സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
ബൈക്കിൽ ലഡാക്കും മണാലിയുമെല്ലാം പോവാൻ മലയാളിയെ പഠിപ്പിച്ചവരാണ് റോയൽ എൻഫീൽഡ്. ഇന്ത്യയുടെ മോട്ടോർസൈക്കിളിംഗ് സംസ്ക്കാരത്തിൽ വലിയ സ്വാധീനം ചെലുത്തിയ ബുള്ളറ്റ് ഒരിടയ്ക്ക് പലർക്കും ഒരു സ്വപ്‌നമായിരുന്നു. കുടുകുടു ശബ്‌ദവുമായി നിരത്തുകൾ കീഴടക്കി ഇന്നും പ്രകമ്പനം കൊള്ളിക്കാൻ ഇവർക്കാവുന്നുണ്ട്.
ശരിക്കും മലയാളികൾക്കിടയിൽ ബുള്ളറ്റ് ട്രെൻഡായത് ദുൽഖർ സൽമാന്റെ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിലൂടെയാണ്. പിന്നീട് ട്രിപ്പിന് പോവുമ്പോൾ കാറുകളെ മാറ്റി ബുള്ളറ്റിലാക്കി യാത്ര. മറ്റ് സംസ്ഥാനങ്ങളിലും ഇതിനു പിന്നാലെ എൻഫീൽഡ് വണ്ടികൾ ഹിറ്റായി. മുമ്പ് അത്ര മോഡേൺ അല്ലെന്നും കംപ്ലയിന്റുകൾ ഉണ്ടെന്നുമെല്ലാം ഏറെ പരാതി കേട്ടിരുന്നുവെങ്കിലും പിന്നീട് അതെല്ലാം മറികടക്കാൻ കമ്പനിക്കായി.

അങ്ങനെ എല്ലാത്തരം തലമുറയുടേയും വികാരമായി റോയൽ എൻഫീൽഡ് മാറി. എന്നാൽ ലക്ഷങ്ങൾ മുടക്കി ഡ്രീം ബൈക്ക് സ്വന്തമാക്കാൻ സാധിക്കാത്തവരെയും ചേർത്ത് പിടിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. എങ്ങനെയാണെന്നോ? ഇന്ത്യയില്‍ മോട്ടോര്‍സൈക്കിള്‍ വാടകയ്ക്ക് നല്‍കുന്ന പരിപാടി ആരംഭിച്ച് ഹിറ്റടിക്കാൻ കമ്പനിക്കായിരുന്നു. ഇന്ത്യയിലെ 25 നഗരങ്ങളിലായി 40-ലധികം ബൈക്ക് റെന്റല്‍ ഓപ്പറേറ്റര്‍മാര്‍ വഴിയാണ് കമ്പനി സേവനം ലഭ്യമാക്കിയിരുന്നത്.
ഇപ്പോഴിതാ ഇതിനു ശേഷം റെൻ്റൽസ് ആൻഡ് ടൂർസ് ബിസിനസിൻ്റെ സേവനം വിദേശ രാജ്യങ്ങളിലും അവതരിപ്പിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ്. ഇന്ത്യയിൽ റോയൽ എൻഫീൽഡ് റെൻ്റൽസിൻ്റെ വിജയത്തെ അടിസ്ഥാനമാക്കിയാണ് ആഗോള "റെൻ്റൽസ് ആൻഡ് ടൂർസ്" സംരംഭവും ആരംഭിച്ചിരിക്കുന്നതെന്ന് കമ്പനി പറഞ്ഞു. ഈ പ്രോഗ്രാമിന് ഇന്ത്യയിലും ആഗോളതലത്തിലും റോയൽ എൻഫീൽഡിൻ്റെ അംഗീകൃത പങ്കാളികളാണ് സഹായിക്കുന്നത്.

ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ, യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ 25-ലധികം രാജ്യങ്ങളിലായി 60-ലധികം ലക്ഷ്യസ്ഥാനങ്ങളിൽ സ്ഥലങ്ങളിലാണ് ബൈക്ക് വാടകയ്ക്ക് കൊടുക്കുന്ന സംരംഭം ആരംഭിച്ചിരിക്കുന്നത്. ലോകമെമ്പാടുമായി വ്യാപിച്ചു കിടക്കുന്ന മോട്ടോർസൈക്കിൾ ടൂറിസത്തെ തങ്ങളുടെ ഏറ്റവും പുതിയ സംരംഭത്തിലൂടെ പുനർനിർവചിക്കാൻ ലക്ഷ്യമിടുന്നതായാണ് കമ്പനി അവകാശപ്പെടുന്നത്.
മോട്ടോർസൈക്കിൾ വാടകയ്‌ക്കെടുക്കൽ, പ്രൊഫഷണലായി ഗൈഡഡ് ടൂറുകൾ തുടങ്ങി സെൽഫ് ഗൈഡഡ് ട്രിപ്പുകൾ ക്യൂറേറ്റ് ചെയ്യുന്നതിനുള്ള സഹായം വരെ കമ്പനി നൽകും. ഓരോ രാജ്യത്തിന്റെയും ഭൂപ്രദേശത്തിൻ്റെയും വൈദഗ്ധ്യത്തിൻ്റെയും അടിസ്ഥാനത്തിൽ വൈവിധ്യമാർന്ന റൈഡിംഗ് മുൻഗണനകൾ നിറവേറ്റുന്നതിനാണ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നകാര്യവും ശ്രദ്ധേയമാണ്.

ഈ സേവനങ്ങൾ മൂന്നാം കക്ഷി, അംഗീകൃത ടൂർ, റെൻ്റൽ പാർട്ണർമാർ മുഖേനയാണ് റോയൽ എൻഫീൽഡ് നൽകുന്നത്. എന്നിരുന്നാലും തടസരഹിതമായ ബൈക്ക് യാത്രകൾ ഉറപ്പാക്കാനും കമ്പനി പ്രതിജ്ഞാബദ്ധരാണ്. ഇനി നിങ്ങൾ ഏതെങ്കിലും രാജ്യത്ത് ട്രിപ്പ് പോയി അവിടം കറങ്ങാൻ ഒരു ബൈക്ക് വേണമെന്ന് തീരുമാനിച്ച് കഴിഞ്ഞാൽ എൻഫീൽഡിന്റെ ഈ സേവനം എളുപ്പത്തിൽ ഉപയോഗപ്പെടുത്താം.
റോയൽ എൻഫീൽഡ് വഴി ഒരു ടൂർ പാക്കേജ് ബുക്ക് ചെയ്യുന്നതും മോട്ടോർസൈക്കിൾ വാടകയ്‌ക്കെടുക്കുന്നതിനുമായി കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ചാൽ മതിയാവും. ഏതാനും ക്ലിക്കുകളിലൂടെ സംഭവം ഈസിയായി കൈയിൽ കിട്ടുകയും ചെയ്യും. നിങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ലക്ഷ്യസ്ഥാനത്ത് ലഭ്യമായ ബൈക്ക് ഓപ്ഷനുകൾ പരിശോധിക്കാൻ വരെ ഓൺലൈൻ റെന്റൽ സർവീസ് അനുവദിക്കുന്നുണ്ട്.

തുടർന്ന് റെന്റൽ പാർട്‌നറുടെ മുഴുവൻ ലിസ്‌റ്റും സ്ക്രോൾ ചെയ്യാനും ബാധകമെങ്കിൽ, വാടകയും റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റും അടച്ച് ആവശ്യമുള്ള തീയതികൾക്കായി മുൻകൂട്ടി ബുക്ക് ചെയ്യാനും വെബ്‌സൈറ്റിലൂടെ കഴിയുമെന്നാണ് കമ്പനി പറയുന്നത്. ഇനി നേരിട്ടെത്തി പരിശോധിക്കുമ്പോൾ നൽകുന്ന ബൈക്കിന്റെ കണ്ടീഷൻ മോശമാണെങ്കിൽ അക്കാര്യത്തിന് കമ്പനി ഉത്തരവാദിയായിരിക്കില്ല എന്നത് പലരേയും നിരാശപ്പെടുത്തിയേക്കാം.
പേയ്‌മെൻ്റ് പ്രക്രിയയിൽ റോയൽ എൻഫീൽഡിന് യാതൊരു പങ്കാളിത്തവുമില്ല. ഏതെങ്കിലും കാരണത്താൽ ബുക്കിംഗ് റദ്ദാക്കണമെങ്കിൽ ടൂർ, റെന്റൽ പാർട്‌ണറുമായി നേരിട്ട് ബന്ധപ്പെടണം. ചില സന്ദർഭങ്ങളിൽ പ്രാദേശിക റെന്റൽ സർവീസ് ദാതാക്കൾ ഈടാക്കുന്നതിനേക്കാൾ കൂടുൽ തുകയാണ് റോയൽ എൻഫീൽഡിൻ്റെ വെബ്‌സൈറ്റിൽ ഒരു ബൈക്കിനായി ഉദ്ധരിച്ചിരിക്കുന്ന വാടക തുക എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെയായാലും സംരംഭം ആഗോള മോട്ടോർസൈക്കിൾ സംസ്ക്കാരത്തെ ശക്തിപ്പെടുത്തുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








