പഴയ വിലയ്ക്ക് തരാൻ പറ്റില്ലെന്ന് കമ്പനി, 'ഇലക്ട്രിക് എസ്‌യുവി സ്കൂട്ടർ' വാങ്ങാനിരുന്നവർക്ക് തിരിച്ചടി
പെട്രോൾ വില സെഞ്ചുറിയടിച്ച് നിൽക്കുമ്പോൾ ഉണർന്ന ഇവി വിപണിക്ക് കരുത്തായി വൈദ്യുത വാഹനങ്ങൾ മാറിയിരുന്നു. കൂടുതൽ റേഞ്ച്, കൂടുതൽ വേഗത, വിലക്കുറവ് എന്നിവയുള്ള ഇവികൾ ചൂടപ്പം പോലെയാണ് രാജ്യത്ത് വിറ്റഴിക്കപ്പെടുന്നത്. പ്രത്യേകിച്ച് ഇരുചക്ര വാഹന വിപണിയിലാണ് ഈ ട്രെൻഡ് കാണാനാവുന്നത്. പലരും പെട്രോൾ മോഡലുകൾ ഉപേക്ഷിച്ച് ബാറ്ററി വാഹനങ്ങളിലേക്ക് ചേക്കേറി കഴിഞ്ഞു.
ഇലക്ട്രിക് സ്‌കൂട്ടറുകളിലെ എസ്‌യുവി എന്ന വിശേഷണവുമായി പോയ വർഷം നിരത്തിലെത്തിയ റിവര്‍ ഇന്‍ഡി എന്ന മോഡലിനെ ഓർക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. ഇതുവരെ നാം കണ്ടതിൽ വെച്ച് ഏറെ വ്യത്യസ്‌തമായ ശൈലിയുമായി എത്തിയ വാഹനം അതിവേഗം ജനപ്രീതിയാർജിക്കുകയും ചെയ്‌തു. 1.25 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലായിരുന്നു ഇന്‍ഡി റിവര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇതുവരെ വിപണനത്തിന് എത്തിയിരുന്നത്.

പക്ഷേ ഇനി മുതൽ ഇവി പഴയ വിലയിൽ കിട്ടില്ലെന്ന കാര്യം അറിയിച്ചിരിക്കുകയാണ് കമ്പനി. ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പ് ബ്രാൻഡായ റിവർ തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടറായ ഇൻഡിയുടെ വില വർധിപ്പിച്ചതാണ് ഇതിനു പിന്നിലുള്ള കാരണം. ഇനി മുതൽ ഈ മസിൽമാൻ വാഹനം സ്വന്തമാക്കണമെങ്കിൽ 13,000 രൂപ അധികമായി മുടക്കേണ്ടി വരും. അങ്ങനെ പുതുക്കിയ വില പ്രകാരം 1.38 ലക്ഷം രൂപയോളം എക്സ്ഷോറൂം വിലയായി ഇൻഡി ഇ-സ്‌കൂട്ടർ വാങ്ങാൻ ഇനി മുതൽ കൊടുക്കണം.
1.25 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് ഇൻഡി കഴിഞ്ഞ വർഷം പുറത്തിറക്കിയത്. ആദ്യ 1,000 ഉപഭോക്താക്കൾക്ക് ഈ വില സാധുവായിരുന്നു. ആദ്യം പ്രഖ്യാപിച്ച വില FAME സബ്‌സിഡി പരിഷ്‌ക്കരണത്തിന് മുമ്പായിരുന്നു എന്നതും പ്രത്യേകം പറയണേമല്ലോ. അതിനാൽ മറ്റ് ഇ-സ്‌കൂട്ടറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വർധനവ് വളരെ കുറവാണെന്ന കാര്യം സമ്മതിക്കാതെ തരമില്ല.

ഇൻഡി ഇലക്ട്രിക് സ്‌കൂട്ടറിന്റെ രണ്ടാം ബാച്ച് ബുക്കിംഗും റിവർ ആരംഭിച്ചിട്ടുണ്ടെന്ന സന്തോഷകരമായ കാര്യവും പറയാം. ഇവി വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഇപ്പോൾ കമ്പനിയുടെ വെബ്‌സൈറ്റിൽ 2,500 രൂപ ടോക്കൺ തുകയ്ക്ക് സ്‌കൂട്ടർ ബുക്ക് ചെയ്യാം. രണ്ടാം ബാച്ചിനുള്ള ഡെലിവറി എപ്പോൾ തുടങ്ങും എന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ല. അതിനിടെ ബെംഗളുരുവിൽ ആദ്യ ഉപഭോക്താക്കൾക്കുള്ള ഡെലിവറി കമ്പനി അടുത്തിടെ ആരംഭിച്ചിരുന്നു.
ധാരാളം സ്റ്റോറേജ് സ്പേസ്, പാനിയര്‍ മൗണ്ടുകള്‍, ക്രാഷ് ഗാര്‍ഡ് തുടങ്ങി വൈദ്യുത സ്‌കൂട്ടറുകളില്‍ അങ്ങനെ കണ്ടുവരാത്ത സംവിധാനങ്ങൾ കോർത്തിണക്കിയാണ് റിവർ ഇൻഡി പണികഴിപ്പിച്ചിരിക്കുന്നത്. 4 kWh ബാറ്ററി പായ്ക്കുമായാണ് ഇലക്ട്രിക് സ്കൂട്ടർ വരുന്നത്. 6.7 kWh അതായത് 8.9 bhp ശേഷിയുള്ള ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ബാറ്ററിക്ക് പരമാവധി 26 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.

ഒരു ബെൽറ്റ് ഡ്രൈവ് വഴി പിൻ വീലിലേക്ക് പവർ അയയ്‌ക്കുന്ന മോഡലിന് പരമാവധി 90 കിലോമീറ്റർ വേഗത വരെ കൈവരിക്കാനാവുമെന്നും കമ്പനി പറയുന്നു. ഇവിയിലെ 4 kWh ബാറ്ററി പായ്ക്ക് ഒറ്റ ചാർജിൽ 120 കിലോമീറ്റർ റേഞ്ച് വരെയാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു സാധാരണ ചാർജർ ഉപയോഗിച്ച് അഞ്ച് മണിക്കൂറിനുള്ളിൽ ഇൻഡി 80 ശതമാനം വരെ ചാർജ് ചെയ്യാമെന്നും റിവർ പറയുന്നു.
പെർഫോമൻസ് കണക്കിലേക്ക് നോക്കിയാൽ വെറും 3.9 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ റിവർ ഇൻഡിക്ക് സാധിക്കും. ഡിസൈനിലെ വലിപ്പം തന്നെയാണ് ഇലക്ട്രിക് സ്‌കൂട്ടറുകളിലെ എസ്‌യുവിയുടെ പ്രധാന ആകർഷണം. ഒറ്റനോട്ടത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്ന അസാധാരണമായ ശൈലി ഇതിനോടകം പലരേയും അടുപ്പിച്ചിട്ടുണ്ട്. സ്‌കൂട്ടറുകളുടെ എസ്‌യുവിയായി പിച്ച് ചെയ്‌തിരിക്കുന്ന റിവർ ഇൻഡിക്ക് തന്റേതായ സ്ഥാനം കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂറ്റൻ ബോഡി വർക്ക്, ഡ്യുവൽ-ബീം എൽഇഡി ഹെഡ്‌ലാമ്പുകൾ, വശങ്ങളിൽ സംയോജിപ്പിച്ചിരിക്കുന്ന പാനിയറുകൾക്കുള്ള ഹാർഡ് മൗണ്ടുകൾ എന്നിവയ്‌ക്കൊപ്പം ഇൻഡി സ്‌കൂട്ടറിന് ബോൾഡ് ഡിസൈനാണ് ലഭിക്കുന്നത്. ചങ്കി സീറ്റ്, പരന്നതും വീതിയുള്ളതുമായ ഫ്ലോർബോർഡ്, ഗ്രാബ്രെയ്ൽ, ക്രാഷ് ഗാർഡുകൾ, കട്ടിയുള്ള ടയറുകളിൽ പൊതിഞ്ഞ അലോയ് വീലുകൾ എന്നിവ പരമ്പരാഗത സ്‌കൂട്ടറുകളെ അപേക്ഷിച്ച് അതിന്റെ പരുക്കൻ രൂപവും പ്രവർത്തനക്ഷമതയും വർധിപ്പിക്കുന്നുമുണ്ട്.
സൈഡ് സ്റ്റാന്‍ഡ് കട്ട്-ഓഫ്, റിവേഴ്സ് പാര്‍ക്കിംഗ് അസിസ്റ്റ്, 90-ഡിഗ്രി വാല്‍വ് സ്റ്റെംസ് എന്നിങ്ങനെ നിരവധി ഉപകാരപ്രദമായ സവിശേഷതകളും ഇതിലുണ്ട്. ഇക്കോ, റൈഡ്, റഷ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ഇവിയുടെ പ്രത്യേകതയാണ്. മണ്‍സൂണ്‍ ബ്ലു, സമ്മര്‍ റെഡ്, സ്പ്രിംഗ് യെല്ലോ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിൽ റിവർ ഇൻഡി സ്വന്തമാക്കാനാവും.


Click it and Unblock the Notifications








