ഇപ്പഴാണ് ശരിക്കും രാജാവായത്, കഴിഞ്ഞ മാസം റോയൽ എൻഫീൽഡ് വിറ്റത് 1.10 ലക്ഷം ബുള്ളറ്റുകൾ
റെട്രോ ക്ലാസിക് മോട്ടോർസൈക്കിളുകളുടെ (Retro Classic Motorcycles) രാജാക്കൻമാരായ റോയൽ എൻഫീൽഡിന് (Royal Enfield) ജനമനസുകളിലുള്ള സ്ഥാനം ഒന്ന് വേറെ തന്നെയാണ്. മിഡ്-കപ്പാസിറ്റി വിഭാഗത്തിലേക്ക് ട്രയംഫും ഹാർലി ഡേവിഡ്‌സണും ഹോണ്ടയും ബജാജും ജാവയും യെസ്‌ഡിയുമെല്ലാം പയറ്റാനിറങ്ങിയെങ്കിലും ഈ വിഭാഗത്തിലെ ഒരേയൊരു രാജാവ് തങ്ങൾ തന്നെയാണെന്ന് എൻഫീൽഡ് വീണ്ടും തെളിയിച്ചിരിക്കുകയാണ്. 2024 ഒക്ടോബറിൽ ഇന്ത്യൻ വിപണിയിൽ ആദ്യമായി 1 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കിയിരിക്കുകയാണ് കമ്പനി. ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു ലക്ഷത്തിന് മുകളിൽ റോയൽ എൻഫീൽഡിന്റെ വിൽപ്പന കണക്കുകൾ എത്തുന്നത്.
ആഭ്യന്തര വിപണിയിൽ കഴിഞ്ഞ മാസം 1,10,574 മോട്ടോർസൈക്കിളുകളാണ് റോയൽ എൻഫീൽഡ് മൊത്തത്തിൽ വിറ്റഴിച്ചത്. ഈ കാലയളവിൽ 8,688 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2024 ഒക്ടോബറിൽ റോയൽ എൻഫീൽഡ് 31 ശതമാനം വളർച്ച രേഖപ്പെടുത്തിയതും ശ്രദ്ധേയമാണ്. 2023 ഒക്ടോബറിൽ ബ്രാൻഡ് 84,435 യൂണിറ്റ് വിൽപ്പനയാണ് നേടിയത്.

2024 ജൂലൈയിൽ 2 ശതമാനം ഇടിവ് രേഖപ്പെടുത്തിയ കമ്പനി തുടർന്ന് ഓഗസ്റ്റിൽ 3 ശതമാനം ഇടിവും സെപ്റ്റംബറിൽ ഫ്ലാറ്റ് വിൽപ്പനയും റിപ്പോർട്ട് ചെയ്തു. ഇതിന് ശേഷം ആദ്യമായാണ് 2024-2025 സാമ്പത്തിക വർഷത്തിൽ വളർച്ചയുടെ പാതയിലേക്ക് ബ്രാൻഡ് തിരികെ എത്തുന്നത്. മോഡൽ നിരയിൽ കൊണ്ടുവന്ന പരിഷ്ക്കാരങ്ങളും പുത്തൻ മോട്ടോർസൈക്കിളുകളുമാണ് ഇത്രയും വിൽപ്പന പിടിക്കാൻ റോയൽ എൻഫീൽഡിനെ സഹായിച്ചത് എന്നതിൽ സംശയമൊന്നും വേണ്ട.
ഈ വർഷം റോയൽ എൻഫീൽഡ് ഗറില്ല 450-യും ബ്രാൻഡിൻ്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ ക്ലാസിക് 350-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും പുറത്തിറക്കിയിരുന്നു. മിലാനിലെ EICMA 2024 ഷോയിൽ ഇനിയും മോഡലുകൾ അവതരിക്കുമെന്നാണ് വിവരം. ഇക്കൂട്ടത്തിൽ പുതിയ ബിയർ 650 സ്ക്രാംബ്ലറും ഉണ്ടാവുമെന്നാണ് വിവരം. ഇന്റർസെപ്റ്റർ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന മോഡലിന് 648 സിസി എയർ/ഓയിൽ കൂൾഡ് പാരലൽ-ട്വിൻ എഞ്ചിനാണ് തുടിപ്പേകുന്നത്.

ഇന്റർസെപ്റ്ററിനെ അപേക്ഷിച്ച് ബിയറിൽ ടോർക്ക് 4.2 Nm കൂടുതലായിരിക്കും. അങ്ങനെ മൊത്തത്തിൽ 47 പവറിൽ പരമാവധി 56.5 Nm torque വരെ ഇത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും പുതിയ 650 സിസി സ്ക്രാംബ്ലർ. സ്റ്റാൻഡേർഡായി സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായാവും എഞ്ചിൻ ജോടിയാക്കുക. എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിലെ പരിഷ്ക്കാരങ്ങൾ കണക്കിലെടുക്കുമ്പോൾ വ്യത്യസ്തമായ ശബ്ദവും ഭാരം കുറഞ്ഞതുമായതിനാൽ കൂടുതൽ പെർഫോമൻസും ഉണ്ടാവും.
പൂർണമായും എൽഇഡി ലൈറ്റിംഗ് സ്റ്റാൻഡേർഡായി അവതരിപ്പിക്കുന്ന 650 ട്വിൻ ശ്രേണിയിലെ ആദ്യത്തെ ബൈക്കാണ് പുതിയ ബിയർ 650. ഹെഡ്‌ലൈറ്റ്, ടെയിൽ ലൈറ്റ്, ഇൻഡിക്കേറ്ററുകൾ എന്നിങ്ങനെയെല്ലാം തന്നെ എൽഇഡിയാണ്. സ്‌ക്രാംബ്ലർ സ്‌റ്റൈലിംഗ് എടുത്ത് കാണിക്കുന്നത് ബൈക്കിന്റെ പിന്നിലെ അൽപ്പം സ്‌കൂപ്പ് ചെയ്‌ത സീറ്റ്, ടു-ഇൻ-ടു-വൺ എക്‌സ്‌ഹോസ്റ്റ്, സൈഡ് പാനലിലെ നമ്പർ ബോർഡുകൾ, വീതിയേറിയ വൺപീസ് ഹാൻഡിൽബാർ, വൃത്താകൃതിയിലുള്ള ടെയിൽ ലാമ്പ് എന്നീ ഘടകങ്ങളാണെന്ന് പറയാം.

ഫീച്ചറുകളുടെ കാര്യത്തിലും റോയൽ എൻഫീൽഡ് ബിയർ 650 സ്ക്രാംബ്ലർ ഇടിവെട്ടാണ്. ഇന്റഗ്രേറ്റഡ് ഗൂഗിൾ മാപ്‌സ്, മ്യൂസിക് ഫംഗ്‌ഷനുകൾ എന്നിവയ്‌ക്കൊപ്പം പ്രവർത്തിക്കുന്ന ട്രിപ്പർ ഡാഷ് എന്ന് കമ്പനി വിളിക്കുന്ന 5 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളാണ് ഇതിലെ ഹൈലൈറ്റ്. ഓൺ-റോഡിലേതു പോലെ തന്നെ ഓഫ്-റോഡിലും പടക്കുതിരയായി വണ്ടി കൊണ്ടുനടക്കാനാവും.
ഇനി മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ഇൻ്റർസെപ്റ്ററിലെ RSU ടെലിസ്‌കോപ്പിക് ഫോർക്കുകൾക്ക് പകരമായി മുന്നിലെ സസ്‌പെൻഷൻ ഷോവയിൽ നിന്നുള്ള USD ടെലിസ്‌കോപ്പിക് ഫോർക്കുകളിലേക്ക് കമ്പനി അപ്‌ഗ്രേഡ് ചെയ്‌തു. ഇത് ബൈക്കിന്റെ സ്‌പോർട്ടി ഹാൻഡ്‌ലിംഗിന് സ്വഭാവത്തിന് ഉപകാരപ്പെട്ടിട്ടുണ്ട്. ഇൻ്റർസെപ്റ്റർ ബിയർ 650-ൽ ഇരട്ട-ഷോക്ക് സജ്ജീകരണമാണ് റിയർ സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








