ടിവിഎസിന്റെ പുതിയ സ്‌കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി; ടീസറിൽ ഒളിപ്പിച്ചിരിക്കുന്ന വണ്ടി മനസിലായോ
യൂത്തൻമാർക്കിടയിൽ പണ്ട് ബൈക്കുകൾക്കായിരുന്നു ആരാധകർ കൂടുതലുണ്ടായിരുന്നത് എങ്കിൽ ഇപ്പോൾ സ്‌കൂട്ടറുകൾക്കും അതേ സ്വീകാര്യതയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ് ഗിയർലെസ് സ്‌കൂട്ടറുകൾ എന്ന ധാരണയും അടക്കംപറച്ചിലും ഏറെക്കാലം മുമ്പേ മാറുകയും ചെയ്‌തു. സ്റ്റൈലിനൊപ്പം പൊർഫോമൻസും കോർത്തിണക്കി അനവധി മോഡലുകൾ എത്തിയതോടെ സ്‌കൂട്ടർ വിപണി ഉണർന്നു. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് ടിവിഎസിന്റെ (TVS) പുത്തനൊരു മോഡൽ കൂടി കടന്നുവരികയാണ്. ഇതിനോടകം തന്നെ ട്രെൻഡ് സെറ്ററായ എൻടോർഖിന്റെ (Ntorq) പുത്തൻ വേരിയന്റാണ് കളംപിടിക്കാനായി എത്തുന്നത്. ഇന്ത്യയിലെ 125 സിസി സ്‌കൂട്ടർ സെഗ്മെന്റിൽ ഇത്രയുമധികം മാറ്റങ്ങൾ കൊണ്ടുവന്ന മോഡലാണ് ടിവിഎസ് എൻടോർഖ്.
പലതരം പുത്തൻ സാങ്കേതികവിദ്യകളും ഫീച്ചറുകളും അവതരിപ്പിച്ച സ്പോർട്ടി സ്‌കൂട്ടർ യുവാക്കൾക്കിടയിൽ ഒരു ഹരം തന്നെയാണ്. ഈ ഇഷ്‌ടം വേറെ തലത്തിനെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ കമ്പനിയുടെ ഭാഗത്തുനിന്നും ഉടലെടുക്കുന്നത്. ഇതിന്റെ ഭാഗമായി വരാൻ പോവുന്നതാവട്ടെ എൻടോർഖ് ബ്ലാക്ക് എഡിഷനാണെന്നാണ് വിവരം. പുതിയ ടീസർ ചിത്രങ്ങളിലൂടെയാണ് കമ്പനി ഇക്കാര്യം പറഞ്ഞുവെക്കുന്നത്.

ടിവിഎസ് മോട്ടോർ കമ്പനി പുതിയ എൻടോർഖ് 125 ബ്ലാക്ക് എഡിഷൻ്റെ ടീസർ സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ സ്‌കൂട്ടർ പൂർണമായും കറുപ്പിലാവും ഒരുക്കുക. പുതിയ പ്രത്യേക പതിപ്പിനായുള്ള മുൻകൂർ ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. താത്പര്യമുള്ളവർക്ക് ഏറ്റവും പുതിയ 125 സിസി സ്പോർട്ടി സ്കൂട്ടറിന്റെ ലോഞ്ചിന് മുന്നോടിയായി പ്രീ-ബുക്ക് ചെയ്‌തിടാം.
പുതിയ എൻടോർഖ് 125 ബ്ലാക്ക് എഡിഷനിൽ പുതിയ ഗ്രാഫിക്സോട് കൂടിയ ഒരു പുതിയ സ്റ്റെൽത്ത് ബ്ലാക്ക് നിറത്തോടെയാവും വരിക. മഡ്ഗാർഡുകൾ, ആപ്രോൺ, സൈഡ് പാനലുകൾ എന്നിവയെല്ലാം പൂർണമായും കറുപ്പിലാവും ഒരുക്കുക. ഇത് സ്കൂട്ടറിന് സവിശേഷമായ രൂപം തന്നെയായിരിക്കും സമ്മാനിക്കുക. ഇതൊഴികെ മോഡലിന് ഡിസൈൻ മാറ്റങ്ങളൊന്നും ലഭിക്കില്ലെന്ന് ടിവിഎസ് വ്യക്തമാക്കിയിട്ടുണ്ട്. എൽഇഡി ഹെഡ്‌ലാമ്പ് ഉയർന്ന വേരിയൻ്റുകളിൽ ലഭ്യമാവുകയും ചെയ്യും.

ടിവിഎസ് എൻടോർക്ക് 125 റേസ് എഡിഷൻ്റെ വില 89,641 മുതലാണ് നിലവിൽ ആരംഭിക്കുന്നത്. ഡ്യുവൽ സ്‌ക്രീനും കണക്റ്റിവിറ്റി സവിശേഷതകളുമുള്ള XT വേരിയൻ്റിന് 1.06 ലക്ഷം രൂപ വരെ ഉയരും. അതേസമയം എൻടോർഖ് XP പതിപ്പിന് 97,491 രൂപയാണ് വില വരുന്നത്. പുതിയ ബ്ലാക്ക് എഡിഷൻ നിലവിലെ മോഡലുകൾക്ക് അൽപം ഉയർന്ന വിലയായിരിക്കും മുടക്കേണ്ടി വരികയെന്നാണ് വിവരം.
കാഴ്ച്ചയിൽ പുതുമകളുണ്ടാവുമെങ്കിലും ടിവിഎസ് എൻടോർക്ക് ബ്ലാക്ക് എഡിഷനിൽ മെക്കാനിക്കൽ പരഷ്ക്കാരങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇതിൽ 124.8 സിസി സിംഗിൾ സിലിണ്ടർ, ഫ്യൂവൽ-ഇഞ്ചക്‌റ്റഡ് ത്രീ-വാൽവ് എഞ്ചിനാണ് തുടിപ്പേകുന്നത്. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 9.25 bhp hവറിൽ പരമാവധി 10.5 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

ടിവിഎസ് എൻടോർഖ് XP എഡിഷന് പെർഫോമൻസ് അൽപം കൂടുതലാണ്. 10.06 bhp കരുത്തിൽ ഏകദേശം 10.8 Nm torque ആണ് ഈ വേരിയന്റിന് പുറത്തെടുക്കാനാവുക. വെറും 8.3 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ റേസ് XP ട്രിമ്മിന് കഴിയും. അതേസമയം കമ്പനി പറയുന്ന പരമാവധി വേഗം 98 കിലോമീറ്ററാണ്. ഫീച്ചറുകളിലും കക്ഷി സമ്പന്നമാണ്. മോഡേൺ ടെക്കുകളുടെ സംയോജനമാണ് ഈ 125 സിസി സ്‌കൂട്ടർ.
ബ്ലൂടൂത്ത് കണക്റ്റഡ് സ്പീഡോമീറ്റർ, സ്ട്രീറ്റ്, റൈഡ് സ്ഥിതിവിവരക്കണക്കുകൾക്കായുള്ള മൾട്ടി-മോഡ് ഡിസ്‌പ്ലേ, നാവിഗേഷൻ അസിസ്റ്റ്, എഞ്ചിൻ ടെമ്പറേച്ചർ ഇൻഡിക്കേറ്റർ, ഫോൺ ബാറ്ററി സ്ട്രെങ്ത്, ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, അലോയ് വീലുകള്‍, ഒരു ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ബ്ലൂടൂത്ത്, നാവിഗേഷന്‍ അസിസ്റ്റ്, കോളര്‍ ഐഡി, എല്‍ഇഡി ഹെഡ്‌ലാമ്പ്, ലൊക്കേഷന്‍ അസിസ്റ്റ്, റൈഡ് സ്റ്റാറ്റസ് ഷെയര്‍ തുടങ്ങിയ സവിശേഷതകളും ഈ 125 സിസി സ്‌കൂട്ടറിന്റെ പ്രത്യേകതകളാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








