59,880 രൂപയ്ക്ക് 79.3 കിലോമീറ്റർ മൈലേജുള്ള ബൈക്ക്, മോഹിപ്പിക്കുന്ന മാറ്റവുമായി ടിവിഎസ് റേഡിയോൺ
കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളിലെ അണ്ടർറേറ്റഡ് ബ്രാൻഡുകളിൽ ഒന്നാണ് ടിവിഎസ്. ഹീറോയോട് ഇക്കാര്യത്തിൽ മത്സരിക്കാൻ ഹോണ്ടയ്ക്ക് ഒപ്പം ഹൊസൂർ ആസ്ഥാനമായുള്ള കമ്പനിയുമുണ്ടെന്നതാണ് യാഥാർഥ്യം. വിക്‌ടർ, സ്റ്റാർസിറ്റി, റേഡിയോൺ പോലുള്ള മോഡലുകളുടെയെല്ലാം ജനപ്രീതി തന്നെയെടുത്താൽ കാര്യം മനസിലാവും. ഇന്ത്യയിൽ നാല് ലക്ഷത്തോളം യൂണിറ്റുകൾ വിറ്റഴിച്ച് കമ്മ്യൂട്ടർ ബൈക്ക് സെഗ്മെന്റിൽ ടിവിഎസിനെ ശക്തനാക്കിയ വാഹനമാണ് റേഡിയോൺ. മുഖ്യ എതിരാളിയായ ഹീറോ സ്‌പ്ലെൻഡർ പോലെ പതിറ്റാണ്ടുകളുടെ പാരമ്പര്യം ഒന്നുമില്ലെങ്കിലും ശരിക്കും യോഗ്യനാണ് കക്ഷി. അത്യാവിശ്യം വേണ്ടുന്ന ഫീച്ചറുകളും താങ്ങാനാവുന്ന വിലയും ഗംഭീര മൈലേജും എല്ലാമാണ് റേഡിയോണിന്റെ മുഖമുദ്ര.
2018 ഓഗസ്റ്റിൽ വിപണിയിൽ എത്തിയ ബൈക്കിന് ഇപ്പോഴും മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ പ്രധാന കാരണം കൃത്യമായ ഇടവേളകളിൽ ബൈക്കിനെ നവീകരിക്കാൻ ടിവിഎസ് കാണിക്കുന്ന മനസാണ്. ഇപ്പോഴിതാ തങ്ങളുടെ ജനപ്രിയ കമ്മ്യൂട്ടർ മോട്ടോർസൈക്കിളായ റേഡിയണിന് പുതിയ ഓൾ-ബ്ലാക്ക് കളർ ഓപ്ഷൻ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

ഈ കൂട്ടിച്ചേർക്കലിനൊപ്പം ടിവിഎസ് റേഡിയോൺ ഇപ്പോൾ ഏഴ് കളർ ഓപ്ഷനുകളിലും ബേസ്, ഡിജി ഡ്രം, ഡിജി ഡിസ്ക് എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലും സ്വന്തമാക്കാനുമാവും. ബൈക്കിന്റെ പുതിയ ഓൾ-ബ്ലാക്ക് കളർ ഓപ്ഷൻ ഗ്ലോസി ഫിനിഷിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഫ്യുവൽ ടാങ്കിലും സൈഡ് പാനലുകളിലും വൈറ്റ് ബാക്ക്ഗ്രൌണ്ടിൽ ടിവിഎസ്, റേഡിയോൺ ബാഡ്ജിംഗും കൂടിയാവുമ്പോൾ കാഴ്ച്ചയിൽ സംഭവം അടിപൊളിയാവുന്നുണ്ട്.
റേഡിയോൺ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ടിവിഎസ് മോട്ടോർസൈക്കിളിന്റെ ബേസ് വേരിയൻ്റിൻ്റെ വിലയും കുറച്ചിട്ടുണ്ട്. ഇപ്പോൾ വെറും 59,880 രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിൽ ബൈക്ക് വീട്ടിലെത്തിക്കാനാവും. അതായത് മുമ്പുണ്ടായിരുന്നതിനേക്കാൾ ഏകദേശം 2,525 രൂപയാണ് റേഡിയോണിന് വെട്ടിക്കുറച്ചത്. അതേസമയം മിഡ്-സ്പെക്ക് ഡിജി ഡ്രം വേരിയൻ്റിന് 77,394 രൂപയാണ് വില വരുന്നത്.

റേഡിയോൺ ടോപ്പ്-സ്പെക്ക് ഡിജി ഡിസ്ക് വേരിയന്റിന് 81,394 രൂപയും എക്സ്ഷോറൂം വില വരുമെന്നാണ് കമ്പനി പറയുന്നത്. രണ്ട് ബ്രേക്കുകളും ഒരേസമയം സജീവമാക്കുന്ന കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റം (CBS), ഒരു കളർ LCD സ്‌ക്രീൻ, കൂടുതൽ സൗകര്യത്തിനായി USB ചാർജിംഗ് പോർട്ട് എന്നിവ പോലുള്ള കിടിലൻ ഫീച്ചറുകളാലും ടിവിഎസിന്റെ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സമ്പന്നമാണ്.
റേഡിയോണിന് 10 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയാണുള്ളത്. ബൈക്കിന്റെ ഡ്രം വേരിയൻ്റിന് 113 കിലോഗ്രാമും ഡിസ്ക് വേരിയൻ്റിന് 115 കിലോഗ്രാമും ഭാരമുണ്ട്. കൂടാതെ 180 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസോടു കൂടിയാണ് മോട്ടോർസൈക്കിൾ നിരത്തിലേക്ക് എത്തുന്നത്. 4-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ 109.7 സിസി എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ടിവിഎസ് റേഡിയണിന്റെ ഹൃദയം. 79.3 കിലോമീറ്റർ ഇന്ധനക്ഷമതയാണ് വാഹനത്തിലെ മറ്റൊരു ഹൈലൈറ്റ്.
ഈ എഞ്ചിന് 7,350 ആർപിഎമ്മിൽ 8 bhp പവറും 4,500 ആർപിഎമ്മിൽ 8.7 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും. ബൈക്കിൽ വാഗ്‌ദാനം ചെയ്യുന്ന ET-Fi സാങ്കേതികവിദ്യ കൂടുതൽ മൈലേജും മികച്ച ഡ്രൈവിബിലിറ്റിയുമാണ് സമ്മാനിക്കുന്നത്. സിംഗിൾ ക്രാഡിൽ ട്യൂബുലാർ ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന ഈ ബൈക്കിന്റെ സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കും പിന്നിൽ പ്രീലോഡ് അഡ്ജസ്റ്റബിൾ ഷോക്ക് അബ്സോർബറുകളുമാണ് ടിവിഎസ് ഒരുക്കിയിരിക്കുന്നതും.
ബ്രേക്കിംഗിനായി ഡ്രം വേരിയൻ്റിൽ 130 mm ഫ്രണ്ട് ഡ്രം ബ്രേക്കും ഡിസ്ക് വേരിയൻ്റിൽ മുൻവശത്ത് 240 mm ഡിസ്കും ലഭിക്കും. രണ്ട് മോഡലുകളുടേയും പിൻവശത്ത് 110 mm ഡ്രം ബ്രേക്കാണ് ടിവിഎസ് വാഗ്‌ദാനം ചെയ്യുന്നത്. രണ്ടറ്റത്തും 18 ഇഞ്ച് വീലിലാണ് ബൈക്ക് സഞ്ചരിക്കുന്നത് എന്നതും വലിയ കാര്യമാണ്. ഇന്ത്യൻ വിപണിയിലെ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിൽ ഹീറോ സ്പ്ലെൻഡർ, ഹോണ്ട CD110 ഡ്രീം എന്നിവയുമായാണ് ടിവിഎസ് റേഡിയോൺ മത്സരിക്കുന്നത്.


Click it and Unblock the Notifications








