'മോഹവില'യും 'ആദായ വിൽപ്പ'നയും ഇനിയില്ല, എൻഫീൽഡിന്റെ പിന്നാലെ ട്രയംഫ് സ്പീഡ് 400
കവസാക്കി, കെടിഎം, ഹസ്ഖ്‌വർണ എന്നിങ്ങനെ ഒരുപാട് പ്രീമിയം ബ്രാൻഡുകളുടെ കൈപിടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചവരാണ് നമ്മുടെ സ്വന്തം ബജാജ്. പൾസർ എന്ന പ്രതാപിയുണ്ടായിരുന്നെങ്കിലും ഇരുചക്ര വാഹന നിർമാതാക്കളായ പൾസർ മുതലാളി മറ്റ് വിദേശ കമ്പനികളെ രാജ്യത്തിനായി സമർപ്പിക്കുന്നതിൽ ഒരുപിശുക്കും കാണിച്ചിട്ടില്ല. അടുത്തിടെ ട്രയംഫുമായുള്ള പങ്കാളിത്തം വരെ പ്രഖ്യാപിച്ചത് അമ്പരപ്പോടെയാണ് മറ്റ് കമ്പനികൾ കേട്ടറിഞ്ഞത്.
ആഭ്യന്തര വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോയും ബ്രിട്ടീഷ് കമ്പനിയായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സും തമ്മില്‍ കൈകോര്‍ക്കുന്നതായി 2020-ലാണ് പ്രഖ്യാപനമുണ്ടായത്. ഇതിന്റെ ഭാഗമായുള്ള ആദ്യ മോഡലുകൾ 2023-ൽ അവതരിപ്പിക്കുകയും ചെയ്‌തു. മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റ് കൈയാളിയിരുന്ന റോയൽ എൻഫീൽഡിനെ കുടുക്കാനുള്ള ബജാജിന്റെ അവസാന തന്ത്രമായിരുന്നുവിത്.

2023 ജൂലൈയിലാണ് ട്രയംഫ് ഇന്ത്യയില്‍ സ്പീഡ് 400, സ്‌ക്രാബ്ലര്‍ 400X എന്നീ മോഡലുകള്‍ അവതരിപ്പിച്ചത്. റോഡ്സ്റ്റർ പതിപ്പാണ് രാജ്യത്ത് ആദ്യം വിപണനത്തിന് എത്തിയത്. മോഹവിലയിലെത്തിയ സ്പീഡ് 400 ഇരുകൈയും നീട്ടിയാണ് ആളുകൾ സ്വീകരിച്ചത്. 2.33 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലായിരുന്നു കമ്പനി മോട്ടോർസൈക്കിളിനെ അവതരിപ്പിച്ചത്. എന്നാല്‍ സര്‍പ്രൈസായി ആദ്യത്തെ 10,000 കസ്റ്റമേഴ്‌സിന് 10,000 രൂപ കിഴിവില്‍ ബൈക്ക് വാഗ്ദാനം ചെയ്തു.
അങ്ങനെ സ്പീഡ് 400 റോഡ്സ്റ്ററിന്റെ വില വെറും 2.23 ലക്ഷം രൂപയായി. ഒരുകാലത്തും മോട്ടോർസൈക്കിൾ പ്രേമികൾ ഈവിലയ്ക്കൊരു ട്രയംഫ് മോഡൽ സ്വന്തമാക്കാനാവുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എന്തായാലും സംഭവം കളറായതോടെ ഉപഭോക്താക്കള്‍ ഷോറൂമിലേക്ക് ഇരച്ചെത്തി. അങ്ങനെ ഈ പ്രത്യേക ആമുഖ വില കമ്പനി 2023 ഡിസംബർ 31 വരെ നീട്ടി ആദായ വിൽപ്പന തുടർന്നു. പക്ഷേ പുതുവർഷം ആരംഭിച്ചതോടെ മോഹവിലയും ആദായ വിൽപ്പനയും ഇനിയില്ലെന്ന് അറിയിച്ചിരിക്കുകയാണ് ട്രയംഫ്.

ബൈക്കിന്റെ ഇന്ത്യയിൽ ലോഞ്ച് ചെയ്ത് അഞ്ച് മാസത്തിന് ശേഷമാണ് വിലയിൽ വർധനവുണ്ടായിരിക്കുന്നത്. ഇനി മുതൽ ട്രയംഫ് സ്പീഡ് 400 സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 2.33 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. വലിയ 900 സിസി, 1200 സിസി മോഡലുകൾ വരെ ഉൾപ്പെടുന്ന ട്രയംഫ് നിരയിലെ ഏറ്റവും ചെറുതും ബജറ്റ് ഫ്രണ്ട്ലിയുമായ മോഡലാണ് സ്പീഡ്. പൂർണമായും ഡിസൈൻ ചെയ്‌തിരിക്കുന്നത് യുകെയിലാണെങ്കിലും കമ്പനിക്ക് ബൈക്ക് പണിതുകൊടുക്കന്നത് ബജാജാണ്.
മിനിമലിസ്റ്റിക്, ലളിതവും എന്നാൽ ഗംഭീരവുമായ ഡിസൈനാണ് ഈ റോഡ്സ്റ്റർ പതിപ്പിന്റെ പ്രധാന ആകർഷണം. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്കും വളഞ്ഞ ടെയിൽ വിഭാഗവുമുള്ള മോഡേൺ ക്ലാസിക് റോഡ്‌സ്റ്ററാണിതെന്ന് സ്പീഡിനെ വിശേഷിപ്പിക്കാം. ബാർ-എൻഡ് മിററുകളും ഗോൾഡൻ USD ഫോർക്കുകളും പോലെയുള്ള സൂക്ഷ്മമായ ഘടകങ്ങൾ അതിന്റെ ആകർഷകത്തം കൂട്ടുന്നുമുണ്ട്.

ഫിന്‍ ചെയ്ത സിലിണ്ടര്‍ ഹെഡ്സ്, പരമ്പരാഗത എക്സ്ഹോസ്റ്റ് ഹെഡര്‍, ലോഗോ തുടങ്ങി എല്ലാ ഡിസൈന്‍ ഘടകങ്ങളും ഒരുമിച്ചു ചേര്‍ന്ന് ഇതൊരു പക്കാ ട്രയംഫ് മോട്ടോര്‍സൈക്കിളായി മാറ്റാൻ സഹായിച്ചിട്ടുണ്ട്. സ്പീഡ് ട്വിന്‍ 900, സ്പീഡ് ട്വിന്‍ 1200 എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടാണ് ട്രയംഫ് സ്പീഡ് 400 നിര്‍മിച്ചതെന്നും ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. വില കുറവാണെങ്കിലും ഫീച്ചറുകളുടെ കാര്യത്തിലൊന്നും ബ്രിട്ടീഷ് ബ്രാൻഡ് കുറവു വരുത്തിയിട്ടില്ല.
ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം സ്പീഡ് 400 റോഡ്സ്റ്ററിന് പൂർണ എൽഇഡി ലൈറ്റിംഗ്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റൈഡ്-ബൈ-വയർ ത്രോട്ടിൽ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവയെല്ലാം ലഭ്യമാവും. പുതുതായി പണിതെടുത്ത 398 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് സ്പീഡ് 400-ന്റെ ഹൃദയം.ഇത് 39.5 bhp പവറിൽ പരമാവധി 37.5 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 17 ഇഞ്ച് ചക്രങ്ങളിൽ സഞ്ചരിക്കുന്ന ട്യൂബുലാർ ഫ്രെയിമിൽ ഒരുക്കിയെടുത്തിരിക്കുന്ന മോട്ടോർസൈക്കിളിന്റെ സസ്പെൻഷനായി മുന്നിൽ USD ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗ് ചുമതലകൾക്കായി രണ്ട് അറ്റത്തും സിംഗിൾ ഡിസ്ക്കാണ് വാഗ്‌ദാനം ചെയ്യുന്നത്. വില കൂടിയെങ്കിലും ഷോറൂമുകളില്‍ ഇനിയും തിരക്കേറുമെന്നാണ് ട്രയംഫിന്റെ പ്രതീക്ഷ.


Click it and Unblock the Notifications








