8 വർഷം വാറണ്ടി, 200 കി.മീ. റേഞ്ച്, ഇന്ത്യയിലെ ആദ്യത്തെ ഹൈ-വോൾട്ടേജ് ഇലക്ട്രിക് ബൈക്ക് വിപണയിൽ
ഇലക്‌ട്രിക് ബൈക്കുകൾ (Electric Bike) നിരത്തുകൾക്ക് ഒരു രസക്കാഴ്ച്ചയാണ്. ഒച്ചയൊന്നും കേൾക്കിപ്പിക്കാതെ വളരെ സാധാരണക്കാരനായി ഗാംഭീര്യ ഭാവത്തോടെയുള്ള ആ പോക്ക് കാണാൻ മൊത്തത്തിൽ ഒരു ചന്തമൊക്കെയുണ്ട്. റിവോൾട്ട് RV400 വെട്ടിയ വഴിയേ പിന്നീട് ഒരുപാട് ബ്രാൻഡുകളും സഞ്ചരിച്ച് വിജയം കൊയ്യുകയുണ്ടായി. ഇന്ധന വില ഈയടുത്ത കാലത്തൊന്നും കുറയാൻ സാധ്യതയില്ലാത്തതിനാൽ ആളുകളെല്ലാം കൂട്ടത്തോടെ ഇലക്‌ട്രിക്കിലേക്ക് ചേക്കറുമ്പോൾ ശബ്‌ദവും മലിനീകരണവുമില്ലാതെ മോട്ടോർസൈക്കിളുകളും കളംനിറയുന്ന കാഴ്ച്ചയാണ് ഇപ്പോഴുള്ളത്. പെട്രോൾ ബൈക്കുകൾക്ക് അന്ത്യം കുറിക്കാനായി ജൻമമെടുത്തവരുടെ കൂട്ടിത്തിലേക്ക് പുതിയൊരു മോഡൽ കൂടി പിറവിയെടുത്തിരിക്കുകയാണിപ്പോൾ.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്റ്റാർട്ടപ്പ് ഇരുചക്ര വാഹന നിർമാതാക്കളായ റാപ്റ്റിയുടെ ഹൈ വോൾട്ടേജ് ഇലക്ട്രിക് മോട്ടോർസൈക്കിളാണ് വിപണിയെ ഞെട്ടിക്കാനായി ഇപ്പോൾ എത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഇലക്ട്രിക് കാറുകളിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ ഉയർന്ന വോൾട്ടേജ് ഇലക്ട്രിക് മോട്ടോർസൈക്കിളാണിത്.

T30 എന്ന് പേരിട്ടിരിക്കുന്ന മോഡലിന് 2.39 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. വില കേട്ട് ഞെട്ടുമെങ്കിലും ഇന്ത്യയിലെ 250-300 സിസി പെട്രോൾ ബൈക്കുകളോട് കിടിപടിക്കുന്ന പെർഫോമൻസാണ് റാപ്റ്റിയുടെ പുത്തൻ ഇലക്‌ട്രിക് മോട്ടോർസൈക്കിളിനുള്ളത്. ഹൊറൈസൺ റെഡ്, ആർട്ടിക് വൈറ്റ്, മെർക്കുറി ഗ്രേ, എക്ലിപ്സ് ബ്ലാക്ക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലും വാഹനം തെരഞ്ഞെടുക്കാൻ കമ്പനി അവസരം നൽകുന്നുണ്ട്.
സിംഗിൾ ചാർജിൽ റാപ്റ്റിയുടെ ഇലക്ട്രിക് ബൈക്കിന് 200 കിലോമീറ്റർ ഐഡിസി റേഞ്ച് വരെ നൽകാനാവുമെന്നാണ് കണക്കുകൾ. അതേസമയം യഥാർഥ സാഹചര്യങ്ങളിൽ ഒറ്റ ചാർജിൽ 150 കിലോമീറ്റർ സഞ്ചരിക്കാൻ T30 ഇ-ബൈക്കിന് കഴിയുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ IP67 റേറ്റുചെയ്ത ബാറ്ററി പായ്ക്കാണ് പുതിയ ഇവിക്ക് തുടിപ്പേകുന്നത്. എന്നിരുന്നാലും വൈദ്യുത മോട്ടോർസൈക്കിളിന്റെ പ്രധാന ഹൈലൈറ്റ് അതിൻ്റെ ചാർജിംഗ് കഴിവുകളാണ്.

CCS2 ചാർജിംഗ് ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളാണ് T30 എന്ന് റാപ്റ്റി അവകാശപ്പെടുന്നു. സ്റ്റാൻഡേർഡ് എസി/ഡിസി ചാർജറുകൾ ഉപയോഗിച്ച് ചാർജ് ചെയ്യാൻ ബൈക്കിന് കഴിയും എന്നതാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. അതായത് കാർ ചാർജ് ചെയ്യുന്നിടത്ത് പോലും മോഡൽ ചാർജ് ചെയ്യാനാവുമെന്ന് സാരം. അതോടൊപ്പം തന്നെ എട്ട് വർഷത്തെ അല്ലെങ്കിൽ 80,000 കിലോമീറ്റർ വരെ ബാറ്ററി വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഡിസൈനിന്റെ കാര്യം നോക്കിയാലും ആരേയും മോഹിപ്പിക്കുന്ന രൂപമാണ് ഇവിക്കുള്ളത്. ഫീച്ചറുകളുടെ കാര്യത്തിലായാലും മുടക്കുന്ന പൈസയ്ക്ക് സംഭവം വസൂലാണ്. എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്ക് എന്നിവയെല്ലാം റാപ്റ്റി T30 ഇലക്ട്രിക് മോട്ടോർസൈക്കിളിനെ അടിപൊളിയാക്കും. ഓട്ടോമോട്ടീവ്-ഗ്രേഡ് ലിനക്സ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി കസ്റ്റം-ബിൽറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തോടുകൂടിയ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ഇതിന് ലഭിക്കുന്നു.

3.5 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും കഴിയുന്നതിനാൽ പെട്രോൾ ബൈക്കുകളുടെ അന്തകൻ എന്നുവേണമെങ്കിലും ഇതിനെ വിശേഷിപ്പിക്കാം. ഇലക്ട്രിക് കാറുകളോട് താരതമ്യപ്പെടുത്താവുന്ന ബാറ്ററി വാറണ്ടി കൂടിയാവുമ്പോൾ സംഗതി ഉഷാറാവും. ജനുവരി മുതൽ ചെന്നൈയിലും ബാംഗ്ലൂരിലും തുടങ്ങി ഘട്ടം ഘട്ടമായി T3 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ വിപണനം ആരംഭിക്കും.
ആദ്യ വർഷത്തിൽ തന്നെ രാജ്യത്തെ മെട്രോ നഗരങ്ങളിലുടനീളം തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനാണ് റാപ്റ്റി പദ്ധതിയിടുന്നത്. റീട്ടെയിൽ എക്സ്പീരിയൻസ് സെൻ്ററുകൾക്ക് പുറമെ റാപ്റ്റി ഒരു ഫാക്ടറി-ഇൻ്റഗ്രേറ്റഡ് എക്‌സ്പീരിയൻസ് സെൻ്ററും ചെന്നൈയിലെ ആസ്ഥാനത്ത് "ടെക് സ്റ്റോർ ഡോട്ട് എച്ച്‌വി" എന്നപേരിൽ ഫാക്ടറി ടൂർ ഉൾപ്പെടെയുള്ള ഇമ്മേഴ്‌സീവ് അനുഭവങ്ങൾ ഉപഭോക്താക്കൾക്ക് നൽകാനും ലക്ഷ്യമിടുന്നുണ്ട്. കൂടാതെ കമ്പനിക്ക് ഡയറക്ട് ടു കൺസ്യൂമർ (D2C) ഓഫറുകളുടെ വിപുലമായ ശ്രേണി ഉണ്ടായിരിക്കുമെന്നതും ഹൈലൈറ്റാണ്.


Click it and Unblock the Notifications








