പാവങ്ങളുടെ സ്‌പോര്‍ട്‌സ് ബൈക്കിലെ പുതിയ മാറ്റം കണ്ടോ... പുതുവർഷത്തിൽ യൂത്തിനെ പിടിക്കാൻ യമഹ
യൂത്തിനിടയിൽ ഏറ്റവും ജനപ്രിയമായ സെഗ്മെന്റുകളിൽ ഒന്നാണ് എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കുകളുടേത് (Sports Bike). വിലയുടെ കാര്യത്തിലായാലും പെർഫോമൻസിലായാലും ഇവരെ സംതൃപ്ത്തിപ്പെടുത്താൻ കഴിയുന്ന വിഭാഗം വേറെയില്ലെന്നു തന്നെ പറയാം. പോക്കറ്റിന് ഇണങ്ങുന്ന വിലയിൽ അടിപൊളി പെർഫോമൻസ് നൽകുന്ന കിടിലൻ മോഡലുകളാൽ സമ്പന്നവുമാണ് ഇന്ത്യ.
എൻട്രി ലെവൽ സ്പോർട് ബൈക്ക് എന്നു പറയുമ്പോൾ തന്നെ യുവാക്കളുടെ മനസിലേക്ക് ഓടിയെത്തുന്ന പേരുകളിൽ ആദ്യത്തേത് യമഹ R15 എന്ന മോഡലിന്റേതാവും. ഹീറോ കരിസ്‌മയും ബജാജ് പൾസറുകളുമെല്ലാം അരങ്ങുവാണിരുന്ന കാലത്ത് തന്നെ തന്റേതായ സ്ഥാനം കണ്ടെത്തി കുതിക്കുന്ന R15 എതിരാളികളെ നിഷ്ഭ്രമമാക്കി ഇന്നും പറക്കുകയാണ്. നാല് തലമുറ ആവർത്തനങ്ങളിലും ഹിറ്റടിക്കാനായ മിടുക്ക് എത്ര പ്രശംസിച്ചാലും മതിവരില്ലെന്നതാണ് സത്യം.

പെർഫോമൻസിനൊപ്പെം മൈലേജും നൽകാനാവുന്നതാണ് ഈ ജാപ്പനീസ് ഇതിഹാസത്തിന്റെ ഹൈലൈറ്റ്. ദേ ഇപ്പോൾ ആധുനിക എതിരാളികൾക്ക് മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കാനായി R15 സ്പോർട്‌സ് ബൈക്കിലേക്ക് കിടിലൻ ചില മാറ്റം കൊണ്ടുവന്നിരിക്കുകയാണ് യമഹ. മോട്ടോർസൈക്കിളിലേക്ക് പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചതാണ് സംഗതിയെങ്കിലും കൂടുതൽ മിഴിവാർന്ന നിറങ്ങളിലൂടെ യൂത്തിനെ കൈയിലെടുക്കാനുള്ള നീക്കം വരും ദിവസങ്ങളിൽ ചർച്ചയാവുമെന്ന് വേണം പറയാൻ.
വിവിഡ് മജന്ത മെറ്റാലിക്, റേസിംഗ് ബ്ലൂ, മെറ്റാലിക് റെഡ് എന്നിങ്ങനെ മൂന്ന് പുതിയ നിറങ്ങളാണ് R15 V4 പതിപ്പിലേക്ക് യമഹ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ നിറങ്ങൾക്ക് പുറമെ ചില കോസ്മെറ്റിക് മാറ്റങ്ങളും ബൈക്കിലേക്ക് വരുത്തിയിട്ടുണ്ട്. ഇക്കാരണത്താൽ മോട്ടോർസൈക്കിളുകളുടെ വിലയിലും പരിഷ്ക്കാരം കൊണ്ടുവന്നിട്ടുണ്ടെന്ന് വേണം പറയാൻ. R15 മോഡലിന്റെ പുത്തൻ കളർ ഓപ്ഷനുകളുടെ വില 1.87 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.

അതേസമയം എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കിന്റെ വില ആരംഭിക്കുന്നത് 1.82 ലക്ഷത്തിൽ നിന്നാണ്. മൊത്തത്തിൽ യമഹ R15 V4 ഇപ്പോൾ അഞ്ച് നിറങ്ങളിൽ ലഭ്യമാണ്. മോട്ടോർസൈക്കിളിന്റെ നിലവിലുള്ള റേസിംഗ് ബ്ലൂ, മെറ്റാലിക് റെഡ് ഷേഡുകൾ കോസ്മെറ്റിക് അപ്‌ഗ്രേഡുകൾക്ക് വിധേയമായിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. പക്ഷേ റിഫ്രഷിംഗ് ടോണുകളും സ്‌പോർട്ടിയർ ഗ്രാഫിക്‌സിലേക്കും മാത്രമായി ഇത് പരിമിതപ്പെടുത്തിയിട്ടുണ്ട്.
155 സിസി, ലിക്വിഡ് കൂൾഡ്, ഫോർ വാൽവ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് യമഹയുടെ മോട്ടോർസൈക്കിളിലുള്ളത്. ഇത് 18.1 bhp പവറിൽ പരമവധി 14.2 Nm torque നിർമിക്കാൻ ശേഷിയുള്ളതാണ്. മികച്ച പെർഫോമൻസിനൊപ്പം റിഫൈൻമെന്റും വാഗ്ദാനം ചെയ്യുന്ന കിടിലൻ എഞ്ചിനാണിത്. V4 വേരിയന്റിന് പുറമേ R15M പതിപ്പിലും R15 ലഭ്യമാണ്. ഇതിന് എക്സ്ക്ലൂസീവ് മെറ്റാലിക് ഗ്രേ കളർ, ഗോൾഡൻ USD ഫോർക്ക്, കളർ ടിഎഫ്ടി ഡിസ്പ്ലേ എന്നിവയെല്ലാം ലഭിക്കും.

R15 V4 കൂടാതെ യമഹ ഇന്ത്യ 2024 FZ-X ശ്രേണിയും ഇന്ത്യയിൽ പുതുക്കി അവതരിപ്പിച്ചിട്ടുണ്ട്. മാറ്റ് ടൈറ്റൻ, ക്രോം എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ക്രോസ്ഓവർ സ്റ്റൈൽ ബൈക്ക് ലഭ്യമാവുക. മാറ്റ് ടൈറ്റൻ, ഡാർക്ക് മെറ്റാലിക് ബ്ലൂ, മാറ്റ് കോപ്പർ ഓപ്ഷനുകൾക്കൊപ്പം മാത്രമേ ബൈക്ക് ഇപ്പോൾ വാങ്ങാനാവൂ. എന്നാൽ ക്രോം പതിപ്പ് കാത്തിരിക്കുന്നവർ അധികകാലം വെയ്റ്റ് ചെയ്യേണ്ടി വരില്ലെന്നും ഇത് ഫെബ്രുവരി മുതൽ ലഭ്യമാകുമെന്നും അറിയിച്ചിട്ടുണ്ട്.
പുതിയ FZ-X മാറ്റ് ടൈറ്റന് 1,37,200 രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. പുതിയ നിറങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മോട്ടോർസൈക്കിളിന്റെ ഡിസൈനും മറ്റ് കാര്യങ്ങളുമെല്ലാം മാറ്റമില്ലാതെ തുടരുകയാണ്. വൃത്താകൃതിയിലുള്ള പ്രൊജക്‌ടർ ഹെഡ്‌ലൈറ്റിന് ചുറ്റുമായി കാണുന്ന എൽഇഡി ഡിആർഎല്ലാണ് ഹൈലൈറ്റായ മറ്റൊരു കാര്യം. 149 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മോഡലിന് തുടിപ്പേകുന്നത്. ഇത് 12.23 bhp പവറിൽ 13.3 Nm torque ആണ് നൽകുന്നത്.

മറ്റ് സവിശേഷതകളിലേക്ക് നോക്കിയാൽ പൂർണ എൽഇഡി ലൈറ്റിംഗ്, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുള്ള എൽസിഡി ഡിസ്പ്ലേ, യുഎസ്ബി സോക്കറ്റ്, ട്രാക്ഷൻ കൺട്രോൾ, സൈഡ് സ്റ്റാൻഡ് സെൻസർ എന്നിവ ഉൾപ്പെടുന്നു. സസ്പെൻഷനായി ഫ്രണ്ടി 41 mm ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ 7-സ്റ്റെപ്പ് ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് FZ-X ബൈക്കിൽ വരുന്നത്. ബ്രേക്കിംഗിനായി രണ്ട് വശത്തും ഡിസ്‌ക് ബ്രേക്കുകളാണ് യമഹ വാഗ്‌ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








