മൈലേജ് മൈലേജ് മൈലേജ്! ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് പണികൊടുക്കാൻ ജുപ്പിറ്റർ സിഎൻജി വരുന്നു
ഇന്ത്യയിൽ പെട്രോൾ, ഡീസൽ വാഹനങ്ങളെ പോലെ തന്നെ ജനപ്രീതി നേടിയെടുത്തിരിക്കുകയാണ് സിഎൻജി മോഡലുകളും. പാസഞ്ചർ കാർ വിപണിയിൽ ഈ ട്രെൻഡ് തുടങ്ങിയിട്ട് കാലം ഇമ്മിണിയായെങ്കിലും സിഎൻജിയിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹനങ്ങളെ കുറിച്ച് നമ്മളാരും സ്വപ്‌നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല അല്ലേ. എന്നാൽ അടുത്തിടെ ലോകത്തിലെ തന്നെ ആദ്യത്തെ സിഎൻജി മോട്ടോർസൈക്കിൾ പുറത്തിറക്കി ബജാജ് ഞെട്ടിക്കുകയുണ്ടായി. ഫുൾടാങ്ക് ഇന്ധനത്തിൽ ഏകദേശം 330 കിലോമീറ്റർ വരെ ഓടാൻ ഈ ബൈക്കിനാവും. ഇതിന്റെ ആരവം കെട്ടടങ്ങുന്നതിനു മുമ്പ് തന്നെ പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ടിവിഎസ് മോട്ടോർ.
ലോകത്തിലെ ആദ്യത്തെ സിഎൻജി മോട്ടോർസൈക്കിളായ ഫ്രീഡം 125 പുറത്തിറക്കിയതിന് പിന്നാലെ തങ്ങളും പുതിയ സിഎൻജി ഇരുചക്ര വാഹനം അവതരിപ്പിക്കാൻ ഒരുങ്ങുന്നുവെന്നാണ് ടിവിഎസും അറിയിച്ചിരിക്കുന്നത്. എന്നാൽ ബൈക്കല്ല, ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട സ്‌കൂട്ടറിലാവും കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് ഉപയോഗിക്കുക. ലോകത്തെ ആദ്യത്തെ സിഎൻജി സ്‌കൂട്ടറായിരിക്കും ഇത്.

പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് വർഷങ്ങളായി വിവിധ ഇതര ഇന്ധന സാങ്കേതികവിദ്യകളിൽ കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നും ഉടൻ തന്നെ സിഎൻജിയിൽ പ്രവർത്തിക്കുന്ന സ്‌കൂട്ടർ പുറത്തിറക്കുമെന്നുമാണ് വാർത്ത. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ജുപ്പിറ്ററിലാവും സിഎൻജി അവതരിപ്പിക്കുകയെന്നും സൂചനയുണ്ട്. അങ്ങനെയെങ്കിൽ ബജാജിന് മുകളിൽ മേൽകൈ നേടാനും ഹൊസൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രാൻഡിനാവും.
U740 എന്ന കോഡ് നാമത്തിലുള്ള 125 സിസി സിഎൻജി സ്കൂട്ടറിന്റെ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിച്ചതായാണ് വിവരം. കാര്യങ്ങൾ കൃത്യമായി നടക്കുകയാണെങ്കിൽ ഈ വർഷം തന്നെ അതായത് ഈ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ തന്നെ സ്കൂട്ടർ വിപണിയിലെത്തിയേക്കാം. അധികം കാത്തിരുത്താതെ തന്നെ ആളുകളിലേക്ക് വാഹനം എത്തുന്നതും വിൽപ്പനയിൽ ഗുണം ചെയ്യും. പ്രതിമാസം ഗ്യാസ് അധിഷ്‌ഠിത സ്‌കൂട്ടറിന്റെ ഏകദേശം 1,000 യൂണിറ്റ് വിൽക്കുകയെന്ന മിതമായ ലക്ഷ്യം മാത്രമാണ് കമ്പനിക്കുള്ളത്.

ഭാവിയിൽ പുതിയ ഇരുചക്ര വാഹങ്ങൾ വാങ്ങുന്നവർക്ക് ഒന്നിലധികം ക്ലീനർ ബദലുകൾ വാഗ്ദാനം ചെയ്യുകയും രാജ്യത്തെ മലിനീകരണം കുറയ്ക്കുക എന്ന കമ്പനിയുടെ ഉദ്ദേശത്തേയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിഎൻജി സ്‌കൂട്ടറിന്റെ വരവ്. ജുപ്പിറ്റർ 125 മോഡലിന് നിലവിൽ 79,299 രൂപയ്ക്കും 90,480 രൂപയ്ക്കും ഇടയിലാണ് എക്സ്ഷോറൂം വില വരുന്നത് അതിനാൽ ടിവിഎസ് ജൂപ്പിറ്റർ സിഎൻജി ലോഞ്ച് ചെയ്യുമ്പോൾ ഇതിന്റെ വിലയും ഏകദേശം ഇതിനോടടുത്തായിരിക്കും.
125 സിസി കൂടാതെ ഒരു 110 സിസി ജുപ്പിറ്ററും വിപണിയിലുണ്ട്. 2013-ലാണ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച ഈ വാഹനം അതിവേഗമാണ് മുൻനിരയിലേക്ക് എത്തിയത്. ഫാമിലി സ്‌കൂട്ടറിന്റെ ഗെറ്റപ്പിനൊപ്പം നല്ല മൈലേജും, അതിനൊത്ത പെർഫോമൻസും പ്രായോഗികതയും ഫീച്ചറുകളും എല്ലാം നിറഞ്ഞ ജുപ്പിറ്റർ സംഭവം തന്നെയാണ്. ഇനി സിഎൻജിയിൽ കൂടി വിപണിയിൽ എത്തുന്നതോടെ സംഭവം കൂടുതൽ കളറാവും.

ഒരു ദശാബ്ദക്കാലം മുമ്പ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയതിന് ശേഷം ടിവിഎസ് ജുപ്പിറ്ററിൻ്റെ മൊത്തം 64.30 ലക്ഷം യൂണിറ്റുകളാണ് വിപണനം ചെയ്‌തിരിക്കുന്നത്. മോപ്പഡുകൾ, സ്‌കൂട്ടറുകൾ, മോട്ടോർസൈക്കിളുകൾ എന്നിവ മുതൽ ബിഎംഡബ്ല്യുവിനും നോർട്ടൺ മോട്ടോർസൈക്കിൾ ബ്രാൻഡിന് കീഴിലുള്ള വലിയ ബൈക്കുകൾ വരെ നിർമിക്കുന്നതിൽ വൈദഗ്ധ്യമുള്ളവരാണ് ടിവിഎസ്.
18 ശതമാനം വിപണി വിഹിതവും 3.15 ദശലക്ഷം യൂണിറ്റ് വിൽപ്പനയുമായി ടിവിഎസ് മോട്ടോർ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഇരുചക്ര വാഹന നിർമാതാക്കളുമാണ് ടിവിഎസ്. കൂടാതെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്കൂട്ടർ നിർമാതാക്കൾ കൂടിയാണിവർ. രാജ്യത്ത് വിൽക്കുന്ന നാലിൽ ഒന്ന് സ്കൂട്ടറുകൾ ടിവിഎസിൽ നിന്നുള്ളതാണ്. പ്രതിവർഷം കമ്പനി 1 ദശലക്ഷം മോട്ടോർസൈക്കിളുകളും അര ദശലക്ഷം സ്‌കൂട്ടറുകളും വിൽക്കുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








