സുസുക്കിയുടെ ഷോറൂമുകൾ കാലിയാവും, ഈ ബൈക്കുകൾ വാങ്ങിയാൽ 10 വർഷം വാറണ്ടിയും 20,000 രൂപ ക്യാഷ്ബാക്കും
ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിലെ അതികായകൻമാരിൽ ഒരാളാണ് സുസുക്കി (Suzuki Motorcycles). മോട്ടോർസൈക്കിളുകളേക്കാൾ കൂടുതൽ സ്‌കൂട്ടറുകളിലൂടെയാണ് ഈ ജാപ്പനീസ് കമ്പനി ജനപ്രിയരായതെന്ന് വേണം പറയാൻ. ആക്‌സസ് 125, ബർഗ്മാൻ 125 പോലുള്ള കിടിലൻ മോഡലുകളാണ് കമ്പനിയുടെ വളർച്ചയ്ക്ക് നട്ടെല്ലായത്. പിന്നീട് ജിക്‌സർ സീരീസിലൂടെ ബൈക്ക് വിഭാഗത്തിലും തങ്ങളുടേതായ സ്ഥാനം നേടിയെടുക്കാനും സുസുക്കിക്ക് സാധിച്ചിട്ടുണ്ട്. ഒന്നാംതലമുറ ജിക്‌സർ യമഹ FZ, ബജാജ് പൾസർ മോഡലുകളോട് പടവെട്ടിയാണ് രാജ്യംവെട്ടിപ്പിടിച്ചത്. പിന്നീട് ഒരു അഡ്വഞ്ചർ മോട്ടോർസൈക്കിളിനെയും കൊണ്ടുവന്ന് കച്ചോടം പിടിക്കാൻ ബ്രാൻഡിനായി.
ഇപ്പോഴിതാ ഉത്സവ സീസണിൽ കൂടുതൽ കച്ചോടം പിടിക്കാനായി ജനപ്രിയ മോഡലുകളിൽ ചില കിടിലൻ ഓഫറുകളും അവതരിപ്പിച്ചിരിക്കുകയാണ് സുസുക്കി. ജിക്‌സർ, ജിക്‌സർ SF, വി-സ്ട്രോം SX മോട്ടോർസൈക്കിളുകളാണ് ഗംഭീര ആനുകൂല്യങ്ങളോടെ സ്വന്തമാക്കാനാവുക. ക്യാഷ്ബാക്ക്, എക്സ്ചേഞ്ച്, എക്സ്റ്റൻഡഡ് വാറണ്ടി എന്നിവയുടെ രൂപത്തിലാണ് ഓഫറുകൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

ഈ ഓഫറുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ലഭിക്കുന്നതിന്, അടുത്തുള്ള ഡീലർഷിപ്പുകളുമായി ബന്ധപ്പെടുന്നതാവും ഉചിതം. എങ്കിലും കാര്യങ്ങൾ എളുപ്പമാക്കാനായി സുസുക്കി പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകളുടെ ചെറിയ വിശദാംശങ്ങൾ ഞങ്ങൾ ഇവിടെ പങ്കുവെക്കാം. വി-സ്ട്രോം SX അഡ്വഞ്ചർ ബൈക്ക് വാങ്ങാൻ എത്തുന്നവർക്ക് 10,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും 6,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറും ലഭിക്കും.
ഇതേ ഓഫർ ജിക്‌സർ, ജിക്‌സർ SF എന്നിവയ്ക്കും ബാധകമാണ്. ജിക്‌സർ 250, ജിക്‌സർ SF 250 എന്നിവയ്ക്ക് 20,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. എല്ലാ മോട്ടോർസൈക്കിളുകളും 10 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയോടെയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി വിപണനം ചെയ്യുന്നത് എന്നതും സ്വാഗതാർഹമായ കാര്യമാണ്. വയാതൊരു ഹൈപ്പോതെക്കേഷനും കൂടാതെ 100 ശതമാനം വരെ ഫിനാൻസും ടൂവീലറുകൾക്ക് ലഭിക്കും.

സുസുക്കി വി-സ്ട്രോം SX അഡ്വഞ്ചറിന് ഇന്ത്യയിൽ 2.11 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ബൈക്ക് വൈവിധ്യമാർന്നതും ഓടിക്കാൻ വളരെ എളുപ്പവുമാണെന്നതിനാൽ ചൂടപ്പം പോലെ വിറ്റഴിയുന്നുമുണ്ട്. ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളിന്റെ സ്റ്റൈൽ, സുഖപ്രദമായ എർഗണോമിക്സ്, എഞ്ചിൻ പെർഫോമൻസ് എന്നിവയെല്ലാം പ്രശംസനീയമാണ്. ഇന്ധനക്ഷമതയും ഈ സെഗ്മെന്റിലെ ഏറ്റവും ഉയർന്നതാണെന്നതും ശ്രദ്ധേയമാണ്.
26.1 bhp പവറിൽ പരമാവധി 22.2 Nm torque നൽകുന്ന 249 സിസി, ഓയിൽ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സുസുക്കി വി-സ്ട്രോം SX അഡ്വഞ്ചറിന്റെ ഹൃദയം. 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. MRF ഡ്യുവൽ പർപ്പസ് ടയറുകളുള്ള ബൈക്കിന് 19 ഇഞ്ച് ഫ്രണ്ട് അലോയ് വീലും 17 ഇഞ്ച് റിയർ അലോയ് വീലുമാണ് ലഭിക്കുന്നത്. ബ്രേക്കിംഗിനായി 300 mm ഫ്രണ്ട് ഡിസ്‌കും 220 mm റിയർ ഡിസ്‌ക്കുമാണ് ഒരുക്കിയിരിക്കുന്നത്.

ഡ്യുവൽ-ചാനൽ എബിഎസും സ്റ്റാൻഡേർഡായി ലഭിക്കുന്നതിനാൽ സുരക്ഷ ഒരു ആശങ്കയാവുകയേയില്ല. വി-സ്ട്രോം SX 250 മോഡലിന്റെ മറ്റ് ഫീച്ചറുകളിലേക്ക് വന്നാൽ ടൂറിംഗ് അധിഷ്ഠിത ബൈക്കായതിനാൽ തന്നെ മോഡേൺ സവിശേഷതകളെല്ലാം കമ്പനി കൊടുത്തിട്ടുണ്ട്. ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, യുഎസ്ബി ചാർജിംഗ് എന്നിവയെല്ലാം മോടിയേകുന്ന കാര്യമാണ്. 167 കിലോഗ്രാമാണ് മോട്ടോർസൈക്കിളിന്റെ കർബ് ഭാരം.
സ്റ്റാൻഡേർഡ് പതിപ്പ് ചാമ്പ്യൻ യെല്ലോ നമ്പർ രണ്ട്, പേൾ ബ്ലേസ് ഓറഞ്ച്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. മിസ്‌ഡ് കോൾ അലേർട്ടുകൾ, കോളർ ഐഡി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, എസ്എംഎസ്, വാട്ട്‌സ്ആപ്പ് സന്ദേശങ്ങളുടെ അലേർട്ടുകൾ, ETA അപ്‌ഡേറ്റുകൾ, സ്പീഡ് എക്സീഡിംഗ് അലർട്ടുകൾ തുടങ്ങിയ സവിശേഷതകൾ കൊണ്ടുവരുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സുസുക്കിയുടെ അഡ്വഞ്ചർ സ്റ്റൈൽ മോട്ടോർസൈക്കിളായ വി-സ്ട്രോം 250 SX മോഡലിന് ലഭിക്കുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








