ആക്‌സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
അഡ്വഞ്ചർ ടൂറർ ബൈക്കുകൾക്ക് പറ്റിയ നാടായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇന്ന് മോട്ടോർസൈക്കിൾ വാങ്ങുന്നവരെല്ലാം അൽപം പ്രീമിയം മോഡൽ തന്നെ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ്. ഈ ട്രെൻഡിന് തുടക്കമിട്ടതും വേറെ തലത്തിൽ എത്തിച്ചതും റോയൽ എൻഫീൽഡ് ഹിമാലയനാണെന്ന് തന്നെ പറയാം. ഇന്ന് പുതിയൊരു ടൂവീലർ വാങ്ങണമെങ്കിൽ തന്നെ ബജറ്റ് 1 ലക്ഷത്തിന് മുകളിൽ പോവും.
അങ്ങനെ നോക്കുമ്പോൾ കുറച്ചുകൂടി ബജറ്റ് സെറ്റാക്കി പ്രീമിയം ടൂവീലർ തന്നെ വാങ്ങാനാണ് പലരും തീരുമാനിക്കുന്നത്. വിപണിയുടെ സ്വഭാവം മാറിയതോടെ ഹൈഃഎൻഡ് ലക്ഷ്വറി, സൂപ്പർ ബൈക്കുകൾക്ക് വരെ ഇന്ത്യയിൽ വലിയ ഡിമാന്റാണ് കാണുന്നത്. സൂപ്പർബൈക്ക് എന്ന് കേൾക്കുമ്പോഴെ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന മോഡലായിരിക്കാം സുസുക്കി ഹയാബൂസ.

ധൂം എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ പേരും പ്രശസ്‌തിയും നേടിയത് ജോൺ ഏബ്രഹാമോ അഭിഷേക് ബച്ചനോ ആയിരുന്നില്ല. സുസുക്കി ഹയാബൂസയായിരുന്നുവെന്ന് വേണം പറയാൻ. അങ്ങനെ ജനഹൃദയങ്ങൾ കീഴടക്കിയ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ജിക്‌സർ സീരീസിലൂടെയാണ് സാധാരണക്കാർക്കിടയിലേക്ക് ഇറങ്ങിയെത്തിയത്. പിന്നീട് വി-സ്ട്രോം 250 പതിപ്പും കൊണ്ടുവന്ന് അഡ്വഞ്ചർ മോട്ടോർസൈക്കിൾ ലോകവും കമ്പനി കീഴടക്കി.
ഇതിനുപിന്നാലെ ബ്രാൻഡ് നിര വിപുലീകരിക്കാനായി സുസുക്കി വി-സ്ട്രോം 800DE എന്ന പ്രീമിയം അഡ്വഞ്ചർ ടൂറർ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോവുകയാണ്. കഴിഞ്ഞ വർഷം ഇന്ത്യയിൽ പരീക്ഷണം നടത്തുകയും ഈ വർഷം ആദ്യം നടന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുകയും ചെയ്‌ത മോഡൽ മാർച്ച് 29-ന് അതായത് നാളെ വിപണിയിൽ അരങ്ങേറും. മിഡിൽ വെയ്റ്റ് മോഡലായതിനാൽ തന്നെ രാജ്യം ഏറെ പ്രതീക്ഷയോടെയാണ് ഇതിനെ കാത്തിരിക്കുന്നത്.

GSX-8S നേക്കഡ് ബൈക്കിൻ്റെ അതേ സ്റ്റീൽ ഫ്രെയിമാണ് വി-സ്ട്രോം 800DE മോഡലിന്റെ ഏറ്റവും വലിയ സവിശേഷത. കാഴ്ച്ചയിൽ വി-സ്ട്രോം സീരീസിന്റെ അതേ രൂപമാണ് കമ്പനി മുന്നോട്ട് കൊണ്ടുപോയിരിക്കുന്നത്. ഒരു മോഡേൺ മിഡിൽവെയ്റ്റ് അഡ്വഞ്ചർ ടൂറിംഗ് ബൈക്കിൽ പ്രതീക്ഷിക്കുന്ന എല്ലാത്തരം ഇലക്ട്രോണിക് ഫീച്ചറുകളാലും സുസുക്കിയുടെ പുത്തൻ വണ്ടി സമ്പന്നമാണ്.
ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ, ഗ്രാവൽ മോഡ് ഉൾപ്പെടെ നാല് റൈഡിംഗ് മോഡുകൾ, മൂന്ന് ട്രാക്ഷൻ കൺട്രോൾ ക്രമീകരണങ്ങൾ, ഡ്യുവൽ-ചാനൽ എബിഎസ്, പുതിയ 5 ഇഞ്ച് TFT ഡിസ്പ്ലേ, സുസുക്കിയുടെ ഈസി സ്റ്റാർട്ട് സിസ്റ്റം, പൂർണ എൽഇഡി ലൈറ്റിംഗ് എന്നിവയെല്ലാം സുസുക്കി വി-സ്ട്രോം 800DE മിഡിൽവെയ്റ്റ് മോട്ടോർസൈക്കിളിന്റെ പ്രധാന സവിശേഷതകളാണ്.

പുതിയ മോട്ടോർസൈക്കിളിന് പഴയ 650 സിസി പതിപ്പിനേക്കാൾ കൂടുതൽ പരിഷ്ക്കാരങ്ങൾ ലഭിക്കുന്നുണ്ട്. അതിപ്പോൾ ഡിസൈനിലായാലും പെർഫോമൻസിലായാലും ഫീച്ചറുകളിലായാലും പ്രകടമാണ്. 649 സിസി വി-ട്വിന് പകരം പുതുതായി വികസിപ്പിച്ച 776 സിസി പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് സുസുക്കി വി-സ്ട്രോം 800DE പതിപ്പിന് തുടിപ്പേകുന്നത്. 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 83 bhp കരുത്തിൽ പരമാവധി 78 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.
സുസുക്കി വി-സ്‌ട്രോം 800DE അതിന്റെ പിൻമാഗിയെ അപേക്ഷിച്ച് കൂടുതൽ ഷാർപ്പർ സ്റ്റൈലിംഗും ഉയരമുള്ള റൈഡിംഗ് സ്റ്റാൻസുമാണ് നൽകുന്നത്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ മുൻവശത്ത് അപ്സൈഡ് ഡൌൺ ഫോർക്കുകളും പിന്നിൽ റിമോട്ട് പ്രീലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ബ്രേക്കിംഗിലേക്ക് വന്നാൽ ഡ്യുവൽ 310 mm ഫ്രണ്ട് ഡിസ്‌കുകളിൽ നിന്നും പിന്നിൽ സിംഗിൾ ഡിസ്‌ക്കുമാണ് കിട്ടുന്നത്.

അഡ്വഞ്ചർ മോട്ടോർസൈക്കിളിന് സ്റ്റാൻഡേർഡായി ഡ്യുവൽ-ചാനൽ എബിഎസ് ലഭിക്കുന്നത് സേഫ്റ്റി വർധിപ്പിക്കുന്ന കാര്യമാണ്. 110/80 ഫ്രണ്ട്, 150/70 പിൻ ട്യൂബ്‌ലെസ് ടയറുകളിൽ പൊതിഞ്ഞ 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ സ്‌പോക്ക് വീലുകളിലാണ് സുസുക്കി വി-സ്ട്രോം 800DE നിരത്തിലെത്തുന്നത്. വില നോക്കിയാൽ ഏകദേശം 10 ലക്ഷം മുതൽ 11 ലക്ഷം വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. ഹോണ്ട XL750 ട്രാൻസാൽപ്, ബിഎംഡബ്ല്യു F 850 GS, ട്രയംഫ് ടൈഗർ 900, കവസാക്കി വെർസിസ് 650 എന്നിവയുമായാവും സുസുക്കിയുടെ മത്സരം.


Click it and Unblock the Notifications