മസിനഗുഡി വഴി ഊട്ടിയിലേക്ക് പോവാൻ എൻഫീൽഡിന്റെ പുത്തൻ ബൈക്ക്, എല്ലാം തികഞ്ഞ ബുള്ളറ്റിന്റെ വില കണ്ടോ?
മസിനടഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര, അത് വല്ലാത്തൊരു എക്‌സ്പീരിയൻസാണ്. ഈ ഡയലോഗ് ഹിറ്റായതോടെ അവിടുത്തെ നാട്ടുകാർക്ക് കിടക്കപ്പൊറുതിയില്ലാതായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഈ സ്ഥലം ഹിറ്റായതോടെ സഞ്ചാരികളുടെ ഒഴുക്കാണിപ്പോൾ. വളരെ തിരക്കുപിടിച്ച ഈ സമയം കഴിയുമ്പോഴേക്കും ഈ വഴിയൊന്ന് ബൈക്കിൽ പോണം കേട്ടോ...
ഇത്തരം ദീർഘദൂര യാത്രകൾക്ക് എപ്പോഴും ആളുകൾ അന്വേഷിച്ച് എത്തുന്നത് റോയൽ എൻഫീൽഡ് ബൈക്കുകളേയാവും. പെർഫക്‌ടായ ക്ലാസിക് റെട്രോ മോട്ടോർസൈക്കിളുകൾ തേടുന്നവരുടെ ഡ്രീം ഡെസ്റ്റിനേഷനാണിത്. ചെറിയ 350 സിസി മുതൽ 650 സിസി വിരാജിച്ച് കിടക്കുന്ന എൻഫീൽഡ് ബൈക്കുകളുടെ നിര ആരേയും മോഹിപ്പിക്കുന്നതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കോണ്ടിനെന്റൽ ജിടിയും ഇന്റർസെപ്റ്ററും അരങ്ങുവാഴുന്ന 650 സിസി വിഭാഗത്തിലേക്ക് എല്ലാം തികഞ്ഞൊരു പുത്തൻ മോഡൽ എത്തിയിരിക്കുകയാണ്.

പലരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഷോട്ട്ഗൺ 650 ഔദ്യോഗികമായി വിപണിയിലെത്തിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ് ഇപ്പോൾ. വ്യത്യസ്‌ത വേരിയന്റുകളിലായി എത്തുന്ന ഈ കിടുക്കൻ മോഡലിന് 3.59 ലക്ഷം മുതൽ 3.73 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഇന്റർസെപ്റ്ററിനും സൂപ്പർ മീറ്റിയോറിനും ഇടയിലാണ് ഷോട്ട്ഗൺ ഇടംപിടിച്ചിരിക്കുന്നത്.
650 സിസി എഞ്ചിൻ വഹിക്കുന്ന ബ്രാൻഡിൽ നിന്നുള്ള നാലാമത്തെ മോട്ടോർസൈക്കിളായാണ് പുതിയ ഷോട്ട്ഗൺ 650 വരുന്നത്. ക്രൂയിസർ കിങായ സൂപ്പർ മീറ്റിയോറിലെ അതേ എഞ്ചിനും പ്ലാറ്റ്ഫോമും കടമെടുത്താണ് ഷോട്ട്ഗണ്ണും പണിതെടുത്തിരിക്കുന്നത്. റ്റെൻസിൽ വൈറ്റ്, പ്ലാസ്മ ബ്ലൂ, ഗ്രീൻ ഡ്രിൽ, ഷീറ്റ്മെറ്റൽ ഗ്രേ എന്നിങ്ങനെ നാല് വ്യത്യസ്ത നിറങ്ങളിൽ റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 വാങ്ങാനാവും.

ഡിസൈനിലേക്ക് നോക്കിയാൽ ക്ലാസിക് ടച്ചുള്ള മോഡേൺ ബൈക്കാണിതെന്ന് പറയാം. ഇതിനായി എൽഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ട്രിപ്പർ നാവിഗേഷൻ, യുഎസ്ബി ചാർജിംഗ് പോർട്ട്, റോയൽ എൻഫീൽഡ് വിംഗ്മാൻ സപ്പോർട്ട് എന്നിവയുമായാണ് ഷോട്ട്ഗൺ 650 മോട്ടോർസൈക്കിളിന്റെ വരവ്. കമ്പനി പ്രത്യേകം തയാറാക്കിയ 31 ഒറിജിനൽ മോട്ടോർസൈക്കിൾ ആക്സസറികളും ഇതിനൊപ്പം ലഭ്യമാവും.
സൂപ്പർ മീറ്റിയർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും കാര്യമായ വ്യത്യാസങ്ങൾ കൊണ്ടുവരാൻ എൻഫീൽഡിനായിട്ടുണ്ട്. പുതിയ മോട്ടോർസൈക്കിളിന്റെ ബോഡി വർക്ക്, 13.8 ലിറ്റർ ശേഷിയുള്ള ചങ്കി ഫ്യുവൽ ടാങ്ക്, സൈഡ് പാനൽ, പിൻ ഫെൻഡർ വരെ അതുല്യമായി തോന്നിയേക്കാം. ഹെഡ്‌ലാമ്പിന് മുകളിൽ ഒരു അലുമിനിയം കൗൾ നൽകിയിരിക്കുന്നതും മോഡേൺ സ്റ്റൈലിംഗാണ് സമ്മാനിക്കുന്നത്.

കമാൻഡിംഗ് റൈഡിംഗ് പൊസിഷൻ വാഗ്ദാനം ചെയ്യുന്നതിനായി ഷോട്ട്ഗൺ മോട്ടോർസൈക്കിളിന് ഫ്ലാറ്റർ ഹാൻഡിൽബാറും സെന്റർ സെറ്റ് ഫൂട്ട്പെഗുകളുമാണ് എൻഫീൽഡ് ഒരുക്കിയിരിക്കുന്നത്. 648 സിസി എയർ-ഓയിൽ കൂൾഡ് പാരലൽ ട്വിൻ എഞ്ചിനാണ് ഷോട്ട്ഗണ്ണിന് തുടിപ്പേകുന്നത്. എന്നാൽ ഭാരവും സവിശേഷതകളും കണക്കിലെടുത്ത് റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650-യുടെ എഞ്ചിൻ റീട്യൂൺ ചെയ്‌തിട്ടുണ്ടെന്നാണ് വിവരം.
ഷോട്ട്ഗണ്ണിലെ പാരലൽ ട്വിൻ എഞ്ചിന് 47 bhp പവറിൽ പരമാവധി 52 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ലിറ്ററിന് 22 കിലോമീറ്റർ മൈലേജാണ് ബൈക്കിൽ വാഗ്ദാനം ചെയ്യുന്നത്. ഷോട്ട്ഗണ്ണിന് 795 മില്ലീമീറ്റർ സീറ്റ് ഉയരവും 1,465 മില്ലീമീറ്റർ വീൽബേസുമുണ്ട്. മുൻവശത്ത് പ്രത്യേക ഫംഗ്‌ഷനുള്ള 43 mm ബിഗ് പിസ്റ്റൺ ഷോവ ഫോർക്കുകളാണ് കിട്ടാനുള്ളത്.

പിന്നിലേക്ക് നോക്കിയാൽ ട്വിൻ ട്യൂബ് 5-സ്റ്റെപ്പ് ഷോക്ക് അബ്‌സോർബറുകളുമാണ് നൽകിയിരിക്കുന്നത്. ബ്രേക്കിംഗിലേക്ക് വന്നാൽ മുൻവശത്ത് 320 mm ഡിസ്‌ക്കും പിന്നിൽ 300 mm ഡിസ്‌ക്കുമാണ് ബ്രേക്കിംഗിനായി റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650-യിൽ ഒരുക്കിയിട്ടുള്ളത്. ഒപ്പം അധിക സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസും മോട്ടോർസൈക്കിളിലുണ്ടാവും. എന്തായാലും എൻഫീൽഡിനെ വേട്ടയാടാൻ എത്തിയ എതിരാളികൾക്ക് ഷോട്ട്ഗൺ ഇരുട്ടടിയാവും.


Click it and Unblock the Notifications








