റിസ്‌ത വന്നതുകൊണ്ടല്ല കേട്ടോ, S1 ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് നല്ല ഒന്നാന്തരം ഓഫറുകളുമായി ഓല
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ വിറ്റഴിക്കുന്ന കമ്പനിയാണ് ഓല. ഉപഭോക്താക്കൾക്ക് വേണ്ടകാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുന്നിടത്താണ് സ്റ്റാർട്ടപ്പ് ബ്രാൻഡിന്റെ വിജയം. തുടക്കം മുതലേ രാജ്യത്തെ ഓരോ ആഘോഷങ്ങൾക്കും കിടിലൻ ഓഫറുകളും ആനുകൂല്യങ്ങളും വാഗ്‌ദാനം ചെയ്യുന്നത് കമ്പനിയുടെ വീക്ക്‌നെസാണ്. ഇപ്പോഴിതാ വിഷു, ഉഗാഡി പോലുള്ള പ്രത്യേക ദിവസങ്ങൾ പ്രമാണിച്ച് മോഡൽ നിരയിൽ ഒന്നാന്തരം ഓഫറുകളുമായി ഓല എത്തിയിരിക്കുകയാണ്.
ഓല S1 പ്രോ, S1 എയർ ഇലക്ട്രിക് സ്കൂട്ടറുകൾക്കാണ് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത ബാങ്ക് ലോണുകളിലും ഇഎംഐകളിലും ബ്രാൻഡ് 5,000 രൂപ വരെ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നതാണ് ഇതിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ഈ ഓഫർ ഏപ്രിൽ 15 വരെ മാത്രമേ ബാധകമാകൂ. അതായത് വിഷുവിന്റെ പിറ്റേദിവസം വരെ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താനാവുമെന്ന് സാരം.

ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് നിങ്ങളുടെ അടുത്തുള്ള ഓല ഇലക്ട്രിക് ഡീലർഷിപ്പ് സന്ദർശിക്കുന്നതാവും ഉചിതം. നിലവിൽ S1 X, S1 എയർ, S1 പ്രോ എന്നിങ്ങനെ മൂന്ന് ഇലക്ട്രിക് സ്കൂട്ടറുകൾ മാത്രമാണ് കമ്പനിയുടെ നിരയിലുള്ളത്. ഇവ മൂന്നും 53,000-ലധികം വിൽപ്പനയാണ് പോയ മാസം കമ്പനിക്ക് നേടിക്കൊടുത്തത്. ഇതോടെ, തുടർച്ചയായ അഞ്ചാം മാസവും തങ്ങളുടെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന അളവ് രേഖപ്പെടുത്താൻ ഓലയ്ക്കായി.
കഴിഞ്ഞ സാമ്പത്തിക വർഷം (2022-23) വിപണനം ചെയ്‌ത 3,28,785 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ (2023-24) 115 ശതമാനം വളർച്ചയോടെ കഴിഞ്ഞ സാമ്പത്തിക വർഷം പൂർത്തിയാക്കാനും ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഓലയ്ക്ക് സാധിച്ചു. ഇന്ത്യയില്‍ ടൂവീലര്‍ വിഭാഗത്തില്‍ ഇലക്ട്രിക് വിപ്ലവത്തിന് തിരികൊളുത്തിയവരാണ് ഓല.

ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് മേഖലയില്‍ നിന്ന് ഓല ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് വന്നത് ഏറെ ചർച്ചയായ കാര്യമായിരുന്നു. തുടക്കത്തിൽ ബുക്കിംഗും വിൽപ്പനയും ഡെലിവറിയും സർവീസും പോലുള്ള എല്ലാക്കാര്യങ്ങളും ഓൺലൈൻ വഴി ആരംഭിച്ച ബ്രാൻഡ് പിന്നീട് ഉപഭോക്താക്കളുടെ ആവശ്യാനുസരണം എക്സ്പീരിയൻ സെന്ററുകൾ എന്നപേരിൽ ഡീലർഷിപ്പുകളും ആരംഭിച്ചു.
ഓലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടുന്നതിന് ഒത്തിരി കാരണങ്ങളുണ്ട്. അതില്‍ ഒന്നാണ് ആകര്‍ഷകമയ ഓഫറുകള്‍. കഴിഞ്ഞ കുറേ മാസങ്ങളായി വിവിധ ആഘോഷങ്ങളുടെയും മറ്റും ഭാഗമായി ഓല തങ്ങളുടെ ഇവികള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചിരുന്നു. ഇത്തരം ഡിസ്കൌണ്ടുകൾ ഏറെയിഷ്ടപ്പെടുന്ന ഇന്ത്യക്കാരുടെ മനസ് വായിക്കാൻ കമ്പനിക്കാവുന്നത് വലിയ വിജയമാണ്.

അത്തരത്തിലുള്ള ഓഫറാണ് ഇപ്പോഴും പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 25,000 രൂപ വരെ വിലക്കിഴിവ് പ്രഖ്യാപിച്ചിരുന്നു. പ്രത്യേകിച്ചും വനിതാ ദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തേക്ക് സ്ത്രീകള്‍ക്ക് 2000 രൂപ ക്യാഷ്ബാക്ക് അടക്കം 25,000 രൂപ വരെ കിഴിവ് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഏപ്രിൽ 15 വരെ ലഭ്യമാക്കിയിരിക്കുന്ന പ്രത്യേക ഓഫറും വരുന്നത്.
അടുത്തിടെ ഇന്ത്യയിലെ ആദ്യത്തെ ഓട്ടോണമസ് ഇലക്ട്രിക് സ്‌കൂട്ടറായ സോളോ ഇവി പരിചയപ്പെടിത്തിയും ഓല വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മികച്ചതും സുരക്ഷിതവും കൂടുതൽ സൗകര്യപ്രദവുമായ യാത്രയ്‌ക്കായി അത്യാധുനിക AI കഴിവുകൾ സമന്വയിപ്പിച്ചാണ് ഇവി പണികഴിപ്പിച്ചിരിക്കുന്നത്. അങ്ങനെ നഗര യാത്രയിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഫീച്ചറുകളാണ് വാഹനത്തിൽ കാണാനാവുന്നത്.

ഓല ഇൻ-ഹൗസായി തന്നെ വികസിപ്പിച്ച ചിപ്പ്, LMA09000 എന്നിവയുടെ സഹായത്താൽ നഗരങ്ങളിൽ തനിയെ ഓടിയെത്തുന്നതിന് കൃത്രിമ ബുദ്ധിയുടെ ശക്തിയാണ് ഇന്ത്യയിലെ ആദ്യത്തെ ഓട്ടോണമസ് ഇലക്ട്രിക് സ്‌കൂട്ടറായ സോളോയിൽ കമ്പനി ഉപയോഗിക്കുന്നത്. 22 ഭാഷകളിൽ ആശയവിനിമയം സാധ്യമാക്കുന്ന Krutrim AI സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബഹുഭാഷാ വോയ്‌സ് ഇൻ്റർഫേസും ഇവിയുടെ പ്രധാന സവിശേഷതകളിൽ ഒന്നാണ്.


Click it and Unblock the Notifications








