സിഗ്മയാണോ നിങ്ങൾ? ബോബർ സ്റ്റൈലിൽ ഒറ്റയ്ക്ക് ചെത്തിനടക്കാൻ പുതിയ 350 സിസി ബൈക്കുമായി എൻഫീൽഡ്
മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിലെ കിരീടം വെക്കാത്ത രാജാക്കൻമാരാണ് റോയൽ എൻഫീൽഡ് (Royal Enfield). ആഗോള ഭീമൻമാരായ ഹോണ്ടയും ട്രയംഫും ഹാർലി ഡേവിഡ്‌സണും വരെ ഈ നിരയിലേക്ക് എത്തിയെങ്കിലും വിൽപ്പനയുടെ കാര്യത്തിൽ എൻഫീൽഡിനെ ഇതുവരെ വിറപ്പിക്കാനായിട്ടില്ലെന്ന് വേണം പറയാൻ. നിലവിൽ 650 സിസി ബൈക്ക് നിര വിപുലീകരിക്കുന്ന തിരക്കിലായിരുന്നു ഐഷറിന്റെ കീഴിലുള്ള ബ്രാൻഡ്. ഷോട്ട്ഗൺ 650, ബെയർ 650 (Bear), ക്ലാസിക് 650 തുടങ്ങിയ കിടിലൻ മോഡലുകളെല്ലാം അവതരിപ്പിച്ച കമ്പനി അടുത്തതായി 350 സിസി വിഭാഗത്തിലേക്ക് തിരിച്ചുവരാനാണ് തയാറെടുക്കുന്നത്.
പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് നവംബർ മാസം അവസാനിക്കുന്നതിന് മുമ്പ് തന്നെ പുതിയൊരു 350 സിസി മോട്ടോർസൈക്കിളിനെ കമ്പനി ഇന്ത്യക്കാർക്കായി സമ്മാനിക്കും. ഗോവൻ ക്ലാസിക് 350 ആണ് റോയൽ എൻഫീൽഡ് അവതരിപ്പിക്കാൻ പോവുന്നത്. മീറ്റിയോർ, ക്ലാസിക്, ഹണ്ടർ, ബുള്ളറ്റ് എന്നിവയ്ക്ക് ശേഷം ജെ-സീരീസ് എഞ്ചിൻ പ്ലാറ്റ്‌ഫോമിൽ പണികഴിപ്പിക്കുന്ന അഞ്ചാമത്തെ ഉൽപ്പന്നമായിരിക്കും ഈ മോഡൽ.

ഗോവൻ ക്ലാസിക് ഒരു ഫങ്കി-ലുക്ക് ബോബർ-സ്റ്റൈൽ മോട്ടോർസൈക്കിളായിരിക്കും. അതായത് ക്ലാസിക്കിനെ അടിസ്ഥാനമാക്കിയുള്ള ബോബർ സ്റ്റൈൽ മോഡലായിരിക്കും വരാനിരിക്കുന്നതെന്ന് സാരം. ഇതേ സെഗ്മെന്റിലെ ബ്രാൻഡിന്റെ മറ്റ് മോഡലുകളിലെ അതേ 349 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് ഗോവൻ ക്ലാസിക്കിനും തുടിപ്പേകാൻ എത്തുക. എങ്കിലും സ്വഭാവ സവിശേഷതകൾക്ക് അനുസരിച്ച് റിട്യൂൺ ചെയ്യാനും സാധ്യതയുണ്ട്.
മിക്കവാറും 20 bhp കരുത്തിൽ പരമാവധി 27 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള തരത്തിലാവും എഞ്ചിൻ ട്യൂൺ ചെയ്യുക. അഞ്ച് സ്പീഡ് ട്രാൻസ്മിഷനുമായിട്ടാവും എഞ്ചിൻ ജോടിയാക്കുക. ഗോവൻ ക്ലാസിക്കിൻ്റെ പ്രധാന ഫ്രെയിം പോലും ക്ലാസിക് 350 മോഡലിന് സമാനമായിരിക്കും. സ്‌റ്റൈലിംഗ്, കളർ ഓപ്ഷനുകൾ, റൈഡിംഗ് പൊസിഷൻ എന്നിവയിലാണ് വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളത്.

ജാവ 42 ബോബർ, പെരാക്ക് എന്നിവയിൽ നിന്ന് വ്യത്യസ്തമായി റോയൽ എൻഫീൽഡ് 350 സിസി ബോബറിന് റിയർ സീറ്റ് ഓപ്ഷൻ ലഭിച്ചേക്കും. പിൻസീറ്റ് ലഭിക്കുന്നതോടെ പ്രായോഗികതയുടെ കാര്യത്തിൽ ജാവയുടെ മോഡലുകളേക്കാൾ മിടുക്കനായിരിക്കും വരാനിരിക്കുന്ന ഗോവൻ ക്ലാസിക്. മറ്റ് മെക്കാനിക്കൽ വശങ്ങളിക്ക് നോക്കിയാൽ ട്യൂബുലാർ ഡൗൺട്യൂബ് ഫ്രെയിമിൽ പണികഴിപ്പിക്കുന്ന മോട്ടോർസൈക്കിളിന്റെ സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറുകളും ലഭിക്കും.
ബ്രേക്കിംഗിനായി മുന്നിലും പിന്നിലും സിംഗിൾ ഡിസ്‌ക്കായിരിക്കും റോയൽ എൻഫീൽഡ് ഒരുക്കുക. അധിക സുരക്ഷക്കായി ഇതിൽ ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റത്തിൻ്റെ സഹായവും ഉമ്ടാവും. ഓപ്ഷണൽ റിയർ സീറ്റ് സജ്ജീകരണവും ലഭിക്കുമ്പോൾ 197 കിലോഗ്രാം ഭാരവും മോട്ടോർസൈക്കിളിനുണ്ടാവും. വയർ-സ്‌പോക്ക് വീലുകൾ ഉപയോഗിച്ചായിരിക്കും എൻഫീൽഡിന്റെ ബോബർ നിരത്തിലേക്ക് എത്തുക.

എന്നാൽ കൂടുതൽ യുവാക്കളെ മോഡിലേക്ക് ആകർഷിക്കാനായി റോയൽ എൻഫീൽഡ് ഗോവൻ ക്ലാസിക്കിന് അലോയ് വീലുകളും ഓപ്‌ഷണലായി നൽകാം. 170 മില്ലീമീറ്ററോളം ഗ്രൗണ്ട് ക്ലിയറൻസും മോട്ടോർസൈക്കിളിനുണ്ടാവും. ഏകദേശം 2.15 ലക്ഷം രൂപയോളം എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. നിലവിൽ ക്ലാസിക് 350-യുടെ വില 1.93 ലക്ഷം മുതൽ 2.30 ലക്ഷം രൂപ വരെയാണ്. റോയൽ എൻഫീൽഡിൻ്റെ വാർഷിക ഉത്സവമായ മോട്ടോവേഴ്‌സിലൂടെ ബൈക്കിനായുള്ള വിലയും പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
എല്ലാവർക്കും ഇഷ്‌ടമാവുന്ന വിലയിൽ ഇക്കഴിഞ്ഞ ദിവസം റോയൽ എൻഫീൽഡ് പുതിയ ബെയർ 650 സ്ക്രാംബ്ലറും വിപണിയിൽ എത്തിച്ചിരുന്നു. 3.39 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തിയ ബൈക്ക് ഇൻ്റർസെപ്റ്റർ 650 അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. എങ്കിലും സ്‌ക്രാംബ്ലർ സ്വഭാവത്തിന് അനുസൃതമായി നിരവധി മാറ്റങ്ങളും കമ്പനി മോട്ടോർസൈക്കിളിന് സമ്മാനിച്ചിട്ടുണ്ട്.


Click it and Unblock the Notifications








