സംഭവം കൊള്ളാം, ഐക്യൂബ് ST ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണേ
ഇലക്‌ട്രിക് സ്‌കൂട്ടറുകൾ വിപണിയിൽ സുലഭമായിക്കഴിഞ്ഞിരിക്കുകയാണ്. പുത്തനൊന്ന് വാങ്ങിയേക്കാമെന്ന് ചിന്തിച്ചാൽ പവരും കൺഫ്യൂഷനിടിച്ച് ഇരിക്കുന്നവരായിരിക്കും. ഓല, ഏഥർ, ഹീറോ, ടിവിഎസ്, ബജാജ് പോലുള്ള വമ്പൻമാരെല്ലാം കിടിലൻ ഇവികൾ പുറത്തിറക്കുമ്പോൾ ഏത് വാങ്ങിക്കുമെന്ന ആശങ്കയിലാണ് ജനം. എന്നിരുന്നാലും വിശ്വാസവും അധിക പരാതികളും കേൾക്കാനിടകൊടുക്കാത്ത മോഡലാണ് ടിവിഎസ് ഐക്യൂബ്.
രാജ്യത്തെ ഏറ്റവും മികച്ച ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറുകളിൽ ഒന്നായി ഐക്യൂബ് പേരെടുത്തിട്ട് കാലംകുറച്ചായി. പക്ഷേ റേഞ്ച് കുറവാണല്ലോയെന്ന് പലരും ആശങ്കപ്പെട്ടിരുന്നു. അത്തരക്കാരെ ഉന്നംവെച്ച് കമ്പനി ST എന്നൊരു ടോപ്പ് വേരിയന്റും 2022-ൽ വിപണിയിൽ എത്തിച്ചിരുന്നു. എന്നാൽ ഇതുവരെ വിപണനത്തിന് എത്താതിരുന്നതോടെ മിക്കവരും നിരാശരായി മറ്റ് ബ്രാൻഡുകളിലേക്ക് തിരിഞ്ഞു. എന്നാൽ ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ ഐക്യൂബ് ST കഴിഞ്ഞ ദിവസം അവതരിപ്പിക്കുകയുണ്ടായി.

ശ്രേണിയിലേക്ക് ഒരു പുതിയ അടിസ്ഥാന വേരിയന്റും കൊണ്ടുവന്നതിനാൽ ഇപ്പോൾ ടിവിഎസ് ST രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ നിന്നും തെരഞ്ഞെടുക്കാനാവും. കമ്പനി ഇപ്പോൾ കൊണ്ടുവന്ന ST മോഡൽ സംഭവം മൊത്തത്തിൽ അടിപൊളിയാണ്. എന്നാൽ വാങ്ങാൻ പോവുന്നതിന് മുമ്പ് ഇവിയുമായി സംബന്ധിച്ച ഏറ്റവും മികച്ച ചില കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അത് എന്തെല്ലാമെന്ന് നോക്കിയാലോ?
വേരിയന്റുകൾ: മുൻവശത്തെ ഫെൻഡറിലും ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ ബോഡിയിലും കാണുന്ന ST സ്റ്റിക്കറിംഗുകൾ ഒഴികെ ഐക്യൂബിന്റെ ടോപ്പ് എൻഡ് വേരിയന്റിന്റെ ഡിസൈനെല്ലാം മറ്റ് വേരിയൻ്റുകൾക്ക് സമാനമാണ്. ബാറ്ററി പായ്ക്ക് (3.4 kWh, 5.1 kWh) അടിസ്ഥാനമാക്കി രണ്ട് വ്യത്യസ്‌ത പതിപ്പുകളും ഇലക്ട്രിക് സ്‌കൂട്ടറിനുണ്ടെന്ന് വേണം പറയാൻ. കോപ്പർ ബ്രോൺസ് മാറ്റ്, കോറൽ സാൻഡ് സാറ്റിൻ, ടൈറ്റാനിയം ഗ്രേ മാറ്റ്, സ്റ്റാർലൈറ്റ് ബ്ലൂ എന്നീ വ്യത്യസ്‌തമായ കളർ ഓപ്ഷനുകളും ഇതിന്റെ മൊഞ്ച് കൂട്ടുന്നുണ്ട്.

ബാറ്ററി പായ്ക്ക്: രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെയാണ് ഐക്യൂബ് ST പുറത്തിറക്കിയിരിക്കുന്നത്. S പതിപ്പിൽ കാണുന്നത് പോലെ കൂടുതൽ താങ്ങാനാവുന്ന ST മോഡലിന് 3.4 kWh ബാറ്ററി പായ്ക്കാണ് സമ്മാനിച്ചിരിക്കുന്നത്. അതേസമയം വിലകൂടിയ പതിപ്പിന് 5.1 kWh ബാറ്ററി പായ്ക്ക് ഉണ്ട്. ആദ്യത്തേതിന് ഒരൊറ്റ ചാർജറിൽ 100 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുമ്പോൾ രണ്ടാമത്തേതിന് 150 കിലോമീറ്റർ ഓടാനാവുമെന്നാണ് ടിവിഎസ് പറയുന്നത്.
ഇനി ചാർജിംഗിന്റെ കാര്യം നോക്കിയാൽ ടിവിഎസ് ഐക്യൂബ് ST ഇലക്ട്രിക് സ്‌കൂട്ടറിന്റെ 5.1 kWh ബാറ്ററി പായ്ക്ക് 0-80 ശതമാനം ചാർജാവാൻ നാല് മണിക്കൂറും 18 മിനിറ്റും സമയമാണ് വേണ്ടിവരിക. പൂർണമായി ചാർജ് ചെയ്യാൻ ആറ് മണിക്കൂറോളവും വേണ്ടിവരുമെന്നാണ് കണക്കുകൾ. ഫാസ്റ്റ് ചാർജിംഗ് ഓപ്ഷൻ ഇവിക്കൊപ്പം നൽകുന്നുണ്ടോയെന്ന് ബ്രാൻഡ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

എക്സ്ഷോറൂം വില: ഐക്യൂബ് ST 3.4 kWh പതിപ്പിന് ഇന്ത്യയിൽ 1.55 ലക്ഷം രൂപയും 5.1 kWh വേരിയൻ്റിന് 1.85 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. 2022 ജൂലൈ 15-ന് മുമ്പ് ഐക്യൂബ് ST മുൻകൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് ടിവിഎസിന്റെ 10,000 രൂപയുടെ അധിക ലോയൽറ്റി ബോണസ് നൽകുന്നതിനാൽ അവർക്ക് 1.75 ലക്ഷം രൂപ മാത്രം അടച്ചാൽ മതിയാവും. ഇത്രയും നീണ്ടനാൾ കാത്തിരുന്നതിന് കമ്പനി കൊടുക്കുന്ന അഭിനന്ദനമാണിത്.
പെർഫോമൻസ്: ST വേരിയൻ്റിലെ പെർഫോമൻസ് ഐക്യൂബിന്റെ സ്റ്റാൻഡേർഡ് പതിപ്പുകളെ അപേക്ഷിച്ച് അല്പം മെച്ചപ്പെട്ടതാണ്. 4.4kW BLDC ഹബ് മോട്ടോറുമായി ജോടിയാക്കിയ ബാറ്ററിയ്ക്ക് 6 bhp പവറിൽ പരമാവധി 33 Nm torque വരെ ഉത്പാദിപ്പിക്കാനാവും. വലിയ ബാറ്ററി പാക്ക് ഓപ്ഷനിൽ ഉയർന്ന വേഗത 82 കിലോമീറ്റർ ആണെന്നാണ് കമ്പനി പറയുന്നത്. 0-40 കിലോമീറ്റർ വേഗത ഇവിക്ക് 4.5 സെക്കൻഡിൽ കൈവരിക്കാനാവും.

ഫീച്ചറുകൾ: ഒരു വലിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീനുമായാണ് ഐക്യൂബ് ST വരുന്നത്. ഇത് ആപ്പ് വഴി ബ്ലൂടൂത്ത് കണക്റ്റിവിറ്റയും പ്രാപ്‌തമാക്കുന്നുണ്ട്. കൂടാതെ, ക്ലസ്റ്റർ നാവിഗേഷൻ, ടിപിഎംഎസ്, നാല് കളർ തീമുകൾ എന്നിവയും അതിലേറെയും പോലുള്ള മോഡേൺ ഫീച്ചറുകളാൽ സമ്പന്നവുമാണ്. ST വേരിയൻ്റിന് HMI ജോയ്സ്റ്റിക്കും ലഭിക്കുന്നു. ഇത് ഡിസ്പ്ലേ സ്വമേധയാ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന സംഗതിയാണ്.


Click it and Unblock the Notifications








