1.29 ലക്ഷത്തിന് 100 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടർ, വിപണി കീഴടക്കാൻ ഒരു ഇറ്റാലിയൻ സുന്ദരി
വർഷങ്ങളായി ഉയർന്ന് നിൽക്കുന്ന പെട്രോൾ വില കാരണം ആളുകളെല്ലാം വൈദ്യുത വാഹനങ്ങളിലേക്ക് വല്ലാതങ്ങ് അടുത്തു കഴിഞ്ഞു. അതുവരെ ഇതുവരെ ഓലയും ഏഥറും പോലെയുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണ് അരങ്ങുവാണിരുന്നതെങ്കിൽ ഉടൻ തന്നെ ട്രെൻഡ് ആകെ മാറും. ആക്‌ടിവ ഇലക്‌ട്രിക്കുമായി ഹോണ്ട വരുന്ന വിവരം ഇതിനോടകം വണ്ടിഭ്രാന്തൻമാരെല്ലാം അറിഞ്ഞുകാണുമല്ലോ. എന്നാൽ ആക്‌ടിവയല്ല, ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയുടെ മട്ടും ഭാവവും മാറ്റാനായി പുതിയൊരു ഇവിയെ നിയോഗിച്ചിരിക്കുകയാണ്. അടിപൊളി ലുക്കും കിടിലൻ ഫീച്ചറുകളുമായി വിപിണിയിലെത്തിയിരിക്കുന്നത് VLF എന്നറിയപ്പെടുന്ന ഇറ്റാലിയൻ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ വെലോസിഫെറോ ആണ്.
VLF ടെന്നീസ് 1500W ഇലക്ട്രിക് സ്‌കൂട്ടറാണ് ഇന്ത്യൻ വിപണിയിൽ തരംഗമാവാനായി എത്തിയിരിക്കുന്നത്. കേട്ടാൽ ആരായാലും ഒന്ന് വാങ്ങിപ്പോവുന്ന തരത്തിലാണ് വില നിശ്ചയിച്ചിരിക്കുന്നതും. 1.29 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയുണ്ടേൽ ഈ സുന്ദരൻ ഇങ്ങ് കൂടെപ്പോരും. ഈ വർഷം ആദ്യമാണ് ഇറ്റാലിയൻ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ വെലോസിഫെറോ (VLF) ഇന്ത്യൻ വാഹന വിപണിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിക്കുന്നത്.

KAW വെലോസ് മോട്ടോർസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ടെന്നീസ് 1500W മുതൽ ആരംഭിക്കുന്ന VLF ഉൽപ്പന്നങ്ങളുടെ രാജ്യത്തെ നിർമാണവും വിതരണവുമെല്ലാം ഇവരുടെ മേൽനോട്ടത്തിലാവും. പുതുതായി അവതരിപ്പിച്ചിരിക്കുന്ന ടെന്നീസ് ഇലക്ട്രിക് സ്‌കൂട്ടർ ആഗോളതലത്തിൽ രണ്ട് വേരിയൻ്റുകളിൽ ലഭ്യമാണ്. എന്നാൽ ഇന്ത്യൻ വിപണികൾക്ക് 1500W മോഡലാണ് ലഭിക്കുക.
സ്നോഫ്ലെക്ക് വൈറ്റ്, ഫയർ ഫ്യൂറി ഡാർക്ക് റെഡ്, സ്ലേറ്റ് ഗ്രേ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ടെന്നീസ് 1500W ഇലക്ട്രിക് സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നത്. 1500W മോട്ടോർ 2.5 kWh ബാറ്ററി പായ്ക്കുമായാണ് ജോടിയാക്കിയിരിക്കുന്നത്. അങ്ങനെ 157 Nm പരമാവധി ടോർക്ക് വരെ ഉത്പാദിപ്പിക്കാനും ഇവിക്ക് കഴിയും. മണിക്കൂറിൽ പരമാവധി 65 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന VLF ടെന്നീസ് ഒറ്റ ചാർജിൽ 130 കിലോമീറ്റർ റേഞ്ചാണ് വാഗ്‌ദാനം ചെയ്യുന്നത്.

ചാർജിംഗിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ബാറ്ററി പൂർണമായി ചാർജാവാൻ വെറും മൂന്ന് മണിക്കൂർ സമയം മാത്രമാണ് വേണ്ടിവരികയെന്ന് VLF വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ അക്കാര്യത്തിൽ ടെൻഷനൊന്നും വേണ്ട. കണ്ടാൽ ഭീമനായി തോന്നുമെങ്കിലും ഉയർന്ന ടെൻസൈൽ സ്റ്റീൽ ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന ടെന്നീസ് 1500W ഇവിക്ക് വെറും 88 കിലോഗ്രാം ഭാരം മാത്രമാണുള്ളത്. അതായത് പല പെട്രോൾ സ്കൂട്ടറുകളേക്കാലും ഭാരം കുറവാണെന്ന് സാരം.
1500W പതിപ്പിന്റെ രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകൾ, മുൻവശത്ത് ടെലിസ്കോപ്പിക് ഹൈഡ്രോളിക് ഫോർക്കുകൾ, പിന്നിൽ ഹൈഡ്രോളിക് മോണോഷോക്ക് അബ്സോർബർ എന്നിവയും ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കൾ കൊടുത്തിട്ടുണ്ട്. VLF ടെന്നിസിൽ സ്പീഡോമീറ്ററിനായി അഞ്ച് ഇഞ്ച് ഡിജിറ്റൽ TFT ഡിസ്പ്ലേയും ലഭിക്കും. ഇക്കോ, കംഫർട്ട്, സ്പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും ഇതിലുണ്ട്.

ഏറ്റവും പുതിയ ടെന്നീസ് ഇലക്ട്രിക് സ്കൂട്ടറിന് 12 ഇഞ്ച് വീലുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ലൈറ്റിംഗിനായി രണ്ട് അറ്റത്തും എൽഇഡി യൂണിറ്റുകളും ലഭിക്കും. മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള പ്ലാൻ്റിൽ പ്രാദേശികമായിട്ടാണ് VLF ടെന്നീസ് നിർമിക്കുക. അതിനാലാണ് വില ഇത്രയും കുറഞ്ഞ രീതിയിൽ പിടിച്ചുനിർത്താനായിരിക്കുന്നത്. അപ്രീലിയയ്ക്ക് ശേഷം ഇന്ത്യയിൽ ടൂവീലറുകൾ നിർമിക്കുന്ന രണ്ടാമത്തെ ഇറ്റാലിയൻ ഇരുചക്ര വാഹന ബ്രാൻഡാണ് VLF എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയിൽ വിപുലമായ ശൃംഖല കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ടയർ-1, ടയർ-2 നഗരങ്ങളിലായി 15 ഡീലർഷിപ്പുകൾ സ്ഥാപിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചുവെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക വർഷാവസാനത്തോടെ 50 ഡീലർഷിപ്പുകളിലേക്ക് വ്യാപിപ്പിക്കാനാണ് VLF ആഗ്രഹിക്കുന്നതെന്നും പത്രക്കുറിപ്പിൽ പറയുന്നു. പുതിയ ടെന്നീവ് ഇവി ഹിറ്റായാൽ ഭാവിയിൽ പുതിയ ഉൽപ്പന്നങ്ങളും പുറത്തിറക്കിയേക്കും.
VLF നിരയിലെ 125 സിസി സ്‌കൂട്ടറായിരിക്കും ഇന്ത്യക്കാർ കാത്തിരിക്കുന്ന മോഡൽ. ഫോർ-സ്ട്രോക്ക് സിംഗിൾ സിലിണ്ടർ എഞ്ചിൻ കരുത്തേകുന്ന ഇതിന് 11.9 bhp പവറാണ് ഇത്പാദിപ്പിക്കാനാവുക. ഇന്ത്യയിൽ അത് അവതരിപ്പിക്കാനുള്ള പദ്ധതിയൊന്നും ബ്രാൻഡ് വ്യക്തമാക്കിയിട്ടില്ലെങ്കിലും ടെന്നീസിനെ രാജ്യം ഏറ്റെടുത്താൽ അടുത്ത വർഷത്തോടെ ഈയൊരു മുതലും വിപണിയിലേക്ക് എത്തും.


Click it and Unblock the Notifications








