കുതിരകളെ വിൽക്കാൻ കറുത്ത പെയിന്റടിച്ച് ടിവിഎസ്, ചോദിക്കുന്നത് 1.20 ലക്ഷം രൂപ മുതൽ
ഇന്ത്യയിൽ എൻട്രി ലെവൽ സ്പോർട്‌സ് ബൈക്ക് സെഗ്മെന്റിൽ വിപ്ലവം തീർത്ത മോട്ടോർസൈക്കിളായിരുന്നു ടിവിഎസ് അപ്പാച്ചെ. തുടക്കകാലത്ത് ബജാജ് പൾസർ ശ്രേണിയും ആയിട്ടായിരുന്നു മത്സരമെങ്കിലും പീന്നീട് യമഹ R15 മോഡലുമായിട്ട് വരെ അങ്കംവെട്ടിയ ചരിത്രവും അപ്പാച്ചെയ്ക്ക് പറയാനുണ്ട്. അന്നു മുതൽ ഇന്നുവരെ ജനപ്രിയനായി വിലസുന്ന മോട്ടോർസൈക്കിൾ ശരിക്കും ടിവിഎസിന്റെ മുഖംതന്നെ മാറ്റിമറിച്ചിട്ടുണ്ട്.
കാലത്തിനൊത്ത് ആധുനികനാവാനും അപ്പൊച്ചെയ്ക്ക് സാധിച്ചിട്ടുണ്ട്. 160 സിസി മുതൽ ഇന്ന് 310 സിസി വരെയുള്ള വിവിധ ശൈലിയിലും ബൈക്ക് ലഭ്യമാണ്. ഇതിൽ എൻട്രി ലെവൽ മോഡലുകളാണ് കൂടുതൽ ജനപ്രിയനെന്ന് വേണം പറയാൻ. ഇപ്പോഴിതാ വിൽപ്പന കൂടുതൽ പിടിക്കാനായി അപ്പൊച്ചെ RTR 160, RTR 160 4V മോഡലുകളുടെ ഏറ്റവും പുതിയ ബ്ലാക്ക് എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.

ടിവിഎസ് അപ്പാച്ചെ RTR 160, അപ്പാച്ചെ RTR 160 4V എന്നിവയുടെ പുതിയ ബ്ലാക്ക് എഡിഷനുകൾക്ക് കോസ്മെറ്റിക്, ഫീച്ചർ അപ്ഡേറ്റുകൾ സമ്മാനിച്ചിട്ടുണ്ടെങ്കിലും താങ്ങാനാവുന്ന വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് ഹൈലൈറ്റ്. RTR 160 ബ്ലാക്കിന് 1.20 ലക്ഷം രൂപയും RTR 160 4V ബ്ലാക്കിന് 1.25 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അതായത് സെഗ്മെന്റിലെ മറ്റ് എതിരാളികളുമായി താരതമ്യം ചെയ്യുമ്പോഴും പോക്കറ്റിന് ഇണങ്ങുന്ന വിധത്തിലാണ് വില നിർണയമെന്ന് സാരം.
പേര് സൂചിപ്പിക്കുന്നത് പോലെ ടിവിഎസ് അപ്പാച്ചെ 160 ബൈക്കുകളുടെ ബ്ലാക്ക് എഡിഷൻ പൂർണമായും കറുപ്പിലാണ് ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ കൂടുതൽ സ്പോർട്ടിയറാവാനുള്ള ശ്രമമാണ് ഉണ്ടായിരിക്കുന്നത്. ബോഡി പാനലുകളിൽ ഗ്രാഫിക്‌സ് കൊടുത്ത് അലങ്കോലമാക്കാത്തതിനാൽ ഒരു വൃത്തിയുള്ള ലുക്ക് സമ്മാനിക്കാനും കമ്പനിക്കായിട്ടുണ്ട്. ഫ്യുവൽ ടാങ്കിൽ എംബോസ് ചെയ്‌തിരിക്കുന്ന ടിവിഎസ് ലോഗോ കൂടാതെ സൈഡ് പാനലുകളിലും ടെയിൽ സെക്ഷനിലുമുള്ള അപ്പാച്ചെ സ്റ്റിക്കറുകൾ മാത്രമാണ് അധികമായി നൽകിയിട്ടുള്ളത്.

എക്‌സ്‌ഹോസ്റ്റും ബ്ലാക്കിലാണ് ഒരുക്കിയിരിക്കുന്നത്. ടിവിഎസിൽ നിന്നുള്ള 160 സിസി മോട്ടോർസൈക്കിളുകൾക്ക് മൂന്ന് റൈഡിംഗ് മോഡുകളും വോയ്‌സ് അസിസ്റ്റോടുകൂടിയ ടിവിഎസ് സ്മാർട്ട്എക്‌സ്‌ണക്റ്റ് സിസ്റ്റം, എൽഇഡി ഹെഡ്‌ലൈറ്റ്, ടെയിൽ ലെറ്റ് പോലുള്ള ഫീച്ചറുകളും അപ്പൊച്ചെയുടെ രണ്ട് ബ്ലാക്ക് എഡിഷൻ മോഡലുകൾക്കും ലഭിക്കുന്നുണ്ട്. അതോടൊപ്പം GTT എന്നറിയപ്പെടുന്ന കമ്പനിയുടെ ഗ്ലൈഡ് ത്രൂ ടെക്‌നോളജിയും ഇവയിൽ കൊടുത്തിട്ടുണ്ട്.
നാല് പതിറ്റാണ്ടിലേറെ നീണ്ട സമ്പന്നമായ റേസിംഗ് പാരമ്പര്യത്തിൽ വേരൂന്നിയ ടിവിഎസ് അപ്പാച്ചെ സീരീസ് 5.5 ദശലക്ഷത്തിലധികം മോട്ടോർസൈക്കിൾ പ്രേമികളുടെ ആഗോള സമൂഹമായി പരിണമിച്ചുവെന്ന് ടിവിഎസ് മോട്ടോർ കമ്പനിയുടെ പ്രീമിയം ബൈക്ക് വിഭാഗത്തിന്റെ തലവൻ ബിസിനസ് വിമൽ സംബ്ലി പറഞ്ഞു. ലോകമെമ്പാടും അതിവേഗം വളരുന്ന പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡുകളിൽ ഒന്നായി അപ്പൊച്ചെ സീരീസിന് വളരാനായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.

159.7 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് RTR 160 2V ബ്ലാക്ക് എഡിഷന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. റെയിൻ, അർബൻ, സ്പോർട്ട് എന്നീ 3 റൈഡിംഗ് മോഡിനെ ആശ്രയിച്ച് പവറും ടോർക്ക് ഔട്ട്പുട്ടും വ്യത്യാസപ്പെടുന്നു. ഇതിൽ റെയിൻ, അർബൻ മോഡും താഴ്ന്ന 8,000 ആർപിഎമ്മിൽ 13.14 bhp കരുത്താണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം സ്‌പോർട് മോഡിൽ കരുത്ത് 15.82 bhp വരെ ഉയരുന്നു.
ടോർക്ക് ഔട്ട്പുട്ടിൻ്റെ കാര്യത്തിലും സമാനമായ രീതിയാണ് ടിവിഎസ് പിന്തുടർന്നിരിക്കുന്നത്. റെയിൻ റൈഡ് മോഡിൽ പരമാവധി വേഗത മണിക്കൂറിൽ 10 കിലോമീറ്ററോളം കുറയുമ്പോൾ അർബൻ മോഡിൽ 97 കിലോമീറ്ററായും പരമാവധി വേഗം കുറയും. മറുവശത്ത് ഡിസൈനിന്റെ കാര്യത്തിലും ഫീച്ചറുകളുടെ കാര്യത്തിലും കൂടുതൽ മേഡേണായ RTR 160 4V 160 സിസി, സിംഗിൾ-സിലിണ്ടർ, ഓയിൽ-കൂൾഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്.

ഇത് 9,250 ആർപിഎമ്മിൽ 17.35 bhp കരുത്തും 14.73 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് രണ്ട് എഞ്ചിനുകളും ജോടിയാക്കിയിരിക്കുന്നത്. പുതിയ അപ്പാച്ചെ ബ്ലാക്ക് എഡിഷനിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ലാത്തതിനാൽ 160 സിസി മോട്ടോർസൈക്കിളുകളും ഒരേ ബ്രേക്കിംഗ്, സസ്‌പെൻഷൻ കാര്യങ്ങൾ തന്നെയാണ് ലഭിക്കുന്നത്. 160 4V പതിപ്പിന്റെ ഭാരം 144 കിലോഗ്രാമായി അതേപടി തുടരുകയാണ്. മോട്ടോർസൈക്കിളിന് 12 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയാണുള്ളതും.


Click it and Unblock the Notifications








