (Electric Scooter) ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ചവരാണ് ഓല (Ola Electric). വെറുമൊരു ക്യാബ് അഗ്രഗേറ്റർ എന്ന നിലയിൽ നിന്നും ഇലക്ട്രിക് വാഹന നിർമാണ രംഗത്തേക്ക് കടക്കുമ്പോൾ ഇത്രയും വേഗം രാജ്യം കീഴടക്കാൻ പറ്റുമെന്ന് ഓല പോലും വിചാരിച്ചിട്ടുണ്ടാവില്ല. അന്ന് ഏഥറും ഒഖിനാവയും ഹീറോയും പോലുള്ള വമ്പൻമാർ കളത്തിലുണ്ടായിരുന്നിട്ടും അവർക്കൊന്നും നേടാനാവാതെ പോയത് ഭവിഷ് അഗർവാളിന്റെ നേതൃത്വത്തിൽ ഇവി കമ്പനി പിടിച്ചടക്കുകയായിരുന്നു. ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്തെ ടെസ്‌ലയെന്ന് ഇവരെ വിശേഷിപ്പിച്ചാലും തെറ്റൊന്നുമില്ല.
ഇതിനിടയിൽ സർവീസും സർവീസ് സെന്ററുകളിലെ പ്രശ്‌നങ്ങളും സ്‌കൂട്ടറുകളുടെ തകരാറും പോലുള്ള ചില കല്ലുകടികളെല്ലാം സംഭവിച്ചിട്ടുണ്ടെങ്കിലും ഓലയുടെ വിൽപ്പനയെ ഇതൊന്നും ബാധിക്കുന്നതേയില്ലെന്ന് പറയാം. ചൂടപ്പം പോലെ വിറ്റഴിയുന്ന ഇലക്ട്രിക് സ്കൂട്ടറുകളിൽ കമ്പനിയിടുന്ന ഓഫറുകൾ തന്നെയാണ് വിൽപ്പനയുടെ പ്രധാന ഊർജം. ഉത്സവ സീസണിൽ മറ്റേതൊരു കമ്പനിയും കൊടുക്കാത്ത ആനുകൂല്യങ്ങളാണ് ഓല അവതരിപ്പിച്ചത്.

ഉത്സവ സീസൺ കഴിഞ്ഞുവെങ്കിലും ഓഫറുകൾക്ക് കമ്പനി കുറവുകളൊന്നും വരുത്തിയിട്ടില്ല. "ബോസ് ഓഫ് ഓൾ സേവിംഗ്‌സ്" എന്ന സംരംഭം അവതരിപ്പിച്ചുകൊണ്ട് ഓല S1 ഇലക്ട്രിക് സ്‌കൂട്ടർ ശ്രേണിയിൽ ഡിസ്‌കൗണ്ടുകൾ നൽകുന്നത് തുടരുമെന്ന് അറിയിച്ചിരിക്കുകയാണിപ്പോൾ. കമ്പനിയുടെ നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഓല സീസൺ സെയിൽ (BOSS) ക്യാമ്പയിനിൻ്റെ ഭാഗമായാണ് വലിയ വിലക്കിഴിവുകൾ ഉപഭോക്താക്കൾക്ക് നേടാനാവുന്നത്.
ഈ മാസം ഏറ്റവും പുതിയ ഓല S1 ഇലക്ട്രിക് സ്കൂട്ടർ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 15,000 വരെ ഡിസ്‌കൗണ്ട് ലഭിക്കും. പരമ്പരാഗത പെട്രോൾ സ്കൂട്ടറുകളെ അപേക്ഷിച്ച് കുറഞ്ഞ മെയിൻ്റനൻസ് ചെലവാണ് ഓല ഇവികളുടെ പ്രത്യേകത. അങ്ങനെ 30,000 രൂപ വരെ വാർഷിക ലാഭം നേടാനാവുമെന്നും കമ്പനി പറയുന്നു.

S1 ഇലക്ട്രിക് സ്കൂട്ടറിൽ മാത്രമല്ല, ബ്രാൻഡിന്റെ എൻട്രി ലെവൽ മോഡലായ S1 X ഇവിയുടെ 2kWh ബാറ്ററി വേരിയന്റ് വാങ്ങുന്നവരുടെ പോക്കറ്റിനും ലാഭം മാത്രമാവും ലഭിക്കുക. പ്രതിദിനം ശരാശരി 30 കിലോമീറ്റർ മാത്രം സഞ്ചരിക്കുന്ന ഉപഭോക്താക്കൾക്ക് പെട്രോൾ സ്കൂട്ടറുകളെ അപേക്ഷിച്ച് പ്രതിവർഷം 31,000 രൂപ വരെ ലാഭിക്കാൻ സാധിക്കുമെന്നും ഓല പറയുന്നു.
ഹോണ്ട ആക്ടിവ പോലുള്ള സാധാരണ ഫോസിൽ ഫ്യുവൽ ടൂവീലറുകളെ അപേക്ഷിച്ച് ഇവികളുടെ വില അൽപം കൂടുതലാണെങ്കിലും ഇലക്ട്രിക്കാണ് വാങ്ങുന്നതെങ്കിൽ അധികം വൈകാത തന്നെ വാഹനത്തിൻ്റെ വില വീണ്ടെടുക്കാൻ ഉപയോക്താക്കൾക്കാവും. നിലവിൽ ഇന്ത്യൻ വിപണിയിൽ ഓല ഇലക്ട്രിക്കിന്റെ S1 ഉൽപ്പന്ന നിരയിൽ ആറ് മോഡലുകളാണ് ഉൾപ്പെടുന്നത്.

പ്രീമിയം S1 പ്രോ, S1 എയർ, 2 kWh, 3 kWh, 4 kWh എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത വേരിയൻ്റുകളിൽ ലഭ്യമായ S1 X എന്നിവയാണവ. S1 പ്രോയ്ക്ക് 1,34,999 രൂപയും S1 എയറിന് 1,07,499 രൂപയുമാണ് രാജ്യത്തെ എക്സ്ഷോറൂം വില വരുന്നത്. ഓല ഇലക്ട്രിക്കിന്റെ S1 X 2 kWh മോഡലിന് 74,999 രൂപയും S1 X 3 kWh പതിപ്പിന് 87,999 രൂപയും വില വരും.
അതേസമയം 4 kWh ബാറ്ററിയുമായി വരുന്ന S1 X ഇവിക്ക് 1,01,999 രൂപയും മുടക്കേണ്ടി വരും. എല്ലാ ബജറ്റിനും ഇണങ്ങിയ ഇലക്ട്രിക് സ്കൂട്ടറുകൾ കമ്പനി നിരയിലുള്ളത് ഓലയുടെ പ്രധാന ശക്തിയാണ്. 2024 ഒക്ടോബറില്‍ അര ലക്ഷം ഇവികളാണ് കമ്പനി നിരത്തിലെത്തിച്ചത്. 2024 സെപ്റ്റംബറിൽ പ്രതിമാസ വിൽപ്പന 23,965 ഇലക്ട്രിക് സ്കൂട്ടറുകളിലേക്ക് കൂപ്പുകുത്തിയിരുന്നു.
എന്നാൽ ഉത്സവ സീസൺ വന്നതോടെ ആളുകൾ ഓലയിലേക്ക് വീണ്ടും അടുത്തു. കടുത്ത മത്സരവും വിൽപ്പനാനന്തര സേവനത്തെക്കുറിച്ചുള്ള ഉയർന്നുവരുന്ന ഉപഭോക്തൃ പരാതികളും കാരണമാണ് ഓലയുടെ വിൽപ്പനയിടിഞ്ഞതെന്നാണ് പലരും കരുതിയിരുന്നത്. ഒക്ടോബർ വിൽപ്പന ഇതിനെല്ലാം മറുപടി കൊടുക്കുന്നതായിരുന്നുവെന്ന് വേണം കരുതാൻ. 30 ശതമാനം വിപണി വിഹിതവുമായി ഇലക്ട്രിക് ടൂവീലര്‍ സെഗ്മെന്റിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനും ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് സാധിച്ചു.


Click it and Unblock the Notifications








