ആക്‌ടിവയേക്കാൾ കിടിലമാണ്! ഇന്ത്യയിലെ ആദ്യത്തെ 125 സിസി സ്‌കൂട്ടർ ഇതുവരെ വാങ്ങിയത് 60 ലക്ഷം ആളുകൾ
സ്‌കൂട്ടർ എന്നാൽ ഇന്ത്യക്കാർക്ക് ആക്‌ടിവയാണ് അവസാന വാക്ക് എങ്കിലും അതേ അംഗീകാരം ലഭിക്കുന്നൊരു മോഡലാണ് സുസുക്കി ആക്‌സസ്. 19 വർഷങ്ങളായി വിപണിയിലുള്ള വാഹനം ഇന്ന് ഫാമിലി സ്‌കൂട്ടറുകളിലെ സൂപ്പർസ്റ്റാർ കൂടിയാണ്. കുറച്ചേ കുടിക്കൂവെന്ന ആക്‌സസിന്റെ പരസ്യ വീഡിയോയെല്ലാം സൃഷ്‌ടിച്ച ഓളം ഇന്നും മായാതെ കിടപ്പുണ്ട് താനും. വീട്ടിലെ എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാൻ അനുയോജ്യമായ മറ്റൊരു സ്‌കൂട്ടർ ഇല്ലെന്നും വേണമെങ്കിൽ പറയാം. ചെറുപ്പക്കാർക്ക് വേണ്ട പെർഫോമൻസും സ്റ്റൈലും, വീട്ടുകാർക്ക് വേണ്ട മൈലേജും സ്റ്റോറേജ് സ്പേസും അങ്ങനെ എല്ലാം ഒത്തുചേർന്ന ഓൾറൗണ്ടറാണ് കക്ഷി.
ഇപ്പോഴിതാ ഇന്ത്യയിൽ പുതിയൊരു വിൽപ്പന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് സുസുക്കി ആക്‌സസ് 125. മറ്റൊന്നുമല്ല വിപണിയിലെത്തിയതിന് ശേഷം 60 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടമാണ് സ്‌കൂട്ടർ ഇപ്പോൾ മറികടന്നിരിക്കുന്നത്. 125 സിസി സെഗ്‌മെൻ്റിൽ ഇന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ കൂടിയാണ് ആക്‌സസ്. 2006-ലാണ് ആക്‌സസ് ആദ്യമായി വിൽപ്പനയ്‌ക്കെത്തുന്നത്. അതിന് ശേഷം ഇന്നുവരെ ചൂടപ്പം പോലെയാണ് ആശാൻ വിറ്റഴിയുന്നതും.

ഇന്ത്യയിലെ ആദ്യത്തെ 125 സിസി സ്‌കൂട്ടർ എന്ന പ്രത്യേക വിശേഷണവും സുസുക്കി ആക്‌സസിന് അർഹതപ്പെട്ടതാണ്. സുഗമമായ പെർഫോമൻസും നല്ല മൈലേജും അന്ന് മുതൽ ഇന്ന് വരെ നൽകാൻ മോഡലിനായിട്ടുണ്ട്. ഇതെല്ലാം കുറഞ്ഞ മെയിന്റനെൻസ് ചെലവിൽ കിട്ടുമ്പോൾ എങ്ങനെ നെഞ്ചിലേറ്റാതിരിക്കും. അടിക്കടി ആക്‌സസിലേക്ക് പുതിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്ന് പുതുമ നിലനിർത്താനും സുസുക്കി ശ്രമിക്കാറുണ്ട്.
ആദ്യതലമുറയിലുള്ള മോഡൽ വലിയ ഹിറ്റായില്ലെങ്കിലും 2016-ലെത്തിയ രണ്ടാംതലമുറ ആവർത്തനമാണ് ശരിക്കും വിപണി പിടിച്ചത്. അടിമുടി മാറിയെത്തിയ സ്റ്റൈൽ ആളുകൾക്കെല്ലാം നന്നേ ബോധിച്ചു. 6,750 ആർപിഎമ്മിൽ 8.58 bhp കരുത്തും 5,500 ആർപിഎമ്മിൽ 10 Nm പീക്ക് ടോർക്കും നൽകുന്ന 125 സിസി എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സുസുക്കി ആക്‌സസിന്റെ ഹൃദയം. ഒരു സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഭാരം കുറവായതിനാൽ തന്നെ സഡൺ പിക്കപ്പും അതിമനോഹരമായ പെർഫോമൻസും ആക്‌സസിന് നൽകാനാവും. സുസുക്കി ഇക്കോ പെർഫോമൻസ് (SEP) സാങ്കേതികവിദ്യയോടെയാണ് സ്കൂട്ടർ വരുന്നത്. മെക്കാനാക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപ്പിക് യൂണിറ്റുകളും പിന്നിൽ സ്വിംഗ് ആം മൗണ്ടഡ് മോണോഷോക്കുമാണ് സുസുക്കി ഒരുക്കിയിരിക്കുന്നത്.
അതേസമയം ബ്രേക്കിംഗിനായി മുൻവശത്ത് ഡിസ്ക് അല്ലെങ്കിൽ ഡ്രം ബ്രേക്കും പിന്നിൽ ഡ്രം യൂണിറ്റുമാണ് ലഭിക്കുക. സിബിഎസ് അല്ലെങ്കിൽ കോംബി ബ്രേക്കിംഗ് സംവിധാനത്തോടെയാണ് സ്കൂട്ടർ വരുന്നത് എന്നതിനാൽ സുരക്ഷ ഇരട്ടിയാവുന്നുമുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലും ആളിച്ചിരി മോഡേൺ ആണ് കേട്ടോ. ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഇൻകമിംഗ് കോൾ, എസ്എംഎസ്, വാട്ട്‌സ്ആപ്പ് അലേർട്ടുകൾ എന്നിവയ്‌ക്കൊപ്പം ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളാണ് സ്കൂട്ടറിൽ വാഗ്‌ദാനം ചെയ്യുന്നത്.

ഇതോടൊപ്പം മിസ്‌ഡ് കോൾ, അൺറീഡ് എസ്എംഎസ് അലേർട്ട്, സ്പീഡ് എക്‌സീഡിംഗ് ലിമിറ്റ് വാർണിംഗ്, ഫോൺ ബാറ്ററി ലെവൽ ഡിസ്‌പ്ലേ എന്നിവയും സ്കൂട്ടറിലെ സവിശേഷതകളാണ്. 22.3 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് കപ്പാസിറ്റി, സുസുക്കി ഈസി സ്റ്റാർട്ട് സിസ്റ്റം, നീളമേറിയ സീറ്റ്, വീതിയേറിയ ഫ്ലോർബോർഡ് എന്നിവയാണ് സുസുക്കി ആക്‌സസിന്റെ മറ്റ് ഹൈലൈറ്റുകൾ. എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി പൊസിഷൻ ലൈറ്റുകൾ, യുഎസ്ബി ചാർജിംഗ് സോക്കറ്റ്, ക്രോംഡ് എക്‌സ്‌റ്റേണൽ ഫ്യൂവൽ റീ-ഫില്ലിംഗ് ലിഡ് എന്നിവയും സ്കൂട്ടറിലുണ്ട്.
വൈവിധ്യമാർന്ന കളർ ഓപ്ഷനുകളും കമ്പനി ജനപ്രിയ 125 സിസി സ്‌കൂട്ടറിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. സ്റ്റാൻഡേർഡ് എഡിഷൻ ഡ്രം ബ്രേക്ക്, സ്റ്റാൻഡേർഡ് എഡിഷൻ ഡ്രം ബ്രേക്ക് ആൻഡ് അലോയ് വീൽ, സ്റ്റാൻഡേർഡ് എഡിഷൻ ഡിസ്‌ക് ബ്രേക്ക്, സ്‌പെഷ്യൽ എഡിഷൻ ഡിസ്‌ക് ബ്രേക്ക്, റൈഡ് കണക്റ്റ് എഡിഷൻ വിത്ത് ഡ്രം ബ്രേക്ക് ആൻഡ് അലോയ് വീൽ, റൈഡ് കണക്ട് എഡിഷൻ എന്നിങ്ങനെ മൊത്തം 6 വേരിയന്റുകളിൽ സുസുക്കിയുടെ 125 സിസി സ്‌കൂട്ടർ വാങ്ങാനാവും.
നിലവിൽ തെരഞ്ഞെടുക്കുന്ന വേരിയന്റിന് അനുസരിച്ച് 79,400 രൂപ മുതൽ 89,500 രൂപ വരെയാണ് സുസുക്കി ആക്‌സസിന് എക്സ്ഷോറൂം വില വരുന്നത്. ടിവിഎസ് ജുപ്പിറ്റർ 125, ഹോണ്ട ആക്‌ടിവ 125, യമഹ റേ ZR, ഫാസിനോ പോലുള്ള മോഡലുകളുമായാണ് ആക്‌സസിന്റെ മത്സരം. എന്തായാലും നല്ലൊരു സ്കൂട്ടർ വാങ്ങാൻ പ്ലാനിടുവാണെങ്കിൽ ഈ കിടിലൻ മോഡൽ പരിഗണിക്കാതെ പോവരുതേ.


Click it and Unblock the Notifications








