ഹാർലിക്കും ട്രയംഫിനും പറ്റിയില്ല പിന്നെയാ ഹീറോ, ഹണ്ടറിലേക്ക് വന്ന പുതിയ പരിഷ്ക്കാരം കണ്ടോ?
മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിലെ രാജാക്കൻമാരായ റോയൽ എൻഫീൽഡിന്റെ കസേര തെറുപ്പിക്കാൻ എത്തിയ വമ്പൻമാരുടെ ലിസ്റ്റെടുത്താൽ പലരും വിറയക്കും. ലോകോത്തര ബ്രാൻഡുകാളായ ഹാർലി ഡേവിഡ്‌സൺ, ട്രയംഫ്, ഹോണ്ട പോലുള്ളവരാണ് ഇപ്പോൾ മുൻപന്തിയിലുള്ളതെങ്കിലും ജാവ, യെസ്‌ഡി, ബജാജ് പോലുള്ളവരും എൻഫീൽഡിനോട് മുട്ടാനായി കച്ചകെട്ടിയിറങ്ങിയവരാണ്. ഇനിയങ്ങോട്ട് ഹീറോയും ഈ കൂട്ടെത്തിൽ കണ്ടേക്കും.
ഹാർലി 440X റോഡ്സ്റ്ററിന്റെ റീബാഡ്‌ജ് മോഡലുമായി ഹീറോ എത്തുകയാണ്. അതും റോയൽ എൻഫീൽഡിനെ വെല്ലുവിളിക്കാനായിട്ടാണ് എത്തുന്നത്. കൾട്ട് ക്ലാസിക് ബൈക്കുകളുടെ അമരത്ത് ക്ലാസിക് 350 അരങ്ങുവാഴുമ്പോൾ എൻഫീൽഡിന് പേടിക്കാനൊന്നുമില്ല. പോരാത്തതിന് കൂട്ടാളിയായി ഹണ്ടർ കൂടി മന്ത്രിക്കസേരയിൽ ഇരിക്കുമ്പോൾ രാജപദവിക്ക് കോട്ടമൊന്നും തട്ടില്ല. എങ്കിലും കരുതലായി ചെറിയൊരു നീക്കം നടത്തിയിരിക്കുകയാണ് റോയൽ എൻഫീൽഡ്.

എന്താണന്നല്ലേ, മോഡേൺ ക്ലാസിക് ബൈക്കുകളിലെ രാജകുമാരമായ ഹണ്ടറിലേക്ക് പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചതാണ് ഈനീക്കം. 2022 ഓഗസ്റ്റിൽ പുറത്തിറക്കിയ മോഡലിനെ പുതുമയോടെ നിലനിർത്തുന്നതിനായാണ് കമ്പനിയുടെ ഈ നീക്കം. 2023 ഫെബ്രുവരിയിൽ ഒരു ലക്ഷം വിൽപ്പന നാഴികക്കല്ല് പിന്നിട്ട ഹണ്ടർ അടുത്ത ജൂലൈ മാസത്തോടെ 2 ലക്ഷം എന്ന മാജിക് നമ്പരിലുമെത്തിയിരുന്നു.
രാജ്യത്തെ മറ്റൊരു മോട്ടോർസൈക്കിളിനും നേടാവാത്ത വിജയമാണ് ഈ വേട്ടക്കാരൻ നേടിയെടുത്തത്. വിജയം ആവർത്തിച്ച് മുമ്പോട്ടുള്ള കുതിപ്പിനായാണ് പുതിയ നിറങ്ങൾ കൂടി ഹണ്ടറിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഡാപ്പർ ഒ, ഡാപ്പർ ജി എന്നിങ്ങനെ വ്യത്യസ്‌ത പേരുകളിൽ അറിയപ്പെടുന്ന ഓറഞ്ച്, ഗ്രീൻ കളർ ഓപ്ഷനുകളാണ് മോഡേൺ റെട്രോ ബൈക്കിലേക്ക് എത്തിയിരിക്കുന്നത്. ഡാപ്പർ വേരിയന്റുകളിലാണ് ഇവ സ്വന്തമാക്കാനാവുന്നത്.

ഹണ്ടർ 350-യുടെ രണ്ട് പുതിയ കളർ ഓപ്‌ഷനുകൾക്കും 1.70 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ഇവയ്ക്ക് പുറമെ ഹണ്ടറിന് മറ്റ് പരിഷ്ക്കാരങ്ങളൊന്നും സംഭവിച്ചിട്ടില്ല. എൻഫീൽഡിന്റെ മറ്റ് മോഡലുകളെ പോലെയല്ലാത്തതാണ് ഹണ്ടർ ഇത്രയും വലിയ വിജയമായതെന്ന് പറയാം. വിലയുടെ കാര്യത്തിൽ കൂടുതൽ താങ്ങാനാവുന്നതാണ് എന്നതിനു പുറമെ ഹാൻഡിലിംഗിന്റെ കാര്യത്തിലും ആള് പുലിയാണ്.
റെട്രോ, മെട്രോ എന്നീ മൂന്നു വേരിയന്റുകളിലാണ് ഇപ്പോൾ ഹണ്ടർ 350 വിൽപ്പനയ്ക്കെത്തുന്നത്. ക്ലാസിക് ശൈലി വിളിച്ചോതുന്നതിനായി വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ടേൺ ഇൻഡിക്കേറ്ററുകൾ, ഹെഡ്‌ലൈറ്റിന് മുകളിൽ നൽകിയിരിക്കുന്ന റെട്രോ സ്റ്റൈൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ. ടിയർഡ്രോപ് ഫ്യുവൽ ടാങ്ക്, തുങ്ങിയ സൈഡ് പാനൽ, സിംഗിൾ സീറ്റ്, ഒതുങ്ങിയ ടെയിൽ സെക്ഷൻ എന്നിവയെല്ലാം കിടിലമാണ്.

ഭാരം കുറഞ്ഞതും ആകാംക്ഷയുള്ളതുമായ റൈഡിംഗാണ് ബൈക്കിന്റെ പ്രധാന ഹൈലൈറ്റ്. സിറ്റി ട്രാഫിക്കിലെല്ലാം അനായാസം കൈകാര്യം ചെയ്യാനും സാധിക്കും. ഫാക്ടറിയിൽ നിന്ന് 17 ഇഞ്ച് വീലുകളുമായി എത്തുന്ന റോയൽ എൻഫീൽഡിൽ നിന്നുള്ള ആദ്യത്തെ മോട്ടോർസൈക്കിളാണ് ഹണ്ടർ 350 എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇതാണ് വേട്ടക്കാരനെ അതിന്റെ സഹോദരങ്ങളായ ക്ലാസിക് 350, മീറ്റിയോർ 350 എന്നിവയേക്കാൾ കൂടുതൽ ചടുലമാക്കിയത്.
മൂന്ന് മോട്ടോർസൈക്കിളുകളും എൻഫീൽഡിന്റെ പുതുതലമുറ J പ്ലാറ്റ്‌ഫിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഇവയുടെയെല്ലാം എഞ്ചിൻ ഒന്നുതന്നെയാണെങ്കിലും ട്യൂണിംഗ് വ്യത്യസ്തമാണ്. 349 സിസി, സിംഗിൾ സിലിണ്ടർ, 4-സ്ട്രോക്ക്, എയർ-ഓയിൽ കൂൾഡ്, ഫ്യൂവൽ ഇഞ്ചക്ഷൻ എഞ്ചിന് 20.11 bhp പവറിൽ പരമാവധി 27 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഇത് 5-സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ക്ലച്ച് ഭാരം കൂടിയ ഭാഗത്താണ് എൻഫീൽഡ് സെറ്റ് ചെയ്‌തിരിക്കുന്നത്. എന്നിരുന്നാലും എഞ്ചിൻ വളരെ ട്രാക്റ്റബിൾ ആണെന്ന് ഉറപ്പുവരുത്താനും ബ്രാൻഡിനായിട്ടുണ്ട്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമാണ് ഹണ്ടർ 350 മോഡേൺ ക്ലാസിക് മോട്ടോർസൈക്കിളിൽ ഉപയോഗിച്ചിരിക്കുന്നത്.
ഫ്രണ്ട് സസ്‌പെൻഷൻ വളരെ നന്നായി ട്യൂൺ ചെയ്‌തിരിക്കുന്നുവെന്നാണ് ഉപഭോക്താക്കളിൽ നിന്നുള്ള ഫീഡ്ബാക്ക്. അതേസമയം പിൻ സസ്‌പെൻഷനിലെ റീബൗണ്ട് തികച്ചും ആക്രമണാത്മകവും സസ്പെൻഷൻ അൽപ്പം സ്റ്റിഫറുമാണ്. മെട്രോ നഗരങ്ങളിലെ വിൽപ്പന കൂടാതെ ടയർ-2, ടയർ-3 നഗരങ്ങളിലെ ഇൻ-റോഡുകളാണ് ഹണ്ടറിന്റെ അതിവേഗ വിൽപ്പനയ്ക്ക് കാരണമെന്നും റോയൽ എൻഫീൽഡ് പറയുന്നു.


Click it and Unblock the Notifications








