ദീർഘായുസിനൊപ്പം ഉഗ്രൻ മൈലേജും, പോക്കറ്റിന് ഇണങ്ങുന്ന വിലയില്‍ പുത്തൻ ടയറുകളുമായി ടിവിഎസ് യൂറോഗ്രിപ്പ്
ഏതൊരു വാഹനത്തിന്റെയും പ്രധാന ഭാഗമാണ് ടയറുകൾ. ടയറുകൾ ഇല്ലെങ്കിൽ വാഹനങ്ങൾക്ക് മുന്നോട്ട് നീങ്ങാൻ കഴിയില്ലെന്ന് നമുക്ക് എല്ലാവർക്കും അറിയാം. ജീവിതത്തിൽ വണ്ടി വാങ്ങിയിട്ട് ഒരുതവണയെങ്കിലും ടയർ മാറാത്തവർ ഉണ്ടാവില്ലല്ലോ. സ്വദേശിയായും വിദേശിയായും നിരവധി അനവധി ടയർ ബ്രാൻഡുകൾ നമ്മുടെ വിപണിയിൽ സുലഭമായി കിട്ടും. വാങ്ങാൻ പോയാൽ ചിലപ്പോൾ കൺഫ്യൂഷനടിച്ച് നിൽക്കേണ്ടി വരെ വന്നേക്കും.
പക്ഷേ മോട്ടോർസൈക്കിളുകൾക്കും സ്‌കൂട്ടറുകൾക്കുമെല്ലാം ടയറുകൾ പുറത്തിറക്കി ജനപ്രിയരായി നിൽക്കുന്ന ഇന്ത്യൻ ബ്രാൻഡാണ് ടിവിഎസ്. ഇന്ത്യന്‍ വാഹനങ്ങള്‍ക്കായി കമ്പനി ടയറുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയിട്ട് 40 വര്‍ഷത്തോളമായി. ടൂവീലര്‍ ടയര്‍ മാര്‍ക്കറ്റ് പിടിച്ചടക്കാന്‍ ലക്ഷ്യമിട്ട് 2019-ല്‍ ടിവിഎസ് യൂറോഗ്രിപ്പ് എന്ന പേരില്‍ അവര്‍ റീബ്രാന്‍ഡ് ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ തങ്ങളുടെ നിരയിലേക്ക് പുത്തൻ ചില മോഡലുകളെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

മോട്ടോർസൈക്കിൾ ടയറുകളുടെ പെർഫോമൻസും ദീർഘായുസും കണക്കിലെടുക്കുമ്പോൾ റോഡിൻ്റെ ആവശ്യങ്ങൾക്ക് അനുസൃതമായി നിൽക്കുന്ന ശരിയായ ബ്രാൻഡ് തിരഞ്ഞെടുക്കേണ്ടത് പ്രധാനമായ കാര്യമാണ്. വ്യത്യസ്തമായ റൈഡിംഗ് അനുഭവങ്ങൾക്കും റോഡ് അവസ്ഥകൾക്കും അനുയോജ്യമായ ടയറുകളുടെ പുതിയ നിരയാണ് ടിവിഎസ് യൂറോഗ്രിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
ഡ്യുറാട്രെയിൽ, ടെറാബൈറ്റ്, ബീമർ HS+, ബീമർ YS+ എന്നീ പേരിൽ അറിയപ്പെടുന്ന പുതിയ മോഡലുകൾ റൈഡിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി അതുല്യമായ ആട്രിബ്യൂട്ടുകൾ ഉപയോഗിച്ച് രൂപകൽപ്പന ചെയ്‌തിരിക്കുന്നുവെന്നാണ് ടിവിഎസ് അവകാശപ്പെടുന്നത്. പോരാത്തതിന് ഗ്രിപ്പ്, ഹാൻഡ്‌ലിംഗ്, ടയർ ലൈഫ് എന്നിവ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വ്യതിരിക്തമായ സവിശേഷതകളാൽ ഓരോ ടയറും സവിശേഷമാണെന്നും കമ്പനി പറയുന്നു. ഇനി ഇവ ഓരോന്നിന്റേയും വിശദാംശങ്ങളിലേക്ക് കടക്കാം.

ഡ്യുറാട്രെയിൽ EB+ സീരീസ്: റോഡിന് അകത്തും പുറത്തും ഒരു അസാധാരണമായ ഗ്രിപ്പ് നൽകുന്ന നൂതനമായ ബ്ലോക്ക് ഡിസൈനുള്ള ടയറുകളാണ് ഡ്യുറാട്രെയിൽ സീരീസിൽ ഉൾപ്പെടുന്നത്. ഫ്രണ്ട്, റിയർ സെക്ഷൻ ടയറുകളാണ് ഇതിൽ വാങ്ങാനാവുന്നത്. ഫ്രണ്ട് ടയർ വേരിയന്റ് 90/90-17 49P, 90/90-21 54S എന്നീ വലിപ്പങ്ങളിൽ ലഭ്യമാണ്. അതേസമയം റിയർ ടയർ 120/90-17, 110/80-17, 110/90-17, 100/90-18 എന്നീ സൈസിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
മെച്ചപ്പെട്ട ഗ്രിപ്പ് വാഗ്ദാനം ചെയ്യുന്ന ട്രെഡ് പാറ്റേൺ, മികച്ച മൈലേജിന് സംഭാവന ചെയ്യുന്ന ഇനോവേറ്റീവ് ബ്ലോക്കുകൾ, വെറ്റ് ഗ്രിപ്പ് മെച്ചപ്പെടുത്തുന്നതിന് പാരലൽ ഗ്രോവ് ചാനലുകൾ എന്നിവയും ഡ്യുറാട്രെയിൽ EB+ സീരീസ് ടയറുകളുടെ സവിശേഷതയാണ്. ടിവിഎസ് അപ്പാച്ചെ സീരീസ്, ബജാജ് പൾസർ മോഡലുകൾ, റോയൽ എൻഫീൽഡ് ഹിമാലയൻ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ബൈക്കുകൾക്ക് ഇവ അനുയോജ്യമാണ്.

ടെറാബൈറ്റ്: കടുപ്പമേറിയ ഭൂപ്രദേശങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന കരുത്തുറ്റ ടയറുകൾ തേടുന്നവർക്കായി പ്രത്യേകം തയാറാക്കിയ മോഡലാണ് ടിവിഎസ് യൂറോഗ്രിപ്പ് ടെറാബൈറ്റ്. നാല് വ്യത്യസ്‌ത വലിപ്പങ്ങളിലാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്. ഈ ടയർ മികച്ച ഗ്രിപ്പിനായി വലിയ ബ്ലോക്കുകളും ദുർഘടമായ റോഡുകൾ മറികടക്കാൻ സഹിക്കാൻ കഴിയുന്ന ശക്തമായ നിർമാണവും വാഗ്ദാനം ചെയ്യുന്നു.
ടയറിന് ദീർഘായുസ് ഉറപ്പാക്കുന്നതിനാണ് ആഴത്തിലുള്ള ടെറാബൈറ്റ് സീരീസിന്റെ ട്രെഡുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. റോയൽ എൻഫീൽഡ് ക്ലാസിക് 350, തണ്ടർബേർഡ് സീരീസ്, ഹീറോ എക്‌സ്‌ട്രീം സ്‌പോർട്‌സ് എന്നിവയും അതിലേറെയും പോലുള്ള നിരവധി മോട്ടോർസൈക്കിളുകൾക്ക് ടിവിഎസ് യൂറോഗ്രിപ്പ് ടെറാബൈറ്റ് ടയറുകൾ അനുയോജ്യമാണെന്ന് കമ്പനി പറയുന്നു.

ബീമർ സീരീസ്: HS+, YS+ മോഡലുകളാണ് ബീമർ സീരീസിൽ ഉൾപ്പെടുന്നത്. ഓരോന്നിനും അതിൻ്റേതായ ഗുണങ്ങളുണ്ട്. മൂന്ന് വലിപ്പങ്ങളിൽ വാഗ്ദാനം ചെയ്യുന്ന ബീമർ HS+ ശ്രേണി വർധിച്ച മൈലേജ്, മികച്ച വെറ്റ് ഗ്രിപ്പ്, അസാധാരണമായ കൺട്രോൾ എന്നിവ വാഗ്ദാനം ചെയ്യുന്ന പുതിയ ട്രെഡ് ഡിസൈനാണ് അവതരിപ്പിക്കുന്നത്. ഇതിൻ്റെ നൂതനമായ ഡിസൈൻ മികച്ച കോണറിംഗിനായി പരന്നുകിടക്കുന്ന ഗ്രോവുകളും മെച്ചപ്പെട്ട ഹാൻഡിലിംഗിനായ സെൻട്രൽ ഗ്രോവും സഹിതം സ്മാർട് ലുക്ക് നൽകുന്നു.
അതേസമയം ടിവിഎസ് യൂറോഗ്രിപ്പ് ബീമർ YS+ യൂറോപ്പിലാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. കൂടാതെ അതിൻ്റെ വൈ-ഡിസൈൻ പാറ്റേൺ അർബൻ സ്പോർട്ട് ഉപയോഗത്തിനുള്ള റൈഡർമാരെ ലക്ഷ്യംവെച്ചാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഈ ടയർ മോഡൽ ഏഴ് വലിപ്പങ്ങളിൽ ലഭ്യമാണ്. ഉയർന്ന സ്പീഡിൽ കോർണർ ചെയ്യുമ്പോൾ മെച്ചപ്പെട്ട സ്ഥിരത, വിവിധ അവസ്ഥകളിൽ മികച്ച ഗ്രിപ്പ്, ഡ്യൂറബിൾ നിർമാണം എന്നിവയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

ബജാജ് പ്ലാറ്റിന, ഡിസ്‌കവർ, പൾസർ, ഹീറോ മോഡലുകൾ, യമഹ FZ സീരീസ്, സുസുക്കി ജിക്‌സർ എന്നിവയും അതിലേറെയും ഉൾപ്പെടുന്ന അസംഖ്യം മോട്ടോർസൈക്കിളുകൾക്ക് ബീമർ ശ്രേണി അനുയോജ്യമാണ്. ടിവിഎസ് യൂറോഗ്രിപ്പിൻ്റെ പുതിയ ടയറുകളുടെ ശേഖരം റൈഡറുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദീർഘദൂര യാത്രകൾക്ക് ആവശ്യമായവ മുതൽ അർബൻ റൈഡുകൾക്ക് അനുയോജ്യമായ മോഡലുകൾ വരെ ഇപ്പോൾ ബ്രാൻഡ് നിരയിലുണ്ട്.
ഗുണനിലവാരം, വിശ്വാസ്യത, റൈഡർ സംതൃപ്തി എന്നിവയിലുള്ള ടിവിഎസ് യൂറോഗ്രിപ്പിൻ്റെ പ്രതിബദ്ധതയുടെ തെളിവാണ് ഓരോ ടയറിൻ്റെയും സൂക്ഷ്മമായ നിർമാണം. നിരവധി ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും അലങ്കാരമായി ടിവിഎസ് ടയറുകള്‍ ഇക്കാലം കൊണ്ട് മാറിയിരുന്നു. ടിവിഎസ് ടയേഴ്സ് ഇന്ത്യന്‍ വാഹനങ്ങള്‍ക്കായി ടയറുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയിട്ട് 40 വര്‍ഷത്തോളമായ പാരമ്പര്യവും വിശ്വാസത്തിനെ പരകോടിയിലെത്തിക്കുന്നുണ്ട്.


Click it and Unblock the Notifications








