3.39 ലക്ഷമുണ്ടേൽ വീട്ടിലൊരു കരടിയെ വാങ്ങാം, പോറ്റാൻ വേണ്ടത് പെട്രോളും സർവീസ് ചെയ്യാൻ കാശും മാത്രം
അടുത്തിടെയായി എല്ലാവരേയും മോഹിപ്പിക്കുന്ന വിധത്തിലുള്ള മോട്ടോർസൈക്കിളുകളാണ് റോയൽ എൻഫീൽഡ് (Royal Enfield) പണിതിറക്കുന്നത്. ഹണ്ടർ 350 മോഡലിലൂടെ തുടങ്ങിയ ഈ ട്രെൻഡ് പിന്നീട് ഹിമാലയൻ 450, ഷോട്ട്ഗൺ 650, ഗറില്ല 450 എന്നീ കിടുക്കാച്ചി ബൈക്കുകളിലൂടെ വേറെ ലെവലിലെത്തിക്കാനും റെട്രോ ക്ലാസിക് ടൂവീലർ നിർമാതാക്കൾക്കായി. ഇപ്പോഴിതാ ബെയർ 650 സ്ക്രാംബ്ലർ (Bear 650) മോട്ടോർസൈക്കിളിനെയും അവതരിപ്പിച്ച് എൻഫീൽഡ് തങ്ങളുടെ കിരീടത്തിലേക്ക് മറ്റൊരു പൊൻതൂവൽ കൂടി വെച്ചിരിക്കുകയാണ്. മുമ്പ് ചിത്രങ്ങളിലൂടെ മാത്രം കണ്ടുപരിചയിച്ച വാഹനം ഇനി ഷോറൂമിൽ ചെന്ന് വാങ്ങാം.
എല്ലാവർക്കും ഇഷ്‌ടമാവുന്ന വിലയിട്ടാണ് റോയൽ എൻഫീൽഡ് ബെയർ 650 മോഡലിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 3.39 ലക്ഷം രൂപയുടെ എക്സ്ഷോറൂം വില മുടക്കാനുണ്ടെങ്കിൽ മുറ്റത്ത് ഈ സ്ക്രാംബ്ലർ കുട്ടനെ എത്തിക്കാം. ഇൻ്റർസെപ്റ്റർ 650 അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന സ്‌ക്രാംബ്ലർ സ്റ്റൈൽ മോഡൽ വരും ദിവസങ്ങളിൽ വലിയ ഓളം സൃഷ്‌ടിക്കുമെന്ന് തന്നെയാണ് വിവരം.

റോയൽ എൻഫീൽഡിന്റെ 650 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള അഞ്ചാമത്തെ മോട്ടോർസൈക്കിളാണ് പുതിയ ബെയർ 650. ഇന്റർസെപ്റ്ററിനെ അടിസ്ഥാനമാക്കിയാണ് വികസിപ്പിച്ചിരിക്കുന്നത് എങ്കിലും സ്‌ക്രാംബ്ലർ സ്വഭാവത്തിന് അനുസൃതമായി നിരവധി മാറ്റങ്ങളും കമ്പനി കൊടുത്തിട്ടുണ്ടെന്ന് വേണം പറയാൻ. 1960 കളിലെയും 70 കളിലെയും സ്‌ക്രാംബ്ലർ ബൈക്കുകളെ ഓർമിപ്പിക്കുന്ന രൂപമാണ് ബെയറിനുള്ളത്.
എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ഇൻഡിക്കേറ്ററുകൾ, എൽഇഡി ടെയിൽ ലാമ്പ്, പുതുമയുള്ള കളർ ഓപ്ഷനുകൾ, സ്‌ക്രാംബ്ലർ ശൈലിയിലുള്ള സീറ്റ്, സൈഡ് പാനലുകളിൽ നമ്പർ ബോർഡ് എന്നിവയെല്ലാം ബെയർ 650-യെ വേറെ ലെവലാക്കുന്നുണ്ട്. 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് പിൻ വയർ-സ്‌പോക്ക്ഡ് വീലുകളിൽ ഡ്യുവൽ പർപ്പസ് എംആർഎഫ് നൈലോറെക്‌സ് ടയറുകളോട് കൂടിയാണ് സ്ക്രാംബ്ലർ നിരത്തിലേക്ക് ഓടിയിറങ്ങാൻ ഒരുങ്ങുന്നത്.

ബ്രോഡ്‌വാക്ക് വൈറ്റ്, പെട്രോൾ ഗ്രീൻ, വൈറ്റ് ഹണി, ഗോൾഡൻ ഷാഡോ, ടു ഫോർ ഒമ്പത് എന്നിങ്ങനെ അഞ്ച് വ്യത്യസ്ത കളർ ഓപ്ഷനുകളാണ് റോയൽ എൻഫീൽഡ് ബെയർ 650 വാഗ്ദാനം ചെയ്യുന്നത്. ബൈക്കിന് സ്വിച്ചബിൾ ഡ്യുവൽ-ചാനൽ എബിഎസ്, ഇൻ-ബിൽറ്റ് നാവിഗേഷനോടുകൂടിയ ഫുൾ-കളർ ടിഎഫ്ടി സ്‌ക്രീൻ എന്നിവ പോലുള്ള ഫീച്ചറുകളുടെ അകമ്പടിയുമുണ്ട്. ഇന്റഗ്രേറ്റഡ് ഗൂഗിൾ മാപ്‌സ്, മ്യൂസിക് ഫംഗ്‌ഷനുകൾ എന്നിവയെല്ലാം ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളിലൂടെ ആക്‌സസ് ചെയ്യാനാവും.
7,150 ആർപിഎമ്മിൽ 47 bhp കരുത്തും 5,150 ആർപിഎമ്മിൽ 57 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന പരിചിതമായ 648 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് റോയൽ എൻഫീൽഡിന്റെ ബെയർ 650 മോട്ടോർസൈക്കിളിനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ബൈക്കിൻ്റെ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന പുതിയ ടു-ഇൻ-ടു-വൺ എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും ബിയറിന് ലഭിക്കുന്നു.

ബെയർ 650 സ്ക്രാംബ്ലറിന് മൊത്തത്തിൽ 216 കിലോഗ്രാം ഭാരമാണുള്ളത്. എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിലെ പരിഷ്ക്കാരങ്ങൾ കണക്കിലെടുക്കുമ്പോൾ വ്യത്യസ്തമായ ശബ്ദവും ഭാരം കുറഞ്ഞതുമായതിനാൽ കൂടുതൽ പെർഫോമൻസും പ്രതീക്ഷിക്കാം. വില ഒരുപാട് ആളുകൾക്ക് ഇഷ്ടമാവുമെന്നതിനാൽ പുതിയ മോട്ടോർസൈക്കിൾ സ്വന്തമാക്കാൻ ധാരാളം ആളുകൾ മുമ്പോട്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇനി മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി റോയൽ എൻഫീൽഡ് ബെയർ 650 സ്ക്രാംബ്ലറിന് 130 mm ട്രാവൽ ഉള്ള ഷോവയിൽ നിന്നുള്ള അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകളും പിന്നിൽ 115 mm ട്രാവൽ ഉള്ള പുതിയ ട്വിൻ ഷോക്ക് അബ്സോർബറുകളും ലഭിക്കും. 184 മില്ലീമീറ്ററാണ് ബൈക്കിന്റെ ഗ്രൗണ്ട് ക്ലിയറൻസ്. അതേസമയം സീറ്റ് ഹൈറ്റ് 830 മില്ലീമീറ്ററായും നിശ്ചയിച്ചിരിക്കുകയാണ്. ബ്രേക്കിംഗിനായി ഇരുവശത്തും ഡിസ്ക്കും ഡ്യുവൽ ചാനൽ എബിഎസും ലഭിക്കും.


Click it and Unblock the Notifications








