20 കി.മീ. മൈലേജുള്ള സൂപ്പർബൈക്കുമായി ട്രയംഫ്; വില കേട്ടാൽ പലരും തിരിഞ്ഞുനിൽക്കും
പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കൾ എന്ന ഇമേജിൽ നിന്നും സ്പീഡ് 400, സ്ക്രാംബ്ലർ 400X എന്നീ മോഡലുകളിലൂടെ സാധാരണക്കാരുടെ ഇഷ്‌ട ബ്രാൻഡായി മാറിയവരാണ് ബ്രിട്ടീഷ് കമ്പനിയായ ട്രയംഫ് (Triumph). റോയൽ എൻഫീൽഡ് അരങ്ങുവാഴുന്ന മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ വിഭാഗത്തിൽ 400 സിസി ട്വിൻസിലൂടെ ആളെക്കൂട്ടാൻ ഇവർക്കായെന്നതാണ് രസകരമായ കാര്യം. ഇപ്പോഴിതാ ഇന്ത്യയിലെ സൂപ്പർബൈക്ക് പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ട്രയംഫിന്റെ സൂപ്പർസ്പോർട്ട് മോട്ടോർസൈക്കിൾ രാജ്യത്ത് വന്നെത്തിയിരിക്കുകയാണ്. മറ്റേതുമല്ല ഏറ്റവും പുതിയ ഡേടോണ 660 മോഡലാണ് കിടിലൻ വിലയുമായി അരങ്ങേറിയിരിക്കുന്നത്.
ഇന്ത്യൻ വിപണിയിൽ എത്തുന്നത് 9,72,450 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് 2024 ട്രയംഫ് ഡേടോണ 660 സൂപ്പർസ്പോർട്ട് അവതരിപ്പിച്ചിരിക്കുന്നത്. സിറ്റി റൈഡിംഗിനും ട്രാക്ക് ഉപയോഗത്തിനും ഒരുപോലെ അനുയോജ്യമാക്കുന്ന തരത്തിലാണ് ബൈക്കിനെ പണികഴിപ്പിച്ചിരിക്കുന്നതെന്നാണ് ബ്രിട്ടീഷ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. പെർഫോമൻസിനൊപ്പം സുഖസൗകര്യങ്ങളും പ്രദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു സന്തുലിത സ്‌പോർട്‌സ് ബൈക്കാണിത്.

മാറ്റങ്ങളോടെയെത്തുന്ന ഡേടോണ ഈ വർഷം ആദ്യം പുറത്തിറക്കുമെന്ന് കരുതിയിരുന്നെങ്കിലും നിർഭാഗ്യകരമായ കാരണങ്ങളാൽ അവതരണം വൈകുകയായിരുന്നു. പുതിയ മോഡൽ മുമ്പേ തന്നെ ട്രയംഫ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയ മോഡലിനായുള്ള പ്രീ-ബുക്കിംഗും ഈ വർഷം ആദ്യം തുടങ്ങിയിരുന്നു. ഇപ്പോഴും താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ട്രയംഫ് ഷോറൂമുകൾ വഴിയോ ഓൺലൈനായോ 25,000 രൂപ ടോക്കൺ തുകനൽകി ഏറ്റവും പുതിയ ട്രയംഫ് ഡേടോണ പ്രീ-ബുക്ക് ചെയ്യാനാവും.
നേരത്തെ ട്രയംഫ് ഈ ബൈക്കിനെ ഡേടോണ 675 ആയി പുറത്തിറക്കിയിരുന്നതാണ്. എന്നാൽ കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ കാരണം മോഡലിന്റെ ഉത്പാദനം നിർത്തേണ്ടതായി വന്നു. ഇതിന് ശേഷമാണ് ട്രൈഡന്റിന്റെ എഞ്ചിൻ കടമെടുത്ത് സൂപ്പർസ്പോർട്ടിനെ തിരികെയെത്തിച്ചിരിക്കുന്നത്. എഞ്ചിന് പുറമെ കുറച്ചുകാലമായി ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ട്രൈഡന്റ് 660 റോഡ്‌സ്റ്റർ മോഡലിന്റെ പ്ലാറ്റ്‌ഫോമിലാണ് പുത്തൻ ഡേടോണ 660 പണികഴിപ്പിച്ചിരിക്കുന്നതും.

റോഡ്‌സ്റ്ററിൽ നിന്നുള്ള അതേ 660 സിസി ഇൻലൈൻ-ട്രിപ്പിൾ ലിക്വിഡ് കൂൾഡ് 660 സിസി ഇൻലൈൻ, ത്രീ സിലിണ്ടർ എഞ്ചിനാണ് ഈ സ്പോർട്‌സ് ബൈക്കിനും തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 12 വാൽവുകൾ, ഡ്യുവൽ ഓവർഹെഡ് ക്യാംഷാഫ്റ്റുകൾ (DOHC), 240-ഡിഗ്രി ഫയറിംഗ് ഓർഡർ എന്നിവ ഉപയോഗിച്ച് എഞ്ചിൻ റീട്യൂൺ ചെയ്‌തിട്ടുമുണ്ട്. അങ്ങനെ 11,250 ആപിഎമ്മിൽ 93.70 bhp പരമാവധി കരുത്തും 8,250 ആർപിഎമ്മിൽ 69 Nm ടോർക്കും വികസിപ്പിക്കാൻ സൂപ്പർസ്പോർട്ട് മോട്ടോർസൈക്കിളിനാവും.
സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 80 ശതമാനം ടോർക്കും 3,125 ആർപിഎമ്മിൽ ലഭ്യമാണെന്നും ട്രയംഫ് പറയുന്നു. 14 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുള്ള സൂപ്പർബൈക്കിന് ലിറ്ററിന് 20 കി.മീ മൈലേജും നൽകാനാവും. 16,000 കിലോമീറ്റർ അല്ലെങ്കിൽ 12 മാസത്തെ (ഏതാണ് ആദ്യം വരുന്നത്) സർവീസ് ഇന്റർവെല്ലാണ് ഈ ബൈക്കിനുള്ളത് എന്നതും ശ്രദ്ധേയമാണ്.

ആയതിനാൽ ഇട്ക്കിടയ്ക്ക് ഷോറൂമിലേക്ക് ഓടേണ്ട കാര്യം ഒഴിവാക്കാം. സാറ്റിൻ ഗ്രാനൈറ്റ് വിത്ത് സാറ്റിൻ ജെറ്റ് ബ്ലാക്ക്, കാർണിവൽ റെഡ് വിത്ത് സഫയർ ബ്ലാക്ക്, സ്നോഡോണിയ വൈറ്റ് വിത്ത് സഫയർ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്‌ഷനുകളിലാണ് ഡേടോണ 660 സൂപ്പർസ്പോർട്ട് വാങ്ങാനാവുന്നത്. മൈ ട്രയംഫ്' കണക്റ്റിവിറ്റിയുള്ള ടിഎഫ്ടി ഡിസ്‌പ്ലേ, സ്‌പോർട്ട്, റോഡ് ആൻഡ് റെയിൻ ഉൾപ്പെടെ മൂന്ന് റൈഡിംഗ് മോഡുകൾ, എബിഎസ്, ട്രാക്ഷൻ കൺട്രോൾ എന്നീ ഫീച്ചറുകളും ബൈക്കിന്റെ ഭാഗമാണ്.
ഡിസൈനിലേക്ക് നോക്കിയാൽ ടൈഗർ സ്‌പോർട്ട് 660 എഡിവിക്ക് ശേഷം ബ്രാൻഡ് അതിൻ്റെ പോർട്ട്‌ഫോളിയോയിൽ വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ ഫെയർഡ് മോട്ടോർസൈക്കിളാണ് ഡേടോണ 660. മാത്രമല്ല ആധുനിക സൂപ്പർസ്‌പോർട്ട് ഡിസൈൻ സൗന്ദര്യാത്മകവും ആളുകളെ മോഹിപ്പിക്കുമെന്നതിൽ സംശയമില്ല. ട്വിൻ എൽഇഡി ഹെഡ്‌ലൈറ്റുകളും ട്രയംഫ് ഡേടോണയുടെ സ്‌പോർട്ടി സ്വഭാവത്തെ എടുത്തു കാണിക്കുന്നുണ്ട്.
മസ്ക്കുലർ ഫ്യൂവൽ ടാങ്കും ഫെയറിംഗും കൂടിയാവുന്നതോടെ ബൈക്ക് വേറെ ലെവലാവുന്നു. ട്യൂബുലാർ സ്റ്റീൽ പെരിമീറ്റർ ഫ്രെയിമിൽ നിന്നാണ് മോട്ടോർസൈക്കിളിൻ്റെ ഷാസി നിർമിച്ചിരിക്കുന്നത്. അതേസമയം സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നത് മുന്നിൽ 41 mm ഷോവ SFF-BP അപ്സൈഡ് ഡൗൺ ഫോർക്കും പിന്നിൽ ഷോവ മോണോഷോക്കും ആണ് ട്രയംഫ് ഡേടോണ 660-യിൽ കൊടുത്തിരിക്കുന്നത്.
ബ്രേക്കിംഗിനായി ട്രയംഫ് ഡേടോണയുടെ മുൻവശത്ത് ഡ്യുവൽ 310 mm ഡിസ്കുകളും പിന്നിൽ 220 mm ഡിസ്ക്കുമാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ പ്രീമിയം സൂപ്പർസ്പോർട്ട് മോട്ടോർസൈക്കിൾ സെഗ്മെന്റിൽ കവസാക്കി നിഞ്ച 650, അപ്രീലിയ RS 660, വരാനിരിക്കുന്ന ഹോണ്ട CBR 650R, സുസുക്കി GSX-8R എന്നിവയോടാവും ഏറ്റവും പുതിയ ട്രയംഫ് മത്സരിക്കാനിറങ്ങുക.


Click it and Unblock the Notifications








