94,999 രൂപ മുതൽ വാങ്ങാം, കൂട്ടിന് 150 കി.മീ. റേഞ്ചും; മോഹിപ്പിക്കുന്ന മാറ്റങ്ങളുമായി ടിവിഎസ് ഐക്യൂബ്
ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറുകൾ (Family Electric Scooter) ഹിറ്റായിക്കൊണ്ടിരിക്കുന്ന സമയമാണിത്. ഇവികളെ ഇത്തരത്തിൽ പ്രത്യേകമായി തരംതിരിച്ചിട്ടില്ലായിരുന്നുവെങ്കിലും ഏഥർ റിസ്‌തയുടെ (Ather Rizta) വരവോടെ സംഗതി ആകെ മാറിയിട്ടുണ്ട്. എന്നാൽ ഇതിനു മുമ്പ് ഫാമിലി ആവശ്യങ്ങൾക്കായി പലരും വാങ്ങിയിരുന്ന മോഡലാണ് ടിവിഎസ് ഐക്യൂബ് (TVS iQube).
ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടർ പ്രത്യേക ടാഗ്‌ലൈനിൽ ഒന്നും ഫാമിലി സ്‌കൂട്ടറാണെന്ന് ഒന്നും ഇതുവരെ ടിവിഎസ് ഇതിനെ വിശേഷിപ്പിച്ചിട്ടില്ലെന്നതാണ് ഏറ്റവും ശ്രദ്ധേമായ കാര്യം. ശരിക്കും ഇവികളിലെ ജുപ്പിറ്ററായി അരങ്ങ് വാഴുകയായിരുന്നു ഐക്യൂബ്. വ്യത്യസ്ത ബാറ്ററി ശേഷിയിലും വില നിലവാരത്തിലും ഐക്യൂബിന്റെ പുതിയ വേരിയന്റുകൾ ലഭ്യമാക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ച കമ്പനി മണിക്കൂറുകൾക്കുള്ളിൽ വാക്കുപാലിച്ചിരിക്കുകയാണ്.

പുത്തൻ വേരിയന്റുകൾ അവതരിപ്പിച്ചുകൊണ്ടാണ് ഏഥറും ഓലയുമായുള്ള മത്സരം മുറുക്കാൻ ടിവിഎസ് കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. പുതിയ നീക്കത്തിന്റെ ഭാഗമായി കുറഞ്ഞ വിലയുള്ള പുത്തനൊരു വേരിയന്റ് ഉൾപ്പെടയുള്ള ഇനി മുതൽ 5 വകഭേദങ്ങളാവും ഐക്യൂബിൽ ഉണ്ടാവുക. 2.2kWh ബാറ്ററിയുള്ള ഒരു ബേസ് മോഡലോടെയാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടക്കം. വിലയും പോക്കറ്റിന് ഇണങ്ങുന്ന വിധമാണ് നിശ്ചയിച്ചിരിക്കുന്നത്.
അതായത് ടിവിഎസ് ഐക്യൂബ് ഇനി മുതൽ 94,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാമെന്ന് സാരം. ഈ വേരിയന്റിന് 75 കിലോമീറ്ററിന്റെ റിയൽ വേൾഡ് റേഞ്ചും കമ്പനി അവകാശപ്പെടുന്നു. 0 മുതൽ 80 ശതമാനം വരെ ചാർജാവാൻ 2 മണിക്കൂർ സമയമാണ് വേണ്ടി വരുന്നതെന്നും ബ്രാൻഡ് പറയുന്നു. കൂടാതെ ഐക്യൂബ് സ്റ്റാൻഡേർഡായി 950W ചാർജറിനൊപ്പമാണ് നിർമാതാക്കൾ വിപണനം ചെയ്യുന്നത്.

ചെറിയ 2.2kWh ബാറ്ററി പായ്ക്കുമായി വരുന്ന ഐക്യൂബ് ബേസ് വേരിയന്റിന് പരമാവധി വേഗം 75 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. 115 കിലോഗ്രാം ഭാരം വരുന്ന ഇവിക്ക് 30 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് ഏരിയയും ഉണ്ടെന്നാണ് ടിവിഎസ് പറയുന്നത്. ഇതിനു പുറമെ 3.4kWh ബാറ്ററി പായ്ക്കുമായി വരുന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ പുതുക്കിയ മറ്റൊരു വകഭേദവും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇത് ശരിക്കും മുമ്പത്തെ ഐക്യൂബിന്റെ ബേസ് മോഡലായിരുന്നു.
ഫീച്ചറുകളിലേക്ക് നോക്കിയാൽ ഈ രണ്ട് മോഡലുകൾക്കും ടവ് ആൻഡ് തെഫ്റ്റ് അലേർട്ടുകളും ടേൺ-ബൈ-ടേൺ നാവിഗേഷനും ഉള്ള 5 ഇഞ്ച് TFT ഡിസ്‌പ്ലേ ലഭിക്കുന്നുണ്ട്. കൂടാതെ സിംഗിൾ ചാർജിൽ പരമാവധി 100 കിലോമീറ്റർ റേഞ്ച് നൽകാനും ഇതിനാവുമെന്നതാണ് ഹൈലൈറ്റായി പറയാനാവുന്നത്. റേഞ്ച് ചെറിയ തോതിൽ കുറവാണല്ലോയെന്ന് ചിന്തിക്കുന്നവർ ഏറെയായിരുന്നുവെന്ന് വേണം പറയാൻ.

പക്ഷേ ഇത്തരക്കാരെ ബ്രാൻഡിലേക്ക് അടുപ്പിക്കാൻ ഐക്യുബിന്റെ ഒരു ടോപ്പ് എൻഡ് വേരിയന്റിനെ ഏറെക്കാലം മുമ്പ് കമ്പനി അവതരിപ്പിച്ചിരുന്നു. ഐക്യൂബ് ST എന്നറിയപ്പെടുന്ന ഈ മോഡൽ പക്ഷേ ഇതുവരെ വിപണനത്തിന് എത്തിയിരുന്നില്ല എന്നതാണ് രസകരമായ കാര്യം. ഒടുവിൽ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇതാ ടിവിഎസ് ST വേരിയന്റ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ്.
3.4kWh, 5.1kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലെത്തുന്ന ഐക്യൂബ് ST മോഡലുകൾക്ക് ഇന്ത്യയിൽ യഥാക്രമം 1.55 ലക്ഷം, 1.83 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. പുതിയ മോഡൽ ഉപഭോക്താക്കൾക്ക് ഡെലിവറി ചെയ്യാൻ തയാറാണെന്നും കമ്പനി പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. ഫീച്ചറുകളിലേക്ക് നോക്കിയാലും വലിയ അപ്ഡേഷനാണ് കാണാനാവുന്നത്.

3.4kWh മോഡലിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ TFT ഡിസ്‌പ്ലേ, അലക്‌സാ വോയ്‌സ് അസിസ്റ്റ്, ഡിജിറ്റൽ ഡോക്യുമെന്റ് സ്റ്റോറേജ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയാണ് ടിവിഎസ് ഐക്യൂബ് ST 3.4kWh ബാറ്ററി പായ്ക്കുള്ള വേരിയന്റിൽ കിട്ടുന്ന ഫീച്ചറുകൾ. കൂടാതെ 0 മുതൽ 80 ശതമാനം വരെ ചാർജാവാൻ 2 മണിക്കൂർ 50 മിനിറ്റ് സമയമാണ് ഇതിലും വേണ്ടിവരിക. ഇനി ടോപ്പ് എൻഡിലേക്ക് നോക്കിയാൽ കാര്യങ്ങൾ കൂടുതൽ പ്രീമിയമാവുന്നുണ്ട്.
ഏതൊരു ഇന്ത്യൻ ഇലക്ട്രിക് സ്‌കൂട്ടറിനേക്കാളും ഏറ്റവും വലിയ ബാറ്ററി ശേഷി ഈ ഇലക്ട്രിക് സ്‌കൂട്ടറിനുണ്ട്. സിംഗിൾ ചാർജിൽ 150 കിലോമീറ്റർ റേഞ്ചാണ് ടിവിഎസ് ഐക്യൂബ് ST 5.1kWh ബാറ്ററി പായ്ക്ക് മോഡലിൽ അവകാശപ്പെടുന്നുണ്ട്. 82 കിലോമീറ്ററിന്റെ ടോപ്പ് സ്പീഡാണ് ഇതിൽ കമ്പനി അവകാശപ്പെടുന്നത്. 0 മുതൽ 80 ശതമാനം വരെ ചാർജാവാൻ 4 മണിക്കൂർ 18 മിനിറ്റാണ് വേണ്ടിവരുന്നതെന്നും പറയുന്നു.

3.4kWh വേരിയന്റിലെ എല്ലാ സവിശേഷതകളും ST പതിപ്പിനും ലഭിക്കുന്നുണ്ട്. 2022 ജൂലൈ 15-ന് മുമ്പ് ST വേരിയന്റ് മുൻകൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് 5.1 kWh അല്ലെങ്കിൽ 3.4 kWh വേരിയന്റ് 10,000 രൂപയുടെ പ്രാരംഭ ലോയൽറ്റി ബോണസോടെ വാങ്ങാൻ കഴിയുമെന്നും ടിവിഎസ് അറിയിച്ചിട്ടുണ്ട്. എന്തായാലും വേരിയന്റ് നിരയിലേക്ക് കൊണ്ടുവന്ന ഈ വലിയ മാറ്റങ്ങൾ ഓലയ്ക്കും ഏഥറിനും വലിയ തിരിച്ചടിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








