67 കി.മീ. മൈലേജ് തന്നെ ധാരാളം, ടിവിഎസിന്റെ ഈ ബൈക്ക് ഇതുവരെ വാങ്ങിയത് 7 ലക്ഷം പേർ
വിക്‌ടർ, സ്റ്റാർസിറ്റി, റേഡിയോൺ പോലുള്ള മോഡലുകളിലൂടെ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിൽ വിപ്ലവം തീർത്തവരാണ് ടിവിഎസ്. അതുപോലെ തന്നെ അപ്പാച്ചെ സീരീസിലൂടെ എൻട്രി ലെവൽ സ്പോർട്‌സ് ബൈക്ക് രംഗത്തും തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയവരാണ് തിരുക്കുറുങ്കുടി വെങ്ങാരം സുന്ദരം എന്ന ടിവിഎസ്. ഒരുകാലത്ത് ഹീറോയും ഹോണ്ടയുമെല്ലാം അരങ്ങുവാണിരുന്ന 125 സിസി സെഗ്മെന്റിൽ മാത്രം പരാജയപ്പെട്ടവരുടെ ഭാഗത്തായിരുന്നു കമ്പനി.
പക്ഷേ റൈഡർ 125 എന്നൊരു മോഡൽ പിറവിയെടുത്തതോടെ ആളുകളുടെയെല്ലാം ആദ്യ ചോയ്‌സ് ഈ മോട്ടോർസൈക്കിളായി മാറി. കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ മാത്രം അരങ്ങുവാണിരുന്ന ഈ വിഭാഗത്തിലേക്ക് പുതിയ സാധ്യതകൾ തുറന്നിട്ടാണ് റൈഡർ വന്നെത്തിയത്. സ്പോർട്ടിയർ ലുക്കും ഒതുക്കമുള്ള വലിപ്പവുമെല്ലാമായി യൂത്തൻമാർക്കിടയിലും അല്ലാത്തവർക്കിടയിലും മോഡൽ വലിയ സ്വീകാര്യത തന്നെ നേടിയെടുത്തുവെന്ന് വേണം പറയാൻ.

നല്ല മൈലേജും അതിനൊത്ത പെർഫോമൻസും കിടിലൻ വില നിർണയവും ടിവിഎസ് റൈഡറിനെ കൂടുതൽ ജനപ്രിയമാക്കി. ഇപ്പോഴിതാ പുതിയൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് മോട്ടോർസൈക്കിളിപ്പോൾ. എന്താണന്നല്ലേ, തലക്കെട്ടിൽ വായിച്ചതു പോലെ തന്നെ 7 യൂണിറ്റ് വിൽപ്പനയെന്ന നേട്ടമാണ് ഈ 125 സിസി മോഡൽ കൈവരിച്ചിരിക്കുന്നത്. വിപണിയിൽ അവതരിപ്പിച്ച് വെറും 29 മാസം കൊണ്ടാണ് റൈഡർ കമ്മ്യൂട്ടർ ബൈക്ക് വലിയൊരു വിഭാഗത്തെ കൈയിലെടുത്തത്.
പുറത്തുവരുന്ന കണക്കുകൾ പ്രകാരം 2024 ജനുവരി വരെ ടിവിഎസ് റൈഡർ 125-ന്റെ മൊത്തം 7,14,484 യൂണിറ്റുകളാണ് വിറ്റഴിഞ്ഞിരിക്കുന്നത്. ഇരുചക്രവാഹന വിപണിയിലെ ടിവിഎസിൻ്റെ മൊത്തത്തിലുള്ള വളർച്ചയിൽ മോഡൽ ഒരു സുപ്രധാന പങ്കാണ് വഹിക്കുന്നത്. സ്‌പോർട്ടി 125 സിസി മോട്ടോർസൈക്കിളുകളുടെ വർധിച്ചുവരുന്ന ഡിമാൻഡ് നിറവേറ്റാനും വാഹനത്തിനാവുന്നുണ്ട്. കിടിലൻ ഫീച്ചറുകളാൽ സമ്പന്നമായ റൈഡർ ജെൻ-Z വിഭാഗത്തിൽ വലിയ ഇടംകണ്ടെത്തിയിട്ടുണ്ട്.

നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ ആദ്യ 10 മാസത്തിനുള്ളിൽ റൈഡറിന്റെ 3,98,354 യൂണിറ്റുകൾ ടിവിഎസ് വിറ്റഴിച്ചു. ഇത് 2023 സാമ്പത്തിക വർഷത്തിൽ നേടിയ 2,39,388 യൂണിറ്റുകളേക്കാൾ കൂടുതലാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. ജൂപ്പിറ്റർ സ്‌കൂട്ടർ ശ്രേണിക്കും XL മോപെഡിനും ശേഷം ടൂവീലർ ബ്രാൻഡിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ ടിവിഎസ് ഉൽപ്പന്നമാണ് റൈഡർ.
124.8 സിസി, സിംഗിൾ സിലിണ്ടർ, 3-വാൽവ്, എയർ, ഓയിൽ കൂൾഡ് എഞ്ചിനാണ് ടിവിഎസ് റൈഡർ 125 ബൈക്കിന്റെ ഹൃദയം. ഇത് 11.4 bhp കരുത്തിൽ പരമാവധി 11.2 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ ബൈക്കിന് 0-60 കിലോമീറ്റർ വേഗത വെറും 5.9 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ കഴിയും. അതേസമയം മണിക്കൂറിൽ 99 കിലോമീറ്ററാണ് പരമാവധി വേഗമായി ടിവിഎസ് പറയുന്നത്.

മികച്ച ഇൻ-ക്ലാസ് ആക്സിലറേഷനാണ് ടിവിഎസ് റൈഡർ വാഗ്ദാനം ചെയ്യുന്നത്. എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, ഇക്കോത്രസ്റ്റ് ഫ്യുവൽ ഇഞ്ചക്ഷൻ തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ബൈക്കിന്റെ ഇന്ധനക്ഷമതയും മെച്ചപ്പെടുത്തുന്നതിനൊപ്പം പെർഫോമൻസിലും മോഡൽ കാര്യമായ വിട്ടുവീഴ്ച്ചകളൊന്നും വരുത്തിയിട്ടില്ലെന്ന് സാരം. റൈഡറിൽ 67 കി.മീ. മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.
ഇനി മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ ടിവിഎസിന്റെ ഹിറ്റ് മോഡലിന്റെ സസ്പെൻഷനായി മുന്നിൽ RSU ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും 5-സ്റ്റെപ്പ് പ്രീലോഡ് അഡ്ജസ്റ്റബിൾ റിയർ മോണോഷോക്കുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ബ്രേക്കിംഗിലേക്ക് വന്നാൽ ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും പിന്നിൽ 130 mm ഡ്രം ബ്രേക്കും സ്റ്റാൻഡേർഡാണ്. സിക്രണൈസ്‌ഡ് ബ്രേക്കിംഗ് സാങ്കേതികവിദ്യ (SBT) ടിവിഎസ് റൈഡറിന്റെ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി തന്നെ ഒരുക്കിയിട്ടുമുണ്ട്.

മോട്ടോർസൈക്കിളിന് ട്യൂബ്‌ലെസ് ടയറുകളുള്ള 17 ഇഞ്ച് വീലുകളാണ് രണ്ടറ്റത്തും കിട്ടുന്നത്. സിംഗിൾ സീറ്റ്, സ്പ്ലിറ്റ് സീറ്റ് വേരിയന്റുകൾക്ക് റിവേഴ്‌സ് എൽസിഡി സ്‌ക്രീൻ ഉണ്ടെങ്കിലും ടോപ്പ് സ്‌മാർട്ട് X കണക്‌ട് പതിപ്പിന് സെഗ്‌മെന്റ് ഫസ്റ്റ് 5-ഇഞ്ച് TFT സ്‌ക്രീൻ, . കോൾ മാനേജ്മെന്റ്, വോയ്‌സ് അസിസ്റ്റ്, ക്ലൈമറ്റ് അപ്‌ഡേറ്റുകൾ, നാവിഗേഷൻ, അവസാനം പാർക്ക് ചെയ്‌ത സ്ഥലം, റൈഡ് റിപ്പോർട്ട്, സർവീസ് ബുക്കിംഗ് മുതലായ സവിശേഷതകളും ലഭിക്കും.


Click it and Unblock the Notifications








