ഒരു ലിറ്റർ പെട്രോളിൽ 86 കി.മീ. വരെ ഓടും, ഏറ്റവും മൈലേജുള്ള ബൈക്കുകൾ ഏതാണെന്ന് അറിയാമോ?
ഏത് വാഹനം വാങ്ങിയാലും ഇന്ത്യക്കാർ ആദ്യം പരിഗണിക്കുന്ന സംഗതിയാണ് മൈലേജ്. എത്ര കിട്ടുമെന്ന് അറിഞ്ഞിട്ട് മാത്രമായിരിക്കും പലരും കാറോ ബൈക്കോ വാങ്ങാറ്. ഇന്നത്തെ തലമുറയിൽ പെട്ടവർ ഇന്ധനക്ഷമതയ്ക്ക് അത്ര പ്രാധാന്യം കൊടുക്കുന്നില്ലെങ്കിലും 90 കിഡ്‌സിനും അതിന് മുമ്പുള്ളവർക്കുമെല്ലാം ഇതിലൊക്കെ അൽപം വിശ്വാസമുണ്ട്. കാരണം ഇവരൊക്കെ ഫാമിലി മാനായി ഒതുങ്ങിക്കൂടിയവരായിരിക്കും. കാറുകളിലും ഇതിന് വലിയ സ്ഥാനമുണ്ടെങ്കിലും മോട്ടോർസൈക്കിളിന്റെ കാര്യത്തിൽ മൈലേജിന് വല്ലത്തൊരു സ്ഥാനമുണ്ട്. കാരണം പലരും ദിവസേനയുള്ള യാത്രകൾക്ക് കൂടുതൽ ആശ്രയിക്കുന്നത് ഇരുചക്ര വാഹനങ്ങളേയായിരിക്കും എന്നതു തന്നെയാണ്.
തിരക്കേറിയ നഗര യാത്രകൾക്കാണെങ്കിലും ദീർഘദൂര യാത്രകൾക്കാണെങ്കിലും പോക്കറ്റ് കീറാതെ യാത്ര ചെയ്യാനാണ് ഏവർക്കും താത്പര്യം. മികച്ച ഇന്ധനക്ഷമതയുള്ള ബൈക്കാണെങ്കിൽ കിട്ടുന്ന മനസമാധാനം ചില്ലറയൊന്നുമല്ല. ജീവിത ചെലവുകളുടെ രണ്ടറ്റം കൂട്ടിമുട്ടിക്കാനോടുന്നവർക്കേ ഇതൊക്കെ എളുപ്പത്തിൽ മനസിലാക്കാനാവൂ. നിലവിൽ ഇന്ത്യയിൽ ഏറ്റവും മൈലേജുള്ള 5 ബൈക്കുകൾ ഏതെല്ലാമാണെന്ന് പറഞ്ഞുതരട്ടേ.

ഹോണ്ട CD 110 ഡ്രീം ഡീലക്‌സ്: അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത ഈ കമ്മ്യൂട്ടർ ബൈക്ക് ആളൊരു കേമനാണേ. ജാപ്പനീസ് എൻഹാൻസ്ഡ് സ്മാർട്ട് പവർ (eSP) സാങ്കേതികവിദ്യയുള്ള 110 സിസി എഞ്ചിനാണ് CD 110 ഡ്രീം ഡീലക്‌സിന്റെ ഹൃദയം. ACG സഹിതമുള്ള സൈലൻ്റ് സ്റ്റാർട്ടർ, ഇക്വലൈസർ ഉള്ള കോമ്പി ബ്രേക്കിംഗ്, കുറഞ്ഞ മെയിൻ്റനൻസ് സീൽ ചെയിൻ എന്നിവ ബൈക്കിന് ലഭിക്കുന്നുണ്ട്.
ഹോണ്ട CD 110 ഡ്രീം ഡീലക്‌സ് മോട്ടോർസൈക്കിളിന് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ 3 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും 7 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയും വരെ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് കേൾക്കുമ്പോൾ പലരുടേയും കിളിപോയേക്കാം. അതായത് മൊത്തം 10 വർഷം വാറണ്ടിയോടെയാണ് ബൈക്ക് വാങ്ങാനാവുന്നതെന്ന് സാരം. 74,401 രൂപ എക്സ്ഷോറൂം വില വരുന്ന മോഡലിന് 65 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി പറയുന്നത്.

ബജാജ് ഫ്രീഡം 125: ഈ പേര് കേട്ടാൽ പെട്ടന്ന് മനസിലായില്ലെങ്കിലും ബജാജിന്റെ സിഎൻജി ബൈക്ക് എന്നുപറഞ്ഞാൽ ഇപ്പോൾ എല്ലാവർക്കും അറിയാം. ലോകത്തിലെ ആദ്യത്തെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് മോട്ടോർബൈക്ക് കൂടിയാണിത്. 89,997 രൂപ മുതൽ 1.09 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന ഫ്രീഡം മൂന്ന് വ്യത്യസ്‌ത വേരിയന്റുകളിൽ വാങ്ങാനാവും. 125 സിസി എഞ്ചിനാണ് ഇതിന്റെ ഹൃദയം.
കൂടാതെ സിഎൻജിക്കും പെട്രോളിനുമായി ഡ്യുവൽ ഫ്യുവൽ ടാങ്കുകളും ബജാജ് ഒരുക്കിയിട്ടുണ്ട്. ഈ എഞ്ചിൻ 9.3 bhp പവർ വരെ ഉത്പാദിപ്പിക്കും. സിഎൻജിയിൽ കിലോമീറ്ററിന് 1 രൂപ മാത്രമാണ് ചെലവ് വരുന്നത്. ഓൾ-എൽഇഡി ലൈറ്റിംഗ്, മോണോ-ലിങ്ക്ഡ് റിയർ സസ്പെൻഷൻ, മറ്റ് ആധുനിക ഫീച്ചറുകൾ എന്നിവ മോട്ടോർസൈക്കിളിൻ്റെ സവിശേഷതകളാണ്. ലിറ്ററിന് 65 കിലോമീറ്റർ മൈലേജാണ് ബജാജ് ഫ്രീഡം വാഗ്ദാനം ചെയ്യുന്നത്.

ബജാജ് പ്ലാറ്റിന 110: മൈലേജ് എന്ന് കേൾക്കുമ്പോഴേ പലരുടേയും മനസിലേക്ക് ഓടിയെത്തുന്ന പേരായിരിക്കും പ്ലാറ്റിനയുടേത്. 115 സിസി കപ്പാസിറ്റിയുള്ള ബജാജിൻ്റെ DTS-i എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. എൽഇഡി ഡിആർഎൽ, ഹാൻഡ് ഗാർഡുകൾ, വൈഡ് ഫുട്‌പെഗുകൾ, 5 സ്പീഡ് ഗിയർബോക്‌സ് എന്നീ സവിശേഷതകളുമായി വരുന്ന മോഡലിന് 71,354 രൂപയാണ് വില വരുന്നത്. മൈലേജിലേക്ക് നോക്കിയാൽ ലിറ്ററിന് 70 കിലോമീറ്ററാണെന്നാണ് കമ്പനി പറയുന്നു.
ഹീറോ സ്‌പ്ലെൻഡർ പ്ലസ്: മൈലേജിൻ്റെ രാജാവ് എന്ന് അറിയപ്പെടുന്ന സ്പ്ലെൻഡർ ഒരപാര ബൈക്ക് തന്നെയാണ്. 75,441 രൂപയിൽ തുടങ്ങി മുൻനിര വേരിയൻ്റിന് 78,286 രൂപ വരെ എക്സ്ഷോറൂം വില വരുമെങ്കിലും ലിറ്ററിന് 80.6 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന് നൽകാനാവുക. 100 സിസി എഞ്ചിൻ ലഭിക്കുന്ന ഇതിന് i3s സാങ്കേതികവിദ്യയുണ്ട്.

ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ്: ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള ബൈക്ക് ഏതാണെന്ന് ചോദിച്ചവർക്കുള്ള ഉത്തരമാണ് സ്റ്റാർ സിറ്റി പ്ലസ്. മോട്ടോർസൈക്കിളിൻ്റെ ഇന്ധനക്ഷമത 15 ശതമാനം മെച്ചപ്പെടുത്തുമെന്ന് അവകാശപ്പെടുന്ന ഇക്കോത്രസ്റ്റ് ഫ്യൂവൽ ഇഞ്ചക്ഷൻ (ETFi) സാങ്കേതികവിദ്യയുള്ള 110 സിസി എഞ്ചിനാണ് ടിവിഎസ് ബൈക്കിന്റെ ഹൃദയം. അങ്ങനെ മോഡലിന് ലിറ്ററിന് 86 കിലോമീറ്റർ വരെ മൈലേജ് നൽകാനാവും. 75,541 രൂപ മുതൽ 78,541 രൂപ വരെയാണ് വില വരുന്നതും.


Click it and Unblock the Notifications








