ഈ ബൈക്കുകൾക്ക് വെട്ടിക്കുറച്ചത് 1.30 ലക്ഷം രൂപ, മുമ്പെങ്ങും കേട്ടിട്ടില്ലാത്ത ഓഫറുകളുമായി കമ്പനി
ആദിശ്വർ ഓട്ടോ റൈഡ് ഇന്ത്യയുമായുള്ള (AARI) പങ്കാളിത്തത്തോടെ രാജ്യത്തേക്ക് കടന്നുവന്ന രണ്ട് പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കളാണ് മോട്ടോ മോറിനിയും QJ മോട്ടോർസും. എക്‌സ്-കേപ്പ് 650, എക്‌സ്-കേപ്പ് 650X, സീമെസോ, റെട്രോ സ്ട്രീറ്റ്, സ്ക്രാംബ്ലർ എന്നിവയുമായാണ് ഇറ്റാലിയൻ പൈതൃകമുള്ള മോട്ടോ മോറിനി ഇന്നിംഗ്‌സ് ആരംഭിച്ചതെങ്കിൽ മറുവശത്ത് ചൈനീസ് ഭീമൻമാരായ QJ കൊണ്ടുവന്നത് SRC 250, SRC 500 പോലുള്ള ജിമിട്ടൻ ബൈക്കുകളായിരുന്നു. മോട്ടോർസൈക്കിൾ പ്രേമികളെ ആവേശത്തിലാഴ്‌ത്തിയുള്ള വരവായിരുന്നു ഈ രണ്ട് ബ്രാൻഡുകളുടേതെങ്കിലും ആഭ്യന്തര വിപണിയിൽ കാര്യമായ ചലനങ്ങളുണ്ടാക്കുന്നതിൽ ഇവരും പരാജയപ്പെടുകയായിരുന്നു.
പലർക്കും ഇത്രയും ഉയർന്ന വില കൊടുത്ത് താരതമ്യേന പുതുമുഖങ്ങളായ ബ്രാൻഡുകളുടെ ബൈക്കുകൾ വാങ്ങാൻ താത്പര്യമില്ലായിരുന്നു എന്നതായിരുന്നു വിൽപ്പന കാര്യമായി ഇവർക്ക് ലഭിക്കാതിരുന്നതിന്റെ കാരണം. ഇങ്ങനെ പരാതി പറഞ്ഞിരുന്നവർക്ക് മോട്ടോ മോറിനിയും QJ മോട്ടോറും ഇതാ വിലക്കുറച്ച് മോട്ടോർസൈക്കിളുകൾ നൽകാൻ റെഡിയായിരിക്കുകയാണ്. ഉത്സവ സീസണിനോട് അനുബന്ധിച്ച് ബ്രാൻഡ് നിരയിലെ മിടുക്കൻമാർക്ക് 1.31 ലക്ഷം രൂപ വരെ വരുന്ന ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്ത്യയിൽ എത്തിയതിനു ശേഷം ഇത് രണ്ടാംതവണയാണ് ഇത്രയും വലിയ ഡിസ്‌കൗണ്ട് ഓഫറുകൾ ആദിശ്വർ ഓട്ടോ റൈഡ് ഇന്ത്യ അവതരിപ്പിക്കുന്നത്. മോട്ടോ മോറിനി ലൈനപ്പിൽ അഡ്വഞ്ചർ മോഡലുകളായ എക്‌സ്-കേപ്പ് 650, എക്‌സ്-കേപ്പ് 650X എന്നിവ 2024 മെയ് മാസത്തിൽ അവതരിപ്പിച്ച ഡിസ്‌കൗണ്ട് നിലനിർത്തിയിട്ടുണ്ട്. എക്‌സ്-കേപ്പ് 650 അഡ്വഞ്ചർ ടൂററിന്റെ വില ഇപ്പോൾ 7.2 ലക്ഷം രൂപയിൽ നിന്ന് 5.99 ലക്ഷം രൂപയായി കുറഞ്ഞു.
അതായത് ഏകദേശം 1.31 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ട് ഓഫറാണ് മോട്ടോ മോറിനി നടപ്പിലാക്കിയിരിക്കുന്നതെന്ന് സാരം. അതുപോലെ എക്‌സ്-കേപ്പ് 650X പതിപ്പിന് 1.01 ലക്ഷം രൂപയാണ് വില കുറച്ചിരിക്കുന്നത്. ഇതിന്റെ യഥാർഥ വിലയായ 7.20 ലക്ഷം രൂപയിൽ നിന്ന് 6.49 ലക്ഷം രൂപയായാണ് ബ്രാൻഡ് വെട്ടിച്ചുരുക്കിയിരിക്കുന്നത്. പുതിയ വിലയോടെ എതിരാളികളേക്കാൾ താങ്ങാനാവുന്നതായി ഈ ബൈക്കുകൾ എന്നത് ആരേയും ആകർഷിക്കുന്ന സംഗതിയാണ്.

മോട്ടോ മോറിനി എക്‌സ്-കേപ്പ് 650 സീരീസിൽ 649 സിസി പാരലൽ-ട്വിൻ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത് 8,250 ആർപിഎമ്മിൽ 59 bhp കരുത്തും 7,000 ആർപിഎമ്മിൽ പരമാവധി 54 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന വിധത്തിലാണ് അഡ്വഞ്ചർ ടൂററുകൾ ട്യൂൺ ചെയ്‌തിരിക്കുന്നത്. 7 ഇഞ്ച് TFT കളർ ഡിസ്‌പ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, സ്റ്റാൻഡേർഡ് ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയുൾപ്പെടെ വിപുലമായ ഫീച്ചറുകളുടെ നിരയും മോഡലുകളെ കിടിലമാക്കുന്നുണ്ട്.
QJ മോട്ടോറിൻ്റെ ശ്രേണിയിൽ SRC 250 ഇപ്പോൾ 1.49 ലക്ഷം രൂപയിൽ വീട്ടിലെത്തിക്കാം. മുമ്പ് 1.79 ലക്ഷം രൂപ എക്സ്ഷോറൂം വിലയുണ്ടായിരുന്ന മോട്ടോർസൈക്കിളിന് 30,000 രൂപയാണ് ചൈനീസ് വാഹന നിർമാതാക്കൾ വെട്ടിക്കുറച്ചത്. കൂടാതെ SRC 500 മോഡലിന് 40,000 രൂപയുടെ വിലക്കുറവാണ് ഉത്സവ സീസണിലേക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ തീരുമാനത്തോടെ മോട്ടോർസൈക്കിളിന്റെ വില 2.39 ലക്ഷം രൂപയിൽ നിന്ന് 1.99 ലക്ഷം രൂപയായി കുറഞ്ഞു.

SRC 250 ഒരു ആധുനിക ക്ലാസിക് മോട്ടോർസൈക്കിളായാണ് QJ മോട്ടോർ പണികഴിപ്പിച്ചിരിക്കുന്നത്. പിന്നിലേക്ക് ഉയർന്നുവരുന്ന എക്‌സ്‌ഹോസ്റ്റ്, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, സ്‌പോക്ക് വീലുകൾ, വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ് എന്നിവയെല്ലാം വാഹനത്തിനെ മൊത്തത്തിൽ കിടിലമാക്കുന്ന കാര്യങ്ങളാണ്. 249 സിസി, എയർ കൂൾഡ്, ട്വിൻ സിലിണ്ടർ എഞ്ചിനാണ് ഇതിന് ഹൃദയം. 5 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിന് 17.4 bhp പവറിൽ പരമാവധി 17 Nm torque വരെ നൽകാനാവും.
ഡ്യുവൽ-ടോൺ പെയിൻ്റ് ഫിനിഷുകൾ, ക്രോം ആക്‌സൻ്റുകൾ, വലിയ അലോയ് വീലുകൾ എന്നിവ പോലുള്ള പ്രീമിയം ടച്ചുകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് SRC 500 പണികഴിപ്പിച്ചിരിക്കുന്നത്. ഒരു റെട്രോ സൗന്ദര്യാത്മകത ഉൾക്കൊള്ളുന്നതിനാൽ എൻഫീൽഡ് മോഡലുകളേക്കാൾ ആകർഷകമാണെന്നും വേണമെങ്കിൽ പറയാം. 25.1 bhp കരുത്തിൽ 36 Nm torque ഉത്പാദിപ്പിക്കുന്ന എയർ കൂൾഡ്, 480 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. 5-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications








