1.28 ലക്ഷത്തിന് ടിവിഎസിന്റെ കുതിരക്കുട്ടിയെ കൊടുക്കാനുണ്ട്, കണ്ടാൽ വാങ്ങാൻ തോന്നും RTR 160 റേസ് എഡിഷൻ
ഇന്ത്യക്കാരുടെ എക്കാലത്തേയും ജനപ്രിയ സ്പോർട് ബൈക്കുകളിൽ ഒന്നാണ് ബജാജ് പൾസർ (Bajaj Pulsar) എങ്കിൽ അതുപോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന മോഡലാണ് ടിവിഎസ് അപ്പാച്ചെ (TVS Apache). എൻട്രി ലെവൽ സ്പോർട്‌സ് ബൈക്ക് സെഗ്മെന്റിൽ വിപ്ലവം തീർത്ത മോട്ടോർസൈക്കിൾ ഇപ്പോൾ പൾസറുകളേക്കാൾ വിൽപ്പന പിടിക്കുന്നുണ്ടെന്നതാണ് സത്യം. കാലാതീതമായ മാറ്റങ്ങൾ കൃത്യസമയത്ത് അവതരിപ്പിക്കാൻ ഹൊസൂർ ആസ്ഥാനമായുള്ള കമ്പനിക്കറിയാം എന്നതാണ് അപ്പാച്ചെ സീരീസിനെ ഇന്നും ജനകീയനാക്കി നിർത്തുന്നത്. ആദ്യതലമുറ പതിപ്പുകളുടെ ഓർമക്കായി ഇന്നും നിലനിർത്തിയിരിക്കുന്ന RTR ശ്രേണിക്ക് പ്രത്യേക ഫാൻബേസുണ്ട്.
ഇത് പ്രയോജനപ്പെടുത്താനായി ഇന്ത്യയിലെ മുൻനിര ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ തങ്ങളുടെ ജനപ്രിയ മോട്ടോർസൈക്കിളായ അപ്പാച്ചെ RTR 160 മോഡലിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. റേസിംഗ് എഡിഷൻ എന്നറിയപ്പെടുന്ന വേരിയന്റിന് 1.28 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. അപ്പാച്ചെ RTR 160 റേസിംഗ് എഡിഷൻ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്കായി കമ്പനി ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

ഡിസൈനും നിറവും ഫീച്ചറുകളും ഉൾപ്പെടെ നിരവധി അപ്‌ഡേറ്റുകളുമായാണ് അപ്പാച്ചെ RTR 160 റേസിംഗ് എഡിഷൻ ബൈക്ക് എത്തുന്നത്. അപ്പാച്ചെ RTR 160 4V മോട്ടോർസൈക്കിളിൻ്റെ ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ച് ഒരു മാസത്തിന് ശേഷമാണ് അപ്പാച്ചെ RTR 160 റേസിംഗ് എഡിഷൻ പുറത്തിറക്കുന്നത് എന്നതും ശ്രദ്ധേയമാവുന്ന കാര്യമാണ്. ബ്ലാക്ക് എഡിഷനേക്കാൾ ഏകദേശം 9,000 രൂപ വില കൂടുതലാണെങ്കിലും ലുക്കിലെ ആകർഷണം കാരണം വാങ്ങാൻ ആളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടിവിഎസ് അപ്പാച്ചെ RTR 160 റേസിംഗ് എഡിഷനിലെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്ക്കാരം പുതിയ കളർ ഓപ്ഷനും ഗ്രാഫിക്സ് ഘടകങ്ങളുമാണ്. റേസിംഗ് എഡിഷൻ ലോഗോയ്‌ക്കൊപ്പം റെഡ് അലോയ് വീലുകളും മോട്ടോജിപി റേസിംഗിൽ നിന്നും പ്രചേദനം ഉൾക്കൊണ്ട കാർബൺ ഫൈബർ ഗ്രാഫിക്‌സും കൂടിയാവുമ്പോൾ ബൈക്കിന്റെ സ്പോർട്ടി ഫീൽ ഉയരുന്നുണ്ട്. ഇതെല്ലാം എക്‌സ്‌ക്ലൂസീവ് മാറ്റർ ബ്ലാക്ക് ബോഡി കളറിലാണ് ഒരുക്കിയിരിക്കുന്നത്.

മോട്ടോർസൈക്കിളിന്റെ സ്റ്റാൻഡേർഡ് പതിപ്പുകൾക്കും ഉപയോഗിക്കുന്ന അതേ 160 സിസി എയർ കൂൾഡ് എഞ്ചിൻ തന്നെയാണ് ടിവിഎസ് അപ്പാച്ചെ RTR 160 റേസിംഗ് എഡിഷനും തുടിപ്പേകാനായി എത്തിയിരിക്കുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിൻ 8,750 ആർപിഎമ്മിൽ 15.8 bhp പവറും 6,500 ആർപിഎമ്മിൽ 12.7 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
പെർഫോമൻസിലേക്ക് നോക്കിയാൽ മണിക്കൂറിൽ 107 കിലോമീറ്റർ വേഗത്തിലാണ് കുതിക്കാൻ ബൈക്കിനാവുമെന്നാണ് കമ്പനി പറയുന്നത്. മറ്റ് വേരിയൻ്റുകൾക്ക് സമാനമായി അപ്പാച്ചെ RTR 160 മോഡലിന്റെ അതേ ഫീച്ചർ നിര തന്നെ റേസിംഗ് എഡിഷനിലും ടിവിഎസ് നിലനിർത്തിയിട്ടുണ്ട്. സ്‌പോർട്‌സ്, അർബൻ, റെയിൻ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും അനായാസമായ ലോ-സ്പീഡ് റൈഡിങ്ങിന് ഗ്ലൈഡ് ത്രൂ ടെക്‌നോളജിയും ഇത് വാഗ്ദാനം ചെയ്യുന്നു.

മറ്റ് ഫീച്ചറുകൾക്കൊപ്പം ടിവിഎസ് SmartXonnect കണക്റ്റിവിറ്റിയുള്ള അതേ ഡിജിറ്റൽ എൽസിഡി ക്ലസ്റ്ററുമായാണ് മോട്ടോർസൈക്കിൾ വരുന്നത്. ലോകമെമ്പാടുമായി ടിവിഎസ് അപ്പാച്ചെ ശ്രേണിക്ക് 55 ലക്ഷത്തിലധികം ഉടമകളാണുള്ളത്. പുതിയ RTR റേസിംഗ് എഡിഷന്റെ ലോഞ്ച് ടിവിഎസ് മോട്ടോറിൻ്റെ റേസിംഗ് പൈതൃകത്തെയും എഞ്ചിനീയറിംഗ് മികവിനെയും ആണ് പ്രതിഫലിപ്പിക്കുന്നതെന്ന് ടിവിഎസ് മോട്ടോർ കമ്പനിയുടെ പ്രീമിയം ഹെഡ് ബിസിനസ് വിമൽ സംബ്ലി പറഞ്ഞു.
ടിവിഎസ് അപ്പാച്ചെ സീരീസിന് നേക്കഡ്, സൂപ്പർ സ്പോർട്സ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാണ് നിലവിലുള്ളത്. അതിൽ RTR (റേസിംഗ് ത്രോട്ടിൽ റെസ്പോൺസ്) സീരീസ് 160, 160 4V, 180, RTR 200 4V, RR 310, ഏറ്റവും പുതിയ RTR 310 എന്നീ കിടിലൻ മോട്ടോർസൈക്കിളുകളാണ് ഉൾപ്പെടുന്നത്. അടിക്കടി മോഡൽ നിരയിൽ കൊണ്ടുവരുന്ന പരിഷ്ക്കാരങ്ങളും മാറ്റങ്ങളും അപ്പാച്ചെ സീരീസിനെ ഇന്നും മികവുറ്റതാക്കി നിർത്തുന്നുണ്ടെന്ന് വേണം പറയാൻ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








