ബുള്ളറ്റ് നിരയിലെ കരടിക്കുട്ടൻ റെഡി, എൻഫീൽഡിന്റെ ബിയർ 650 കണ്ട് ഞെട്ടാൻ ഒരുങ്ങിക്കോ
ഇന്ത്യൻ വിപണിയിൽ റോയൽ എൻഫീൽഡ് ബൈക്കുകൾക്കുള്ള ഡിമാന്റ് ഒന്ന് വേറെ തന്നെയാണ്. പണ്ടുകാലത്തെ അപേക്ഷിച്ച് കംപ്ലയിന്റ് കുറവായതും ആധുനിക കാലത്തിനൊത്ത് മാറിയതുമെല്ലാമാണ് ഈ സ്വീകാര്യതയ്ക്ക് പിന്നിലുള്ള രഹസ്യം. ബുള്ളറ്റ് മുതൽ സൂപ്പർ മീറ്റിയോർ വരെ നീളുന്ന ബൈക്ക് നിര ഇപ്പോൾ ചെറുതുമല്ല. ഹണ്ടറിനും ക്ലാസിക്കിനും ഹിമാലയനും ഗറില്ലയ്ക്കും ഇന്റർസെപ്റ്ററിനും കോണ്ടിനെന്റൽ ജിടിക്കും ഷോട്ട്ഗണ്ണിനുമെല്ലാം അന്യായ ഫാൻസുമുണ്ട്. ഈ നിരയിലേക്ക് വരുന്ന വർഷം ഇനിയും മോഡലുകൾ എത്തുമെന്നതാണ് സന്തോഷം ഇരട്ടയിക്കുന്ന വാർത്ത. ഒപ്പം എൻട്രി ലെവൽ മോട്ടോർസൈക്കിളുകളിൽ ഒന്നിനെയും കൊണ്ടുവരാൻ കമ്പനിക്ക് പദ്ധതിയുണ്ട്.
എങ്കിലും 650 സിസി നിരയിലായിലേക്കായിരിക്കും കൂടുതൽ ബൈക്കുകൾ അരങ്ങേറുകയെന്നാണ് വിവരം. ഇപ്പോഴിതാ റോയൽ എൻഫീൽഡിൻ്റെ ഏറ്റവും പുതിയ 650 സിസി മോട്ടോർസൈക്കിളിന്റെ ചിത്രങ്ങളാണ് ഇന്റർനെറ്റിലെ താരം. ഇറ്റലിയിലെ മിലാനിൽ നടക്കുന്ന 2024 EICMA മോട്ടോർഷോയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുന്നോടിയായിട്ടാണ് ബിയർ 650 പ്രൊഡക്ഷൻ-സ്പെക്കിന്റെ ചിത്രങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇൻ്റർസെപ്റ്റർ ബിയർ 650 എന്നായിരിക്കും ബൈക്കിന്റെ ഔദ്യോഗിക നാമം. പ്രതീക്ഷിച്ചതു പോലെ തന്നെ എൻഫീൽഡിന്റെ നിലവിലെ 650 സിസി ശ്രേണിയിലെ മറ്റ് മോഡലുകളുമായി ബിയറിന് നിരവധി സാമ്യങ്ങളുണ്ട്. എങ്കിലും അതിൻ്റേതായ ഐഡൻ്റിറ്റി നിലനിർത്തിക്കൊണ്ടാണ് സ്റ്റൈലിംഗ് വരുന്നത്. ഇൻ്റർസെപ്റ്റർ 650 അടിസ്ഥാനമാക്കിയുള്ളതായതിനാൽ തന്നെ കൂടുതലും ഇതിൽ നിന്നും കടംമകൊണ്ടിരിക്കാനാണ് സാധ്യത.
എങ്കിലും ഇന്റർസെപ്റ്ററിനേക്കാൾ കൂടുതൽ പ്രായോഗികമാക്കുന്ന സ്‌ക്രാംബ്ലർ നിലപാടാണ് ബിയർ 650 സ്വീകരിച്ചിരിക്കുന്നത്. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, ചെറിയ ഫ്യുവൽ ടാങ്ക്, സിംഗിൾ പീസ് സീറ്റ്, ട്യൂബുലാർ ഗ്രാബ് റെയിൽ, മിനിമലിസ്റ്റിക് ബോഡി പാനലുകൾ എന്നിവയെല്ലാം പുത്തൻ മോഡലിനെ അഴകനാക്കുന്നുണ്ട്. ഹെഡ്‌ലാമ്പിനെപ്പോലെ വൃത്താകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പും വശങ്ങളിൽ നിന്ന് ഉയർന്നുവരുന്ന എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളുള്ള ക്രോം കേസിംഗും അതിമനോഹരമാണ്.

ഈ ഫീച്ചറുകളെല്ലാം കമ്പനിയുടെ മറ്റ് 650 സിസി ബൈക്കുകളിലുമുള്ളതാണെങ്കിലും സംഗതി വർക്കായിട്ടുണ്ടെന്ന് വേണം പറയാൻ. അതോടൊപ്പം തന്നെ മോട്ടോർസൈക്കിളിനെ കൂടുതൽ ഒതുക്കമുള്ളതും ഓഫ്-റോഡ് സൗഹൃദവുമാക്കുന്ന ടു-ടു-വൺ എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിൻ്റെ സാന്നിധ്യമാണ് ഇൻ്റർസെപ്റ്റർ ബിയർ 650 മോഡലിനെ വേറിട്ടു നിർത്തുന്നത്. കോൺട്രാസ്റ്റ് ബോഡി ഗ്രാഫിക്സും ഫിനിഷുകളും ഒരു സ്ട്രീറ്റ്-സ്റ്റൈൽ ബൈക്കിന്റെ ലുക്കാണ് മൊത്തത്തിൽ നൽകുന്നത്.
വ്യക്തമായ പരിഷ്ക്കാരങ്ങളോടെ ട്വിൻ ക്രാഡിൽ ഫ്രെയിമിലാണ് റോയൽ എൻഫീൽഡ് ബിയർ 650 മോഡലും നിർമിക്കുന്നത്. മറ്റ് ഫീച്ചറുകളിലേക്ക് നോക്കിയാൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫ്ലോട്ടിംഗ് സിംഗിൾ-പോഡ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററായിരിക്കും ബൈക്കിൽ വരിക. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്‌പെൻഷൻ ചുമതലകൾക്കായി മുന്നിൽ അപ്സൈഡ് ഡൌൺ ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമാണ് ഒരുക്കിയിരിക്കുന്നത്.

ബ്രേക്കിംഗിലേക്ക് വന്നാൽ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് റോയൽ എൻഫീൽഡ് ബിയർ 650-യിൽ കൊടുത്തിട്ടുള്ളത്. ഇത് ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റത്തിൻ്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ സുരക്ഷയുടെ കാര്യത്തിലും ആശങ്കകളൊന്നും വേണ്ട. ബ്ലോക്ക് പാറ്റേൺ ഡ്യുവൽ പർപ്പസ് ടയറുകളുള്ള വയർ-സ്‌പോക്ക്ഡ് വീലുകളോടെയാണ് മോട്ടോർസൈക്കിൾ നിരത്തിലേക്ക് എത്തുക.
പരിചിതമായ 648 സിസി പാരലൽ ട്വിൻ സിലിണ്ടർ എഞ്ചിൻ തന്നെയാണ് റോയൽ എൻഫീൽഡ് ബിയർ 650 സ്ക്രാംബ്ലറിനും തുടിപ്പേകാൻ എത്തുന്നത്. ഇത് 47 കരുത്തിൽ പരമാവധി 52 Nm torque വരെ ഇത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയർബോക്‌സുമായാവും എഞ്ചിൻ ജോടിയാക്കുക. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും സ്റ്റാൻഡേർഡായി ലഭ്യമാകും. എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിലെ മാറ്റങ്ങൾ കണക്കിലെടുക്കുമ്പോൾ വ്യത്യസ്തമായ ശബ്ദവും ഭാരം കുറഞ്ഞതുമായതിനാൽ കൂടുതൽ പെർഫോമൻസും പ്രതീക്ഷിക്കാം.
എൻഫീൽഡിന്റെ മറ്റ് 650 സിസി മോട്ടോർസൈക്കിളുകൾക്ക് സമാനമായ രീതിയിൽ റോയൽ എൻഫീൽഡ് ഇൻ്റർസെപ്റ്റർ ബിയർ 650 ഒന്നിലധികം കിടിലൻ കളർ ഓപ്ഷനുകളാലും വേരിയന്റുകളാലും സമ്പന്നമായിരിക്കും. ഗോവയിൽ വെച്ചുനടക്കുന്ന മോട്ടോവേഴ്‌സ് ഇവൻ്റിൽ ബൈക്ക് ഇന്ത്യയിലും അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എക്സ്ഷോറൂം വിലകൾ ഏകദേശം 3.10 ലക്ഷത്തിന് മുകളിൽ മുടക്കേണ്ടി വന്നേക്കും.


Click it and Unblock the Notifications








