തനിയെ ഓടുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഓല, ഇന്ത്യയിലെ ആദ്യത്തെ ഓട്ടോണമസ് ഇവിയായി 'സോളോ'
ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിൽ കൊടുങ്കാറ്റായവരാണ് ഓല. ഇവികൾക്ക് ഇന്ന് കാണുന്ന സ്വീകാര്യത കിട്ടാനുള്ള കാരണക്കാരും ഇവരാണെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. വിൽപ്പനയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ വൈദ്യുത വാഹന നിർമാതാക്കളായെങ്കിലും വിപണിയിൽ പുതിയ സാധ്യതകൾ പര്യവേഷിക്കുന്നതിൽ ഓല മടിയൊന്നും കാണിക്കാറില്ല.
ഇത്തരത്തിലൊരു പുതിയ സാധ്യതയാണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. എന്താണെന്ന് കേട്ടാൽ വിപണിയിലെ പ്രധാന എതിരാളികളായ ഏഥർ എനർജിയും ഹീറോ മോട്ടോകോർപ്പും വരെ ഞെട്ടിയേക്കാം. 'ഇന്ത്യയിലെ ആദ്യത്തെ ഓട്ടോണമസ് ഇലക്ട്രിക് സ്‌കൂട്ടർ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സോളോ ഇവി പരിചയപ്പെടിത്തിയാണ് ഓല വാർത്തകളിൽ ഇടംപിടിക്കുന്നത്. നഗര യാത്രയിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഫീച്ചറുകളാണ് വാഹനത്തിൽ കൊണ്ടുവന്നിരിക്കുന്നത്.

സോളോ ഇലക്ട്രിക് സ്‌കൂട്ടർ സാങ്കേതികവിദ്യകളാൽ ആറാടിയാണ് ഒരുക്കിയിരിക്കുന്നത്. മികച്ചതും സുരക്ഷിതവും കൂടുതൽ സൗകര്യപ്രദവുമായ യാത്രയ്‌ക്കായി അത്യാധുനിക AI കഴിവുകൾ സമന്വയിപ്പിച്ചാണ് ഇവി പണികഴിപ്പിച്ചിരിക്കുന്നത്. ഓല ഇൻ-ഹൗസായി തന്നെ വികസിപ്പിച്ച ചിപ്പ്, LMA09000 എന്നിവയുടെ സഹായത്താൽ നഗരങ്ങളിൽ തനിയെ ഓടിയെത്തുന്നതിന് കൃത്രിമ ബുദ്ധിയുടെ ശക്തിയാണ് സോളോയിൽ ഉപയോഗിക്കുന്നത്.
കമ്പനിയുടെ പറയുന്നത് അനുസരിച്ച് ഇവിയിൽ ഉപയോഗിച്ചിരിക്കുന്ന അഡാപ്റ്റീവ് അൽഗോരിതം, JU-GUARD എന്നിവ ഓരോ റൈഡിൽ നിന്നും തുടർച്ചയായ പഠനം ഉറപ്പാക്കുന്നു. അങ്ങനെ കാര്യക്ഷമതയും പെർഫോമൻസും വർധിപ്പിക്കാനും ഇത് സഹായിക്കും. സോളോ പൂർണമായും ഓട്ടോണമസായി പ്രവർത്തിക്കുന്നതാണെന്നും AI പ്രാപ്തമാക്കിയതും ട്രാഫിക് സ്മാർട്ട് സ്കൂട്ടറുമാണെന്നാണ് ഓല ഇലക്ട്രിക്കിന്റെ സഹസ്ഥാപകനായ ഭവിഷ് അഗർവാൾ അഭിപ്രായപ്പെട്ടിരിക്കുന്നത്.

റൈഡ്-ഹെയ്‌ലിംഗ്, പ്രാദേശിക വാണിജ്യ മേഖല എന്നിവിടങ്ങളിൽ ഓല സോളോയ്ക്ക് വലിയ സാധ്യതകളാണുള്ളതെന്ന് കമ്പനി ഊന്നിപ്പറയുന്നുണ്ട്. 22 ഭാഷകളിൽ ആശയവിനിമയം സാധ്യമാക്കുന്ന Krutrim AI സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബഹുഭാഷാ വോയ്‌സ് ഇൻ്റർഫേസ് ഓല സോളോയുടെ ശ്രദ്ധേയമായ സവിശേഷതകളിൽ ഒന്നാണ്. സുരക്ഷ പരമപ്രധാനമായതിനാൽ ഹെൽമെറ്റ് ആക്ടിവേഷനായി സോളോ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും ഉൾപ്പെടുത്തി.
സോളോയുടെ നഗരജീവിതത്തിലേക്കുള്ള സംയോജനം തടസമില്ലാത്തതാണ്. അതിൻ്റെ 'ഹ്യൂമൻ മോഡ്' വഴി മറ്റ് വാഹനങ്ങളുമായും മറ്റും സൗഹൃദപരമായ ആശയവിനിമയവും സാധ്യമാക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സീറ്റ് അലേർട്ടുകൾ വൈബ്രേറ്റുചെയ്യുന്നതിലൂടെയും അപകടസാധ്യതകൾക്കോ വരാനിരിക്കുന്ന ടേണുകൾക്കോ സൂക്ഷ്മമായ ഇൻഡിക്കേഷനുകൾ നൽകിക്കൊണ്ട് സ്കൂട്ടർ കൂടുതൽ സേഫ്റ്റി ഉറപ്പാക്കുകയും ചെയ്യുന്നു.

കൂടുതൽ സൗകര്യാർഥം സോളോ വിശ്രം എന്നൊരു മോഡും അവതരിപ്പിക്കുന്നുണ്ട്. ഇത് ബാറ്ററി ചാർജ് കുറവായിരിക്കുമ്പോൾ ഏറ്റവും അടുത്തുള്ള ഹൈപ്പർചാർജർ സ്വയം കണ്ടെത്തുകയും തടസമില്ലാത്ത യാത്രകൾ ഉറപ്പാക്കുകയും ചെയ്യുന്നു. മാത്രമല്ല ഓല ആപ്പിലെ 'സമ്മൺ മോഡ്' ഫീച്ചർ ഉപയോക്താക്കളെ സോളോയിലേക്ക് എത്തിക്കാനും പ്രാപ്‌തമാക്കും. മൊബിലിറ്റി-ഓൺ-ഡിമാൻഡ് എന്ന ആശയത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഉദ്ദേശിച്ചാണ് ഈയൊരും സംവിധാനവും സ്കൂട്ടറിലേക്ക് കൊണ്ടുവരുന്നത്.
വസ്തുക്കളിലേക്കുള്ള ദൂരം അളക്കാൻ സോളോ എന്ന ഓട്ടോണമസ് ഇലക്ട്രിക് സ്കൂട്ടർ ലേസർ പൾസുകളാണ് ഉപയോഗിക്കുന്നതെന്ന് ഓല ഇലക്ട്രിക് പറയുന്നു. കമ്പനി പറയുന്നതനുസരിച്ച്, ചുറ്റുപാടുകളുടെ കൃത്യമായ 3D മാപ്പിംഗ് സോളോ ഉപയോഗിക്കുന്നു. എന്തായാലും രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിക്ക് പുതിയ ഓട്ടോണമസ് സ്‌കൂട്ടറിന്റെ വരവ് മൈലേജാവും. 2024 മാർച്ച് മാസത്തിൽ 53,000 ഇലക്ട്രിക് സ്കൂട്ടറുകളാണ് കമ്പനി വിപണം ചെയ്‌തത്.

ഇത് തുടർച്ചയായ അഞ്ചാം മാസത്തെ ഏറ്റവും ഉയർന്ന വിൽപ്പന കണക്കുകളാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. വാഹൻ പോർട്ടൽ പ്രകാരം 2024 സാമ്പത്തിക വർഷത്തിൽ ഓല ഇലക്ട്രിക് മൊത്തത്തിൽ 328,785 യൂണിറ്റ് ഇവികളാണ് വിപണനം ചെയ്‌തത്. 2023 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ 152,741 യൂണിറ്റുകളുടെ ഇരട്ടിയിലേറെയാണിത്. അങ്ങനെ സമാനതകളില്ലാത്ത പ്രകടനവുമായി ബ്രാൻഡ് കുതിക്കുകയാണിപ്പോൾ.


Click it and Unblock the Notifications








