റിസ്‌തക്ക് ഒരുമുഴും മുമ്പേ ടിവിഎസ്, 150 കി.മീ. റേഞ്ചുള്ള ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി തുടങ്ങി
ഇന്ത്യയിലെ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറുകളിലെ ജനപ്രിയനാണ് ടിവിഎസ് ഐക്യൂബ്. അലങ്കോലങ്ങളില്ലാത്ത ഡിസൈനും രാജ്യത്തെ മുൻനിര ബ്രാൻഡിന്റെ സർവീസ് പിന്തുണയും മോശമല്ലാത്ത റേഞ്ചും വിലയും എല്ലാമാണ് മോഡലിനെ ഇത്രയും ജനപ്രിയമാക്കിയതെന്ന് വേണം പറയാൻ. പലർക്കും ഇഷ്‌ടമാണെങ്കിലും താരതമ്യേന കുറഞ്ഞ റേഞ്ചിന്റെ കാര്യത്തിൽ മിക്കവർക്കും എതിരഭിപ്രായമുണ്ടായിരുന്നു.
പ്രത്യേകിച്ച് ഓല പോലുള്ള മോഡലുകൾ 100 കിലോമീറ്ററിലധികം റേഞ്ച് നൽകുമ്പോൾ ടിവിഎസ് ഐക്യൂബിന്റെ റിയൽ വേൾഡ് റേഞ്ച് ഇതിനെല്ലാം താഴെയായിരുന്നു. എന്നാൽ ഇതിന് പരിഹാരമായി ഹൊസൂർ ആസ്ഥാനമായുള്ള ബ്രാൻഡ് ഐക്യൂബ് ST എന്നൊരു വേരിയന്റ് ഏറെക്കാലം മുമ്പ് പുറത്തിറക്കുകയും ചെയ്‌തിരുന്നു. എന്നാൽ ബുക്ക് ചെയ്‌ത് കാത്തിരുന്നവർക്ക് ഇതുവരെ ഡെലിവറി ചെയ്യാൻ ടിവിഎസിന് സാധിച്ചിരുന്നില്ല.

എന്നാൽ ഇപ്പോഴിതാ അടുത്തിടെ വീണ്ടും വിപണിയിൽ അവതരിപ്പിച്ച ഐക്യൂബ് ST ഇലക്ട്രിക് സ്കൂട്ടറിനായുള്ള ഡെലിവറി ആരംഭിച്ചിരിക്കുകയാണ് ടിവിഎസ്. ആദ്യ ഘട്ടത്തിൽ മഹാരാഷ്ട്രയിലാണ് ഇവി ഉപഭോക്താക്കൾക്ക് കൈമാറിയിരിക്കുന്നത്. ഘട്ടം ഘട്ടമായുള്ള രീതിയിലാണ് വിതരണം പൂർത്തിയാക്കാൻ ബ്രാൻഡ് തീരുമാനിച്ചിരിക്കുന്നത്. ടിവിഎസ് ST രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ നിന്നും തെരഞ്ഞെടുക്കാനാവും.
എന്നിരുന്നാലും രണ്ടാമത്തെ 5.1 kWh യൂണിറ്റ് ഇന്ത്യയിലെ ഏത് മുഖ്യധാരാ ഇലക്ട്രിക് സ്‌കൂട്ടറിലും ഉപയോഗിച്ചിരിക്കുന്നതിൽ വെച്ച് ഏറ്റവും വലിപ്പമേറിയ ബാറ്ററിയാണെന്നതാണ് ഹൈലൈറ്റ്. ചെറിയ 3.4 kWh ബാറ്ററി ഘടിപ്പിച്ച ഒരു വേരിയന്റും ഐക്യൂബ് ST-യിൽ ലഭിക്കും. വലിയ ബാറ്ററിയുമായി എത്തുന്ന മോഡലിന് സിംഗിൾ ചാർജിൽ 150 കിലോമീറ്റർ വരെ റേഞ്ചാണ് നൽകാനാവുക. ഇത് 0-80 ശതമാനം ചാർജാവാൻ നാല് മണിക്കൂറും 18 മിനിറ്റും സമയമാണ് വേണ്ടിവരിക.

പൂർണമായി ചാർജ് ചെയ്യാൻ ആറ് മണിക്കൂറോളവും വേണ്ടിവരുമെന്നാണ് ടിവിഎസ് പറയുന്നത്. ഫാസ്റ്റ് ചാർജിംഗ് ഓപ്ഷൻ ഇവിക്കൊപ്പം നൽകുന്നുണ്ടോയെന്ന് ബ്രാൻഡ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 4.4kW BLDC ഹബ് മോട്ടോറുമായി ജോടിയാക്കിയ ബാറ്ററിയ്ക്ക് 6 bhp പവറിൽ പരമാവധി 33 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 0-40 കിലോമീറ്റർ വേഗത 4.5 സെക്കൻഡിൽ കൈവരിക്കാനാവുമെങ്കിലും ഇവിയുടെ ടോപ്പ് സ്പീഡ് 82 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്.
ഐക്യൂബ് ST 5.1 kWh വേരിയൻ്റിന് 1.85 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. രണ്ട് വർഷം മുമ്പ് അവതരിപ്പിച്ച വേളയിൽ ബുക്ക് ചെയ്‌തവർക്ക് 10,000 രൂപയുടെ അധിക ലോയൽറ്റി ബോണസ് നൽകുന്നതിനാൽ അവർക്ക് 1.75 ലക്ഷം രൂപ മാത്രം അടച്ചാൽ മതിയാവും. എന്നാൽ ഈ ആനുകൂല്യം 2022 ജൂലൈ 15-ന് മുമ്പ് ഐക്യൂബ് ST മുൻകൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭ്യമാവുക.

എന്നാൽ മുടക്കുന്ന തുകയ്ക്കുള്ള സംഭവം ഉണ്ടെന്ന് ടിവിഎസ് ഉറപ്പുവരുത്തിയാണ് ഇലക്ട്രിക് സ്കൂട്ടർ പണിതിറക്കിയിരിക്കുന്നത്. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെൻ്റ് സ്‌ക്രീനും 118 കണക്റ്റഡ് ഫീച്ചറുകളുമെല്ലാം ഇവിയിൽ ലഭിക്കുന്നുണ്ട് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ST വേരിയൻ്റിന് HMI ജോയ്സ്റ്റിക്കും ലഭിക്കുന്നുണ്ട്. ഇത് ഡിസ്പ്ലേ സ്വമേധയാ നിയന്ത്രിക്കാൻ സഹായിക്കുന്ന കാര്യമാണ്. സ്റ്റാൻഡേർഡ് ഐക്യൂബ്, ഐക്യൂബ് S എന്നിവ ടച്ച്‌സ്‌ക്രീൻ പ്രവർത്തനക്ഷമതയില്ലാതെ വരുന്നതിനാൽ ഇതൊരു ഫാൻസി ഫീച്ചറായി കണക്കാക്കാം.
എങ്കിലും ബേസ് ട്രിമ്മുകളിലും ടേൺ-ബൈ-ടേൺ നാവിഗേഷൻ ഉൾപ്പെടെയുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി സവിശേഷതകൾ ടിവിഎസ് ഉദാരമായി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ മുൻവശത്തെ ഫെൻഡറിലും ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ ബോഡിയിലും കാണുന്ന ST സ്റ്റിക്കറിംഗുകൾ ഒഴികെ ഐക്യൂബിന്റെ ടോപ്പ് എൻഡ് വേരിയന്റിന്റെ ഡിസൈനെല്ലാം മറ്റ്
വേരിയന്റുകൾക്ക് സമാനമാണെന്ന് വേണം പറയാൻ.

കോപ്പർ ബ്രോൺസ് മാറ്റ്, കോറൽ സാൻഡ് സാറ്റിൻ, ടൈറ്റാനിയം ഗ്രേ മാറ്റ്, സ്റ്റാർലൈറ്റ് ബ്ലൂ എന്നീ വ്യത്യസ്‌തമായ കളർ ഓപ്ഷനുകളിലാണ് ഏറ്റവും പുതിയ ടിവിഎസ് ഐക്യൂബ് ST ഇലക്ട്രിക് സ്‌കൂട്ടർ വാഗ്‌ദാനം ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും മികച്ച ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറുകളിൽ ഒന്നായി ഐക്യൂബ് പേരെടുത്തിട്ടുള്ളതിനാൽ റേഞ്ച് കൂടിയ മോഡൽ സ്വന്തമാക്കാൻ ആളുകൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








