ഇനി 84,869 രൂപ മാത്രം! ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന ബൈക്കിന് 10,000 രൂപ കുറച്ച് ടിവിഎസ്
ടിവിഎസ് എന്ന് പറയുമ്പോഴേ പലരുടേയും മനസിലേക്ക് ഓടിയെത്തുന്ന ബൈക്ക് അപ്പാച്ചെ സീരീസ് ആയിരിക്കും. ഒരുകാലത്ത് ബജാജ് പൾസറുകളോട് ഏറ്റുമുട്ടി വിജയം കൊയ്‌ത മോഡലുകൾ ഇന്നും യൂത്തിനിടയിൽ ജനപ്രിയമാണ്. ഹീറോ മോട്ടോകോർപ് കഴിഞ്ഞാൽ സാധാരണക്കാർക്ക് വേണ്ടിയും ഏറ്റവും കൂടുതൽ മോട്ടോർസൈക്കിളുകൾ പണിതിറക്കിയിട്ടുള്ള കമ്പനികൂടിയാണിത്. വിക്‌ടർ, സ്റ്റാർസിറ്റി, റേഡിയോൺ പോലുള്ള മോഡലുകളെല്ലാം ഇതിനുദാഹരണമാണ്. പക്ഷേ കുറച്ചുകാലം മുമ്പ് വരെ ഹീറോയും ഹോണ്ടയുമെല്ലാം അരങ്ങുവാണിരുന്ന 125 സിസി സെഗ്മെന്റിൽ മാത്രം കാര്യമായി ക്ലച്ചുപിടിക്കാനാവാതെ തിരുക്കുറുങ്കുടി വെങ്ങാരം സുന്ദരം എന്ന ടിവിഎസ് ഏറെ വിയർപ്പ് ഒഴുക്കിയിരുന്നു.
എന്നാൽ മോശംകാലത്തെയും പരാജയങ്ങളേയുമെല്ലാം മറകടക്കാൻ റൈഡർ എന്ന 125 സിസി ബൈക്കിന് ടിവിഎസ് രൂപംകൊടുക്കുകയുണ്ടായി. കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ മാത്രം അരങ്ങുവാണിരുന്ന ഈ വിഭാഗത്തിലേക്ക് പുതിയ സാധ്യതകൾ തുറന്നിട്ടാണ് റൈഡർ വന്നെത്തിയത്. കിടിലൻ സ്പോർട്ടി ഡിസൈനും മോഡേൺ ഫീച്ചറുകളുമായി പുളകംകൊള്ളിച്ച മോഡൽ വളരെ വേഗത്തിലാണ് ഹിറ്റടിച്ചത്.

നല്ല മൈലേജും അതിനൊത്ത പെർഫോമൻസും കിടിലൻ വില നിർണയവും ടിവിഎസ് റൈഡറിനെ കൂടുതൽ ജനപ്രിയമാക്കി. ലോഞ്ച് ചെയ്തതു മുതൽ ടിവിഎസിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളായി ഈ 125 സിസി വാഹനം മാറി. ഏകദേശം 8 ലക്ഷത്തിനടുത്ത് ഉടമകൾ ഇപ്പോഴുള്ള റൈഡറിന്റെ വില കുറച്ച് ഞെട്ടിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ. ഉത്സവ സീസണിന് മുന്നോടിയായി വന്നിരിക്കുന്ന തീരുമാനം ഹീറോ മോട്ടോകോർപ്പിനെയും ഹോണ്ടയേയും പോലുള്ള വമ്പൻമാർക്ക് ഭീഷണിയാവും.
ഉത്സവ സീസണിന് മുന്നോടിയായി 125 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന് ഏകദേശം 10,000 രൂപയോളമാണ് ടിവിഎസ് വെട്ടിക്കുറച്ചിരിക്കുന്നത്. അതായത് പുതിയ റൈഡർ 125 വാങ്ങുന്നയാൾ 84,869 രൂപ മാത്രം നൽകിയാൽ മതിയാവുമെന്ന് സാരം. ഈ വില അതിന്റെ എൻട്രി ലെവൽ വേരിയന്റിനുള്ളതാണെന്നും പ്രത്യേകം ഓർമിച്ചുകൊള്ളണേ. വില കുറയ്ക്കുന്നതിന് മുമ്പ് ബൈക്കിന് 95,219 രൂപയായിരുന്നു ഇന്ത്യയിൽ മുടക്കേണ്ടി വന്നിരുന്ന എക്സ്ഷോറൂം വില.

അതുകൂടാതെ ലോണടിസ്ഥാനത്തിൽ റൈഡർ സ്വന്തമാക്കാനെത്തുന്നവർക്ക് 5.55 ശതമാനത്തിന്റെ ആവേശകരമായ പലിശ നിരക്ക് ഉപയോഗിച്ച് 13,000 രൂപ വരെ ലാഭം നേടാനാകുമെന്നും ടിവിഎസ് മോട്ടോർ അവകാശപ്പെടുന്നു. ടിവിഎസ് റൈഡർ 125 ഡ്രം, സിംഗിൾ-സീറ്റ്, സ്പ്ലിറ്റ് സീറ്റ്, സൂപ്പർ സ്‌ക്വാഡ് എഡിഷൻ, SX എന്നീ വ്യത്യസ്‌ത വേരിയൻ്റുകളിലാണ് വിപണനത്തിന് എത്തുന്നത്. എല്ലാ ഫീച്ചറുകളും അടങ്ങിയ വേരിയന്റിന് 1,04,330 രൂപയാണ് നിലവിലെ എക്സ്ഷോറൂം വില.
ജെന്‍ സീ ഉപഭോക്താക്കളെ ഷോറൂമിലേക്ക് ആകര്‍ഷിക്കാനായി ടെക് ഫീച്ചറുകള്‍ കുത്തിനിറച്ച് രണ്ടര വര്‍ഷങ്ങള്‍ക്ക് മുമ്പ് ടിവിഎസ് മോട്ടോര്‍ കൊണ്ടുവന്ന മോഡലായ റൈഡര്‍ 125 ഇന്നും മികച്ച വിൽപ്പന നേടിയാണ് മുമ്പോട്ടുപോവുന്നത്. 124.8 സിസി, സിംഗിൾ സിലിണ്ടർ, 3-വാൽവ്, എയർ, ഓയിൽ കൂൾഡ് എഞ്ചിനാണ് ബൈക്കിന്റെ തുടിപ്പേകുന്നത്. ഇത് 11.4 bhp പവറിൽ പരമാവധി 11.2 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ 125 സിസി മോട്ടോർസൈക്കിളിന് 0-60 കിലോമീറ്റർ വേഗത വെറും 5.9 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ കഴിയും. അതേസമയം മണിക്കൂറിൽ 99 കിലോമീറ്ററാണ് പരമാവധി വേഗമായി ടിവിഎസ് പറയുന്നത്. ഇന്ധനക്ഷമതയുടെ കാര്യത്തിലും ആള് പുലിയാണെന്നതാണ് ഹൈലൈറ്റ്. ലിറ്ററിന് 67 കി.മീ. മൈലേജാണ് ടിവിഎസ് റൈഡറിൽ അവകാശപ്പെടുന്നത്.
മികച്ച ഇൻ-ക്ലാസ് ആക്സിലറേഷനാണ് ടിവിഎസ് റൈഡർ 125 പതിപ്പിന്റെ മറ്റൊരു ആകർഷണം. എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, ഇക്കോത്രസ്റ്റ് ഫ്യുവൽ ഇഞ്ചക്ഷൻ തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ബൈക്കിന്റെ ഇന്ധനക്ഷമതയും മെച്ചപ്പെടുത്തുന്നതിനൊപ്പം പെർഫോമൻസിലും മോഡൽ കാര്യമായ വിട്ടുവീഴ്ച്ചകളൊന്നും വരുത്തിയിട്ടില്ല. ഇക്കൂടെ മസ്‌കുലാര്‍ ടാങ്ക്, സ്‌നാസി ഹൈഡ്‌ലൈറ്റ്, മിനിമലിസ്റ്റിക് ടെയില്‍ ലാമ്പ് എന്നിവയുടെ കൂടെ സ്‌പോര്‍ട്ടിയര്‍ ഡിസൈന്‍ കൂടിയാവുമ്പോൾ ബൈക്ക് കളറാവുന്നുണ്ട്.
റൈഡറിന്റെ റേഞ്ച് ടോപ്പിംഗ് മോഡലിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, വോയ്‌സ് അസിസ്റ്റ്, നാവിഗേഷൻ എന്നിവയ്‌ക്കൊപ്പം ഓപ്‌ഷണൽ 5 ഇഞ്ച് TFT ഡിസ്‌പ്ലേയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സൈലന്റ് സ്റ്റാർട്ട് സിസ്റ്റം, ഫസ്റ്റ് ഇൻ ക്ലാസ് റൈഡ് മോഡുകൾ (ഇക്കോ, പവർ), ഡോക്യുമെന്റുകൾ, സ്‌മാർട്ട്‌ഫോൺ, സൺഗ്ലാസ് തുടങ്ങിയ കാര്യങ്ങൾ എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന ഫസ്റ്റ് ഇൻ ക്ലാസ് അണ്ടർ സീറ്റ് സ്റ്റോറേജ് എന്നിവയും ടിവിഎസിന്റെ ഈ മോഡലിനെ കിടിലമാക്കുന്ന കാര്യങ്ങളാണ്.
180 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 780 മില്ലീമീറ്റർ സീറ്റ് ഉയരവുമാണ് ബൈക്കിനുള്ളത്. ഇന്ത്യയിലെ 125 സിസി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ഹീറോ ഗ്ലാമര്‍, സൂപ്പര്‍ സ്പ്ലെന്‍ഡര്‍, എക്സ്ട്രീം 125R, ബജാജ് പള്‍സര്‍, ഹോണ്ട ഷൈന്‍ തുടങ്ങിയ ശക്തരായ എതിരാളികളോടാണ് ടിവിഎസ് റൈഡറിന്റെ മത്സരം. കഴിഞ്ഞ 12 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിൽപ്പന ഓഗസ്റ്റ് മാസം നേടിയതോടെയാണ് ഇപ്പോൾ വില കുറച്ചിരിക്കുന്നതെന്ന അഭ്യൂഹങ്ങളും എയറിലുണ്ട്.


Click it and Unblock the Notifications








