സോന സോന നീ ഒന്നാം നമ്പർ; സ്വർണം പൂശിയ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഓല, പോർച്ചിലെത്തിക്കാൻ കുറച്ച് ഭാഗ്യവും വേണം
ഇന്ത്യക്കാരെ ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാൻ പഠിപ്പിച്ചവരാണ് ഓല. ടാക്‌സി ക്യാബ് അഗ്രഗേറ്റർ എന്ന നിലയിൽ നിന്നും വാഹന നിർമാണത്തിലേക്ക് കടക്കുമ്പോൾ ഓല പോലും വിചാരിക്കാത്തത്ര സ്വീകാര്യതയാണ് ലഭിച്ചത്. ഓൺലൈനിലായാണ് ബുക്കിംഗും വിൽപ്പനയും ഡെലിവറിയുമെല്ലാം തുടങ്ങിയതെങ്കിലും കൊടുങ്കാറ്റാവാൻ കമ്പനിക്കായി. പിന്നീട് ആളുകളിലേക്ക് കൂടുതൽ അടുക്കാനായി എക്‌സ്പീരിയൻസ് സെന്ററുകളും ആരംഭിച്ച് എതിരാളികൾക്ക് പാരവെച്ചു. ഇന്നും രാജ്യത്തെ ഏറ്റവും വലിയ ഇലക്‌ട്രിക് ടൂവീലർ നിർമാതാക്കളായി തുടരുന്ന ഓലയുടെ പ്രധാന ഹോബിയാണ് അടിപൊളി ഓഫറുകളും അതോടൊപ്പം തന്നെ ആഘോഷങ്ങൾ കളറാക്കാൻ പുത്തൻ വേരിയന്റുകൾ അവതരിപ്പിക്കുന്നതും.
അത്തരത്തിൽ ഇപ്പോഴിതാ പുതിയ S1 പ്രോ 'സോന' ലിമിറ്റഡ് എഡിഷൻ വേരിയന്റിനെയും പരിചയപ്പെടുത്തിയിരിക്കുകയാണ് ഓല. 2024 ഡിസംബർ 25-നകം 4000 ഔട്ട്‌ലെറ്റുകളിലേക്ക് സെയിൽസ് സർവീസ് ശൃംഖല വികസിപ്പിക്കുന്ന പുതിയ മാർക്കറ്റിംഗ് ക്യാമ്പയിനിൻ്റെ ഭാഗമായാണ് S1 പ്രോ സോന അവതരിപ്പിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ സ്‌കൂട്ടറിൻ്റെ പല ഘടകങ്ങളും 24 കാരറ്റ് സ്വർണ മൂലകങ്ങൾ ഉപയോഗിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്.

ഓല S1 പ്രോ സോനയുടെ പരിമിതമായ യൂണിറ്റുകൾ ഒരു മത്സരത്തിലൂടെയാവും ഉപഭോക്താക്കൾക്ക് നൽകുകയെന്നും കമ്പനി അറിയിച്ചു. പങ്കെടുക്കുന്നവർ ഇലക്‌ട്രിക് സ്‌കൂട്ടർ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ റീൽ പോസ്‌റ്റ് ചെയ്യേണ്ടതായുണ്ട്. റീൽ എടുക്കാൻ മടിയുള്ളവർക്ക് ബ്രാൻഡ് സ്‌റ്റോറിന് പുറത്ത് നിൽക്കുന്ന ഒരു ഫോട്ടോ അല്ലെങ്കിൽ സെൽഫി എടുത്ത് #OlaSonaContest എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ഓല ഇലക്ട്രിക്കിനെ ടാഗ് ചെയ്യുകയും വേണം.
ഈ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് സ്ക്രാച്ച് ആൻഡ് വിന്നിലൂടെയാവും ലിമിറ്റഡ് എഡിഷൻ ഇലക്ട്രിക് സ്‌കൂട്ടർ നേടാനാൻ അവസരം ലഭിക്കുക. ഡിസൈനിലേക്ക് നോക്കിയാൽ പേൾ വൈറ്റിലും ഗോൾഡിലും തീർത്ത ഡ്യുവൽ ടോൺ കളർ ഓപ്ഷനാണ് ഓല S1 പ്രോ സോന ലിമിറ്റഡ് എഡിഷനിൽ ഒരുക്കിയിരിക്കുന്നത്. സാരി ത്രെഡ് ഉപയോഗിച്ച് ഗോൾഡ് ത്രെഡ് സ്റ്റിച്ചിംഗ് ഉള്ള ഡാർക്ക് ബീജ് നാപ്പ ലെതറിൽ പൂർത്തിയാക്കിയ പ്രീമിയം സീറ്റും ഇവിക്ക് ലഭിക്കുന്നുണ്ട്.

പിന്നിലെ ഫുട്‌പെഗുകൾ, ഗ്രാബ് റെയിൽ, ബ്രേക്ക് ലിവറുകൾ, മിററുകൾ എന്നിങ്ങനെ സ്‌കൂട്ടറിലെ പല ഘടകങ്ങളും 24 കാരറ്റ് സ്വർണത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ലിമിറ്റഡ് എഡിഷന് എക്‌സ്‌ക്ലൂസീവ് ഫീച്ചറുകളുള്ള MoveOS സോഫ്‌റ്റ്‌വെയറും ലഭിക്കുന്നുവെന്നും കമ്പനി പറയുന്നു. ഓല S1 പ്രോ സോനയ്ക്ക് ഗോൾഡൻ തീമുള്ള യൂസർ ഇൻ്റർഫേസും കസ്റ്റമൈസ് ചെയ്‌ത MoveOS ഡാഷ്‌ബോർഡും വരെ സമ്മാനിച്ചിട്ടുണ്ട്.
ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് ജനപ്രീതി വർധിച്ചതോടെ ഓലയുടെ പുതിയ നീക്കങ്ങൾ ഫലം കാണുമെന്നാണ് വിചാരിക്കുന്നത്. എന്തായാലും കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ ഒഴികെ മറ്റ് മെക്കാനിക്കൽ നവീകരണങ്ങളൊന്നും ഇലക്‌ട്രിക് സ്‌കൂട്ടറിൽ നടപ്പിലാക്കിയിട്ടില്ല. 4kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഓല S1 പ്രോയ്ക്ക് തുടിപ്പേകുന്നത്. മിഡ്-ഡ്രൈവ് മോട്ടോർ .7 bhp കരുത്തോളം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതുമാണ്.

0-40 കിലോമീറ്റർ വേഗത വെറും 2.6 സെക്കൻഡിനുള്ളിൽ കൈവരിക്കാനാവുന്ന ഓല S1 പ്രോയുടെ പരമാവധി വേഗം 120 കിലോമീറ്ററാണ്. ഒന്നാം തലമുറ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ഓല S1 പ്രോ ജെൻ2 ഏകദേശം 6 കിലോ ഭാരം കുറഞ്ഞതാണ്. അങ്ങനെ മെച്ചപ്പെട്ട ബാറ്ററി പായ്ക്കിനൊപ്പം സിംഗിൾ ചാർജിൽ ഇവിക്ക് 195 കിലോമീറ്റർ റേഞ്ചും ലഭിക്കുന്നുണ്ട്.
ഒരു കലണ്ടര്‍ വര്‍ഷം 4 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി പുത്തന്‍ റെക്കോഡും ഓല അടുത്തിടെ സ്ഥാപിച്ചിരുന്നു. 2024 ഡിസംബര്‍ 15-ന് രാവിലെ 7 മണി വരെയുള്ള കണക്കുകള്‍ പ്രകാരം ഈ വർഷം ഓല 4,00,099 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റതായാണ് റിപ്പോർട്ടുകൾ. കേന്ദ്ര സര്‍ക്കാറിന്റെ വാഹന്‍ പോര്‍ട്ടലിലെ കണക്കുകളും ഇതിന് തെളിവായി കമ്പനി നിരത്തിയിട്ടുണ്ട്. എതിരാളികൾക്ക് സ്വപ്നം പോലും കാണാനാവാത്ത നേട്ടങ്ങൾ കരസ്ഥമാക്കിയാണ് ഓല കുതിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








