ഇനി പിടികിട്ടാപുള്ളിയാവും, 750 സിസി എഞ്ചിനുമായി എൻഫീൽഡ് ബൈക്ക് വരുന്നു
റെട്രോ ക്ലാസിക് ബൈക്കുകളുടെ അവസാന വാക്കായി റോയൽ എൻഫീൽഡ് (Royal Enfield) മാറിയിട്ട് കാലങ്ങളായി. അതുപോലെ തന്നെയാണ് മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിലെ കമ്പനിയുടെ ആധിപത്യവും. ഹാർലിയും ഹീറോയും ട്രയംഫും ഹോണ്ടയും എന്നിങ്ങനെ വന്നവരും നിന്നവരുമെല്ലാം ഇപ്പോൾ ഈ വിഭാഗത്തിലേക്ക് കടക്കുമ്പോഴും യാതൊരു കൂസലുമില്ലാതെ എൻഫീൽഡ് മുന്നോട്ടു പോവുകയാണ്.
350 സിസി, 500 സിസി ബുള്ളറ്റുകളിലാണ് കമ്പനി പിടിച്ചുകയറിയതെങ്കിൽ ബ്രാൻഡിന്റെ ഇമേജ് മാറ്റിയവരാണ് 650 ട്വിൻസ്. പാരലൽ ട്വിൻ എഞ്ചിനുമായി വന്ന ഈ തട്ടുപൊളിപ്പൻ പ്രീമിയം മോട്ടോർസൈക്കിളുകളെ ഇരുകൈയും നീട്ടിയാണ് ആളുകൾ സ്വീകരിച്ചത്. ആഭ്യന്തര, അന്തർദേശീയ വിപണികളിൽ ഒരുപോലെ പ്രിയപ്പെട്ടതായി മാറിയ മോഡലുകൾ ഇന്നും ചൂടപ്പംപോലെയാണ് വിറ്റഴിക്കപ്പെടുന്നത്.

ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി എന്നിവയിലൂടെ തുടങ്ങിയ 650 സിസി സെഗ്മെന്റിലേക്ക് സൂപ്പർ മീറ്റിയോർ, ഷോട്ട്ഗൺ എന്നീ രണ്ട് മോഡൽ കൂടി അടുത്തകാലത്ത് പുറത്തിറക്കി റോയൽ എൻഫീൽഡ് ശ്രേണി വിപുലീകരിക്കുകയുണ്ടായി. ഇപ്പോഴിതാ റെട്രോ ക്ലാസിക് ഇരുചക്ര വാഹന നിർമാതാക്കൾ പുതിയ 750 സിസി എഞ്ചിനുള്ള ബൈക്കുകൾക്ക് രൂപംകൊടുക്കാൻ പോവുകയാണെന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നിലവിൽ വലിയ പാരലൽ ട്വിൻ എഞ്ചാനാണ് 650 സിസി മോട്ടോർസൈക്കിളുകൾ ഉപയോഗിക്കുന്നതെങ്കിലും സെഗ്മെന്റിലെ മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഉണ്ടാവുന്ന പെർഫോമൻസ് കുറവ് നികത്താനാണ് കമ്പനി 750 സിസി വിഭാഗത്തിലേക്ക് കടക്കുന്നത്. കൂടുതൽ ശക്തമായ 750 സിസി പാരലൽ-ട്വിൻ എഞ്ചിൻ ഉപയോഗിച്ച് ഈ പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ് റോയൽ എൻഫീൽഡ് വിലയിരുത്തിയിരിക്കുന്നത്.

ഈ എഞ്ചിന് ഏകദേശം 60 bhp പവറിൽ 55 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് സൂചന. അങ്ങനെ ബൈക്കിന് കൂടുതൽ സ്പോർട്ടിയർ സ്വഭാവം കൈവരിക്കാനും സാധിക്കും. റോയൽ എൻഫീൽഡിൻ്റെ വരാനിരിക്കുന്ന 750 സിസി എഞ്ചിൻ അതിൻ്റെ നിലവിലെ 650 സിസി പാരലൽ-ട്വിൻ എഞ്ചിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്നതും എടുത്തുപറയേണ്ടതാണ്. ഇത് വികസന സമയവും ചെലവും കുറക്കാൻ സഹായിക്കുന്ന കാര്യമാണ്.
എൽഇഡി ഹെഡ്‌ലൈറ്റുകൾ, ചില വകഭേദങ്ങളിൽ അലോയ് വീലുകൾ എന്നിങ്ങനെയുള്ള ചില ആധുനിക സൗകര്യങ്ങളോടെ റോയൽ എൻഫീൽഡ് 650 ട്വിൻസിനെ അടുത്തിടെ പുതുക്കി അവതരിപ്പിച്ചിരുന്നു. നിലവിൽ 3.03 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. പുതിയ എഞ്ചിൻ വരുന്നതോടെ വില അധികം നൽകേണ്ടി വന്നാലും വിൽപ്പന കൂടുതൽ ഉയരുമെന്നാണ് അനുമാനം.

2024 ഏപ്രിലിൽ റോയൽ എൻഫീൽഡ് മൊത്തം 81,870 ബൈക്കുകളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 11.94 ശതമാനം വർധനവാണ് വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. സബ്-350 സിസി വിഭാഗത്തിൽ ഡിമാൻഡ് വർധിച്ചതാണ് ഈ വളർച്ചയ്ക്ക് കാരണം. ഇനി കമ്പനിയുടേതായി വരാനിരിക്കുന്ന പുതിയ മോഡലുകളെ കുറിച്ച് പറയുകയാണെങ്കിൽ 750 സിസി പതിപ്പുകൾ കൂടാതെ ക്ലാസിക് 350 ഫെയ്‌സ്‌ലിഫ്റ്റാണ് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയ്‌ലാമ്പ്, പുതിയ അലോയ് വീലുകൾ, ട്യൂബ്‌ലെസ് ടയറുകൾ എന്നീ ഫീച്ചറുകൾ ഉപയോഗിച്ച് ക്ലാസിക്കിനെ കൂടുതൽ മോഡേണാക്കാനുള്ള ശ്രമമാണ് റോയൽ എൻഫീൽഡിൽ നിന്നും ഉണ്ടാവുന്നത്. ഇതിനു പുറമെ ക്ലാസിക് 650 പതിപ്പും ഈ വർഷം അവസാനത്തോടെ വിൽപ്പനയ്ക്ക് എത്തിയെക്കുമെന്നാണ് വിവരം. ഇതിന് മുന്നിൽ ടെലിസ്‌കോപിക് ഫോർക്കും പിന്നിൽ ഡ്യുവൽ സ്പ്രിംഗും മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും ഡ്യുവൽ ചാനൽ എബിഎസും ലഭിക്കും.

ഇതോടൊപ്പം തന്നെ 650 സിസി എഞ്ചിനുമായി ബ്രാൻഡിന്റെ പുതിയൊരു അഡ്വഞ്ചർ ടൂറർ ബൈക്കും എത്തിയേക്കും. 650 സിസി പ്ലാറ്റ്‌ഫോമിലെ റോയൽ എൻഫീൽഡിൻ്റെ ആദ്യ ഓഫ്-റോഡ് മോഡലിന് ഇൻ്റർസെപ്റ്റർ ബിയർ 650 എന്നായിരിക്കും ചിലപ്പോൾ പേരിടുക. മറ്റെല്ലാ 650 സിസി മോഡലുകളിലും കാണുന്ന ട്വിൻ പൈപ്പുകളിൽ നിന്ന് വ്യത്യസ്തമായി ടു-ഇൻ-ടു-വൺ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം ഉപയോഗിക്കുന്ന ഈ പ്ലാറ്റ്‌ഫോമിലെ ആദ്യത്തെ ബൈക്കായിരിക്കും ഇത്.


Click it and Unblock the Notifications








