ആക്‌ടിവയെ സൈഡാക്കി ജുപ്പിറ്റർ; 365 ദിവസംകൊണ്ട് ടിവിഎസ് വിറ്റത് 8 ലക്ഷം സ്‌കൂട്ടറുകൾ
ഇന്ത്യയിൽ സ്‌കൂട്ടറുകളെ ജനപ്രിയരാക്കിയ മോഡലാണ് ഹോണ്ട ആക്‌ടിവ. അന്ന് മുതൽ ഇന്നു വരെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറും ഇതുതന്നെയാണ്. എല്ലാ വാഹനങ്ങൾക്കും അതിന്റെ വിഭാഗത്തിലൊരു ഒത്ത എതിരാളിയും ഉണ്ടാവും. അവിടെയാണ് ടിവിഎസ് ജുപ്പിറ്ററിന്റെ വരവ് ആഘോഷമാവുന്നത്. 2013-ലാണ് വിപണിയിൽ എത്തുന്നതെങ്കിലും ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന രണ്ടാമത്തെ സ്‌കൂട്ടറാണിത്.
മാത്രമല്ല ഹൊസൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിവിഎസിന്റെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന ടൂവീലറും ജുപ്പിറ്ററാണ്. പ്രാക്‌ടിക്കാലിറ്റിയിൽ ആക്‌ടിവയേക്കാൾ കേമനാണെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. 110 സിസി 125 സിസി സെഗ്മെന്റിൽ ആക്‌ടിവയ്ക്ക് വില്ലനായി ജുപ്പിറ്റർ അരങ്ങുവാഴുന്നുണ്ട്. ഫാമിലി സ്‌കൂട്ടറിന്റെ ഗെറ്റപ്പിനൊപ്പം നല്ല മൈലേജും, അതിനൊത്ത പെർഫോമൻസും പ്രായോഗികതയും ഫീച്ചറുകളും എല്ലാം നിറഞ്ഞ ജുപ്പിറ്റർ സംഭവം തന്നെയാണ്.

2024 സാമ്പത്തിക വർഷത്തിൽ മാത്രം ജുപ്പിറ്ററിന്റെ വിൽപ്പന 8,44,863 യൂണിറ്റുകൾ മറികടന്നതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇത് 2023-ലെ 7,29,546 യൂണിറ്റുകളെ അപേക്ഷിച്ച് 16 ശതമാനം വർധനവിലേക്കും ടിവിഎസിനെ നയിച്ചു. ഇലക്‌ട്രിക് സ്കൂട്ടറുകൾ ചൂടപ്പം പോലെ വിറ്റഴിയുന്ന സമയത്തും ജുപ്പിറ്ററിന് ഈയൊരു റെക്കോർഡ് നേടാനായത് വലിയ കാര്യം തന്നെയാണ് എന്നതിൽ സംശയമൊന്നും വേണ്ട.
ഒരു ദശാബ്ദക്കാലം മുമ്പ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയതിനുശേഷം ടിവിഎസ് ജുപ്പിറ്ററിൻ്റെ മൊത്തം 64.30 ലക്ഷം യൂണിറ്റുകളാണ് വിപണനം ചെയ്‌തിരിക്കുന്നത്. അതേസമയം 2014 സാമ്പത്തിക വർഷത്തിനും 2024 സാമ്പത്തിക വർഷത്തിനും ഇടയിൽ കമ്പനി ജനപ്രിയ സ്‌കൂട്ടറിന്റെ 80,000 യൂണിറ്റുകൾ കയറ്റുമതി ചെയ്യുകയും ചെയ്‌തിട്ടുണ്ട്. 110 സിസി, 125 സിസി പതിപ്പുകളിൽ വാഗ്ദാനം ചെയ്യുന്ന മോഡൽ നിലവിൽ ടിവിഎസിൻ്റെ ഇരുചക്രവാഹന നിരയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറാണ്.

റൈഡർ 125 (4,78,443 യൂണിറ്റുകൾ), XL (4,81,803 യൂണിറ്റുകൾ), അപ്പാച്ചെ സീരീസ് (78,112 യൂണിറ്റ്) എന്നിവയെ മറികടന്നാണ് ജുപ്പിറ്റർ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 2024 സാമ്പത്തിക വർഷത്തിൽ എൻടോർഖ് 125 സ്പോർട്ടി സ്കൂട്ടറിന്റെ 3,31,865 യൂണിറ്റുകളാണ് ബ്രാൻഡ് വിപണനം ചെയ്‌തിരിക്കുന്നത്. പുതിയ ഫീച്ചറുകളും വേരിയൻ്റുകളുമുള്ള തുടർച്ചയായ നവീകരണങ്ങളാണ് ജുപ്പിറ്ററിനെ ജനപ്രിയമാക്കി നിർത്തുന്ന പ്രധാന ഘടകം.
2023 ഒക്ടോബറിൽ ടിവിഎസ് ഒരു പുതിയ SmartXonnect വേരിയന്റും ജുപ്പിറ്ററിനായി പുറത്തിറക്കിയിരുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെ വരുന്ന ഈ പതിപ്പിൽ കോളുകളും ടെക്‌സ്‌റ്റ് നോട്ടിഫിക്കേഷൻ, വോയ്‌സ്-അസിസ്റ്റഡ് ഫംഗ്‌ഷനുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഓവർ-സ്പീഡിംഗ് അലേർട്ടുകൾ പോലുള്ളവ പ്രദർശിപ്പിക്കാൻ ഡിജിറ്റൽ TFT സ്ക്രീനാണ് കമ്പനി സ്‌കൂട്ടറിന് സമ്മാനിച്ചത്.

മുമ്പ് പറഞ്ഞതു പോലെ നിലവിൽ ടിവിഎസ് ജുപ്പിറ്ററിന് 110 സിസി, 125 സിസി മോഡലുകളാണുള്ളത്. ഇതിൽ ആദ്യത്തേത് 109.7 സിസി സിംഗിൾ സിലിണ്ടറും എഞ്ചിൻ ഉപയോഗിക്കുമ്പോൾ രണ്ടാമത്തേതിന് 124.8 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഇവ രണ്ടും ETFi (ഫ്യൂവൽ-ഇഞ്ചക്ഷൻ) സാങ്കേതികവിദ്യയുമായി ചേർന്ന് പ്രവർത്തിക്കുന്നതിനാൽ മികച്ച മൈലേജാണ് നൽകുന്നത്.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ജുപ്പിറ്റർ 110 സിസി 7,500 ആർപിഎമ്മിൽ 7.77 bhp പവറും 5,500 ആർപിഎമ്മിൽ 8.8 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ജുപ്പിറ്റർ 125 മോഡൽ 6,500 ആർപിഎമ്മിൽ 8 bhp കരുത്തും 4,500 ആർപിഎമ്മിൽ 10.5 Nm ടോർക്കും വരെ നിർമിക്കാൻ ശേഷിയുള്ള വിധത്തിലാണ് ടിവിഎസ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

വില അനുസരിച്ച് ടിവിഎസ് ജുപ്പിറ്റർ 110 സിസി മോഡലിന് നിലവിൽ 73,340 രൂപ മുതൽ 89,748 രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഹോണ്ട ആക്‌ടിവ 6G, ഹീറോ സൂം 110 എന്നിവയുമായാണ് ഇതിന്റെ മത്സരം. അതേസമയം ജുപ്പിറ്റർ 125 ഡ്രം-അലോയ് വേരിയന്റിന് 86,405 രൂപയും ടോപ്പ് സ്പെക്ക് SmartXonnect പതിപ്പിന് 96,855 രൂപ വരെയുമാണ് എക്‌സ്ഷോറൂം വില വരുന്നത്.


Click it and Unblock the Notifications








