എൻഫീൽഡ് ഇല്ലാത്ത ലീഗിൽ പുതിയ ബൈക്കിറക്കാൻ ട്രംയംഫ്, ഇനി വരുന്നത് 660 സിസി മോഡൽ; ബുക്കിംഗും തുടങ്ങി
ഇന്ത്യൻ വിപണിയിലെ സൂപ്പർബൈക്ക് ഗ്യാങിലെ പ്രധാനിയാണ് ബ്രിട്ടീഷ് ആഡംബര ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫ്. അടുത്തിടെ സാധാരണക്കാരായ യൂത്തൻമാരെ വശത്താക്കാൻ വേണ്ടി കമ്പനി രണ്ട് കിടിലൻ 400 സിസി മോട്ടോർസൈക്കിളുകളും പുറത്തിറക്കിയിരുന്നു. ബജാജിന്റെ സഹകരണത്തോടെ വികസിപ്പിച്ച സ്പീഡും സ്ക്രാംബ്ലറും ഇന്ന് വമ്പൻ ഹിറ്റാണ്. ഇതിലൂടെ ആളുകളിലേക്ക് കൂടുതൽ അടുക്കാനും കമ്പനിക്കായിട്ടുണ്ടെന്ന് വേണം പറയാൻ. എന്തായാലും പണ്ടത്തേക്കാൾ ജനപ്രീതി കിട്ടിയ സമയത്ത് തന്നെ മോഡൽ നിര പുതുക്കാനുള്ള ശ്രമങ്ങളും ആവിഷ്ക്കരിച്ചിരിക്കുകയാണ് ബ്രാൻഡ്. അതിന്റെ ഭാഗമായി എത്താൻ പോവുന്നത് വലിയ ആരാധകരുള്ള സ്പോർട് ബൈക്കാണ്.
ഡേടോണ 660 ആണ് ട്രയംഫ് അടുത്തതായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന മോഡൽ. പുതിയ മോട്ടോർസൈക്കിൾ ഇതിനകം തന്നെ ഇന്ത്യയുടെ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇത് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയ ബൈക്കിനായുള്ള പ്രീ-ബുക്കിംഗും കമ്പനി തുടങ്ങിയതായാണ് വിവരം. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ട്രയംഫ് ഷോറൂമുകൾ വഴിയോ ഓൺലൈനായോ 25,000 രൂപ ടോക്കൺ തുകനൽകി വാഹനം പ്രീ-ബുക്ക് ചെയ്യാം.

ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളുടെ നിരയിലെ ഏറ്റവും വിലകൂടിയ 660 സിസി മോട്ടോർസൈക്കിളായിരിക്കും ഡേടോണ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കവസാക്കി നിഞ്ച 650 സൂപ്പർബൈക്കിനോടാണ് ഡേടോണ 660 നേരിട്ട് മത്സരിക്കുന്നത്. മോട്ടോർസൈക്കിളുകൾ ഇതിനകം ഡീലർഷിപ്പുകളിൽ എത്തിയിട്ടുണ്ടെന്നതിനാൽ ജൂലൈ മാസത്തിൽ തന്നെ മോട്ടോർസൈക്കിളിൻ്റെ ലോഞ്ച് നടന്നേക്കും.
സാറ്റിൻ ഗ്രാനൈറ്റ്, സഫയർ ബ്ലാക്ക്, കാർണിവൽ റെഡ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ട്രയംഫ് ഡേടോണ 660 വിപണനത്തിന് എത്തുക. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും ആകർഷിക്കുന്ന കിടിലൻ ലുക്കാണ് ബൈക്കിനുള്ളത്. ഡേടോണ 675-ൽ നിന്ന് എടുത്ത ഡിസൈൻ ഹൈലൈറ്റുകളും കാണാനാവും. മുന്നിൽ ട്വിൻ-പോഡ് ഹെഡ്‌ലാമ്പുകളും മസ്ക്കുലർ ഫ്യൂവൽ ടാങ്കും ഫെയറിംഗുമാണ് പുത്തൻ പതിപ്പിനെ കിടിലമാക്കുന്നത്.

ഫീച്ചറുകളിലേക്ക് നോക്കിയാൽ മൈ ട്രയംഫ് കണക്റ്റിവിറ്റി സിസ്റ്റത്തെ ഓപ്ഷണൽ ഫീച്ചറായി പിന്തുണയ്ക്കുന്ന ഒരു മോണോക്രോം TFT എൽസിഡി ഡിസ്പ്ലേ ഫീച്ചർ ചെയ്യുന്ന ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളായിരിക്കും ഡേടോണ 660-യിൽ ഉണ്ടിയിരിക്കുക. അധിക ഉപകരണങ്ങളിൽ മൂന്ന് റൈഡിംഗ് മോഡുകളുള്ള ഒരു റൈഡ് ബൈ വയർ ത്രോട്ടിൽ, ട്വിൻ എൽഇഡി ഹെഡ്‌ലാമ്പുകൾ, ട്രാക്ഷൻ കൺട്രോൾ മുതലായവ സവിശേഷതകളും ഉൾപ്പെടും.
ട്രയംഫ് ട്രൈഡന്റിനും ടൈഗർ സ്‌പോർട്ടിനും തുടിപ്പേകുന്ന അതേ 660 സിസി എഞ്ചിനാണ് ഡേടോണ 660 സൂപ്പർബൈക്കിന്റെയും ഹൃദയം. 240-ഡിഗ്രി ഫയറിംഗ് ഓർഡർ ഉപയോഗിക്കുന്ന ഇൻ-ലൈൻ ത്രീ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ ആണ് ഇത്. എന്നിരുന്നാലും ബൈക്കിന്റെ സ്വഭാവ സവിശേഷതകൾക്കനുസരിച്ച് റീട്യൂണിംഗ് ചെയ്‌തിട്ടുണ്ടെന്നാണ് വിവരം. അങ്ങനെ 11,250 ആപിഎമ്മിൽ 93.70 bhp പരമാവധി കരുത്തും 8,250 ആർപിഎമ്മിൽ 69 Nm ടോർക്കും ഉത്പാദിപ്പിക്കാൻ വാഹനത്തിനാവും.

സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ട്രയംഫിന്റെ പുത്തൻ മോട്ടോർസൈക്കിളിൻ്റെ സർവീസ് ഇന്റർവെൽ 16,000 കി.മീ അല്ലെങ്കിൽ 12 മാസമാണ്. ഏതാണ് ആദ്യം വരുന്നത് എന്ന കണക്ക് നോക്കിയായിരിക്കും സർവീസിന് എത്തിക്കേണ്ടി വരിക. ഇത് എന്തായാലും ആളുകളെ സംബന്ധിച്ച് വലിയ നേട്ടമുള്ള കാര്യമാണ്. റോഡ്, റെയിൻ റൈഡിംഗ് മോഡുകൾ കൂടാതെ ബ്രാൻഡ് ഒരു പുതിയ സ്‌പോർട് റൈഡിംഗ് മോഡും ഡേടോണയിൽ ചേർത്തിട്ടുണ്ട്.
മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ ട്യൂബുലാർ സ്റ്റീൽ പെരിമീറ്റർ ഫ്രെയിമിലാണ് ട്രയംഫ് ഡേടോണ 660 പണിതിറക്കുന്നത്. സസ്പെഷൻനായി മുൻവശത്ത് 110 mm ട്രാവലുള്ള ബിഗ് പിസ്റ്റൺ ഫോർക്കുകളുള്ള 41 mm അപ്-സൈഡ് ഡൗൺ സ്പെഷ്യൽ ഫംഗ്‌ഷൻ സസ്പെൻഷനാണ് ലഭിക്കുന്നത്. ബ്രേക്കിംഗിനായി മുൻവശത്ത് 4-പിസ്റ്റൺ കാലിപ്പറുകളുള്ള ഡ്യുവൽ 310 mm ഡിസ്കുകളും പിന്നിൽ സിംഗിൾ പിസ്റ്റൺ കാലിപ്പറുള്ള 220 mm ഡിസ്ക്കുമാണ് കിട്ടുക. അധിക സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസും ഓഫറിലുണ്ട്.


Click it and Unblock the Notifications








