ഡൊമിനാറിന്റെ ലുക്കുള്ള ഇലക്‌ട്രിക് ബൈക്ക്, ഒറ്റ ചാർജിൽ 150 കി.മീ വരെ പോവാം
പച്ച നമ്പർപ്ലേറ്റുള്ള വാഹനങ്ങളാൽ ഇന്ത്യൻ നിരത്തുകൾ നിറയുകയാണ്. ഇന്ധന വില ഈയടുത്ത കാലത്തൊന്നും കുറയാൻ സാധ്യതയില്ലാത്തതിനാൽ ആളുകളെല്ലാം കൂട്ടത്തോടെ ഇലക്‌ട്രിക്കിലേക്ക് ചേക്കറുകയാണ്. ടൂവീലർ വിപണി ഇവികൾ കീഴക്കുമ്പോൾ പാസഞ്ചർ കാർ വിഭാഗത്തിലേക്കും ഈ ട്രെൻഡ് എത്തിയിട്ടുണ്ട്. എന്നാൽ വൈദ്യുത രംഗത്തേക്ക് ഒരുകാലം വരെ മോട്ടോർസൈക്കിളുകൾ അധികം കടന്നുവരാൻ മടികാട്ടിയിരുന്നു. എങ്കിലും അടുത്തിടെയായി ഇക്കാര്യത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ട്.
അത്തരത്തിൽ പെട്രോൾ ബൈക്കുകൾക്ക് അന്ത്യം കുറിക്കാനായി പുതിയൊരു മോഡൽ കൂടി പിറവിയെടുക്കുകയാണ്. റാപ്‌റ്റി എനർജി തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിൾ വ്യാഴാഴ്ച്ച പുറത്തിറക്കിയിരിക്കുകയാണ്. ലോഞ്ചല്ല നടന്നിരിക്കുന്നതെങ്കിലും പുത്തൻ വാഹനത്തെ കുറിച്ചുള്ള ഐഡിയ നൽകുന്നതിനായുള്ള ചെറിയ അവതരണം മാത്രമാണ് നടന്നിരിക്കുന്നത്. റാപ്‌റ്റിയുടെ പുതിയ വാഹനം ഈ വർഷം ഏപ്രിലിൽ വിപണിയിലെത്തുമെന്നാണ് അറിയാൻ കഴിയുന്നത്.

ഇത് ഉയർന്ന വോൾട്ടേജ് ഡ്രൈവ്ട്രെയിനിൽ നിർമിച്ചതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിൾ ത്രില്ലിംഗ് റൈഡ് അനുഭവം വാഗ്ദാനം ചെയ്യുന്ന ഒട്ടനവധി ഫീച്ചറുകളും സാങ്കേതിക വിദ്യകളുമായാണ് വരുന്നതെന്നും ഇവി നിർമാതാവ് അവകാശവാദമുന്നയിച്ചിട്ടുണ്ട്. എന്നിരുന്നാലും, മോട്ടോർസൈക്കിളിന്റെ പേരോ അതിന്റെ വിലയെക്കുറിച്ചുള്ള വിശദാംശങ്ങളോ റാപ്‌റ്റി എനർജി വെളിപ്പെടുത്തിയിട്ടില്ല.
പ്രദർശിപ്പിച്ചിരിക്കുന്ന പ്രോട്ടോടൈപ്പ് വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ഡിസൈനിനെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് നൽകുന്നുണ്ട്. ഒരു നേക്കഡ് റോഡ്സ്റ്റർ സ്റ്റൈലിംഗാണ് ഇവി വഹിക്കുന്നത്. ആധുനിക കാലത്തിന്റെ ആവശ്യതകളായ ഓൾ എൽഇഡി ലൈറ്റിംഗ് സജ്ജീകരണവും പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഇലക്ട്രിക് ബൈക്കിന് സ്പോർട്ടി അലോയ് വീലുകളുമുണ്ടാവും.

റാപ്‌റ്റി എനർജി ഇവിയുടെ മുൻ വീലുകളും പിൻ വീലുകളും ഡിസ്‌ക് ബ്രേക്കുകളോടെയാവും വരിക. ഇതിനെ കുറിച്ചുള്ള സൂചന മോട്ടോർസൈക്കിളിന്റെ പ്രോട്ടോടൈപ്പ് സൂചന നൽകുന്നുണ്ട്. അതേസമയം സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നതിനായി ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളായിരിക്കും സമ്മാനിക്കുക. പവർട്രെയിനിനെക്കുറിച്ച് പറയുമ്പോൾ വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിൾ ശക്തമായ ഡ്രൈവ്ട്രെയിനാണെന്ന് റാപ്റ്റി പ്രസ്താവിക്കുന്നു.
മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിൽ ഓടാൻ തങ്ങളുടെ പുതിയ ഇലക്ട്രിക് ബൈക്കിന് കഴിയുമെന്നാണ് റാപ്റ്റി അവകാശപ്പെടുന്നത്. കൂടാതെ ഒറ്റ ചാർജിൽ 150 കിലോമീറ്റർ വരെ നൽകാനും വാഹനം പ്രാപ്‌തമാണെന്നാണ് അറിയാൻ കഴിയുന്നത്. ഇലക്ട്രിക് മോട്ടോർസൈക്കിളിലെ ബാറ്ററി പായ്ക്ക് 45 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാനും സാധിക്കുമെന്നത് ചാർജിംഗിനെ സംബന്ധിച്ച ആശങ്കകളെല്ലാം ഒഴിവാക്കാൻ സഹായിക്കും.

അതേസമയം ഇത് 15 മിനിറ്റ് ചാർജിംഗിലൂടെ 40 കിലോമീറ്റർ വരെ റേഞ്ച് നൽകാനും ഇവിയെ പ്രാപ്‌തമാക്കും. വെറും 3.5 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ മോട്ടോർസൈക്കിൾ അവകാശപ്പെടുന്നു. ആന്തരിക ജ്വലന എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മോഡലുകൾക്കും മോട്ടോർസൈക്കിൾ വെല്ലുവിളി ഉയർത്തുമെന്ന് റാപ്റ്റി അവകാശപ്പെടുന്നു.
ചെന്നൈ ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പ് റാപ്‌റ്റി എനർജി തമിഴ്‌നാട്ടിൽ നടന്ന ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റിലാണ് അതിന്റെ കൺസെപ്റ്റ് ഇവിയെ പരിചയപ്പെടുത്തുന്നത്. 85 കോടി രൂപ മുതൽമുടക്കിൽ 4 ഏക്കർ സ്ഥലത്ത് ഇവി സ്റ്റാർട്ടപ്പ് അതിന്റെ ആദ്യ നിർമ്മാണ കേന്ദ്രം ചെന്നൈയിൽ സ്ഥാപിച്ചു കഴിഞ്ഞു. അടുത്ത 24 മാസത്തേക്ക് പ്രതിവർഷം 1 ലക്ഷം യൂണിറ്റ് വരെ ഉത്പാദിപ്പിക്കാൻ ഒരു റിസേർച്ച് ആൻഡ് ഡെവലെപ്മെന്റ് സെന്ററും ഈ സൗകര്യത്തിൽ സജ്ജമാണെന്ന് കമ്പനി പറയുന്നു.

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിഭാഗം ഈയിടെ ശക്തമായ വളർച്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. പ്രത്യേകിച്ചും ഇരുചക്ര വാഹന വിഭാഗത്തിലെ പ്രമുഖ ബ്രാൻഡുകളും വൈദ്യുത വാഹന നിർമാണത്തിലേക്ക് കടന്നതോടെ സംഭവം കളറായിട്ടുണ്ട്. ഇവികളെ പ്രോത്സാഹിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരിക്കുന്ന PLI, FAME സബ്‌സിഡി പദ്ധതികളും വളർച്ചയ്ക്ക് സഹായകരമായിട്ടുണ്ട്.


Click it and Unblock the Notifications








