സംഭവം കൊള്ളാം, പക്ഷേ പുതിയ ജുപ്പിറ്റർ വാങ്ങാൻ പ്ലാനുണ്ടേൽ ഇക്കാര്യങ്ങൾ കൂടി നോക്കിവെച്ചോ...
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ സ്‌കൂട്ടറാണ് ടിവിഎസ് ജുപ്പിറ്റർ. ഇന്ത്യക്കാരുടെ ഒറിജിനൽ ഫാമിലി സ്‌കൂട്ടറായി ഈ പേര് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായതിനാൽ പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യവുമില്ലതാനും. ഓരോ മാസവും ലക്ഷക്കണക്കിന് യൂണിറ്റുകൾ നിരത്തിലെത്തുന്ന മോഡലിന് പുതുരൂപം സമ്മാനിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. ഹോണ്ട ആക്‌ടിവയുമായുള്ള മത്സരം കൊഴുപ്പിക്കാൻ പുത്തൻ മാറ്റങ്ങൾ വാഹനത്തെ സഹായിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. ഒരു കുടുംബത്തിലെ ഏത് പ്രായക്കാർക്കും ഉപയോഗിക്കാനാവുന്ന തരത്തിലാണ് പുത്തൻ ജുപ്പിറ്ററിനെ ടിവിഎസ് പണികഴിപ്പിച്ചിരിക്കുന്നത്. മുൻഗാമിയുടെ അവതരണത്തിന് 11 വർഷങ്ങൾക്ക് ശേഷമാണ് പുതിയ സ്‌കൂട്ടറിൻ്റെ ലോഞ്ച്.
പഴയ മോഡലിനെ അപേക്ഷിച്ച് പുതിയ തലമുറയിലേക്ക് ചേക്കേറിയ 2024 ജുപ്പിറ്റർ വ്യത്യസ്‌ത പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നതും. ഇതോടൊപ്പം ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററോട് കൂടി വരുന്ന പുതിയ എഞ്ചിനും ടിവിഎസിന്റെ ഫാമിലി സ്‌കൂട്ടറിനെ കിടിലമാക്കുന്നിണ്ട്. 73,700 രൂപ മുതൽ 87,250 രൂപ വരെ എക്സ്ഷോറൂം വിലയുള്ള ഈ സ്‌കൂട്ടർ നാല് വ്യത്യസ്‌ത വേരിയൻ്റുകളിലാണ് വാങ്ങാനാവുന്നത്. നിങ്ങൾ പുതിയ ജുപ്പിറ്റർ വാങ്ങാൻ പ്ലാനിട്ടിട്ടുണ്ടെങ്കിൽ ഈ വേരിയന്റുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ പറഞ്ഞു തരാം...

ബേസ് ഡ്രം: പുതുതലമുറ ടിവിഎസ് ജുപ്പിറ്ററിന്റെ ബേസ് വേരിയന്റാണ് ഡ്രം. 73,700 രൂപ എക്സ്ഷോറൂം വിലയുള്ള ഇതിൽ അടിസ്ഥാനപരമായ കാര്യങ്ങൾ മാത്രമാണ് കമ്പനി ക്രമീകരിച്ചിട്ടുള്ളത്. സ്കൂട്ടറിൻ്റെ ഈ വേരിയൻ്റിന് മുന്നിൽ സിഗ്നേച്ചർ ലൈറ്റ്ബാർ ലഭിക്കുന്നില്ലെന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. പകരം രണ്ട് വ്യത്യസ്ത ഇൻഡിക്കേറ്റർ യൂണിറ്റുകളാണ് ജുപ്പിറ്റർ ഡ്രമ്മിൽ അവതരിപ്പിക്കുന്നത്. എൽസിഡി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ഈ വേരിയന്റിൽ വാഗ്ദാനം ചെയ്യുന്നില്ല.
ഇതിന് പകരമായി ഒരു അനലോഗ് ക്ലസ്റ്ററാണ് 2024 ടിവിഎസ് ജുപ്പിറ്റർ ഡ്രമ്മിൽ ഒരുക്കിയിരിക്കുന്നത്. ഇതെല്ലാം മാറ്റിനിർത്തിയാൽ സ്‌കൂട്ടറിന്റെ മറ്റ് വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്റ്റീൽ വീലുകളോടെയാണ് ഇത് വരുന്നത്. കൂടാതെ ഇൻ്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (ഐഎസ്ജി), മൊബൈൽ ചാർജർ അല്ലെങ്കിൽ ഫോളോ മി ലാമ്പ് ഫംഗ്ഷൻ എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളും ഇതിൽ സജ്ജീകരിച്ചിട്ടില്ല.

പേര് സൂചിപ്പിക്കുന്നത് പോലെ ഈ ബേസ് മോഡലിന്റെ രണ്ടറ്റത്തും ഡ്രം ബ്രേക്കുകളാണ് ടിവിഎസ് കൊടുത്തിരിക്കുന്നത്. ടിവിഎസ് ജുപ്പിറ്റർ ഡ്രം വേരിയന്റ് ലൂണാർ വൈറ്റ് ഗ്ലോസ്, ടൈറ്റാനിയം ഗ്രേ മാറ്റ്, മെറ്റിയർ റെഡ് ഗ്ലോസ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് തെരഞ്ഞെടുക്കാനാവുന്നത്. വില നോക്കുമ്പോൾ ബേസ് മോഡൽ സെഗ്മെന്റിലെ എതിരാളികൾക്കൊപ്പം പിടിച്ചുനിർത്താൻ പോന്നതാണെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്.
ഡ്രം അലോയ്: ബേസ് വേരിയന്റിനേക്കാൾ വെറും 5,500 രൂപ അധികം നൽകിയാൽ ജുപ്പിറ്ററിന്റെ ഡ്രം അലോയ് വേരിയന്റ് സ്വന്തമാക്കാം. 79,200 രൂപ എക്സ്ഷോറൂം വില വരുന്ന ഇതിൽ സ്റ്റീൽ വീലുകൾക്ക് പകരം 12 ഇഞ്ച് അലോയ് വീലുകളാണ് ലഭിക്കുന്നതെങ്കിലും ഫീച്ചറുകളുടെയും മെക്കാനിക്കൽ ഭാഗങ്ങളുടെയും കാര്യത്തിൽ ഈ വേരിയൻ്റിന് ഡ്രം പതിപ്പിന് സമാനമാണ്. സ്റ്റാർലൈറ്റ് ബ്ലൂ ഗ്ലോസ്, ലൂണാർ വൈറ്റ് ഗ്ലോസ്, ടൈറ്റാനിയം ഗ്രേ മാറ്റ്, മെറ്റിയർ റെഡ് ഗ്ലോസ് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ ഡ്രം അലോയ് മോഡൽ വാങ്ങാനാവും.

ഡ്രം സ്മാർട്ട്Xകണക്‌ട്: 83,250 രൂപ എക്സ്ഷോറൂം വില വരുന്ന ജുപ്പിറ്ററിൻ്റെ ഡ്രം സ്മാർട്ട്Xകണക്‌ട് (SmartXonnect) ഡ്രം അലോയ് വേരിയൻ്റിനേക്കാൾ ധാരാളം സവിശേഷതകളാണ് അവതരിപ്പിക്കുന്നത്. ഫ്രണ്ട് ആപ്രോണിനെ കിടിലമാക്കുന്ന ലൈറ്റ്ബാർ ഈ മോഡൽ മുതലാണ് ലഭ്യമാവുക. മാപ്പ്മൈഇന്ത്യ നൽകുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനും ഉൾക്കൊള്ളുന്ന എൽസിഡി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ഇതിൽ ഒരുക്കിയിട്ടുണ്ട്. ഡോൺ ബ്ലൂ മാറ്റ്, ഗാലക്‌റ്റിക് കോപ്പർ മാറ്റ്, സ്റ്റാർലൈറ്റ് ബ്ലൂ ഗ്ലോസ് കളർ ഓപ്ഷനുകളിലും ഇത് വാങ്ങാം.
സ്മാർട്ട്Xകണക്‌ട് ഫോൺ ആപ്പ് ഫൈൻഡ്-മി ഫംഗ്‌ഷൻ, അഡ്വാൻസ്‌ഡ് ട്രിപ്പ് സമ്മറി, കാർബൺ സേവിംഗ്സ് പോലുള്ള അധിക ഫീച്ചറുകളും ഇൻ്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (ISG) ഫീച്ചറും അവതരിപ്പിക്കുന്നുണ്ട്. പവർ മോഡിൽ അധിക ബൂസ്റ്റ് നൽകുന്നതിനാൽ ജുപ്പിറ്ററിന്റെ ടോർക്ക് 9.8 Nm ആയി ഉയർത്തുന്നു. മൊബൈൽ ചാർജറും ഫോളോ മി ലാമ്പ് ഫംഗ്ഷനും ഒരുക്കിയിള്ള മോഡൽ ഡോൺ ബ്ലൂ മാറ്റ്, ഗാലക്‌റ്റിക് കോപ്പർ മാറ്റ്, സ്റ്റാർലൈറ്റ് ബ്ലൂ ഗ്ലോസ് നിറങ്ങളിലാണ് വാങ്ങാനാവുക.
ഡിസ്‌ക് സ്മാർട്ട്Xകണക്‌ട്: പുതുതലമുറ ടിവിഎസ് ജുപ്പറ്ററിന്റെ ടോപ്പ് എൻഡ് വേരിയന്റാണിത്. കൂടാതെ 87,250 രൂപ എക്സ്ഷോറൂം വില വരുന്ന ഈ മോഡൽ ശരിക്കും ഫീച്ചറുകളാൽ സമ്പുഷ്‌ടമാണെന്ന് വേണം പറയാൻ. ഡ്രം സ്മാർട്ട്Xകണക്‌ട് വേരിയൻ്റിൻ്റെ സവിശേഷതകളും കളർ ഓപ്ഷനുകളുമാണ് ഇതിലുള്ളതെങ്കിലും ഇതിന് മുന്നിൽ ഒരു ഡിസ്‌ക് ബ്രേക്ക് ലഭിക്കുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഫ്രണ്ടിൽ ഡിസ്‌ക് ബ്രേക്ക് സെറ്റപ്പ് വാഗ്ദാനം ചെയ്യുന്ന ഏക ജുപ്പിറ്റർ വേരിയൻ്റാണിത്.


Click it and Unblock the Notifications








